Wednesday, May 9, 2012

ഓര്‍മയുടെ മസ്തിഷ്‌കശാസ്ത്രം

ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ മനുഷ്യന്റെ ആശയങ്ങള്‍ മാത്രമാണ്. വസ്തുനിഷ്ഠമായി നോക്കിയാല്‍ അചേതനമായ പ്രപഞ്ചത്തില്‍ ഇത്തരം സങ്കല്പങ്ങളൊന്നുമില്ല. സൂക്ഷിച്ചുനോക്കിയാല്‍ ഭൂതകാലമെന്നത് ഓര്‍മയാണെന്നു കാണാന്‍ സാധിക്കും. വേറൊരര്‍ഥത്തില്‍ കഴിഞ്ഞുപോയ സംഭവങ്ങളെയും വര്‍ത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി ഓര്‍മയാണ്. മനുഷ്യര്‍ ജീവിക്കുന്നതു തന്നെ ഓര്‍മകളിലൂടെയാണ്.

ഓര്‍മകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിട്ടുണ്ട്. 1. ഉടനെയുണ്ടായ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ (Immediate Memory) ഒരാള്‍ ഒരു ഫോണ്‍ നമ്പര്‍ കേട്ട ഉടനെ തന്നെ അത് ഓര്‍ത്ത് പറയുന്നത് ഉദാഹരണം 2. സമീപകാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ (Recent Memory) രാവിലെ പത്രത്തില്‍ വായിച്ച കാര്യങ്ങള്‍ വൈകുന്നേരം ഓര്‍ക്കുന്നത് ഇതിനുദാഹരണമാണ് 3. വിദൂരസ്ഥ ഓര്‍മ -(Long Term Memory). വിദ്യാര്‍ഥി ആയിരിക്കെ പള്ളിക്കൂടത്തില്‍ നടന്ന കാര്യങ്ങള്‍ മുതിര്‍ന്ന പ്രായത്തില്‍ ഓര്‍ക്കുന്നതാണ് ഇതിനുദാഹരണം. ഇതില്‍ വിദൂരസ്ഥ ഓര്‍മകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഡിമന്‍ഷ്യ പോലുള്ള അസുഖങ്ങളില്‍ പെട്ടെന്ന് നശിക്കാത്തതുമാണ്.

ഓര്‍മകളെക്കുറിച്ചുള്ള രണ്ടാമത്തെ തരംതിരിവ് സ്പഷ്ടമായ ഓര്‍മകളും (Explicit Memory) അന്തര്‍ലീനമായ ഓര്‍മകളും -(Implicit Non-Declarative Memory) എന്ന തരത്തിലാണ്. കണ്ടതോ കേട്ടതോ ആയ കാര്യങ്ങളെക്കുറിച്ചും മുന്‍പ് നടന്ന സംഭവങ്ങളെക്കുറിച്ചുമുള്ള ബോധപൂര്‍വമായ ഓര്‍മകളെയാണ് സ്പഷ്ടമായ ഓര്‍മകളെന്ന് പറയുന്നത്. എന്നാല്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ്. അല്ലെങ്കില്‍ ഉള്ളില്‍ പതിഞ്ഞുകിടക്കുന്നതാണ്. ഒട്ടുമിക്കവാറും ഇത് പരിശീലിച്ച കാര്യങ്ങളായിരിക്കും. ഉദാഹരണത്തിന് പല്ലു തേക്കുന്നത്, കുളിക്കുന്നത്, ഭക്ഷണം പാകം ചെയ്യുന്നത്, വസ്ത്രം ധരിക്കുന്നത്, സൈക്കിള്‍ ചവിട്ടുന്നത്, വാഹനം ഓടിക്കുന്നത് എന്നിവയെല്ലാം മനുഷ്യര്‍ക്ക് സാധിക്കുന്നത് ഈ കാര്യങ്ങളെല്ലാം മുന്‍പ് എങ്ങനെയാണ് ചെയ്തത് എന്നതിനെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ പതിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. അല്ലാതെ ഓരോ കാര്യത്തിലും ഘട്ടം ഘട്ടമായി എന്തു ചെയ്യണം എന്ന് ബോധപൂര്‍വം ഓര്‍ത്തെടുത്തിട്ടല്ല. സ്ഥിരമായി ചെയ്ത് പരിശീലിച്ചതുകൊണ്ട് നമ്മള്‍ അറിയാതെതന്നെ ഓര്‍മകള്‍ നമ്മളെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാമാണ് അന്തര്‍ലീനമായ ഓര്‍മകള്‍.

ഓര്‍മയുടെ മസ്തിഷ്‌കശാസ്ത്രം

മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലാണ് ഓര്‍മകള്‍ ശേഖരിച്ചുവെച്ചിരിക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഭാഗങ്ങള്‍ക്കു ക്ഷതം സംഭവിച്ചാല്‍ ഓര്‍മനാശവും സംഭവിക്കും. മസ്തിഷ്‌കത്തിന്റെ 'ടെംപറല്‍' (temporal) ദളങ്ങളുടെ മധ്യഭാഗത്തുള്ള മൂന്ന് ഭാഗങ്ങളിലാണ് ഓര്‍മകള്‍ സൂക്ഷിച്ചിരിക്കുന്നത്. 1. ഹിപ്പോകാമ്പസ് 2. അമിഗ്ഡല 3. എന്‍േറാര്‍ഹൈനല്‍ കോര്‍ട്ടക്‌സ് എന്നിവയാണ് ഈ ഭാഗങ്ങള്‍. ഇവയില്‍ സുപ്രധാനം ഹിപ്പോകാമ്പസ് ആണ്.

