സമൂഹത്തിലെ ഇരുപത് ശതമാനത്തോളം പേര്‍ വിവിധ കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ്. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി എത്തുന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കെങ്കിലും ഉറക്കക്കുറവുണ്ടെന്ന് ചില സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉറക്കക്കുറവ് ദീര്‍ഘകാലം നീണ്ടുനിന്നാല്‍ അത് ശാരീരികാരോഗ്യത്തെയും മാനസികാവസ്ഥയെയും ദോഷമായി ബാധിക്കാറുണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ദിവസേന ശരാശരി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. സുഖകരമായ നിദ്ര തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. ഓര്‍മ, ശ്രദ്ധ, ആസൂത്രണശേഷി, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയൊക്കെ ശരിയാകണമെങ്കില്‍, തടസ്സമില്ലാതെ ആറ് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.
ഉറക്കക്കുറവ്
ഉറക്കവുമായി ബന്ധപ്പെട്ട് വ്യത്യസ്തരീതിയിലുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടാറുണ്ട്.
* കിടക്കയില്‍ കിടന്നാലും ഉറക്കംവരാന്‍ വൈകുന്ന അവസ്ഥ. * ഉറക്കത്തിനിടെ ഇടയ്ക്കിടെ ഉണര്‍ന്നുപോകല്‍. * ചുരുങ്ങിയ സമയം മാത്രം ഉറങ്ങാന്‍ കഴിയുന്ന അവസ്ഥ. അല്പനേരം ഉറങ്ങിക്കഴിഞ്ഞിട്ട് ഉണര്‍ന്നാല്‍, പിന്നീട് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതി. * ഉറക്കമുണര്‍ന്നുകഴിഞ്ഞാലും ഉന്മേഷം തോന്നാത്ത അവസ്ഥ. ഇത്തരക്കാര്‍ ദീര്‍ഘനേരം ഉറങ്ങിയാല്‍പ്പോലും, ഉണര്‍ന്നുകഴിയുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
മേല്പറഞ്ഞ പ്രശ്‌നങ്ങളില്‍ ഏതുണ്ടായാലും അത് ആ വ്യക്തിയുടെ ജീവിതത്തെ ബാധിക്കാം. പകല്‍ ശ്രദ്ധയോടെ ജോലിചെയ്യാന്‍ കഴിയാതെ വരിക, ഇടയ്ക്കിടെ ഉറങ്ങിപ്പോകുക, പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഇത്തരക്കാര്‍ക്കുണ്ടാകാം.
ഹ്രസ്വകാലം നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ് പലപ്പോഴും മാനസിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. മനഃപ്രയാസമുണ്ടാക്കുന്ന സാഹചര്യം മാറിക്കഴിഞ്ഞാല്‍ ഉറക്കം താനേ ശരിയാകാറുമുണ്ട്. എന്നാല്‍, ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ് ഗൗരവമായി പരിഗണിക്കണം.
കാരണങ്ങള്‍
പല കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവുണ്ടാകാറുണ്ട്. ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, സന്ധിവാതം, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍, അമിതവണ്ണം, ആര്‍ത്തവവിരാമം തുടങ്ങിയ ശാരീരികാവസ്ഥകള്‍ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍, ഉന്മാദം, സംശയരോഗം തുടങ്ങിയ മാനസികരോഗങ്ങളും ഉറക്കക്കുറവുണ്ടാക്കാറുണ്ട്. മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയും ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകാം. ക്രമമല്ലാത്ത ഉറക്കസമയം, ഇടയ്ക്കിടെ രാത്രിയില്‍ ജോലിചെയ്യുന്ന സ്ഥിതി, മാനസികസംഘര്‍ഷം, പകല്‍ ഉറങ്ങുന്ന ശീലം തുടങ്ങിയവയും ഉറക്കക്കുറവിന് കാരണമാകാം. കുട്ടികളില്‍ അമിതവികൃതി പോലുള്ള അവസ്ഥകള്‍ ഉറക്കം നഷ്ടപ്പെടാന്‍ ഇടവരുത്തിയേക്കാം.
നിസ്സാരമായ ജീവിതപ്രശ്‌നങ്ങള്‍പോലും വലുതായിക്കരുതി, അതേപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്ന, പൊതുവേ ഉത്കണ്ഠാകുലരായ ആളുകള്‍ക്കും ഇടയ്ക്കിടെ ഉറക്കക്കുറവുണ്ടാകാറുണ്ട്. ബഹളമയമായ ഗൃഹാന്തരീക്ഷം, ദമ്പതികള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ എന്നിവയും ഉറക്കക്കുറവിന് കാരണമാകാം.
