ഗര്‍ഭകാലത്ത് പൊതുവെ പ്രശ്‌നങ്ങളില്ലാതിരിക്കുകയാണെങ്കിലും ചിലപ്പോള്‍ പ്രസവസമയത്ത് അത്യാവശ്യമായി സിസേറിയന്‍ വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്.
പ്ലാസന്റയുടെ സ്ഥാനം ശരിയല്ലെങ്കില്‍ സിസേറിയന്‍ വേണ്ടി വന്നേക്കാം. ഇക്കാര്യം നേരത്തെ സ്‌കാനിംഗിലൂടെ അറിയാനും കഴിയും.
സാധാരണ ഗതിയില്‍ പ്ലാസന്റയുടെ സ്ഥാനം ഗര്‍ഭപാത്രത്തിന് മുകളിലാണ്. ചിലപ്പോള്‍ ഇത് ഗര്‍ഭപാത്രത്തിന് താഴെയോ ഗര്‍ഭപാത്രം മൂടിയോ വളരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ പ്രസവം നടക്കാന്‍ ബുദ്ധമുട്ടാണ്. കാരണം ഗര്‍ഭാശയ ഗളം വികസിക്കുമ്പോള്‍ പ്ലാസന്റ വേര്‍പെടാനും അമിതമായ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.
യഥാസ്ഥാനത്ത് വളരുന്ന പ്ലാസന്റയാണെങ്കിലും ചിലപ്പോള്‍ പ്രസവസമയത്ത് പ്രശ്‌നങ്ങളുണ്ടാകും. സാധാരണയായി കുഞ്ഞ് പുറത്തേക്കു പോന്ന ശേഷമാണ് മറുപിള്ള വേര്‍പെടാറ്. എന്നാല്‍ പ്ലാസന്റ ആദ്യം വേര്‍പെട്ട് പുറത്തേക്കു പോകുകയാണെങ്കില്‍ രക്തസ്രാവമുണ്ടാകും. കുഞ്ഞിന് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.
കുഞ്ഞിന്റെ സ്ഥാനം ശരിയല്ലെങ്കിലും സിസേറിയന്‍ വേണ്ടി വന്നേക്കാം. തലയാണ് താഴേക്ക് ആദ്യം വരേണ്ടത്. ഇങ്ങനെ വരാതിരിക്കുമ്പോഴും സിസേറിയന്‍ വേണ്ടി വന്നേക്കും. കുഞ്ഞിന്റെ സ്ഥാനം ശരിയല്ലെങ്കില്‍ സിസേറിയന്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ മുന്‍കൂട്ടി പറയാറുണ്ട്.
ഗര്‍ഭിണിയുടെ പൊക്കവും പ്രസവവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാതെ വയ്യ. പൊക്കക്കുറവാണെങ്കില്‍ പെല്‍വിസ് ചെറുതായിരിക്കും. അതുകൊണ്ട് കുഞ്ഞിന് പുറത്തുവരാന്‍ മാത്രം വികസിക്കുവാനും സാധിക്കില്ല. എന്നാല്‍ കുട്ടിക്ക് വലിപ്പം കുറവാണെങ്കില്‍ സാധാരണ പ്രസവം നടന്നേക്കും.
സാധാരണ പൊക്കമുള്ള സ്ത്രീയാണെങ്കിലും കുഞ്ഞിന് വലിപ്പം വല്ലാതെ കൂടിയാല്‍ സിസേറിയന്‍ വേണ്ടി വന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ നേരത്തെ പറയാറുണ്ട്. ചിലപ്പോള്‍ അത്യാവശ്യമായി സിസേറിയന്‍ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകും.
കുഞ്ഞിന്റെ ഹൃദയമിടിപ്പും വളരെ പ്രധാനം. പ്രസവവേദന തുടങ്ങുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ശ്രദ്ധിച്ചുകൊണ്ടിരിക്കും. ഹൃദയമിടിപ്പ് കൂടുതലോ കുറവോ ആകുകയാണെങ്കിലും അപകടമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലും ചിലപ്പോള്‍ അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. കുഞ്ഞിന് അനക്കം കുറയുകയാണെങ്കിലും കുഞ്ഞ് വയറിനുള്ളില്‍ വിസര്‍ജിക്കുകയാണെങ്കിലും ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
ചിലപ്പോള്‍ കുഞ്ഞ് പുറത്തേക്കു വരാന്‍ വേണ്ടി ഗര്‍ഭപാത്രത്തിലൂടെ താഴേയ്ക്കിറങ്ങുമ്പോള്‍ പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റുന്ന അവസ്ഥയുണ്ടാകും. ഇവിടെയും സാധാരണ പ്രസവം നടക്കാന്‍ സാധ്യതയില്ല.
അമ്മയ്ക്ക് പ്രമേഹം, ബിപി, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവയുണ്ടെങ്കിലും ചിലപ്പോള്‍ സിസേറിയന്‍ വേണ്ടി വന്നേക്കാം.
No comments:
Post a Comment