ഓര്‍മയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ഒന്നാമത്തെ ഘട്ടത്തില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഹിപ്പോകാമ്പസില്‍ 'രജിസ്റ്റര്‍' ചെയ്യപ്പെടുന്നു. ഹിപ്പോകാമ്പസ്സിലെ നാഡീകോശങ്ങളുടെ (neurones) ഒരു ശൃംഖലയില്‍ ഇവ എഴുതിച്ചേര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. ഒന്നാമത്തെ ഘട്ടത്തെ 'രജിസ്‌ട്രേഷന്‍' എന്നാണ് പറയുന്നത്. കണ്ടതോ കേട്ടതോ ആയ കാര്യം ഒരാള്‍ ഉടനെ പറയുന്നതിന്റെ അര്‍ഥം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി എന്നാണ്.

++++++++++

രണ്ടാമത്തെ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കാര്യങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ചുവെക്കുന്നു. ഇതാണ് ശേഖരണഘട്ടം (retention). ഉഹിപ്പോകാമ്പസ്സില്‍ നിന്നു മറ്റു ഭാഗങ്ങളിലേക്ക് ഓര്‍മകളെ കൈമാറിയില്ലെങ്കില്‍ അധികം വൈകാതെ നാഡീശൃംഖലയില്‍ നിന്നും അവ മാഞ്ഞുപോകും. ഓര്‍മയുടെ മൂന്നാമത്തെ ഘട്ടം ശേഖരിച്ചുവെച്ചിരിക്കുന്ന കാര്യങ്ങളെ തിരിച്ചെടുക്കുന്നതാണ് (retrieval). ഇതോടെ മുന്‍പ് നടന്ന കാര്യങ്ങള്‍ ഓര്‍മയിലെത്തുന്നു. ചിലപ്പോള്‍ ചില സൂചനകളുടെ (Clue) സഹായത്തോടെ മാത്രമേ കാര്യങ്ങള്‍ ഓര്‍മയിലെത്തൂ. ഇതിന്റെയര്‍ഥം ശേഖരണത്തില്‍ കുഴപ്പമില്ലെന്നും കാര്യങ്ങളെ തിരിച്ചെടുക്കുന്നതിലാണ് പ്രശ്‌നമെന്നുമാണ്. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ക്ക് ഒരു വൈകാരിക ഭാവമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ അമിഗ്ഡലയില്‍ക്കൂടി ശേഖരിച്ചുവെക്കപ്പെടുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നു.

ഓര്‍മയുമായി ബന്ധപ്പെട്ട സര്‍ക്യൂട്ടുകള്‍ മധ്യ ടെംപറല്‍ ദളങ്ങളില്‍ നിന്നു മസ്തിഷ്‌കത്തിന്റെ ഏറ്റവും പുരോഗമിച്ച ഫ്രണ്ടല്‍ ദളങ്ങളിലേക്കും സെറിബല്ലത്തിലേക്കും വ്യാപിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്രണ്ടല്‍ ദളങ്ങള്‍ സ്പഷ്ടമായ ഓര്‍മകളെ (Explicit Memory അഥവാ Declarative Mamory) ദീര്‍ഘകാലം സൂക്ഷിച്ചുവെക്കുന്നു. സെറിബല്ലമാകട്ടെ പരിശീലിച്ച ഓര്‍മകളെ (Implicit Memory അഥവാ -Non-declarative Memory) ദീര്‍ഘകാലത്തേക്ക് സാധ്യമാക്കുന്നു. ഇതിന്റെയര്‍ഥം 'ഡിമന്‍ഷ്യ' (സ്മൃതിനാശരോഗം) പോലുള്ള രോഗങ്ങളുടെ ആദ്യഘട്ടത്തില്‍ മധ്യടെപറല്‍ ദളങ്ങള്‍ ക്ഷയിച്ചുപോകുമ്പോഴും ദീര്‍ഘകാല ഓര്‍മകളും പരിശീലിക്കപ്പെട്ട ഓര്‍മകളും നിലനില്‍ക്കും എന്നതാണ്.

ഓര്‍മകളെ ദൃഢപ്പെടുത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ആവര്‍ത്തനമാണ്. ഒരേ കാര്യം തുടര്‍ച്ചയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ അതിന്റെ ശേഖരണവും പിന്നീട് ഓര്‍മയിലൂടെയുള്ള വീണ്ടെടുക്കലും (retrieval) എളുപ്പമാകുന്നു. കുട്ടികള്‍ പഠിക്കുമ്പോള്‍ ഒരേ കാര്യം വീണ്ടും വീണ്ടും മനസ്സില്‍ കുടിയിരുത്തുമ്പോള്‍ ഓര്‍മ ശക്തമാകുന്നത് ഇതിന് ഉദാഹരണമാണ്. ഓര്‍മയുമായി ബന്ധപ്പെട്ട 'ന്യൂറോ സര്‍ക്യൂട്ടുകള്‍' കൂടുതല്‍ ഉറയ്ക്കുന്നതാണ് ഇതിന്റെ പിന്നിലുള്ള കാരണം. ഇതിനു പുറമെ ഒരു കാര്യത്തെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതും ഓര്‍മയെ ദൃഢപ്പെടുത്തുന്നു. ഓര്‍മയെ ദൃഢപ്പെടുത്തുന്ന വ്യായാമത്തെ 'ന്യൂമോണിക്കസ്' എന്നു വിളിക്കുന്നു.

ഓര്‍മകള്‍ മരിക്കുമോ?

