ആ ചെറുപ്പക്കാരന്‍ ആകെ അസ്വസ്ഥനായിരുന്നു. എന്റെ മുന്നിലിരിക്കുമ്പോള്‍തന്നെ ടേബിളിലെ പേപ്പര്‍വെയ്റ്റ് കറക്കിക്കൊണ്ടാണ് അയാള്‍ സംസാരിച്ചത്. എട്ടുമാസത്തിനിടെ മൂന്നാമത്തെ ജോലിയാണ് രാജിവെച്ചത്. ഒരു പ്രൈവറ്റ് ബാങ്കിലായിരുന്നു ആദ്യം. പിന്നീട് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി. ഒടുവില്‍ കൊറിയര്‍ കമ്പനിയില്‍ മാനേജരായിരുന്നു.
''ഒന്നും ശരിയാകുന്നില്ല. എല്ലാം ബോറിങ്ങാണ്. എം.ബി.എ.ക്കു പകരം വല്ല ജേര്‍ണലിസവും പഠിച്ചാല്‍ മതിയായിരുന്നു''.
ഭേദപ്പെട്ട മാര്‍ക്കോടെയാണ് അയാള്‍ പരീക്ഷകള്‍ പാസായത്. എന്നാല്‍ ഒരു ജോലിയും ഇഷ്ടപ്പെടാന്‍ കഴിയുന്നില്ല. വീട്ടില്‍ മെച്ചപ്പെട്ട സ്ഥിതിയല്ല. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത സ്വഭാവം വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ''പത്തിരുപത്താറ് വയസ്സ് കഴിഞ്ഞിട്ടും കുടുംബത്തിന് കൊള്ളാത്തവനായി വളരുന്നതിന്റെ സങ്കടമാണ് അമ്മയ്ക്ക്. കൂലിവേലക്കാരന്‍പോലും ദിവസം 500 രൂപ ഉണ്ടാക്കുമ്പോള്‍ എംബിഎക്കാരന്‍ തേരാപാര നടക്കുന്നു'' വെന്നു പറഞ്ഞ് അച്ഛന്റെ വക ശകാരം. ''സത്യത്തില്‍ ജീവിതം മടുത്തു. ആത്മഹത്യയെക്കുറിച്ചു വരെ ഞാന്‍ ചിന്തിക്കുന്നുണ്ട്'' അയാളുടെ സ്വരത്തിലെ നിരാശയുടെ ആഴം ഞാന്‍ തിരിച്ചറിഞ്ഞു.
എന്താണ് പ്രശ്‌നം? ഇഷ്ടപ്പെട്ട ജോലിയല്ല തനിക്ക് ലഭിക്കുന്നത്, ഇഷ്ടപ്പെട്ട വിഷയമല്ല പഠിച്ചത്, ജോലി ചെയ്യുന്നത് കഠിന ഭാരമാണ്...
ബാങ്കില്‍ അയാളുടെ ബ്രാഞ്ചില്‍ പല തലങ്ങളിലായി 57 ജീവനക്കാരുണ്ടായിരുന്നു. മാര്‍ക്കറ്റിങ് വിങ്ങില്‍ അയാള്‍ക്കൊപ്പം 13 പേര്‍കൂടി ഉണ്ടായിരുന്നു. അവരെല്ലാവരും ജോലിയില്‍ തുടരുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ജോലി ചെയ്യാനാവുന്നില്ല? എന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായില്ല.
ഇഷ്ടപ്പെട്ട ജോലി ലഭിക്കുക ഭാഗ്യം തന്നെയാണ്. എന്നാല്‍ ലഭിച്ച ജോലി ഇഷ്ടപ്പെടുക എന്നത് അതിലും പ്രധാനമാണ്. കാരണം ഇഷ്ടപ്പെട്ട ജോലി ലഭിക്കുന്നവര്‍ കേവലം അഞ്ച് ശതമാനം പോലും വരില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ 60 ശതമാനത്തിലധികം പേര്‍ തങ്ങളുടെ ജോലി ഇഷ്ടപ്പെടുന്നവരാണ്.
ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നത് കുരിശുമായി മലകയറും പോലെയാണ്. ഇത്തരക്കാര്‍ ജോലിയില്‍നിന്ന് മാനസികമായി അകന്ന അവസ്ഥയിലായിരിക്കും. ചെയ്യാന്‍ ബാധ്യസ്ഥനായതുകൊണ്ട് ചെയ്യുന്നുവെന്നുമാത്രം. ഇതുമൂലം പല ബുദ്ധിമുട്ടുകളും ഉണ്ടാകും.
ജോലി ചെയ്യുന്നയാളുടെ ആത്മസംതൃപ്തി പ്രധാനമാണ്. ശമ്പളത്തിനാണ് ജോലി ചെയ്യുന്നതെന്ന് പൊതുവേ പറയുമെങ്കിലും ആത്മസംതൃപ്തി ഇതോടൊപ്പം തന്നെ പ്രധാനമാണ്. ജോലി, തികവില്‍ നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം ആരാണ് വേണ്ടെന്നുവെയ്ക്കുക. വൈമനസ്യത്തോടെ ചെയ്യുന്ന ജോലികള്‍ പലപ്പോഴും വേണ്ടവിധം നിര്‍വഹിച്ചെന്നുവരില്ല. മനസ്സുവെച്ച് ചെയ്യാത്തതിനാല്‍ തെറ്റുകള്‍ പറ്റാം. അപൂര്‍ണമാകാം. ഇതിന്റെ ബുദ്ധിമുട്ടുകള്‍ സഹപ്രവര്‍ത്തകരും മറ്റുള്ളവരും അനുഭവിക്കേണ്ടിവരും. നെഗറ്റീവ് മനോഭാവത്തോടെ ജോലി ചെയ്യുന്നയാള്‍ സഹപ്രവര്‍ത്തകര്‍ക്കും ചിലപ്പോള്‍ സമൂഹത്തിനും തന്നെ ബാധ്യതയാകും.
കഴിഞ്ഞദിവസം ഒരു റെയില്‍വേസ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നിന്നു. സമീപത്തെ രണ്ട് വരികളില്‍നിന്നവര്‍ അതിവേഗം ടിക്കറ്റെടുത്ത് പോയപ്പോള്‍ ഞാന്‍ നിന്ന ക്യൂ വളരെ ഇഴഞ്ഞാണ് നീങ്ങിയത്. ടിക്കറ്റ് നല്‍കിയിരുന്ന സ്ത്രീ എല്ലാവരുമായും കലഹിച്ചുകൊണ്ടിരുന്നു. ചില്ലറയില്ലാത്തതിനെച്ചൊല്ലി അവര്‍ കയര്‍ത്തു. വളരെ സാവധാനമാണ് ടിക്കറ്റ് നല്‍കിയത്. ജോലിയില്‍ തനിക്ക് താത്പര്യമില്ലെന്നു പ്രഖ്യാപിക്കുന്നതായിരുന്നു അവരുടെ ശരീരചലനങ്ങള്‍. പിന്നാലെ വന്നവര്‍ അടുത്ത ക്യൂവില്‍നിന്ന് ടിക്കറ്റും വാങ്ങി പോകുമ്പോള്‍ ഞങ്ങളുടെ ക്യൂവില്‍ നിന്നവര്‍ പിറുപിറുത്തും സ്വയം ശപിച്ചും ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്തിയും അസ്വസ്ഥരായിക്കൊണ്ടിരുന്നു. നോക്കണേ, ഒരാളുടെ താത്പര്യക്കുറവ് എത്രപേരുടെ ഉല്ലാസമാണ് കെടുത്തിയത്.
