Wednesday, May 9, 2012

സോഷ്യല്‍ ഫോബിയ


കഥാപാത്രം സുന്ദരന്‍, കോമളന്‍. സോഫ്ട്‌വെയര്‍ എഞ്ചിനിയറാണ്. സല്‍സ്വഭാവി. തൊഴിലില്‍ ബഹുകേമന്‍. എല്ലാവര്‍ക്കും നല്ല അഭിപ്രായം. ആരോടും വലുതായി ഇടപെടാതെ കുത്തിയിരുന്നു പണിയെടുക്കും. വിവാഹാലോചനകള്‍ ഇഷ്ടംപോലെ. പക്ഷേ, കക്ഷി ഒഴിഞ്ഞുമാറുന്നു. മുടന്തന്‍ ന്യായങ്ങള്‍ നിരത്തുന്നു. മുപ്പതു വയസ്സിലെത്തിയിട്ടും നാളെ നാളെയന്ന പല്ലവി ആവര്‍ത്തിക്കുന്നു. സഹോദരീഭര്‍ത്താവ് കക്ഷിയെ പൊക്കിയെടുത്ത് മാനസിക രോഗവിദഗ്ധന്റെ മുമ്പിലിട്ടു തരുന്നു.


പെണ്ണു കെട്ടാനെന്താണ് പേടി?
പ്രശ്‌നം ലൈംഗികം?
അല്ലേയല്ലെന്ന് കഥാപുരുഷന്‍.
പിന്നെന്തു പ്രശ്‌നം?


കാര്യം പറഞ്ഞാല്‍ പരിഹസിക്കില്ലെന്നു വാക്കു തരണമെന്നായി വിദ്വാന്‍. വാക്കു കൊടുക്കുന്നു. അയാള്‍ പ്രശ്‌നം പറഞ്ഞു.
വിവാഹത്തിനായി വലിയ ആള്‍ക്കൂട്ടമുണ്ടാകും. അവരുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും. അതു വയ്യ. പേടിയാണ്. ഇത്രയേറെ കണ്ണുകള്‍ക്ക് മുമ്പില്‍ കേന്ദ്രബിന്ദുവായി നില്‍ക്കുമ്പോള്‍ ചൊല്ലും ചെയ്തിയുമൊക്കെ നന്നാകുമോയെന്ന ആശങ്ക.

മുഖത്ത് ചമ്മലോ പരിഭ്രമമോ പ്രകടമായാലോയെന്ന പേടി. ആളുകള്‍ക്കു കളിയാക്കുവാനുള്ള എന്തെങ്കിലും വൈകല്യങ്ങള്‍ ഓര്‍ക്കാപ്പുറത്ത് വന്നാലോയെന്ന വിചാരം. നാലാളുകളുടെ മുന്നില്‍ നില്‍ക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍തന്നെ നെഞ്ചിടിക്കും. വിറയലുണ്ടാകും. അപ്പോള്‍ പിന്നെ ശരിക്കും നില്‍ക്കുന്നതെങ്ങനെ. ആളുകള്‍ ശ്രദ്ധിക്കുമ്പോള്‍ എന്തെങ്കിലും ചെയ്യുവാനും പറയുവാനും പണ്ടേ പേടിയായിരുന്നു. പഠിക്കുന്ന കാലത്ത് സെമിനാറുകളൊക്കെ വലിയ കടമ്പയായിരുന്നു. കുറച്ചു പേരൊത്ത് പ്രോജക്ട് ചെയ്യും. നാലാള്‍ കൂടുന്നിടത്തെ പറച്ചിലൊക്കെ കൂട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. കോണ്‍ഫറന്‍സിലൊക്കെ സംസാരിക്കേണ്ടി വരുമെന്ന കാരണംകൊണ്ട് ഒരു പ്രമോഷന്‍പോലും വേണ്ടെന്ന് വെച്ചു.