കഴിഞ്ഞകാല സംഭവങ്ങളും മണ്‍മറഞ്ഞുപോയ മനുഷ്യരും മനസ്സുകളില്‍ നിലനില്‍ക്കുന്നത് ഓര്‍മകളിലൂടെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചില ഓര്‍മകള്‍ മാഞ്ഞുപോകാറില്ല. ചെറുപ്പകാലത്തെ ഓര്‍മകള്‍ വിശേഷിച്ചും. വൈകാരിക സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മകളും ദീര്‍ഘകാലം നിലനില്‍ക്കും.

എന്നാല്‍ ഒരായുസ്സിനിടയില്‍ ഓര്‍മയിലുണ്ടായിരുന്ന ഒട്ടേറെ കാര്യങ്ങള്‍ കാലക്രമേണ മാഞ്ഞുപോകും. അത് സര്‍വസാധാരണമാണ്. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഓര്‍ത്തെടുക്കുക മനുഷ്യര്‍ക്കാര്‍ക്കും സാധ്യമല്ല. ചില കാര്യങ്ങള്‍ പെട്ടെന്നു തന്നെ മറന്നു പോകും; മറ്റു കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷമായിരിക്കും മാഞ്ഞുപോകുന്നത്. ഇത് മനുഷ്യസഹജമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകുന്നതായി ചിലര്‍ വ്യാകുലപ്പെടാറുണ്ട്. സമീപകാലത്തായി കലശലായഓര്‍മക്കുറവിനെക്കുറിച്ചായിരിക്കും മറ്റു ചിലര്‍ ഉത്കണ്ഠപ്പെടുന്നത്. പ്രായമാകുന്നതിനനുസരിച്ച് ഓര്‍മക്കുറവ് കലശലാകുന്നതായും ചിലര്‍ക്ക് തോന്നാറുണ്ട്.

++++++++++

നേരത്തേ സൂചിപ്പിച്ചതുപോലെ ഓര്‍മയുടെ ആദ്യഘട്ടമായ 'രജിസ്‌ട്രേഷന്‍' ശരിക്കും നടന്നില്ലെങ്കില്‍ ഒരു കാര്യവും പിന്നീട് ഓര്‍ത്തെടുക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ ഓര്‍മയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം ശ്രദ്ധ വേണം. ഇതിന്റെ അര്‍ഥം കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയോ കാണുകയോ ചെയ്തില്ലെങ്കില്‍ അവയൊന്നും ഓര്‍മയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടില്ല എന്നതാണ്.

ചിലര്‍ ഒരു കാര്യം ചെയ്യുമ്പോള്‍ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാന്‍ ശ്രമിക്കും. തത്ഫലമായി രണ്ടിലും ശ്രദ്ധ നഷ്ടപ്പെടുന്നു. വേറൊരര്‍ഥത്തില്‍ നോക്കിയാല്‍ ഓര്‍മക്കുറവെന്ന് ചിലര്‍ പറയുന്നത് വാസ്തവത്തില്‍ ശ്രദ്ധക്കുറവായിരിക്കും. ഇനി കാര്യങ്ങള്‍ ഓര്‍മയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വിചാരിക്കുക. കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്തോറും അത്രയധികം കാര്യങ്ങള്‍ ഓര്‍മയിലേക്ക് വീണ്ടെടുക്കാന്‍ സാധിക്കാതെ വരുന്നു. ഇത് സാധാരണമായി ഉണ്ടാകുന്നതാണ്. ഓര്‍മക്കുറവ് രോഗത്തിന്റെ (ഡിമന്‍ഷ്യ) ലക്ഷണമല്ല.

ഗാഢമായ ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന വേളയിലുംഉറക്കത്തില്‍നിന്ന് ഉണരുമ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടാകണമെന്നില്ല. അതുപോലെ തന്നെ ആവശ്യത്തിന് ഉറക്കമില്ലാതിരിക്കന്നതും ഓര്‍മയെ ക്ഷയിപ്പിക്കുന്നു. ഓരോ ദിവസവും മനസ്സിലാക്കിയ കാര്യങ്ങള്‍ ഓര്‍മയില്‍ ദൃഢപ്പെടുത്തണമെങ്കില്‍ അന്നന്നു രാത്രി നന്നായി ഉറങ്ങണം. കാരണം ഉറക്കത്തില്‍ കണ്ണുകളുടെ ദ്രുതചലനഘട്ടത്തിലാണ് (Rapid Eye Movement Sleep- REM Sleep) ഓര്‍മകള്‍ ഉറച്ചുവരുന്നത്.

അമിതമായ മദ്യപാനം, മസ്തിഷ്‌കത്തിനേല്‍ക്കുന്ന ആഘാതം, ചില വിഷവസ്തുക്കള്‍ (മെര്‍ക്കുറി, ലെഡ് അഥവാ ഈയം) എന്നിവയും ഓര്‍മകളെ ദുര്‍ബലമാക്കുന്നു. മദ്യം ഒരളവില്‍ കൂടിയാല്‍ ചിലര്‍ക്ക് തലേ ദിവസം ചെയ്തതോ നടന്നതോ ആയ കാര്യങ്ങളെക്കുറിച്ച് ഒരു ഓര്‍മയും ഉണ്ടാകാറില്ല. ഇതിന് 'ബ്ലാക്ക് ഔട്ട്' (Black Out) എന്നു പറയുന്നു. മദ്യപാനം അപകടകരമായ തരത്തിലാണ് എന്നതിന്റെ മുന്നറിയിപ്പാണിത്. കടുത്ത ഉത്കണ്ഠയിലും സങ്കടം അനുഭവപ്പെടുന്ന വേളയിലും ഓര്‍മകള്‍ ശുഷ്‌കമാകുന്നു. വിഷാദരോഗത്തിലും പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ സാധിച്ചെന്ന് വരില്ല. ഇവയിലൊന്നിനേയും ഓര്‍മക്കുറവ് രോഗം അഥവാ ഡിമന്‍ഷ്യയായി തെറ്റിദ്ധരിക്കരുത്.

