ദിനംപ്രതി ഒട്ടേറെ മണിക്കൂര്‍ കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നയാളാണോ നിങ്ങള്‍? ജോലിചെയ്യുന്നതിനിടെ ഇടക്കിടെ ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയോട് ആര്‍ത്തി തോങ്ങുകയും, കെട്ടുകണക്കിന് വാങ്ങി സൂക്ഷിച്ച് മൂക്കുമുട്ടെ കഴിയ്ക്കുകയും ചെയ്യാറുണ്ടോ?
എന്നാല്‍ സൂക്ഷിക്കുക നിങ്ങളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തന്നെയാണ് ഇവിടെ വില്ലനാവുന്നത്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒട്ടേറെ സമയം നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമാണത്രേ ഇതിന് കാരണമാകുന്നത്.
സമ്മര്‍ദ്ദം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവിലും ഹോര്‍മോണ്‍ വിന്യാസത്തിലും വ്യത്യാസങ്ങള്‍ വരുന്നു. ഇതുമൂലം ഒട്ടേറെ ജോലികള്‍ ചെയ്തുവെന്നും ഏറെ കലോറി നഷ്ടപ്പെട്ടുവെന്നുമുള്ള തോന്നല്‍ തലച്ചോറില്‍ ഉണ്ടാക്കുന്നു.
സ്വാഭാവികമായും തലച്ചോര്‍ കൂടുതല്‍ കലോറിയ്ക്കുവേണ്ടി അന്വേഷിക്കുന്നു. അത് കൂടുതല്‍ ഭക്ഷണം പ്രത്യേകിച്ചും മധുരപലഹാരങ്ങള്‍ കൂടുതല്‍ കഴിയ്ക്കാനുള്ള തോന്നല്‍ നമ്മളിലുണ്ടാക്കുന്നു.
കമ്പ്യൂട്ടറില്‍ പണിയുമ്പോള്‍ മാത്രമല്ല ടിവി കാണുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സ്റ്റോക്‌ഹോമില്‍ നടന്ന ഇന്റര്‍നഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ഒബ്‌സിറ്റിയിലാണ് ഇതുസംബന്ധിച്ച ഗവേഷണഫങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ജീന്‍ ഫിലിപ്പി ചാപുട് എന്ന ഗവേഷകനാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരപ്പിച്ചത്.
ദീര്‍ഘനേരം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്യുന്നവര്‍ ശരീരഭാരം നിയന്ത്രിക്കാനായി ജോലിയില്‍ കൃത്യമായ ഇടവേളകള്‍ എടുക്കണമെന്നാണ് ഗവേഷകന്‍ നിര്‍ദ്ദേശിക്കുന്നത്.
കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ചോക്ലേറ്റുകളും ബിസ്‌കറ്റുകളും അകത്താക്കുന്നത് കണ്ട് കൗതുകം തോന്നിയാണ് ജീന്‍ ഇക്കാര്യത്തില്‍ പഠനം തുടങ്ങിയതത്രേ.
No comments:
Post a Comment