Tuesday, March 27, 2012

ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍



സ്വന്തം അസ്തിത്വത്തെ കുറിച്ച് ചിന്തിക്കുന്ന ഏക അവയവമാണല്ലോ നമ്മുടെ മസ്തിഷ്‌ക്കം(Brain). മനുഷ്യസ്വഭാവത്തെ ആകമാനം നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കത്തിലെ നാഡീസങ്കേതങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം പഠിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യന്‍ വംശജനായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസര്‍ ഡോ. വിളയനൂര്‍ എസ് രാമചന്ദ്രന്‍(Prof. Vilayanur S Ramachandran). ഒരുപക്ഷെ നാം ഏറ്റവും കുറച്ച് മാത്രം മനസ്സിലാക്കിയിട്ടുള്ള ഒരു അവയവമാണ് മസ്തിഷ്‌ക്കം. എല്ലാം അറിയാനുപയോഗിക്കുന്ന അതേ മസ്തിഷ്‌ക്കത്തെ തന്നെയാണ് മസ്തിഷ്‌ക്കത്തെ കുറിച്ച് അറിയാനായും നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്! രാമചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമായ 'The Tell-Tale Brain':A Neuroscientist's Quest for What Makes Us Human(2010) ഇതിനകംതന്നെ ന്യൂറോസയന്‍സിലെ മോഡേണ്‍ ക്‌ളാസ്സിക്കായാണ് അറിയപ്പെടുന്നത്. നാം കാണുന്നതും സംസാരിക്കുന്നതും സൗന്ദര്യമാസ്വദിക്കുന്നതും എങ്ങനെയെന്നും അപ്പോള്‍ മസ്തിഷ്‌ക്കത്തില്‍ സംഭവിക്കുന്നതെന്തെന്നും മാനസികചികിത്സാ സംബന്ധിയായ ചില കേസുകള്‍ വിശദീകരിച്ച് നിര്‍വചിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ഈ കൃതിയിലും ചെയ്യുന്നത്. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഉള്ളറകളിലേക്ക് പ്രൊഫ.രാമചന്ദ്രനെപ്പോലെ സഞ്ചരിച്ച ശാസ്ത്രജ്ഞര്‍ ഏറെയുണ്ടാവില്ല.




The Tell Tale Brain
(2010)


മസ്തിഷ്‌ക്കം സ്വയംഭരണാധികാരമുള്ള വ്യത്യസ്ത കംമ്പാര്‍ട്ടുമെന്റുകളായാണ് (independant autonomous modules) പ്രവര്‍ത്തിക്കുന്ന വാദം പണ്ടേ ന്യൂറേ സയന്‍സില്‍ നിലവിലുള്ളതാണ്. ഭാഷയ്ക്കും കാഴ്ചയ്ക്കുമൊക്കെ നിദാനമായി നിലകൊള്ളുന്ന നിലയില്‍ കൃത്യമായി വേര്‍തിരിക്കാവുന്ന ഭാഗങ്ങള്‍ മസ്തിഷ്‌ക്കത്തിലുള്ളത് ഇതിനുദാഹരണമാണ്. എന്നാല്‍ ഭിന്നഘടകങ്ങള്‍ പര്‌സപരം ബന്ധപ്പെട്ട് (interact)നടത്തുന്ന സംഘനൃത്തമാണ് മസ്തിഷ്‌ക്കപ്രവര്‍ത്തനമെന്ന വാദവും നിലവിലുണ്ട്. മസ്തിഷ്‌ക്കത്തിലെ രൂപഘടന നിരന്തരം നവീകരിക്കപ്പെടുകയും കാലാനുസാരിയായി സക്രിയമായ ഒരു സമതുലാവസ്ഥയാലേക്ക്(dynamic equilibrium)അത് നീങ്ങുകയും ചെയ്യുന്നുണ്ടെന്ന നിലപാടാണ് രാമചന്ദ്രനുള്ളത്. 'മസ്തിഷ്‌ക്കത്തിന്റെ പ്‌ളാസ്റ്റികത'('plasticity of brain')എന്ന പദമാണ് മസ്തിക്കപരിഷ്‌ക്കരണ പ്രതിഭാസത്തെ വിശേഷിപ്പിക്കാനായി അദ്ദേഹം ഉപയോഗിക്കുന്നത്.


പ്രൊഫസര്‍. രാമചന്ദ്രനെകുറിച്ച് കേള്‍ക്കുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് 'മായിക കരചരണങ്ങള്‍' അഥവാ 'ഫാന്റം ലിമ്പു'കളെ പറ്റി (phantom limbs) അദ്ദേഹം നടത്തിയ ഗവേഷണവും തത്ഫലമായി രൂപപ്പെടുത്തിയ നവീന ചികിത്സാരീതിയുമാണ്. അവിചാരിതമായ കാരണങ്ങളാല്‍ കൈകാലുകള്‍ നീക്കം ചെയ്യേണ്ടിവരുന്ന (amputated) രോഗികളില്‍ കാണപ്പെടുന്ന കടുത്ത മാനസിക-ശാരീരിക വിഷമതകളാണ് മായിക കരചരണ വിഭ്രാന്തിയായി അറിയപ്പെടുന്നത്. മുറിച്ചുകളഞ്ഞ അവയവം തനിക്കിപ്പോഴും ഉണ്ടെന്ന് രോഗി കരുതുമെന്ന് മാത്രമല്ല അതില്‍ കലശലായ വേദനയും അയാള്‍ക്ക് അനുഭവപ്പെടുന്നു. ഇത് കേവലം സുഖകരമായ ഒരു ഭാവനാവ്യായാമമല്ല, മറിച്ച് അസ്സല്‍ അനുഭവം തന്നെയാണ്. ഇതിനടിപ്പെടുന്ന രോഗി വിരാമമില്ലാത്ത വേദനയിലും അസ്വസ്ഥതയിലും പുളയുന്നതു കാണാം. കൈകാലുകളില്‍ വേദന വരുന്നതുതന്നെ നമ്മില്‍ പലര്‍ക്കും താങ്ങാനാവില്ല. അത്തരം വേദന എങ്ങനെയെങ്കിലും പരിഹരിക്കാനാവും. പക്ഷെ ഇല്ലാത്ത കൈകാലുകളില്‍ വേദന വന്നാല്‍ എന്തുചെയ്യും?! അവിടെ യാതൊരു ചികിത്സാപരിഹാരവും സാധുവല്ല. കൈകാലുകള്‍ മുറിച്ചുമാറ്റിയ രോഗികളില്‍ മൂന്നില്‍ രണ്ടു വിഭാഗവും ഇത്തരത്തില്‍ മായികകരചരണ വിഭ്രാന്തി മൂലമുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ട്. വേദന സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് തുനിയുന്നവരുടെ എണ്ണവും ഇക്കൂട്ടരില്‍ കുറവല്ല. അത്ര ദുസ്സഹമാണവരുടെ അവസ്ഥ.