ഒരാള്‍ അയാള്‍ക്കുണ്ടാകുന്ന ഓര്‍മക്കുറവിനെ സ്വയം തിരച്ചറിയുകയാണെങ്കില്‍ അത് ഡിമന്‍ഷ്യയുടെ ഭാഗമാകാന്‍ സാധ്യത വളരെ കുറവാണ്. ഡിമന്‍ഷ്യയിലുണ്ടാകുന്ന ഓര്‍മക്കുറവിനെ മറ്റുള്ളവരായിരിക്കും പലപ്പോഴും നിരീക്ഷിക്കുന്നത്. കാരണം ഓര്‍മകള്‍ നഷ്ടമാകുന്ന കാര്യവും രോഗി ഓര്‍ക്കാറില്ല. സാധനങ്ങള്‍ എവിടെയാണ് വെച്ചിരിക്കുന്നതെന്ന് ഓര്‍ക്കാന്‍ സാധിക്കാതെയാവുക, ആളുകളുടെ പേരുകള്‍ മറന്നുപോകുക, മറ്റുള്ളവര്‍ തന്ന നിര്‍ദേശങ്ങള്‍ മറന്നുപോവുക, വാങ്ങിക്കാനുള്ള സാധനങ്ങളുടെ പട്ടികയില്‍ നിന്നും ചില സാധനങ്ങള്‍ വിട്ടുപോവുക തുടങ്ങിയവയെല്ലാം സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന ഓര്‍മക്കുറവിന് ഉദാഹരണങ്ങളാണ്. ഇവയൊന്നും തന്നെ നിര്‍ബന്ധമായും ഓര്‍മക്കുറവ് രോഗത്തിന്റെ ലക്ഷണം ആകണമെന്നില്ല. എന്നാല്‍ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത സംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചില സിനിമകള്‍ പലരേയും അനാവശ്യമായ ഉത്കണ്ഠയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. 

ഓര്‍മക്കുറവ് രോഗങ്ങള്‍ അഥവാ ഡിമന്‍ഷ്യ (Dementias)
മുകളില്‍ സൂചിപ്പിച്ച നിത്യേന ജീവിതത്തിലുണ്ടാകുന്ന സാധാരണമായ ഓര്‍മക്കുറവില്‍ നിന്നും ഏറെ വിഭിന്നമാണ് ഡിമന്‍ഷ്യകളിലുണ്ടാകുന്ന ഓര്‍മക്കുറവ്. ഡിമന്‍ഷ്യയില്‍ ഉണ്ടാകുന്ന ഓര്‍മക്കുറവിനെ താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ക്കൂടി തിരിച്ചറിയാം.

1.ഉടനെ നടന്ന കാര്യങ്ങളായിരിക്കും ഡിമന്‍ഷ്യയില്‍ ആദ്യം മറന്നുപോകുന്നത്. രാവിലെ ഭക്ഷണം കഴിച്ച കാര്യം മറന്നുപോയതിന് ശേഷം പത്തോ ഇരുപതോ മിനുട്ടിന് ശേഷം വീണ്ടും ഭക്ഷണം ആവശ്യപ്പെടുക ഇതിനൊരു ഉദാഹരണമാണ്. പത്രങ്ങളില്‍ വായിച്ച വാര്‍ത്തകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കാതെ വരിക, തലേദിവസം വീട്ടില്‍ വന്നവരെ ഓര്‍ക്കാന്‍ പറ്റാതെവരിക മുതലായവയാണ് മറ്റു ദാഹരണങ്ങള്‍.

അതേ സമയം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഒരു കേടും സംഭവിക്കാറില്ല. ഇതിന് കാരണമുണ്ട്. ഡിമന്‍ഷ്യകളില്‍ ഏറ്റവും സാധാരണമായ അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യ ഏറ്റവും ആദ്യം ബാധിക്കുന്നത് ഓര്‍മകളെ ആദ്യം ശേഖരിച്ചുവെക്കുന്ന 'ഹിപ്പോകാമ്പസ്' ഉള്‍പ്പെടെയുള്ള മധ്യടെംപറല്‍ ദളങ്ങളെ ആയിരിക്കും.

അവിടെയാണ് ഉടനെ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള അല്ലെങ്കില്‍ നൂതനമായ ഓര്‍മകള്‍ കുടികൊള്ളുന്നത്. ഇതില്‍ നിന്നും ഉടനെ നടന്ന കാര്യങ്ങള്‍ ആദ്യം മറന്നുപോകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ദീര്‍ഘകാല ഓര്‍മകള്‍ അഥവാ പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫ്രണല്‍ ദളങ്ങളെയും ബാധിക്കുന്നു. രോഗത്തിന്റെ അവസാനഘട്ടത്തില്‍ രോഗിക്ക് എല്ലാതരം ഓര്‍മകളും നഷ്ടമാകുന്നു.

