Sunday, May 20, 2012

നടക്കുന്നവരില്‍ മസ്തിഷ്‌കത്തിന് യൗവ്വനം


നടത്തം എല്ലാ തരത്തിലും ഒരു നല്ല വ്യായാമമാണെന്ന് എല്ലാവര്‍ക്കും അറിയാം, ഇപ്പോഴിതാ നടത്തത്തിന്റെ മറ്റൊരു ഗുണം കൂടി തിരിച്ചറിഞ്ഞിരിക്കുന്നു. തലച്ചോറിന് പ്രായമാകുന്നത് തടയാന്‍ നടത്തത്തിന് കഴിയുമെന്നാണ് കണ്ടെത്തല്‍.

പ്രായം കൂടുംന്തോറും മസ്തിഷ്‌കത്തിലെ സര്‍ക്യൂട്ടുകളുടെ പരസ്പര ബന്ധം നഷ്ടപ്പെടുത്തുന്നത് തടയാന്‍ നടത്തം വഴി സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് ഇതാദ്യമായാണ്.

ഒരു വര്‍ഷമെങ്കിലും വ്യായാമത്തിനായി നടക്കുന്ന പ്രായമായ വ്യക്തികളുടെ തലച്ചോറ് 20 വയസുളള ചെറുപ്പക്കാരുടേതുപോലെ സജീവമായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ആര്‍തര്‍ ക്രെയ്മറും സംഘവുമാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.

60നും 80നും ഇടയില്‍ പ്രായമുളള 70 പേരെ ഒരുവര്‍ഷം പഠന വിധേയരാക്കിയാണ് നടത്തവും തലച്ചോറിന്റെ പ്രായവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുളള ഗവേഷണം നടത്തിയത് .

പെട്ടെന്നു നടത്തം ശീലമാക്കിയതുകൊണ്ടു നേട്ടമുണ്ടാകില്ലെന്നു പഠനത്തില്‍ വ്യക്തമായി. മാത്രമല്ല ദേഹമനങ്ങാതെയുളള നടത്തവും ഗുണം ചെയ്യില്ല. നടക്കുമ്പോള്‍ കണ്ടും കേട്ടും ഒട്ടേറെ കാര്യങ്ങള്‍ നമ്മള്‍ അറിയുന്നുണ്ട്.

കുടാതെ, ശരീരത്തിലെ ഏതു സന്ധിയും മസിലുമാണ് അനങ്ങുന്നതെന്ന അറിവും നടക്കുമ്പോള്‍ തലച്ചോറിനു ലഭിക്കുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തും എത്ര സമ്മര്‍ദ്ദമാണുണ്ടാകുന്നതെന്നും തലച്ചോറ് തിരിച്ചറിയുന്നു.

തുടര്‍ച്ചയായി നടത്തുന്ന ഈ പ്രക്രിയയിലൂടെ തലച്ചോറിന്റെ കഴിവുകള്‍ തുരുമ്പെടുക്കാതെ നിരന്തരം പ്രവര്‍ത്തനസജ്ജമാവുകയാണ് ചെയ്യുന്നത്. അങ്ങനെ തലച്ചോര്‍ നല്ല യുവത്വത്തില്‍ ഇരിയ്ക്കും.

No comments:

Post a Comment