The Emerging Mind
(2003)


കൈകൈലുകള്‍ മുറിച്ചുമാറ്റിയ ശരീരഭാഗത്തിന് സമീപമുള്ള നാഡീകോശങ്ങളാണ് വേദനയ്ക്ക് കാരണമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ മായികകരചരണത്തിലെ വേദനയുടെ കാരണം മസ്തിഷ്‌ക്കത്തിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് പ്രൊഫ.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ''ശരീരോപരിതലത്തിന്റെ പൂര്‍ണ്ണമായ ഒരു രൂപരേഖ (map) മസ്തിഷ്‌ക്കത്തിന്റെ ഉപരിതലത്തിലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആശയത്തെ ആധാരമാക്കിയാണ് ഈ നിഗമനം രൂപംകൊള്ളുന്നത്. ഈ ആശയം ന്യൂറോ സയന്‍സില്‍ ഉരുത്തിരിഞ്ഞിട്ട് അര നൂറ്റാണ്ടിലേറെയായി. അതായത് ശരീരത്തിന്റെ ഉപരിഭാഗത്തുള്ള ഓരോ ബിന്ദുവിനും ആനുപാതികമായ ബിന്ദുക്കള്‍ മസ്തിഷ്‌ക്കത്തിലുമുണ്ട്. പക്ഷെ ഇവിടെ കൗതുകകരമായ കാര്യമെന്തെന്നാല്‍ ഈ രൂപരേഖയില്‍ വരുന്ന ബിന്ദുക്കള്‍ക്ക് പൊതുവില്‍ ക്രമമായ തുടര്‍ച്ചയാണുള്ളതെങ്കിലും മുഖവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്ക ഭാഗം നാം പ്രതീക്ഷിക്കുന്നപോലെ കഴുത്തിന്റെ ഭാഗത്തിന് അടുത്തല്ല മറിച്ച് കൈ നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കഭാഗത്തിന് സമീപമായിട്ടാണ് സ്ഥിതിചെയ്യുന്നത്.''-പ്രൊഫ.രാമചന്ദ്രന്‍ പറയുന്നു. (See-http://www.wbur.org/npr/133026897/v-s-ramachandrans-tales-of-the-tell-tale-brain in interview with Fresh Air's Dave Davies)


Phantoms n the Brain
(1998)


ഒരു കൈ മുറിച്ച് മാറ്റുന്നതുകൊണ്ടു മാത്രം ആ കയ്യോട് അനുബന്ധിച്ചുള്ള മസ്തിഷ്‌ക്ക രൂപരേഖയിലെ (brain map) ബന്ധപ്പെട്ട ഭാഗങ്ങള്‍ നശിക്കുന്നല്ല. അവ സംവേദന ചോദനകള്‍ക്കായി (sensory inputs) സദാ വിശന്ന് വെമ്പിനില്‍ക്കും. കാമുകന്‍ വേറെ വിവാഹം ചെയ്താലും നിത്യകന്യകയായി അയാള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കാമുകിയെപ്പോലെയാണ് മസ്തിഷ്‌ക്കം ഇവിടെ പെരുമാറുന്നത്. മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം അതിന് ക്രമപ്രകാരം ലഭിക്കേണ്ട സിഗ്നലുകളാണ് അതാവശ്യപ്പെടുന്നത്. പക്ഷെ അത് നല്‍കാന്‍ ബന്ധപ്പെട്ട കൈ നിലവിലില്ല. പക്ഷെ അതുകൊണ്ടുമാത്രം കൈ നിലനിന്ന ഭാഗത്തേക്ക് സിഗ്നലുകള്‍ അയയ്ക്കുന്നതില്‍ നിന്ന് മസ്തിഷ്‌ക്കത്തിന് മാറിനില്‍ക്കാനാവില്ല. മസ്തിഷ്‌ക്കം അയക്കുന്ന സിഗ്നലുകള്‍ക്ക് മറുപടിയുണ്ടാകാതെ വരുമ്പോള്‍ കൈ നേരെ പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണയാണ് മസ്തിഷ്‌ക്കത്തിന് കൈവരുന്നത്. അതായത് കൈ മടങ്ങിയിരിക്കുന്നു അല്ലെങ്കില്‍ തളര്‍ന്ന് ഒടിഞ്ഞുകൂടിയിരിക്കുന്നു, മരവിച്ചിരിക്കുന്നു...തുടങ്ങിയ നിഗമനങ്ങളില്‍ മസ്തിഷ്‌ക്കം എത്തിച്ചേരുന്നു. കൈ ഏറെനേരം മടങ്ങിയിരുന്നാല്‍ വേദന ഉണ്ടാക്കി അത് നിവര്‍ത്തിയെടുക്കാനായി ശരീരത്തെ പ്രേരിപ്പിക്കാനാണ് മസ്തിഷ്‌ക്കം ശ്രമിക്കേണ്ടത്. വേദന കൈ സംരക്ഷിച്ചെടുക്കാനുള്ള മസ്തിഷ്‌ക്ക മുന്നറിയിപ്പാണല്ലോ. പ്രതികൂല അവസ്ഥകളില്‍നിന്ന് ശരീരത്തെ രക്ഷിച്ചെടുക്കുന്ന മുന്നറിയിപ്പ് വ്യവസ്ഥയാണ് (warning system)വേദന. ചെയ്യുന്നതെന്തോ അതുടനെ നിറുത്തിവെക്കുക എന്നതാണ് വേദനയിലൂടെ മസ്തിഷ്‌ക്കം കൈമാറുന്ന ലളിതമായ സന്ദേശം. സ്വഭാവികമായും ഇവിടെയും മസ്തിഷ്‌ക്കം വേദനനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. രോഗി വേദനിയില്‍ കിടന്ന് പുളയുന്നു. ഇല്ലാത്ത കയ്യില്‍ അനുഭവപ്പെടുന്ന ഈ വേദന ചികിത്സിക്കാനാവാതെ രോഗി കഷ്ടപ്പെടും. നിലവിലുള്ള കയ്യാണെങ്കില്‍ ഒരു ലോക്കല്‍ അനസ്‌തേഷ്യ വഴി അതില്‍ നിന്നും സിഗ്നലുകള്‍ മസ്തിഷ്‌ക്കത്തിലേക്ക് പോകാതെ തടഞ്ഞ് വേദന ഇല്ലാതാക്കാം. ഇവിടെ സിഗ്നലുകള്‍ ഇല്ലാതെതന്നെ മസ്തിഷ്‌ക്കം കാണിക്കുന്ന 'തിരിച്ചറിവും'നിഗമനവുമാണ് രോഗിയെ കഷ്ടത്തിലാക്കുന്നത്. ശരിക്കും വണ്‍വേ ട്രാഫിക്ക് പ്രണയം!


