വിശാലമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒരു പദമാണ് കൗണ്‍സിലിംഗ്. പൊതുവായി അംഗീകരിക്കപ്പെട്ട നിര്‍വ്വചനം ഈ പദത്തിനില്ല. പലരും ഉദ്ദേശിക്കുന്നത് പല അര്‍ത്ഥങ്ങളാകാം. എന്നാല്‍ 'സൈക്കോതെറാപ്പി' ഒരു നിശ്ചിത ഘടനയിലും, സിദ്ധാന്തത്തിലും അധിഷ്ഠിതമായി, മനഃശാസ്ത്ര ചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയ ഒരാള്‍ നല്‍കുന്ന ചികിത്സയാണ്. ചികിത്സയുടെ ഘടനയും, പ്രക്രിയയും, സിദ്ധാന്തവും അനുസരിച്ച് പല തരത്തിലുള്ള സൈക്കോതെറാപ്പികളുണ്ട്.
കൗണ്‍സിലിങ് (Counselling)മാനസിക വിഷമതകള്‍ അനുഭവിക്കുന്നയാള്‍ കൗണ്‍സിലിങ് നല്‍കുന്നയാളുമായി കൂടിക്കാഴ്ച നടത്തുന്നു. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്കനുസരിച്ച് പലതരം കൗണ്‍സിലിങുകളുണ്ട്. എന്നിരുന്നാലും കൗണ്‍സിലിങിനു പൊതുവായി ചില ഘട്ടങ്ങളുണ്ട്.
ആദ്യഘട്ടത്തില്‍ മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നയാള്‍ അവ കൗണ്‍സിലിങ് നല്‍കുന്ന ആളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. കൗണ്‍സിലിങ് നല്‍കുന്നയാള്‍ അവ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നു. ക്ലേശങ്ങള്‍ വേറൊരാളോട് പറയുന്നതിലൂടെ അയാള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. കൗണ്‍സിലിങ് നല്‍കുന്നയാള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നതു കൊണ്ടാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ തോന്നുന്നത്.
രണ്ടാമത്തെ ഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കുന്നയാള്‍ മാനസിക വിഷമം അനുഭവിക്കുന്നയാളുടെ പ്രശ്‌നങ്ങളെ മുന്‍ഗണനാക്രമത്തില്‍ (Priority) അവതരിപ്പിക്കുന്നു; പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുടെ പ്രാധാന്യത്തിന്റെ തോതനുസരിച്ച് ഒരു പട്ടിക തയ്യാറാക്കുന്നു. അടുത്ത ഘട്ടത്തില്‍ കൗണ്‍സിലിങ് ലഭിക്കുന്നയാളുടെ പ്രശ്‌നങ്ങളെ കൂടാതെ അയാളുടെ കഴിവുകളെയും അയാള്‍ക്കുള്ള മറ്റു ഗുണങ്ങളെയും നേട്ടങ്ങളെയും തിരിച്ചറിയുന്നു. അതായത് ക്ലേശങ്ങള്‍ അനുഭവിക്കുന്നയാള്‍ക്ക് എന്തെല്ലാം നഷ്ടപ്പെടുന്നു എന്നതിനോടൊപ്പം എന്തെല്ലാം ചെയ്യാന്‍ കഴിയുന്നു എന്നും പരിശോധിക്കുന്നു. ഒടുവില്‍ കൗണ്‍സിലിങ് നല്‍കുന്ന ആള്‍ ചില വസ്തതുകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കൈമാറുന്നു. ചിലപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം (Guidance) നല്‍കുകയും ചെയ്യുന്നു.
സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട കൗണ്‍സിലിങില്‍ (Financial counselling) സാമ്പത്തിക ബാധ്യതകള്‍, അയാളുടെ വരവുചിലവ് മതിപ്പ് (Budget), ഉടനെ പരിഹരിക്കേണ്ട വിഷയങ്ങള്‍, പ്രായോഗികവും ലഭ്യവുമായ സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു. ചില രോഗങ്ങളുടെ വിശേഷിച്ച് ജനിതക രോഗങ്ങളുടെ കൗണ്‍സിലിംഗില്‍ (Genetic counselling) രോഗം വരാനുള്ള സാധ്യത, രോഗത്തിന്റെ ആഘാതം, നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് കൈമാറ്റം ചെയ്യുന്നത്. ഇതുപോലെ വ്യക്തി ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കൗണ്‍സിലിങ് (Relationship counselling), വിദ്യാഭ്യാസ കൗണ്‍സിലിങ് എന്നിങ്ങനെ വ്യത്യസ്ഥ കൗണ്‍സിലിങുകള്‍ ഉണ്ട്. എല്ലാത്തരം കൗണ്‍സിലിങുകളിലും കൗണ്‍സിലിങ് നല്‍കുന്നയാള്‍ മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നയാള്‍ക്ക് ഒരു സഹായമായി നില്‍ക്കുന്നു. രോഗത്തിന്റെ ഭാഗമല്ലാത്ത മാനസിക അസ്വസ്ഥതകള്‍ക്കാണ് പൊതുവേ കൗണ്‍സിലിങ് പ്രയോജനം ചെയ്യുന്നത്. മാനസിക വിഷമങ്ങള്‍ മാനസിക രോഗത്തിന്റെ (ഉദാഹരണത്തിന് വിഷാദരോഗത്തിന്റെ) ഭാഗമായിട്ടാണ് വരുന്നതെങ്കില്‍ കൗണ്‍സിലിങ് അല്ല സൈക്കോതെറാപ്പിയാണ് വേണ്ടത്.
സൈക്കോതെറാപ്പി
മാനസിക അപഗ്രഥന ചികിത്സ (Psychoanaytic Therapy), പെരുമാറ്റങ്ങളിലധിഷ്ഠിതമായ സൈക്കോതെറാപ്പി (Behavioral Therapy), കൊഗ്‌നിറ്റീവ് തെറാപ്പി (Cognitive Therapy), സഹായ ചികിത്സ (Supportive Psychotherapy) തുടങ്ങിയവയാണ് വിവിധ സൈക്കോതെറാപ്പികള്‍.
തെറാപ്പി ലഭിക്കുന്ന രോഗികളുടെയും അത് ലഭിക്കാത്ത രോഗികളുടെയും ചികിത്സയ്ക്ക് ശേഷമുള്ള രോഗാവസ്ഥയെ താരതമ്യം ചെയ്താണ് തെറാപ്പിയുടെ ഗുണം വിലയിരുത്തുന്നത്. ഔഷധങ്ങളുടെ കാര്യത്തിലെന്നപോലെ ചികിത്സ ലഭിക്കുന്നു എന്നുള്ള അവബോധം തന്നെ രോഗശമനത്തിനു കാരണമായേക്കാം. ഔഷധങ്ങളുടെ കാര്യത്തില്‍ പ്ലാസിബോ (Placebo) ഉപയോഗിച്ച് ഈ അവബോധത്തിന്റെ ഫലത്തെ നിഷ്‌ക്രിയമാക്കാം. എന്നാല്‍ സൈക്കോതെറാപ്പിയുടെ കാര്യത്തില്‍ ഒരു സവിശേഷ ചികിത്സ ലഭിക്കുന്നു എന്നുള്ള അവബോധത്തെ ഇല്ലാതാക്കുക സാധ്യമല്ല. ഇക്കാരണത്താല്‍ സൈക്കോതെറാപ്പി ഫലപ്രദമാണെന്നുള്ള തെളിവുകള്‍ക്ക് ഒരു പോരായ്മയുണ്ട്. അവ ഔഷധങ്ങള്‍ക്കുള്ള തെളിവുകളുടെ അത്രയും ശക്തമല്ല.