അദ്ധ്വാനിക്കാനുള്ള മനോഭാവമാണ് ജോലിയില്‍ പ്രധാനം. അതില്ലാത്തതാണ് പലരും തൊഴില്‍രംഗത്ത് പാരാജയപ്പെടാന്‍ കാരണം. അദ്ധ്വാനം ആനന്ദപൂര്‍ണമാക്കുക എന്നതാണ് അടുത്ത ഘട്ടം. ആവര്‍ത്തിച്ച് ചെയ്യുന്ന ജോലികളിലെല്ലാം വിരസതയുടെ ഒരംശം കടന്നുവരാം. ഹോട്ടലില്‍ പൊറോട്ട അടിക്കുകയും പാത്രം കഴുകുകയുമൊക്കെ ചെയ്യുന്നവര്‍ തുടര്‍ച്ചയായി ഒരേ ജോലി ചെയ്യുന്നവരാണ്. എടിഎം കൗണ്ടറുകള്‍ക്കുമുന്നില്‍ സെക്യൂരിറ്റി നില്‍ക്കുന്നവന്റെ ഏകാന്തതയും വിരസതയും പറഞ്ഞറിയിക്കാന്‍ പറ്റുമോ? ഇവിടെയാണ് ഹോബികളുടെ പ്രസക്തി. ജോലിയുടെ ഇടവേളകളില്‍ പാട്ടുകേള്‍ക്കാനും പുസ്തകം വായിക്കാനുമൊക്കെ അവസരമുണ്ടാകും. സഹപ്രവര്‍ത്തകരുമായി ഒരു തമാശ പറഞ്ഞ്, പൊട്ടിച്ചിരിക്കുമ്പോള്‍ കിട്ടുന്ന 'റിലീഫ്' ചെറുതല്ല.
ഇടപ്പള്ളിയിലെ ഒരു എടിഎം കൗണ്ടറിലെ കാവല്‍ക്കാരന്‍ തന്റെ ജോലിയുടെ വിരസത മറികടക്കുന്നതെങ്ങനെ എന്ന് ഒരിക്കല്‍ പറഞ്ഞു. ''പണമെടുക്കാന്‍ വരുന്നവരെ ഞാന്‍ നിരീക്ഷിക്കും. നടന്നുവരുന്നവര്‍, ബൈക്കില്‍ വരുന്നവര്‍, കാറില്‍ വരുന്നവര്‍... ചിലര്‍ തിടുക്കപ്പെട്ടാകും. ഓരോരുത്തരുടെയും പണത്തിന്റെ ആവശ്യത്തെക്കുറിച്ച് ഞാന്‍ ഭാവനയില്‍ കാണും. ഓടിവരുന്ന ഒരാളുടെ ഭാര്യ ആസ്പത്രിയില്‍ ലേബര്‍ റൂമിലാണെന്ന് ഞാന്‍ വിചാരിക്കും. സന്ധ്യയ്ക്ക് 'കമ്പനി' ക്കാരുമായി വരുന്നവര്‍ ബാറിലേക്കുള്ള യാത്രയിലാകും. ഇതൊന്നും ശരിയാകണമെന്നില്ല. ഇങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന രസം ചെറുതല്ല. ഞാന്‍ ഒരു സാഹിത്യകാരനോ സിനിമാക്കാരനോ ഒക്കെ ആയതുപോലെ തോന്നും''.
ഏതു ജോലിയോടും താത്പര്യം കാട്ടിയാല്‍ അത് ജോലിയല്ലാതായി മാറും.
ജോലിയില്‍ ആത്മവിശ്വാസമില്ലാത്തതാണ് മറ്റു ചിലരുടെ പ്രശ്‌നം. കണക്കുകള്‍ ശരിയാകുമോ എന്ന് ടെന്‍ഷനടിക്കുന്നയാള്‍ക്ക് ഒരിക്കലും നല്ല അക്കൗണ്ടന്റാകാന്‍ കഴിയില്ല. വേണ്ടത്ര അറിവും വൈദഗ്ദ്ധ്യവും നേടുക എന്നതാണ് ഇതിനുള്ള പ്രതിവിധി. പുതിയ ടെക്‌നോളജിയും സമ്പ്രദായങ്ങളും പരിശീലിക്കാന്‍ ശ്രദ്ധിക്കണം.