ഇങ്ങനെ ഒതുങ്ങി കൂടുമ്പോഴാണ് വിവാഹമെന്ന ഭീഷണി ശക്തമായത്. രജിസ്റ്ററാഫീസിലോ മറ്റോ പോയി ആള്‍ബഹളമില്ലാത്ത കല്ല്യാണം നടത്താന്‍ തയ്യാര്‍. പക്ഷേ, ഇതെങ്ങനെ വീട്ടുകാരോടു പറയും? അവരിതെങ്ങനെ പെണ്‍വീട്ടുകാരോടു പറയും? ഈ പേടി നല്ലതല്ലെന്നും അകാരണമാണെന്നും കക്ഷിക്കറിയാം. ഇത് മാറ്റേണ്ടതാണെന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, സാധിക്കുന്നില്ല! ഇതാണ് സോഷ്യല്‍ ഫോബിയയുടെ (Social Phobia) വല്ലാത്ത പ്രതിസന്ധി.

സാമൂഹികങ്ങളായ രസങ്ങളെയും, ആഹ്ലാദകരമായ ജീവിതത്തെയും ഇല്ലാതാക്കുന്ന ഈ പ്രത്യേകതരംടെന്‍ഷന്‍ അപൂര്‍വമൊന്നുമല്ല. സമൂഹത്തിലെ പത്തുശതമാനം പേരെങ്കിലും ഇത്തരത്തിലുള്ള പേടി ഉള്ളിലൊളിപ്പിച്ച് ഒതുങ്ങിക്കൂടുന്നവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിലരെങ്കിലും ഈ ഭീതിക്കനുസൃതമായി തൊഴിലിനെയും ജീവിതക്രമത്തെയും പരിമിതപ്പെടുത്തുകയും ചെയ്യാറുണ്ട്.

നാലാള്‍ കൂടുന്നിടത്തെ ടെന്‍ഷന്‍

അപരിചിതരായ ആളുകളുമായുള്ള ഇടപെടലുകളിലോ ആള്‍ക്കൂട്ടത്തിന്റെ മുമ്പിലോ തന്റെ പെരുമാറ്റം തൃപ്തികരമാകില്ലെന്ന അകാരണമായ ഭീതിയാണ് സോഷ്യല്‍ ഫോബിയയുടെ കാതലായ അംശം. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴോ ആ സന്ദര്‍ഭങ്ങളെക്കുറിച്ച് ഓര്‍മിക്കുമ്പോഴോ ഇവരില്‍ ഉത്കണ്ഠ അധികരിക്കുന്നു. നെഞ്ചിടിപ്പ്, വിറയല്‍, നാവും ചുണ്ടും വരളല്‍ തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

കൗതുകകരങ്ങളായ ഒട്ടേറെ സോഷ്യല്‍ ഫോബിയകളുണ്ട്. ചിലര്‍ക്ക് ആളുകള്‍ക്ക് മുമ്പില്‍ എഴുതുവാനും ഒപ്പിടാനും പ്രയാസമുണ്ടാകും. മറ്റു ചിലര്‍ക്ക് മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിലാണ് ബുദ്ധിമുട്ട്. ചവയ്ക്കുന്ന ശബ്ദം, ഭക്ഷണം കഴിക്കുന്നരീതി ഇതൊക്കെയാണ് ഉത്കണ്ഠ. പൊതു മൂത്രപ്പുരകളില്‍ മൂത്ര വിസര്‍ജനം ചെയ്യുന്നത് ഒരു ടെന്‍ഷനായി കൊണ്ടു നടക്കുന്നവരുണ്ട്. സദസ്സിനെ അഭിമുഖീകരിച്ച് നാലു വാക്കു പറയുവാന്‍ വിഷമിക്കുന്ന സഭാകമ്പക്കാരുണ്ട്.

കുളിമുറിയിലോ, ഒറ്റയ്‌ക്കോ മനോഹരമായി പാടുന്നവര്‍ക്ക് സദസ്സിന്റെ മുമ്പില്‍ ആ പ്രകടനം നടത്താന്‍ വിഷമം. മറ്റുള്ളവര്‍ക്ക് പരിഹസിക്കാന്‍ വക നല്‍കുന്ന കുഴപ്പമുണ്ടാകുമെന്ന ഒരു മുന്‍വിധി ഇവരെ വേട്ടയാടുന്നു. സാമൂഹികഇടപെടലുകളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതോടെ ഇത്തരം പേടികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ചിലരെങ്കിലും മദ്യത്തിന്റെ വഴിയെ പോകുന്നു. ഇവര്‍ ഒരല്പം മദ്യം അകത്താക്കി ധൈര്യം സംഭരിക്കുന്നു. താത്ക്കാലികമായ ഈ ധൈര്യം പിന്നീട് ഊരാക്കുടുക്കാകുന്നു. സോഷ്യല്‍ ഫോബിയ മറികടക്കാനായി മദ്യം ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനം മദ്യത്തിനടിമപ്പെടുന്നതായി കണ്ടുവരുന്നു.