സിഗ്മണ്ട് ഫ്രോയിഡ്
ക്ലാസിക്കല്‍ സൈക്കോ അനാലിസിസിന്റെ സ്ഥാപകനും, പ്രമുഖ മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ ഉപജ്ഞാതവുമാണ് ഫ്രോയിഡ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലായിരുന്നു മാനസിക അപഗ്രഥന ചികിത്സയുടെ (Psychoanalysis) ആവിര്‍ഭാവം. വിയന്നയില്‍ ന്യൂറോളജി വിദ്യാര്‍ത്ഥി ആയിരുന്ന ഫ്രോയിഡ് ഹിസ്റ്റീരിയ (Hysteria- ശാസ്ത്രീയ അര്‍ത്ഥത്തില്‍ ഈ പദം ഇന്ന് ഉപയോഗത്തിലില്ല) ബാധിച്ച് കൈകാലുകള്‍ തളര്‍ന്ന രോഗികളെ മാനസിക അപഗ്രഥനത്തിനു വിധേയമാക്കി. നാക്കിനു പിഴവു സംഭവിക്കുന്നതിലൂടെ പുറത്തേക്കു വരുന്ന വാക്കുകളിലൂടെയും രോഗികളെ മനസ്സില്‍ വരുന്ന കാര്യങ്ങളെ വേറൊന്നും ആലോചിക്കാതെ അപ്പപ്പോള്‍ തന്നെ പറയാന്‍ പ്രേരിപ്പിക്കുന്നതിലൂടെയും ഫ്രോയ്ഡ് മനസ്സിന്റെ ഉള്ളറകളിലേക്കുള്ള വീഥികള്‍ തുറന്നു.
ഇതിനും പുറമെ സ്വപ്‌നങ്ങളുടെ ഉള്ളടക്കത്തെയും ഫ്രോയ്ഡ് വിശകലനം ചെയ്തു. ഇതിലൂടെയെല്ലാം സാധാരണ വേളകളില്‍ ബോധമനസ്സില്‍ കടന്നുവരാത്ത പലകാര്യങ്ങളും അബോധമനസ്സില്‍ ഒളിഞ്ഞു കിടക്കാമെന്ന് ഫ്രോയ്ഡ് മനസ്സിലാക്കി. ഈ കാര്യങ്ങള്‍ മാനസിക സംഘര്‍ഷങ്ങളിലേയ്ക്കും, തളര്‍ച്ച പോലുള്ള ശാരീരിക ലക്ഷണങ്ങളിലേക്കും നയിക്കാമെന്നും ഫ്രോയ്ഡ് സ്ഥാപിച്ചു. അദ്ദേഹത്തിന്റെ 'സ്വപ്‌നങ്ങളുടെ വ്യാഖ്യാനം' (Interpretations of Dreams) എന്ന കൃതി മനുഷ്യ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരു കാല്‍വെയ്പ്പായിരുന്നു. ഡാര്‍വിന്റെ 'ഒര്‍ജിന്‍ ഓഫ് സ്പിഷീസ്' (Orgin of species) പോലെ. 1900 ത്തിലാണ് സ്വപ്‌നങ്ങളുടെ വ്യാഖ്യാനം പ്രസിദ്ധീകരിക്കപ്പെട്ടത്.
മാനസിക അപഗ്രഥനം ആദ്യം മനഃശാസ്ത്രപരമായ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു ഗവേഷണം പോലെ ആയിരുന്നു. പിന്നീട് അത് ഒരു ചികിത്സയായി മാറി. അപഗ്രഥിക്കപ്പെട്ട കാര്യങ്ങളെ വ്യാഖ്യാനിച്ച് രോഗികള്‍ക്ക് മനസ്സിലാകുംവിധം തിരിച്ച് അവതരിപ്പിക്കുന്നതിലൂടെ രോഗികളില്‍ രോഗലക്ഷണങ്ങളെക്കുറിച്ച് തിരിച്ചറിവ് ജനിപ്പിക്കുകയാണ് മാനസിക അപഗ്രഥന ചികിത്സയില്‍ ചെയ്യുന്നത്. ഇങ്ങനെ പുതിയ തിരിച്ചറിവ് ഉണ്ടാകുന്നതിലൂടെ രോഗലക്ഷണങ്ങള്‍ ശമിക്കുന്നു. പ്രധാനമായും ആകാംക്ഷ, ന്യൂറോസിസ് ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, അവയില്‍ നിന്നും ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ എന്നിവയ്ക്കാണ് മാനസിക അപഗ്രഥന ചികിത്സ നല്‍കുന്നത്. ഫ്രോയ്ഡിന്റെ കാലത്തും, പിന്നീടും ഇതിനെ പലരും പല രീതിയില്‍ പരിഷ്‌കരിച്ചു. ഉ്യിമാശര ജ്യെരവീവേലൃമു്യ അത്തരത്തില്‍പ്പെട്ട ഒന്നാണ്. ചിത്തഭ്രമത്തിലും, കഠിന വിഷാദത്തിലും, ഉന്മാദത്തിലും ഈ ചികിത്സ ഫലപ്രദമാകാറില്ല.