ഇത്തരം രോഗികളില്‍ പ്രൊഫ.രാമചന്ദ്രന്റെ കണ്ടുപിടുത്തം സഹാകരമാകുന്നത് എങ്ങനെയെന്ന് നോക്കുക-മുഖവുമായി ബന്ധപ്പെട്ടിരിക്കുന്ന മസ്തിഷ്‌ക്ക ഭാഗം(face area of the brain) കൈ നിയന്ത്രിക്കുന്ന ഭാഗവുമായി(hand area of the brain) അടുത്തും ഇടകലര്‍ന്നുമാണിരിക്കുന്നതെങ്കില്‍ കൈ നിയന്ത്രിക്കാന്‍ മുഖത്തിന്റെ ആ ഭാഗത്ത് സ്പര്‍ശിച്ചാല്‍ മതിയാകും. അതായത് മുഖത്തിന്റെ ബന്ധപ്പെട്ട ഭാഗത്ത് (ഇടതു കൈ എങ്കില്‍ ഇടതുഭാഗമെന്ന് പ്രൊഫ. രാമചന്ദ്രന്‍) തൊടുമ്പോള്‍ മസ്തിഷ്‌ക്ക രൂപഘടനയിലെ കൈയുടെ ഭാഗം സക്രിയമാക്കപ്പെടുകയും ശരിക്കും നഷ്ടപ്പെട്ട കയ്യില്‍ തൊടുന്നതായി രോഗിക്ക് അനുഭവപ്പെടുകയും ചെയ്യും. ഇടത് കവിളില്‍ തൊടുമ്പോള്‍ ''അയ്യോ, ഡോക്ടര്‍ താങ്കളെന്റെ മായാകരത്തിന്റെ കൈപ്പത്തിയാലാണ് തൊട്ടത്'' എന്നും ഇടതുവശത്തെ മൂക്കിന് കീഴില്‍ തൊടുമ്പോള്‍ ''ഡോക്ടര്‍ താങ്കള്‍ എന്റെ മായാകരത്തിന്റെ കുഞ്ഞുവിരലിലാണ് തൊട്ടത്'' എന്നുമൊക്കെ രോഗി വിളിച്ചുപറഞ്ഞ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതായത് ഇടതുകൈയുടെ സമ്പൂര്‍ണ്ണമായ രൂപരേഖ മുഖത്തിന്റെരെ ഇടതുഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്നു.


നമ്മുടെ തലച്ചോര്‍ നിരന്തരം പരിണമിക്കുകയും നവീനഭാവങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ടെന്ന സവിശേഷമായ കണ്ടെത്തലാണ് പ്രൊഫ.രാമചന്ദ്രന്‍ നടത്തിയത്. ഒരിക്കല്‍ മസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനഘടന രൂപീകൃതമായി കഴിഞ്ഞാല്‍ അതില്‍ പരിഷ്‌ക്കാരമോ അഴിച്ചുപണിയോ ഉണ്ടാവില്ലെന്ന പരമ്പരാഗത ധാരണയാണവിടെ അട്ടിമറിക്കപ്പെട്ടത്. രാമചന്ദ്രന്‍ പറയുന്നു: ''ഭ്രൂണമസ്തിഷ്‌ക്കത്തിലെ ബന്ധങ്ങളും ധര്‍മ്മങ്ങളും ഭ്രൂണാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ നിശ്ചയിക്കപ്പെടുകയും അത് പിന്നീട് സ്ഥായിയായ രൂപത്തില്‍ ദൃഡീകരിക്കപ്പെടുകയുമാണ് സംഭവിക്കുന്നതെന്നാണ് ഒന്നുരണ്ട് ദശാബ്ദത്തിനുമുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ നമ്മെയെല്ലാം പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് കണ്ടെത്തപ്പെട്ടു''('What we were all taught as medical students a decade or two ago is that connections in the fetal brain are fixed during infancy or fetal life by genes, and then as you grow into adulthood, the maps crystallize and are there permanently.But we are finding that this is not true'')




മസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനപരമായ സംവേദനരൂപഘടനപോലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുന:ക്രമീകരിക്കപ്പെടുന്നുണ്ട്. മസ്തിഷ്‌ക്കത്തില്‍ പുതിയ ഘടനകളോ രൂപക്രമങ്ങളോ പില്‍ക്കാലത്ത് ഉരുത്തിരിയില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരുന്ന രീതിയെ ഇത് വെല്ലുവിളിക്കുകയാണ്. പത്തുപതിനഞ്ച് വര്‍ഷത്തിന് മുമ്പ് ഇതൊക്കെ വലിയ വാര്‍ത്തയായിരുന്നു. പക്ഷെ ഇന്നിത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു''-രാമചന്ദ്രന്‍ പറയുന്നു.('Even the basic sensory map in the brain gets completely reorganized in a matter of weeks. This challenges the dogma that all medical students are raised with that no new connections or pathways can emerge in the adult brain. That was news 10 or 15 years ago. Now it's widely accepted.') മായിക കരചരണങ്ങളുടെ മസ്തിഷ്‌ക്കബന്ധം മനസ്സിലാക്കിയതോടെ മസ്തിഷ്‌ക്കത്തെ കബളിപ്പിച്ച് മായാകരത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ ഇല്ലാതാക്കാമെന്ന് ('unlearn') രാമചന്ദ്രന്‍ ചിന്തിച്ചു.