സഹപ്രവര്‍ത്തകരുമായി നല്ല ബന്ധമുണ്ടാക്കുക എന്നതും പ്രധാനമാണ്. പരസ്പരം വിനിമയങ്ങള്‍ നന്നായാല്‍ ജോലി അനായാസം ചെയ്യാനാകും. മറ്റു ചിലയിടങ്ങളില്‍ മേലധികാരികള്‍ വില്ലന്മാരാകാം. തന്‍പ്രമാണിത്തവും മുന്‍കോപവും കാട്ടുന്ന മേലധികാരികള്‍ ജോലിയുടെ രസം കൊല്ലും. ഭീതിയുടെ അന്തരീക്ഷത്തില്‍ ആര്‍ക്കും മാനസിക സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാനാവില്ല, സ്വാഭാവികമായി 'ഔട്ട്പുട്ട്' കുറയുകയും ചെയ്യും.
ജോലി ചെയ്യുന്ന ഇടം ആകര്‍ഷകമാക്കുക എന്നതും പ്രധാനമാണ്. ഫയലുകള്‍ കുന്നുകൂടിക്കിടക്കുന്ന മേശപ്പുറത്ത് ഒരാള്‍ക്ക് ഉല്ലാസപൂര്‍വം ജോലി ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ കമ്പ്യൂട്ടറില്‍ പുഞ്ചിരിക്കുന്ന ഒരു കുട്ടിയോ കുസൃതിക്കാരനായ പട്ടിക്കുഞ്ഞോ മനോഹരമായ പൂക്കളോ സ്‌ക്രീന്‍ സേവറാക്കുക. മനസ്സ് ക്ഷീണിക്കുമ്പോള്‍ സ്‌ക്രീന്‍ സേവറില്‍ നോക്കിയാല്‍തന്നെ ഒരു ഉന്മേഷം കിട്ടും. നല്ല വചനങ്ങളും മനോഹര ചിത്രങ്ങളും മേശപ്പുറത്ത് സൂക്ഷിക്കാം.
പരസ്പരം സഹായിക്കാനുള്ള ഒരു മനോഭാവം അത്യാവശ്യമാണ്. അവശ്യസമയത്ത് മറ്റൊരാളെ ജോലിയില്‍ സഹായിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും വേണ്ട സമയത്ത് സഹായം കിട്ടും. ക്ലോക്കില്‍ നോക്കി ജോലി ചെയ്യുന്നത് നല്ലതല്ല. ജോലിയില്‍ മനസ്സ് അര്‍പ്പിക്കുക. അതിനായി പൂര്‍ണമായി വിട്ടുകൊടുക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ആനന്ദിക്കാനുള്ള വകകള്‍ സ്വാഭാവികമായും ലഭിക്കും.
ചെയ്യുന്ന ജോലിയില്‍ വളരാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും വേണം. അതിനായി കൂടുതല്‍ പഠിക്കാനും പരിശീലിക്കാനും സമയം കണ്ടെത്തണം. ഇതിനേക്കാള്‍ മെച്ചപ്പെട്ടതും ഉല്ലാസം പകരുന്നതുമായ ഒരു ജോലി ആഗ്രഹിക്കുന്നത് തെറ്റല്ല. അതിനായി സജ്ജമാകണം. കയ്യിലുള്ളത് കളഞ്ഞിട്ട് പുഴയില്‍ കണ്ട നിഴലിനുവേണ്ടി ചാടിയ പട്ടിയുടെ കഥ ഓര്‍ക്കുക. ഇഷ്ടപ്പെട്ട ജോലി പ്രതീക്ഷിച്ച് കയ്യിലുള്ളത് കളയുന്നത് അബദ്ധമാണ്. മെച്ചപ്പെട്ട ജോലി ഉറപ്പിച്ചിട്ട് മാത്രം രാജിവെയ്ക്കുക. ഒരുജോലിയും ഇല്ലാത്തയാളേക്കാള്‍ ഏതെങ്കിലും ജോലി ചെയ്യുന്ന ആളെയാകും പലപ്പോഴും തൊഴിലുടമകള്‍ പരിഗണിക്കുക.ഏറ്റവും പ്രധാനം നമ്മുടെ മനോഭാവം തന്നെയാണ്. അത് മാറാത്ത കാലത്തോളം ഏതു ജോലിയിലും നമ്മള്‍ അതൃപ്തരായിരിക്കും.
ജിജോ സിറിയക്
No comments:
Post a Comment