എന്താണ് പ്രതിവിധി?

ഘട്ടം ഘട്ടമായി സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയെന്നതാണ് ഇതിനുള്ള പോംവഴി. ആധിയുളവാക്കുന്ന സാഹചര്യങ്ങളെ നേരിടാന്‍ ഒരു മുന്‍ഗണനാക്രമമുണ്ടാക്കാം. ഏറ്റവും കുറവുപേടി തോന്നുന്ന സാഹചര്യത്തെ ആദ്യം അഭിമുഖീകരിക്കാം. പിന്നെ അടുത്തതിലേക്ക് പോകാം. സഭാകമ്പത്തെ ഒരു മാതൃകയാക്കി വിശദീകരിക്കാം. നന്നായി പാടുന്ന ഒരാള്‍ക്ക് പൊതു സദസ്സില്‍ പാടുന്നതിന് ഉത്കണ്ഠ.

ആദ്യമയാള്‍ക്ക് ഏറ്റവും അടുത്ത ബന്ധുക്കളുടെ ചെറിയ കൂട്ടായ്മകളില്‍ പാടിത്തുടങ്ങാം. ആത്മധൈര്യമായാല്‍ പിന്നെ അടുത്ത ചങ്ങാതികളുടെ ചെറിയ സദസ്സിലാകാം പാട്ട്. പിന്നെ കുറേക്കൂടി വലിയ സദസ്സ്. അങ്ങനെ പടിപടിയായി മുന്നേറണം. വ്യത്യസ്തങ്ങളായ സോഷ്യല്‍ ഫോബിയകളില്‍, ചികിത്സകന്റെ മാര്‍ഗനിര്‍ദശമനുസരിച്ച് വേണം ആസൂത്രണം. അതികഠിനമായ ഉത്കണ്ഠയുള്ളപ്പോള്‍ ചില ഔഷധങ്ങള്‍കൂടി വേണ്ടിവരാം.

സോഷ്യല്‍ ഫോബിയ ഉള്ളവരുടെ നിരീക്ഷണങ്ങളിലും, കാഴ്ചപ്പാടുകളിലും, ആത്മവിശകലനങ്ങളിലുമൊക്കെ പലപ്പോഴും അപാകതകള്‍ നിറഞ്ഞിരിക്കും. എല്ലാവരും ശ്രദ്ധിക്കുന്നു, എന്റെ മുഖം വക്രിച്ചുപോകുന്നു, എന്റെ വര്‍ത്തമാനം ശരിയാകില്ല, മുഖത്ത് ചമ്മല്‍ വരുന്നു, ചിരി ശരിയല്ല, ഇങ്ങനെ മുന്‍വിധികള്‍ നിറഞ്ഞ ചിന്താശൈലികള്‍ സര്‍വസാധാരണം.

ചിലര്‍ക്കെങ്കിലും സാമൂഹിക ഇടപെടലുകളിലുള്ള വൈഭവം കുറവായിരിക്കാം. മുഖത്ത് നോക്കി സംസാരിക്കാന്‍ വിഷമം, സംഭാഷണം നന്നായി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ബുദ്ധിമുട്ടുകള്‍, ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിഹരിച്ചു കൊടുക്കുവാനുള്ള പരിശീലനം വേണ്ടിവരാം. ഒരു കാര്യം ഉറപ്പാണ്. കീഴടക്കാനുള്ള കരളുറപ്പുണ്ടെങ്കില്‍ സോഷ്യല്‍ ഫോബിയയെ തുരത്താം. അങ്ങനെയേ പരിഹരിക്കാനാവൂ.

സി.ജെ ജോണ്‍

No comments:

Post a Comment