തലച്ചോറിനെ സംബന്ധിച്ചിടത്തോളം അതിന്റെ അറിവാണ് പരമപ്രധാനം. കൈ ഉണ്ടോ ഇല്ലയോ എന്നത് അവിടെ വിഷയമേയല്ല. ഉണ്ടായാലും ഇല്ലെങ്കിലും കൈ തട്ടുന്നതായും മടങ്ങിയിരിക്കുന്നതായും മസ്തിഷ്‌ക്കം അറിഞ്ഞതാല്‍ അതിനാനുപാതികമായി 'അനുഭവ'ങ്ങളുണ്ടാവും. തലച്ചോര്‍ അറിഞ്ഞില്ലെങ്കില്‍ എത്ര കൈ ഉണ്ടായിട്ടും കഥയില്ലതാനും. വാസ്തവത്തില്‍ മായികകരചരണങ്ങള്‍ ഉണ്ടായിരിക്കുന്നത് മസ്തിഷ്‌ക്കത്തിലാണ്. ഇതൊഴിവാക്കാനായി മസ്തിഷ്‌ക്കത്തിന്റെ രൂപഘടന പരിഷ്‌ക്കരിച്ചുകൂടേ? രാമചന്ദ്രന്റെ കണ്ടുപിടുത്തമനുസരിച്ച് അത് സാധ്യമാണ്. തലച്ചോറിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ളത് അറിഞ്ഞുവെച്ചത് മൂലമുളള വേദനയാണ്. അതിന് ബാഹ്യാനുഭവവുമായി ബന്ധമില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ അത് വണ്‍വേ-ട്രാഫിക്കാണ്. അറിഞ്ഞുവെച്ച ഈ വേദന മറക്കാന്‍ മസ്തിഷ്‌ക്കത്തെ പ്രേരിപ്പിച്ചാല്‍ മായികകരചരണം സാബന്ധിച്ച പ്രശ്‌നം മാറിക്കിട്ടും. എന്നാല്‍ എങ്ങനെയാണ് ഇല്ലാത്ത കരത്തിലേക്ക് മസ്തിഷ്‌ക്ക സിഗ്നലുകള്‍ അയച്ച് അതിന്റെ വേദനയോ മരവിപ്പോ നീക്കം ചെയ്യുന്നത്?


പ്രശ്‌നം വ്യക്തമല്ലേ?-രോഗിക്ക് കൈ ഇല്ല. ഇല്ലാത്ത കൈയുടെ വേദനയോ മരവിപ്പോ ആണ് മാറ്റേണ്ടത്. കേവലം 5 ഡോളര്‍ ചെലവുള്ള ഒരു ദര്‍പ്പണമായിരുന്നു ('mirror box') രാമചന്ദ്രന് ഇതിനുള്ള മറുപടി. രോഗിയുടെ മൂക്കിന് സമാന്തരമായി ഒരു വലിയ മേശ വെച്ചിട്ട് അതിന് മുകളില്‍ ഒരു ദര്‍പ്പണം സ്ഥാപിക്കുന്നു. ദര്‍പ്പണമെന്നാല്‍ നാം ശരിക്കും മുഖം നോക്കുന്ന കണ്ണാടി തന്നെ. ദര്‍പ്പണത്തിന്റെ ഒരുവശത്ത് മാത്രമേ പ്രകാശം പ്രതിഫലിച്ച് രൂപങ്ങള്‍ ഉണ്ടാക്കുകയുള്ളു. മറുവശത്ത് വരുന്ന വസ്തുക്കള്‍ക്ക് രൂപമില്ല-അതായത് നമ്മുടെ നിലകണ്ണാടിപോലെ. രോഗിയോട് തന്റെ കൈകള്‍ ദര്‍പ്പണത്തിന്റെ ഇരുവശത്തുമായി നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മായിക കരം ദര്‍പ്പണത്തിന്റെ പ്രതിഫലനമില്ലാത്ത പിറകുവശത്താണ് (nonreflecting side of the mirror )വെക്കേണ്ടത്. നിലവിലുള്ള അസ്സല്‍ കൈ ദൃശ്യപ്രതിഫലനമുള്ള മുന്‍വശത്തും. സ്വഭാവികമായും മായികകരത്തിന്റെ രൂപം ദര്‍പ്പണത്തില്‍ വീഴില്ല, മുന്നിലിരിക്കുന്ന അസ്സല്‍ കരത്തിന്റെ രൂപം വീഴുകയും ചെയ്യും.