++++++++++

2. ഓര്‍മക്കുറവു മാത്രമല്ല ഡിമന്‍ഷ്യയുടെ ലക്ഷണം. രോഗം ബാധിച്ചയാള്‍ക്ക് ദിശാബോധവും നഷ്ടപ്പെടുന്നു. ദീര്‍ഘകാലമായി സഞ്ചരിച്ച് ഏറെ പരിചയമുള്ള വഴിപോലും രോഗിക്ക് തെറ്റിപ്പോയെന്നു വരാം. ഇടതുവശവും വലതുവശവും പരസ്പരം മാറിപ്പോകാം.

3. സ്പഷ്ടമായ ഓര്‍മകള്‍ അഥവാ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മകളെ കൂടാതെ അന്തര്‍ലീനമായ പരിശീലിച്ച ഓര്‍മകളും -(Implicit Memories or Non-Declarative Memories) ഡിമന്‍ഷ്യയില്‍ മാഞ്ഞുപോകുന്നു. തത്ഫലമായി ശീലിച്ച കാര്യങ്ങളും രോഗിക്ക് ചെയ്യാനാകാതെ വരുന്നു. ഉദാഹരണത്തിന് ഷര്‍ട്ട് ഇടുമ്പോള്‍ ബട്ടണുകള്‍ തെറ്റായി ഇടുക, ചെരുപ്പുകള്‍ മാറിപ്പോവുക, വാഹനം ഓടിച്ചിരുന്ന ഒരാള്‍ക്ക് അത് സാധിക്കാതെ വരികയോ അപകടത്തില്‍പെടുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

4. രോഗം കഠിനമാകുന്നതോടെ രോഗിയുടെ സംസാരം കുറഞ്ഞുവരും. അത് ഏതാനും ചില ആശയങ്ങളിലേക്കു മാത്രമായി ചുരുങ്ങും. രോഗത്തിന്റെ അവസാനഘട്ടത്തില്‍ സംസാരം വ്യക്തമാകണമെന്നുമില്ല.

5. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രോഗിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നു. വീട്ടിലെ സ്വീകരണമുറി ടോയ്‌ലറ്റാണെന്ന് തെറ്റിദ്ധരിക്കുന്ന രോഗി അവിടെ മൂത്രമൊഴിച്ചെന്നുവരാം. രോഗത്തിന്റെ അന്ത്യഘട്ടത്തില്‍ ഏറ്റവും അടുത്ത ബന്ധുമിത്രാദികളെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല.

6. നഷ്ടമാകുന്ന ഓര്‍മകളെ ചില രോഗികള്‍ തെറ്റായ ധാരണകള്‍കൊണ്ട് നികത്താന്‍ ശ്രമിച്ചേക്കും. സ്വന്തം സാധനങ്ങള്‍ എവിടെയാണെന്ന ഓര്‍മകള്‍ നഷ്ടമാകുന്ന സമയത്ത് ആ സാധനങ്ങള്‍ മറ്റാരോ മോഷ്ടിച്ചെന്നോ, വീട്ടില്‍ കള്ളന്‍ കയറിയെന്നോ ഇവര്‍ ഉറച്ചുവിശ്വസിക്കാന്‍ തുടങ്ങുന്നു. തെളിവുകള്‍കൊണ്ട് തിരുത്താനാവാത്ത ഇത്തരം മിഥ്യാധാരണകളെ -Delusions എന്നു വിളിക്കുന്നു.

അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ശരാശരി ഏതാണ്ട് 10 വര്‍ഷങ്ങള്‍കൊണ്ട് രോഗം അതിന്റെ അന്തിമഘട്ടത്തിലെത്തും. ഇത് ശരാശരി കണക്കാണ്; ഓരോ വ്യക്തിയിലും ഇത് ഏറിയോ കുറഞ്ഞോ വരാം. രോഗത്തിന്റെ അന്ത്യഘട്ടത്തില്‍ ന്യുമോണിയപോലുള്ള തീവ്രമായ അണുബാധകളാണ് മരണത്തില്‍ കലാശിക്കുന്നത്.

മസ്തിഷ്‌കത്തിലെ ചെറിയ രക്തക്കുഴലുകള്‍ വ്യാസം കുറയുന്നതുമൂലം രക്ത ഓട്ടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ ഡിമന്‍ഷ്യക്ക് കാരണമായേക്കാം. ഈ ഡിമന്‍ഷ്യ 'വാസ്‌കുലര്‍ ഡിമന്‍ഷ്യ' എന്നറിയപ്പെടുന്നു. വ്യക്തമായ അറിയപ്പെടുന്ന കാരണങ്ങള്‍ ഒന്നുമില്ലാതെ ഫ്രണല്‍ ദളങ്ങളും ടെംപറല്‍ ദളങ്ങളും ക്ഷയിക്കുന്ന ഒരുതരം ഡിമന്‍ഷ്യയാണ് ഫ്രണോ-ടെംപറല്‍ ഡിമന്‍ഷ്യ. അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യയില്‍നിന്നും വ്യത്യസ്തമായി ഓര്‍മക്കുറവ് ഈ ഡിമന്‍ഷ്യയില്‍ ആദ്യം സംഭവിക്കുന്നില്ല.

മറിച്ച് വ്യക്തിയുടെ സ്വഭാവത്തിനാണ് പെട്ടെന്ന് മാറ്റം വരുന്നത്. പെട്ടെന്ന് ദേഷ്യപ്പെടുക, അക്രമാസക്തമാവുക, എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുക, മറ്റുചിലപ്പോള്‍ ഒന്നിലും താത്പര്യമില്ലാതെ ശാന്തമായിരിക്കുക മുതലായവയാണ് ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ക്കുശേഷമായിരിക്കും ഫ്രണ്ടോ-ടെംപറല്‍ ഡിമന്‍ഷ്യയില്‍ ഓര്‍മക്കുറവ് സംഭവിക്കുന്നത്. അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യയില്‍ ഈ പരിണാമം നേരെ തിരിച്ചാണ്. ഓര്‍മക്കുറവ് ആദ്യം സംഭവിക്കുന്നു. ദേഷ്യവും മറ്റു പെരുമാറ്റവ്യതിയാനങ്ങളും രോഗത്തിന്റെ പിന്നീടുള്ള ഘട്ടത്തില്‍ സംഭവിക്കുന്നു.