നിദ്രാശുചിത്വം
സുഖകരമായ ഉറക്കം ലഭിക്കാന്‍ ഓരോ വ്യക്തിയും പാലിച്ചിരിക്കേണ്ട ചില ജീവിതശൈലീ ക്രമീകരണങ്ങളെയാണ് 'നിദ്രാശുചിത്വം' അഥവാ 'സ്ലീപ് ഹൈജീന്‍' എന്ന് വിശേഷിപ്പിക്കുന്നത്. ഇതിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: * എല്ലാ ദിവസവും കൃത്യ സമയത്ത് ഉറങ്ങാന്‍ കിടക്കുക; കൃത്യസമയത്ത് ഉണരുക. * പകല്‍ ഉറങ്ങുന്നത് ഒഴിവാക്കുക. ഉച്ചയുറക്കം നിര്‍ബന്ധമാണെങ്കില്‍, അത് അര മണിക്കൂറില്‍ കൂടുതലാകാതെ ശ്രദ്ധിക്കുക. * ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പുള്ള ആറു മണിക്കൂര്‍ ചായ, കാപ്പി എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. * ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പുള്ള നാലു മണിക്കൂര്‍ നേരം മദ്യപാനം ഒഴിവാക്കുക. * ദിവസേന നാല്പത് മിനിറ്റ് വ്യായാമം ചെയ്യുക. ഉറങ്ങാന്‍ കിടക്കുന്നതിന് ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും മുമ്പായിരിക്കണം വ്യായാമം. * ലൈറ്റിട്ടുകൊണ്ട് ഉറങ്ങാന്‍ കിടക്കരുത്. * കിടക്കയില്‍ കിടന്നുകൊണ്ട് പുസ്തകം വായിക്കരുത്, ടി.വി. കാണരുത്, വഴക്കിടരുത്. * രാത്രികാലത്തെ ഭക്ഷണം മിതമായിരിക്കാന്‍ ശ്രദ്ധിക്കുക. * പുകവലി പൂര്‍ണമായും ഒഴിവാക്കുക. * ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് കുളിക്കുക. * ഉറങ്ങാന്‍ കിടക്കുന്നതിന് അര മണിക്കൂര്‍ മുമ്പ്, അന്നത്തെ ദിവസമുണ്ടായ പ്രധാന പ്രശ്‌നങ്ങളെ വിശകലനം ചെയ്യുക. * ഉറങ്ങാന്‍ കിടന്നുകഴിഞ്ഞാല്‍ ഇടയ്ക്കിടെ ക്ലോക്കിലോ വാച്ചിലോ നോക്കരുത്. * രാവിലെയും വൈകിട്ടും അര മണിക്കൂര്‍ ഇളംവെയില്‍ കൊള്ളുന്നത് നല്ലതാണ്. * കിടക്കയില്‍ കിടന്നിട്ടും ഉറക്കംവരുന്നില്ലെങ്കില്‍, എഴുന്നേറ്റ് പുസ്തകങ്ങളോ പത്രമോ വായിക്കുക. വീണ്ടും ഉറക്കം വരുമ്പോള്‍ കിടക്കുക.
ഉറക്കക്കുറവിന് ചികിത്സ
രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവിനെയാണ് ദീര്‍ഘകാലമായ ഉറക്കക്കുറവ് അഥവാ 'ക്രോണിക് ഇന്‍സോമ്‌നിയ' എന്നു വിളിക്കുക. നിദ്രാശുചിത്വം കൃത്യമായി പാലിച്ചിട്ടും ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമാണ്. എല്ലാതരം ഉറക്കക്കുറവിനും ഏതെങ്കിലും ഉറക്കഗുളികകള്‍ വാങ്ങിക്കഴിച്ചതുകൊണ്ട് പ്രയോജനമില്ല. ഉറക്കക്കുറവിന്റെ അടിസ്ഥാനകാരണം നിര്‍ണയിച്ചശേഷമാകണം ചികിത്സ. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍ തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ കാരണമുണ്ടാകുന്ന ഉറക്കക്കുറവ് പരിഹരിക്കാന്‍ വിഷാദവിരുദ്ധ ഔഷധങ്ങള്‍ ഉപയോഗിക്കാം. ഇതോടൊപ്പം റിലാക്‌സേഷന്‍ വ്യായാമങ്ങളും കൗണ്‍സലിങ്ങും പ്രയോജനം ചെയ്‌തേക്കും.
പ്രമേഹം, ഹൃദ്രോഗം, ശരീരവേദന തുടങ്ങിയ കാരണങ്ങള്‍കൊണ്ടുള്ള ഉറക്കക്കുറവിന് അടിസ്ഥാനരോഗത്തിനുള്ള ചികിത്സയ്‌ക്കൊപ്പം ഉറക്കം ക്രമപ്പെടുത്താനുള്ള ഔഷധങ്ങളും വേണ്ടിവരും. ബെന്‍സോഡയസെപ്പിന്‍ വിഭാഗത്തില്‍പ്പെട്ട ഔഷധങ്ങളാണ് ഉറക്കക്കുറവിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍, ഒരു വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇത്തരം ഔഷധങ്ങള്‍ ഉപയോഗിക്കാവൂ. സോള്‍പ്പിഡെം, എസോപിക്ലോണ്‍, റാമെല്‍റ്റിയോണ്‍ തുടങ്ങിയ താരതമ്യേന പുതിയതരം ഔഷധങ്ങളും നിലവിലുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച്, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതരം മരുന്നുകള്‍ ഇന്ന് സുലഭമാണ്.
കൃത്യമായ നിദ്രാശുചിത്വം പാലിക്കുക, മാനസികസംഘര്‍ഷങ്ങളെ ഫലപ്രദമായി നേരിടാന്‍ പരിശീലിക്കുക, അവശ്യഘട്ടങ്ങളില്‍ ചികിത്സ സ്വീകരിക്കുക എന്നിവയൊക്കെ ചെയ്താല്‍ ഉറക്കക്കുറവ് പരിഹരിക്കാന്‍ കഴിയും.
ഡോ. അരുണ്‍ ബി. നായര്‍
No comments:
Post a Comment