The 'mirror box'treatment


രോഗിയോട് ദര്‍പ്പണത്തിലേക്ക് നോക്കാന്‍ ആവശ്യപ്പെട്ടാല്‍ മായികകരം തിരിച്ചുവന്നതായി ദര്‍പ്പണത്തില്‍ അയാള്‍ക്ക് കാണാനാവും. ഇവിടെ യഥാര്‍ത്ഥത്തില്‍ നിലവിലുള്ള കയ്യുടെ ഇമേജ് തന്നെയാണ് രോഗി മായികകരമായി തിരിച്ചറിയുന്നത്. രോഗി കൈ ചലിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ ഗുഡ് ബൈ പറയുന്നതുപോലെ ആട്ടുമ്പോള്‍, മടക്കുമ്പോള്‍, കയ്യടിക്കുമ്പോള്‍ ദര്‍പ്പണത്തില്‍ അസ്സല്‍കരത്തിന് മുകളില്‍ മായികകരം സന്നിവേശിപ്പിക്കപ്പെട്ട് (superposed) കടന്നുവരുന്നതായി അയാള്‍ക്ക് അനുഭവപ്പെടും. തന്റെ മായികകരത്തിന് മസ്തിഷ്‌ക്ക നിര്‍ദ്ദേശമനുസരിച്ചുള്ള ചലനമുണ്ടാകുന്നുവെന്ന ദൃശ്യപ്രതീതി രോഗിക്കുണ്ടാകുന്നു. ബൗദ്ധികമായി (intellectually) നോക്കുമ്പോള്‍ തന്റെ മായികകരങ്ങള്‍ തിരിച്ചുവന്നിട്ടില്ലെന്ന് രോഗിക്കറിയാം. പക്ഷെ സ്വന്തം മസ്തിഷ്‌ക്കത്തെ കബളിപ്പിക്കുന്ന കാര്യത്തില്‍ അയാള്‍ വിജയിക്കുന്നു. അതായത് മസ്തിഷ്‌ക്കം മസ്തിഷ്‌ക്കത്തിനെതിരെ തിരിയുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്.


''അത്(മായികകരം) അവിടെയുള്ളതായി കാണുക മാത്രമല്ല ഉള്ളതായി തോന്നുകയും ചെയ്യുന്നുവെന്ന് രോഗികള്‍ പറയാറുണ്ട്''-പ്രൊഫസര്‍ രാമചന്ദ്രന്‍ പറയുന്നു. തന്റെ രോഗികളില്‍ ചിലരുടെ അനുഭവത്തെപ്പറ്റി അദ്ദേഹം പറയുന്നത് ഇപ്രകാരം:''ഞാന്‍ എന്റെ അസ്സല്‍ കൈ ചലിപ്പിക്കുമ്പോള്‍ മായികകരവും ചലിക്കുന്നതായി കാണപ്പെടുന്നു. ഞാനെന്റെ അസ്സല്‍ കൈയിലെ മടക്ക് നിവര്‍ത്തുമ്പോള്‍, മാസങ്ങളായി നിവര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന മായികകരത്തിന്റെ മുഷ്ടിയും ദൃശ്യചോദന അവലംബിച്ച് പെട്ടെന്ന് നിവര്‍ക്കപ്പെടുകയാണ്. അങ്ങനെ മാസങ്ങളായി മടങ്ങി മരവിച്ചിരുന്നതു മൂലമുണ്ടായ കടുത്ത വേദനയും അപ്രത്യക്ഷമാകുന്നു''('It not only looks like it's there, it feels like it's there,' says Ramachandran. 'Patients say, 'When I move my normal hand, the phantom arm looks like it's moving. When I open the normal fist, the phantom hand — whose fist I could not open for months — suddenly feels as if it is opening as a result of the visual feedback, and the painful cramp goes away.' This is a striking example of modulation of pain signals by vision. ദൃശ്യചോദനകള്‍ വഴി വേദന നിയന്ത്രിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.


നമ്മുടെ മസ്തിഷ്‌ക്കത്തെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങളേ നമുക്കറിയാവൂ എന്ന് പ്രൊഫസര്‍ രാമചന്ദ്രന്‍ പറയുന്നു. മനുഷ്യ മസ്തിഷ്‌ക്കം ആള്‍ക്കുരങ്ങിന്റെയും (Apes) മനുഷ്യന്റേയും സ്വഭാവസവിശേഷതകള്‍ പങ്കിടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ശരിക്കും പറഞ്ഞാല്‍ മൃഗത്തിനും മാലാഖയ്ക്കും ഇടയ്ക്കാണ് നമ്മുടെ മസ്തിഷ്‌ക്കശേഷി. മൃഗമായിരിക്കെ തന്നെ എങ്ങനെയൊക്കെയോ സവിശേഷമാണെന്ന തോന്നലിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ വൈകാരിക പ്രതിസന്ധിയാണിത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള പരിണാമത്തിന് വിധേയമായ ഒരു തലച്ചോറാണ് മനുഷ്യന്‍ സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ മതവിശ്വാസത്തേയും നിരീശ്വവാദത്തേയും പോഷിപ്പിക്കുന്ന ഭാഗങ്ങളുണ്ട്. അതായത് ഒരു മതവിശ്വാസിയില്‍ നിരീശ്വരവാദം പ്രേരിപ്പിക്കുന്ന മസ്തിഷ്‌ക്ക ഭാഗവും(atheist part) നിരീശ്വരവാദിയില്‍ വിശ്വാസിക്കാന്‍ പ്രേരിപ്പിക്കുന്ന (theist part)മസ്തിഷ്‌ക്ക ഭാഗവുമുണ്ട്. ഇതിലൊന്നിന് സമൂഹികക്രമത്തില്‍ പ്രാമുഖ്യം ലഭിക്കുന്നതനുസരിച്ചാണ് വ്യക്തിനിലപാടുകള്‍ രൂപംകൊള്ളുന്നത്. മരിച്ച് പരലോകത്ത് ചെല്ലുമ്പോള്‍ മസ്തിഷ്‌ക്കത്തിന്റെ നാസ്തികഭാഗത്തിന് അവിടെ പ്രവേശനമുണ്ടാകുമോ എന്നും ഫലിതരൂപേണ അദ്ദേഹം ചോദിക്കുന്നുണ്ട്.