++++++++++

മുകളില്‍ സൂചിപ്പിച്ച ഡിമന്‍ഷ്യകളെല്ലാംതന്നെ കാലക്രമേണ സുനിശ്ചിതമാവുകയും വഷളാവുകയും ഒടുവില്‍ മരണത്തില്‍ കലാശിക്കുകയും ചെയ്യും. വൈദ്യശാസ്ത്രത്തില്‍ ഈ കുറിപ്പ് എഴുതുന്ന നാള്‍വരെ ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് ദുരന്തസ്വഭാവം വര്‍ധിപ്പിക്കുന്നു. രോഗം വഷളാകുന്നതിന്റെ തോത് സാവധാനത്തിലാക്കുന്ന ഏതാനും മരുന്നുകള്‍ നിലവിലുണ്ട്. ഓര്‍മയ്ക്ക് നിദാനമായ മസ്തിഷ്‌കത്തിലെ 'അസറ്റൈല്‍ കോളിന്‍' എന്ന രാസപദാര്‍ഥത്തിന്റെ അളവിനെ കൂട്ടുന്ന മരുന്നുകളാണിവ. ഈ മരുന്നുകള്‍ നഷ്ടപ്പെട്ട ഓര്‍മകളെ വീണ്ടെടുക്കുന്നില്ല. നിലവിലുള്ള ഓര്‍മകള്‍ നഷ്ടപ്പെടാതെ ചെറിയൊരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നു എന്നുമാത്രം.

മുകളില്‍ വിശദീകരിച്ച ഡിമന്‍ഷ്യകളെല്ലാംതന്നെ പ്രായമായവരിലാണ് കണ്ടുവരുന്നത്. 65 വയസ്സിനുമുകളില്‍ പ്രായം കൂടുന്തോറും ഡിമന്‍ഷ്യ വരാനുള്ള സാധ്യതയും കൂടുന്നു. 65 വയസ്സിന് താഴെയുള്ളവരില്‍ വരുന്ന അപൂര്‍വതരം അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. പ്രി-സെനൈല്‍ അല്‍ഷൈമേഴ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ രോഗവും 50 വയസ്സുകഴിഞ്ഞാലാണ് വരുന്നത്. 65 വയസ്സുകഴിഞ്ഞവരില്‍ കാണുന്ന അല്‍ഷൈമേഴ്‌സ്

രോഗത്തെ സെനൈല്‍ അല്‍ഷൈമേഴ്‌സ് എന്നു വിളിക്കുന്നു. ഇതാണ് ഏറ്റവും കൂടുതല്‍ കാണുന്ന ഡിമന്‍ഷ്യ. ജന്മനാ ബുദ്ധിമാന്ദ്യം കാണിക്കുന്ന ഡൗണ്‍സ് സിന്‍ഡ്രോം -(Downs syndrome)എന്ന രോഗമുള്ളവരിലാണ് 50 വയസ്സിനു താഴെ അല്‍ഷൈമേഴ്‌സ് വരുന്നത്. ഈ അസുഖം ഉള്ളവരെ ജന്മനാതന്നെ കണ്ടാല്‍ തിരിച്ചറിയാം.

പാരമ്പര്യഘടകമായ ജീനുകളിലൂടെ മാതാപിതാക്കളില്‍ നിന്നു കുട്ടികളിലേക്ക് വ്യാപിക്കുന്ന ഒരുതരം ഡിമന്‍ഷ്യയാണ് 'ഹണ്ടിങ്ടണ്‍ ഡിമന്‍ഷ്യ'. ഇത് ജന്മനാ ലഭിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ ഏതാണ്ട് 50 വയസ്സോടെ പ്രത്യക്ഷമാകുന്നു. ഇതിനു ഫലപ്രദമായ ചികിത്സയില്ല.

ചികിത്സിച്ചു ഭേദമാക്കാവുന്ന ഡിമന്‍ഷ്യകള്‍

മുകളില്‍ വിവരിച്ച ഡിമന്‍ഷ്യകളെല്ലാം ഫലപ്രദമായ ചികിത്സയില്ലാത്തതും കാലക്രമേണ കലശലാകുന്നവയും ആണ്. എന്നാല്‍ ചില ഡിമന്‍ഷ്യകള്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്.

വിറ്റമിന്‍ ബി-12ന്റെ കുറവുകൊണ്ട് ഓര്‍മകള്‍ നഷ്ടപ്പെടുകയും അത് പിന്നീട് ഡിമന്‍ഷ്യയായി പരിണമിക്കുകയും ചെയ്യുന്നു. ഇത് വിറ്റമിന്‍ ബ-12 കുത്തിവെപ്പിലൂടെ ഭേദമാകുന്നു. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലവും ഡിമന്‍ഷ്യ ഉണ്ടായേക്കാം ചിലരിലെങ്കിലും. തൈറോയ്ഡ് ഗുളികകള്‍ കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. തലച്ചോറില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന 'ഹൈഡ്രോസെഫാലസ്' എന്ന രോഗത്തിലും ഡിമന്‍ഷ്യ ഉണ്ടായേക്കാം. ഓപ്പറേഷന്‍ വഴി ദ്രാവകത്തെ ഒഴുക്കി വിട്ടാല്‍ ഈ ഡിമന്‍ഷ്യയും ഭേദമാകുന്നു.
അമിതമായി മദ്യപിക്കുന്ന ചിലരിലെങ്കിലും ഡിമന്‍ഷ്യ ഉണ്ടാകാറുണ്ട്. വളരെ നേരത്തേതന്നെ മദ്യം ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ ഇത് ഒഴിവാക്കാം. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞാല്‍ മദ്യം നിര്‍ത്തിയാലും ഡിമന്‍ഷ്യ വഷളായിക്കൊണ്ടേയിരിക്കും.