കേസ് സ്റ്റഡികളാലും അനുഭവസാക്ഷ്യങ്ങളാലും സമ്പുഷ്ടമാണ് 'The Tell-Tale Brain'. സാന്‍ ഫ്രാന്‍സിസ്‌ക്കോയിലെ ഒരു വിഷാദരോഗി രോഗാവസ്ഥയില്‍ മനോഹരമായ പെയിന്റിംഗുകള്‍ രചിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയുള്ള ഒരു കേസ് സ്റ്റഡിയുണ്ട്. മസ്തിഷ്‌ക്കത്തിനുണ്ടായ ഒരു ന്യൂനത ഈ രോഗിയില്‍ ഉറങ്ങിക്കിടന്ന സവിശേഷ സര്‍ഗ്ഗശേഷി ഉണര്‍ത്തുകയാണോ ചെയ്തത്!? ഷേര്‍ലി എന്ന വനിതയ്ക്കാകട്ടെ, എപ്പോഴൊക്കെ സംഖ്യകള്‍ (numbers) കാണുന്നുവോ അപ്പോഴൊക്കെ നിറങ്ങളാണ് (colours)ഓര്‍മ്മവരുന്നത്! ഷെര്‍ളിക്ക് 5 ചുവപ്പും 2 പച്ചയുമാണ്. സൈനസ്‌തേഷ്യ (synesthesia)എന്നറിയപ്പെടുന്ന ഈ അവസ്ഥ കലാകാരന്‍മാര്‍, കവികള്‍, ചിത്രകാരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ സാധാരണക്കാരെ അപേക്ഷിച്ച് എട്ടിരിട്ടി വരെ സാധാരണമാണെന്ന് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഉള്ളറകളിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്ന ലോകപ്രശ്‌സതനായ ഈ ശാസ്ത്രജ്ഞന്റെ സമുജ്ജ്വലമായ രചനാശൈലിയും പ്രത്യേകം അഭനന്ദിക്കപ്പെടേണ്ടതാണ്. ഒന്നാന്തരം വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ സ്‌തോഭജനകമായ കണ്ടെത്തലുകള്‍ സാധാരണ വായനക്കാരെപ്പോലും ചിന്തയുടെ അപാരതീരങ്ങളിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നവയാണ്.




1951 ല്‍ തമിഴ്‌നാട്ടിലെ വിളയനൂര്‍ ഗ്രാമത്തിലാണ് രാമചന്ദ്രന്‍ ജനിച്ചത്. പ്രമുഖ നിയമജ്ഞനും ഇന്ത്യയിലെ ഭരണഘടനാ നിര്‍മ്മാണ കമ്മറ്റി അംഗവുമായിരുന്ന അലാഡി കൃഷ്ണസ്വാമി അയ്യരുടെ പൗത്രനായ രാമചന്ദ്രന്റെ പിതാവ് ഒരു യു.എന്‍ നയതന്ത്രജ്ഞനായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലായിട്ടാണ് സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്രാസിലെ സ്റ്റാന്‍ലി കോളേജില്‍ നിന്നും എം.ബി.ബി.എസ്സ് പാസ്സായ ശേഷം കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജില്‍ നിന്നാണ് ഗവേഷണബിരുദം നേടിയത്. ഭാര്യ വഴി മുന്‍ മുഖ്യമന്ത്രി പി.കെ.വി യുടെ ബന്ധു കൂടിയായ ഇദ്ദേഹം കേരളത്തില്‍ പലകുറി വന്നിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ ബ്രെയിന്‍ ആന്‍ഡ് കോഗ്‌നിഷന്റെ(Centre fror Brain and Cognition) ഡയറക്ടറായ ഇദ്ദേഹം കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി വകുപ്പിലും അവിടെ തന്നെയുള്ള ന്യൂറോ സയന്‍സ് ഗ്രോഡുവേറ്റ് പ്രോഗ്രാമിന്റെയും പ്രൊഫസറായി ജോലിനോക്കിവരുന്നു. ബിഹേവിയറല്‍ ന്യൂറോളജിയിലെ പരീക്ഷണങ്ങളുടെ പേരിലാണ് ഇന്നദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്


'ന്യൂറോ സയന്‍സിന്റെ മാര്‍ക്കോപോളോ'(“The Marco Polo of neuroscience”) ആയാണ് പ്രൊഫസര്‍. റിച്ചാഡ് ഡോക്കിന്‍സ് രാമചന്ദ്രനെ കാണുന്നത്. നൊബേല്‍ പുരസ്‌ക്കാരജേതാവായ എറിക് കാന്‍ഡലാകട്ടെ (Eric Kandel)b വിഖ്യാത ഫ്രഞ്ച് ന്യൂറോളജിസ്റ്റായ പോള്‍ ബ്രാക്കയെ അനുസ്മരിച്ചുകൊണ്ട് 'ആധുനിക പോള്‍ബ്രൊക്ക'( 'the modern Paul Broca') എന്നാണദ്ദേഹത്തെ വിളിച്ചത്. അതേസമയം ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ സ്‌നൈഡര്‍ (Alan Snyder FRS) 'ന്യൂറോകോഗ്നിഷന്റെ ഗലീലിയോ' ('The Galileo of neurocognition')എന്ന പട്ടമാണ് പ്രൊഫസര്‍ രാമചന്ദ്രന് ചാര്‍ത്തി കൊടുക്കുന്നത്. 1997 ല്‍ ന്യൂസ് വീക്ക് മാഗസിന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശ്രദ്ധിക്കേണ്ട നൂറ് പ്രധാന വ്യക്തികളിലൊരാളായി ('hundred most prominent people to watch' in the 21st century') പ്രൊഫ.രാമചന്ദ്രനെ തെരഞ്ഞെടുത്തിരുന്നു. ഈ പ്രവചനം സാര്‍ത്ഥകമാക്കികൊണ്ട് 2011 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടികയിലുള്‍പ്പെടുത്തി('the 100 most influential people in the world') അമേരിക്കയിലെ ടൈം മാഗസിന്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.


'മായിക കരചരണങ്ങള്‍'(phantom limbs), ബോഡി ഇന്‍ന്റഗ്രിറ്റി ഐഡന്റ്റിറ്റി ഡിസോഡര്‍ (body integrity identity disorder) കാപഗ്ര ഡിസോഡര്‍ (Capgras delusion)തുടങ്ങിയ വിഷയങ്ങളിലെ തനതു സംഭാവകളാണ് അദ്ദേഹത്തെ അക്കാദമിക് രംഗത്തെ അതികായനാക്കിയത്. മുമ്പ് പരാമര്‍ശിച്ച സൈനസ്‌തേഷ്യയെപ്പറ്റി (synesthesia) കൂടുതല്‍ മനസ്സിലാക്കുന്നതിന് വളരെയധികം സംഭാവനകള്‍ ചെയ്യുന്നതായിരുന്നു രാമചന്ദ്രന്റെ ഗവേഷണപഠനം. മായിക കരചരണങ്ങളുടെ ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന നവീന ന്യൂറോളജിക്കല്‍ ചികിത്സാ സങ്കേതമായ 'mirror box' ന്റെ ഉപജ്ജാതാവും അദ്ദേഹം തന്നെ. ചാനല്‍ ഫോറിലും (Channel 4 ) പി.ബി.എസിലും ( PBS) ചില ഡോക്കുമെന്ററികളില്‍ പ്രൊഫ. രാമചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ബി.സി, ദി സയന്‍സ് ചാനല്‍, ന്യൂസ് വീക്ക് മാഗസിന്‍, ദിസ് അമേരിക്കന്‍ ലൈഫ്('This American Life'), 'ടെഡ്'പ്രഭാഷണ പരമ്പര (TED Talks) എന്നിവിടങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.




A Brief Tour of


Human consciousness
(2005)


ദര്‍പ്പണ നാഡീകോശങ്ങള്‍ (mirror neurons), ഓട്ടിസം (autism) എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് അടുത്തിടെയായി അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ ശാസ്ത്രജേര്‍ണലുകളിലായി 180 പേപ്പറുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഇരുപതെണ്ണം 'നേച്ചറി'ലാണ് (Nature) വന്നിട്ടുള്ളത്. Science, Nature Neuroscience, Perception and Vision Research എന്നീ വിശ്വോത്തര പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'Medical Hypotheses' ('Elsevier') ന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമായ അദ്ദേഹം അതിലും നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ 'Phantoms in the Brain(1998) എന്ന വിശ്രുതകൃതി രണ്ടു ഭാഗങ്ങളിലായി ഒരു ഡോക്കുമന്ററിയിലൂടെ ബി.ബി.സി യില്‍ (BBC Channel 4 TV) അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് അമേരിക്കയിലെ പി.ബി.എസ് ചാനല്‍ ഒരു മണിക്കൂര്‍ നീണ്ട ഒരു പരിപാടിയും ചെയ്തിട്ടുണ്ട്. ബി.ബി.സി വേള്‍ഡിലെ ജനപ്രിയ പരിപാടിയായ സ്റ്റീഫന്‍ സുക്കറിറെ ഹാര്‍ഡ് ടോക്കില്‍ (Hard talk) അദ്ദേഹം ടെലികോണ്‍ഫറന്‍സിംഗിലൂടെ മുഖേന സംസാരിക്കുന്നത് ഈ ലിങ്കില്‍ കാണാം (http://www.youtube.com/watch?v=XAVRZ1ykVm8)


2002 ല്‍ 'എന്‍സൈക്‌ളോപീഡിയ ഓഫ് ഹ്യമൂന്‍ ബ്രെയിന്റെ 'എഡിറ്ററായിരുന്ന രാമചന്ദ്രന്‍ 'സയന്റിഫിക് അമേരിക്കന്‍ മൈന്‍ഡി'ല്‍ (Scientific American Mind)പ്രസിദ്ധപ്പെടുത്തുന്ന ഇല്യൂഷന്‍സ് ('Illusions') എന്ന കോളത്തിന്റെ സഹരചയിതാവ് കൂടിയാണ്. റോയല്‍ നെതര്‍ലന്‍ഡ്‌സ് അക്കാദമി ഓഫ് സയന്‍സിന്റെ (Royal Netherlands Academy of Sciences) 'ഏരിയന്‍സ് കാപ്പേഴ്‌സ് മെഡല്‍' (Ariens Kappers Medal), 2005 ലെ 'ഹെന്റി ഡെയില്‍' ( 'Henry Dale Prize' by Royal Institution of Great Britain) പുരസ്‌ക്കാരത്തിന്റെ സംയുക്തജേതാവ്, അന്തര്‍ദേശീയ ന്യൂറോ സൈക്ക്യാട്രി സൊസൈറ്റി നല്‍കുന്ന 'റമോണ്‍ വൈ കജല്‍' അവാര്‍ഡ്(Ramon y Cajal award (2004), ഇന്ത്യന്‍ രാഷട്രപതിയില്‍ നിന്നും പത്മവിഭൂഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം ഓക്‌സോഫോഡിലെ ഓള്‍ സോള്‍സ് കോളേജിലെ (All Souls College, Oxford) വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Encyclopedia of the Human Brain


പാലിയന്റോളജിയില്‍ വലിയ കമ്പമുള്ള പ്രൊഫസര്‍ രാമചന്ദ്രന്‍ 2009 ല്‍ ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ ഒരു ദിനോസര്‍ ഫോസില്‍ വിലയ്ക്കു വാങ്ങുകയുണ്ടായി. 'Minotaurasaurus ramachandrani'എന്നാണ് ഈ ഫോസില്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. രാമചന്ദ്രന്‍ ഒരു ജപ്പാന്‍കാരനില്‍ നിന്നാണ് അരിസോണയില്‍ വെച്ചിത് വാങ്ങിയത്. എന്നാല്‍ പിന്നീട് ഈ ഫോസില്‍ ചൈനീസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ കടത്തികൊണ്ടു വന്ന ഒന്നാണെന്ന ആരോപണമുയര്‍ന്നിരുന്നു. അനധികൃതമായി കടത്തികൊണ്ടു വന്നതാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഫോസില്‍ യാഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നാണ് ഇക്കാര്യത്തില്‍ പ്രൊഫസര്‍ രാമചന്ദ്രന്റെ നിലപാട്.


താഴെപ്പറയുന്നവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍


(1) Phantoms in the Brain : Probing the Mysteries of the Human Mind, coauthor Sandra Blakeslee, 1998.


(2) The Encyclopedia of the Human Brain (editor-in-chief)


(3) The Emerging Mind, 2003.


(4) A Brief Tour of Human Consciousness: From Impostor Poodles to Purple Numbers, 2005.


(5) The Tell-Tale Brain: A Neuroscientist's Quest for What Makes Us Human, 2010.