മസ്തിഷ്‌കത്തിനേല്‍ക്കുന്ന ആഘാതം (Head Injury) ഡിമന്‍ഷ്യയ്ക്ക് കാരണമായേക്കാം. മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടായാല്‍ ആഘാതത്തിന്റെ കാഠിന്യമനുസരിച്ച് ഇത്തരം ഡിമന്‍ഷ്യ കാലക്രമേണ ഭേദമാവുകയോ അങ്ങനെ തന്നെ നിലനില്‍ക്കുകയോ ചെയേ്തക്കാം.

++++++++++

അണുബാധ ഉള്‍പ്പെടെയുള്ള ചില അസുഖങ്ങള്‍ വരുമ്പോഴും ചില ഓപ്പറേഷനുകള്‍ക്കു ശേഷവും ഏതാനും ചിലര്‍ക്ക് കുറച്ചുനേരത്തേക്ക് (ചിലപ്പോള്‍ നാളുകളോളമോ അല്ലെങ്കില്‍ ആഴ്ചകളോളമോ) ഓര്‍മ നഷ്ടപ്പെടുകയും അവര്‍ പരസ്പരം ബന്ധമില്ലാതെ സ്ഥലകാല ബോധമില്ലാതെ പലതും പറയുകയും ചെയ്യും. ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥ. ഈ അവസ്ഥ മണിക്കൂറുകള്‍ക്കുള്ളില്‍ മാറുകയും സാധാരണ അവസ്ഥ വരികയും വീണ്ടും സ്ഥലകാല ബോധം നഷ്ടപ്പെടുകയും ചെയേ്തക്കാം.

സാധാരണ ഗതിയില്‍ ശരീര സംബന്ധമായ ചില തകരാറുകള്‍ കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഇതിനു കാരണമായ തകരാറിന്റെ ഗൗരവം അനുസരിച്ചാണ് ഈ അവസ്ഥ വരുന്നതും മാറുന്നതും. ഇങ്ങനെയുള്ള ഓര്‍മക്കുറവിനെ ഡെലീറിയം എന്ന്പറയുന്നു. ഇത് ഡിമന്‍ഷ്യയില്‍നിന്ന് വ്യത്യസ്തമാണ്. ഡെലീറിയം പെട്ടെന്ന് വരുന്നു. (ഡിമന്‍ഷ്യ മാസങ്ങള്‍ കൊണ്ടോ വര്‍ഷങ്ങള്‍ കൊണ്ടോ ആണ് പൂര്‍ണമായും പ്രത്യക്ഷപ്പെടുന്നത്.) ഡെലീറിയം താരതമ്യേന പെട്ടെന്നു മാറുന്നു. ഏതു പ്രായത്തിലുള്ളവര്‍ക്കും ഡെലീറിയം വന്നേക്കാം.

ഡിമന്‍ഷ്യ ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നവര്‍

അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യ ഉള്‍പ്പെടെ പ്രമുഖ ഡിമന്‍ഷ്യകള്‍ക്കൊന്നും നിലവില്‍ ചികിത്സയില്ല. അതേസമയം ഡിമന്‍ഷ്യ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് വളരെ സഹായവും അനുകമ്പയും പരിശീലനവും ആവശ്യമാണ്. ഡിമന്‍ഷ്യയുള്ളവരെ പരിചരിക്കുകയെന്നത് മാനസികമായും ശാരീരികമായും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം കുടുംബത്തിലെ ഒരാള്‍ക്ക് ഡിമന്‍ഷ്യ വരുമ്പോള്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് അത് കനത്ത ആഘാതമായിരിക്കും. അതുവരെ ഭാഗികമായി, കാര്യക്ഷമതയോടുകൂടി കാര്യങ്ങളെല്ലാം നടത്തിയിരുന്ന ഒരാള്‍ ഓര്‍മകളെല്ലാം നഷ്ടപ്പെട്ട് ഇരുട്ടില്‍ തപ്പുന്നതുപോലെ ജീവിക്കുന്നതു കാണുമ്പോള്‍ പലര്‍ക്കും ആദ്യം അത് യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കാനായെന്നു വരില്ല.

യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴേക്കും കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ആളെ നഷ്ടപ്പെട്ടു എന്ന തോന്നലായിരിക്കും ഉണ്ടാവുക. കാരണം ഡിമന്‍ഷ്യ ഒരു മനുഷ്യന്റെ അസ്തിത്വത്തെയാണ് അപഹരിക്കുന്നത്. ഡിമന്‍ഷ്യ ബാധിക്കുന്നതോടെ ഒരാള്‍ അയാളല്ലാതായി മാറുന്നു. ഇങ്ങനെയൊരാള്‍ അതുവരെ യല്ലാത്ത തരത്തില്‍ ദേഷ്യത്തോടും മിഥ്യാധാരണകളോടും കൂടി പെരുമാറുമ്പോള്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് കനത്ത സമ്മര്‍ദമാണുണ്ടാകുന്നത്. താഴെപ്പറയുന്ന കാര്യങ്ങള്‍ ഡിമന്‍ഷ്യ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് സഹായകരമായേക്കും.