അവിശ്വാസിയായ രാമചന്ദ്രന്‍ സ്വയം അജ്ഞേയവാദിയായാണ് വിശേഷിപ്പിക്കുന്നത്. സ്പിനോസയുടെ ദൈവത്തെപ്പറ്റിയോ ഒരു 'പ്രപഞ്ചശക്തി'യെക്കുറിച്ചോ (cosmic power) സംസാരിക്കുന്നവരോടോ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നു പറയുന്ന അദ്ദേഹം ആകാശത്തിരുന്ന് മനുഷ്യരുടേയും പ്രകൃതിയുടേയും കാര്യങ്ങള്‍ സദാ നിയന്ത്രിക്കുന്ന വ്യക്തിദൈവം തനിക്ക് തീര്‍ത്തും അസ്വീകാര്യമാണെന്നു പറയുന്നുണ്ട്. 'ദൈവകേന്ദ്രം' ('god centre')സംബന്ധിച്ച തന്റെ പ്രസ്താവനകള്‍ പില്‍ക്കാലത്ത് അതിശയോക്തി കലര്‍ത്തി വളച്ചൊടിക്കുകയായിരുന്നുവെന്നും ദൈവചിന്ത സഹജമായ മസ്തിഷ്‌ക്കശേഷിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കകാരിയായ ഡയാന റോജേഴ്‌സാണ് ഭാര്യ രണ്ടു കുട്ടികള്‍: മണി, ജയ. പ്രൊഫസര്‍.രാമചന്ദ്രനെപ്പറ്റി പ്രിയ സുഹൃത്ത് ഡോ. മനോജ്(ബ്രൈറ്റ്) തന്റെ ബ്‌ളോഗില്‍ പലകുറി പരാമര്‍ശിച്ചിട്ടുണ്ടെന്നത് മലയാള ബൂലോകം ഇതിനുമുമ്പ് തന്നെ ഇദ്ദേഹത്തെ ശ്രദ്ധിച്ചുവെന്നതിന്റെ തെളിവാകുന്നു. ഭാവിയില്‍ തീര്‍ച്ചയായും നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്ന ഈ അപൂര്‍വ പ്രതിഭയുടെ ഏറ്റവും പുതിയ രചനയായ 'The Tell-Tale Brain'(2010) മലായാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ തീരുമാനിച്ച ഡി.സി ബുക്‌സും അഭിനന്ദനമര്‍ഹിക്കുന്നു. ചിന്തിക്കുന്നതിന് പേരുകേട്ട മലയാളിക്ക് അവസാനം ചിന്തിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ ഒരു കൈപ്പുസ്തകം വീണുകിട്ടുകയാണ്.****


Reference:


(1)'http://www.guardian.co.uk/books/2011/feb/20/tell-tale-brain-ramachandran-review


(2)http://www.amazon.com/Tell-Tale-Brain-Neuroscientists-Quest-Makes/dp/0393077829


(3)http://en.wikipedia.org/wiki/Vilayanur_S._Ramachandran


(4)http://www.telegraph.co.uk/culture/books/bookreviews/8243355/The-Tell-Tale-Brain-Unlocking-the-Mystery-ofHuman-Nature


(5)http://www.coinjoos.com/books/The-Tell-Tale-Brain-by-V-S-Ramachandran-book-8184001193


(6)http://blog.everythingdinosaur.co.uk/blog/_archives/2009/1/18/4061255.html


(7) http://www.youtube.com/watch?v=XAVRZ1ykVm8

പോപ്കോണിന്റെ ഗുണങ്ങള്‍

സിനിമ കാണാന്‍ തീയേറ്ററില്‍ കയറുമ്പോള്‍ കൊറിക്കാന്‍ പോപ്കോണ്‍ കൈയില്‍ കരുതാറില്ലേ? ഓര്‍ക്കുക, വെറും നേരം‌പോക്കിനുള്ള ‘സിനിമാ സ്നാക്’ മാത്രമല്ല അത്‍. മറ്റ് സ്നാക്കുകള്‍ക്ക് ഒരപവാദമാണ് പോപ്കോണ്‍. കാരണം നിങ്ങളുടെ ആരോഗ്യത്തിന് കോട്ടംതട്ടുന്നതൊന്നും അതില്‍ ഇല്ല. ശരീരത്തിനാവശ്യമായ ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുമുണ്ട്.

കൊഴുപ്പ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ പോപ്കോണ്‍ ഒരു ഉത്തമ ആഹാരമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ സ്ക്രാന്‍‌ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇതിന്റെ കൂടുതല്‍ പ്രത്യേകതകള്‍ വിശദീകരിക്കുന്നു. പഴങ്ങളേയും പച്ചക്കറികളേയും തോല്‍‌പിക്കുന്ന ഗുണഗണങ്ങള്‍ പോപ്കോണിനുണ്ടത്രേ.

ക്യാന്‍സര്‍, ഹൃദ്രോഗം, മറവിരോഗം തുടങ്ങിയയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ പോപ്കോണിന് സാധിക്കും. അതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ശരീരത്തില്‍ അടിഞ്ഞുകൂടി കോശങ്ങള്‍ക്ക് കേടുവരുത്തുന്ന തന്മാത്രകളെ തുരത്താന്‍ സഹായിക്കുന്ന പോളിഫെനോല്‍‌സും പോപ്കോണിലുണ്ട്.

മറ്റ് രാസപ്രക്രിയകള്‍ക്ക് വിധേയമാക്കാതെ, നൂറുശതമാനവും ധാന്യം ഉപയോഗിച്ച് തയ്യാറാക്കുന്ന സ്നാക് ആണ് ഇത്. പ്രതിദിനം ഒരു വ്യക്തിക്ക് ആവശ്യമായ ധാന്യത്തിന്റെ 70 ശതമാനവും നല്‍കാന്‍ പോപ്കോണിന് സാധിക്കും. ധാന്യം കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ വിടവ് പോപ്കോണ്‍ നികത്തും എന്ന് ചുരുക്കം.

പക്ഷേ എണ്ണയില്‍ തയ്യാറാക്കുന്നു എന്നത് മാത്രമാണ് ഇതിന്റെ ഒരേയൊരു ന്യൂനത. എണ്ണ തൊടാത്ത എയര്‍ പോപ്കോണുകളാ‍ണ് ഗുണപ്രദം എന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.