1. ഓര്‍മക്കുറവ് ബോധപൂര്‍വമായ പ്രവൃത്തിയല്ലെന്നും അവ രോഗം കൊണ്ടാണെന്നും മനസ്സിലാക്കി രോഗിയോട് ക്ഷമാപൂര്‍വം പെരുമാറുക, ഇത് പ്രയാസമുള്ള കാര്യമാണെങ്കിലും.

2. രോഗിയോട് തര്‍ക്കിക്കാതിരിക്കുക. ഉദാഹരണത്തിന് ഒരിക്കല്‍ ഭക്ഷണം കഴിച്ച രോഗി ഭക്ഷണം കഴിച്ചില്ലെന്നു പറയുമ്പോള്‍ വാഗ്വാദത്തിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

3. ദേഷ്യത്തിനു കാരണമായ കാരണങ്ങളെ കണ്ടെത്തി അവയെ പരിഹരിക്കാന്‍ നോക്കുക.

4. രോഗിക്ക് സ്ഥലകാലബോധവും ദിശാബോധവും നല്‍കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന് ഒരു കലണ്ടറില്‍ തീയതിയും ദിവസവും അടയാളപ്പെടുത്തി പലമുറികളിലും വെക്കുക. ക്ലോക്ക് കഴിയുന്നതും രോഗിയുടെ സമീപത്തു വെക്കുക. കുളിമുറി, ടോയ്‌ലറ്റ് മുതലായവയുടെ മുന്നില്‍ വലിയ അക്ഷരത്തില്‍ എഴുതിവെക്കുക, മുമ്പ് പരിചയമുള്ള ആളാണെങ്കിലും അയാളെ വീണ്ടും പരിചയപ്പെടുത്തുക മുതലായവ. രോഗിയുടെ ഓര്‍മയെ പരിശോധിക്കാന്‍ ശ്രമിക്കരുത്.

++++++++++

5. അപകടസാധ്യതയുള്ള കാര്യങ്ങളില്‍നിന്നു രോഗിയെ അകറ്റിനിര്‍ത്തുക. ഡിമന്‍ഷ്യ ബാധിച്ചവര്‍ വാഹനം ഓടിച്ചാല്‍ അപകടസാധ്യത ഏറെയാണ്. വീട്ടില്‍നിന്നു പുറത്തിറങ്ങിയാല്‍ അവര്‍ വഴിതെറ്റി നടന്ന് അപകടത്തില്‍പ്പെട്ടെന്നു വരാം. കൈയില്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതിയ കാര്‍ഡ് ഘടിപ്പിക്കുന്നത് നല്ലതാണ്.

6. ഡിമന്‍ഷ്യ രോഗികളെ പരിചരിക്കുന്നവര്‍ക്ക് പരിശീലനം വേണ്ടിവരും. അവര്‍ക്ക് മനസ്സിലുള്ള വിഷമങ്ങള്‍ തുറന്നുപറയാന്‍ കൗണ്‍സലിങ് വേണ്ടിവരും.

ശാപമാകുന്ന ഓര്‍മകള്‍

ഓര്‍മക്കുറവ് ഒരു പ്രശ്‌നമാകുന്നതുപോലെത്തന്നെ ജീവിതത്തില്‍ അനുഭവിച്ച അപകടങ്ങള്‍, ദുരന്തങ്ങള്‍, അക്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഓര്‍മകള്‍ പലരെയും ദീര്‍ഘകാലം വേട്ടയാടുന്നു. ചിലപ്പോള്‍ ഇവ സ്വപ്നങ്ങളില്‍ക്കൂടി പ്രത്യക്ഷപ്പെടാം. മറ്റു ചിലപ്പോള്‍ ഫ്ലാഷ്ബാക്ക് പോലെയായിരിക്കും. ഇത്തരം ഓര്‍മകള്‍ അതനുഭവിക്കുന്നവര്‍ക്ക് ഞെട്ടലും വിറയലും നെഞ്ചിടിപ്പും ഉണ്ടാക്കുന്നു.

ആഘാതാനന്തര മാനസികസമ്മര്‍ദ വൈകല്യമാണ് (Post-Traunatic Stress Disorder) ഇവ. ഇവിടെ ഓര്‍മകള്‍ അനുഗ്രഹമല്ല, ശാപമായി മാറുന്നു. ഒരുവശത്ത് മനുഷ്യനെ നിത്യേന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഓര്‍മകള്‍ സഹായിക്കുന്നു. ജീവിതത്തിന്റെ തുടര്‍ച്ചതന്നെ ഓര്‍മകളിലൂടെയാണ് സാധ്യമാകുന്നത്. ചിന്തകള്‍, വികാരങ്ങള്‍, മധുരമായ ഓര്‍മകള്‍, ഭാവന, കാല്പനികത്വം (Romance),സ്വപ്നങ്ങള്‍ എന്നിങ്ങനെ പലതും. മറുവശത്ത് മനുഷ്യന്റെ സമാധാനം കെടുത്തുന്ന ഓര്‍മകള്‍. രണ്ടു സാഹചര്യങ്ങളില്‍നിന്നും ഓര്‍മകള്‍ മനുഷ്യപ്രകൃതിയെ എപ്രകാരം നിയന്ത്രിക്കുന്നുവെന്ന് മനസ്സിലാക്കാം.


 

No comments:

Post a Comment