കൊഗ്‌നിറ്റീവ് ചികിത്സയും, പെരുമാറ്റ ചികിത്സയും (Cognitive- Behavioral Therapy - CBT)
മനസ്സില്‍ സ്ഥായിയായി ഉണ്ടാകുന്ന ഒരു ചിന്താശൈലിയാണ് ഇവിടെ 'കൊഗ്‌നിറ്റീവ്' എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പെന്‍സില്‍വാനിയായിലെ മന:ശാസ്ത്രജ്ഞനായ ആരണ്‍ ബെക്കാണ് (Aron beck) ഈ ചികിത്സയുടെ ഉപജ്ഞാതാവ്. മൂന്ന് കൊഗ്‌നിറ്റീവ് വൈകല്യങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നതായി ബെക്ക് കണ്ടെത്തി. അവ താഴെപറയുന്നവയാണ്. 1. അവനവനെക്കുറിച്ചുള്ള മതിപ്പില്ലായ്മ. അതായത് 'ഞാന്‍ ഒന്നിനും കൊള്ളാത്ത ആളാണ് (Idea of worthleshsness) എന്ന ചിന്താ. 2. 'ആര്‍ക്കും തന്നെ സഹായിക്കാനാവില്ല' എന്ന ചിന്താ (Idea of helplessness) 3. ഭാവി ഇരുളടഞ്ഞതാണ്' എന്ന ചിന്ത. (Idea of hopelessness). രോഗികളുമായി സംസാരിച്ചശേഷം സൈക്കോ തെറാപ്പി നല്‍കുന്ന ആള്‍ വിഷാദരോഗത്തിലും ആകാംക്ഷ രോഗങ്ങളിലും (Anxiety disorders) ഒളിഞ്ഞിരിക്കുന്ന മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള പിശകുപറ്റിയ ചിന്താരീതികളെ ചികഞ്ഞു കണ്ടുപിടിക്കുന്നു. ഈ അശുഭ ചിന്തകളുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നതാണ് അടുത്ത ഘട്ടം. വിഷാദവും, ആകാംക്ഷയും ഉണ്ടാക്കാമെന്നല്ലാതെ ഈ അശുഭ ചിന്താരീതി കൊണ്ട് യാതൊരു ഗുണവുമില്ലെന്നു തിരിച്ചറിയുന്ന രോഗി സാവധാനം ആരോഗ്യകരമായ, ശുഭമായ ചിന്തകള്‍ മനസ്സില്‍ കുടിയിരുത്തുന്ന രീതി പരിശീലിക്കുന്നു. ഇങ്ങനെ ആകാംക്ഷ രോഗത്തിനും വിഷാദരോഗത്തിനും ശമനമുണ്ടാകും.
ഭയമുണ്ടാക്കുന്ന സാഹചര്യത്തെയും വസ്തുവിനെയും ഒഴിവാക്കുന്നത് പ്രസ്തുത ഭയത്തെ കൂടുതല്‍ തീവ്രമാക്കുമെന്നും, ഭയമുണ്ടാക്കുന്ന വസ്തുവിനോടും, സാഹചര്യത്തോടും സാവകാശത്തിലും ക്രമാനുഗതമായും അടുക്കുന്നതിലൂടെ കാലക്രമേണ ഭയത്തെ ഇല്ലാതാക്കാമെന്നുമാണ് പെരുമാറ്റ ചികിത്സയുടെ(Behavioral Therapy) അടിസ്ഥാന സിദ്ധാന്തം. ഉദാഹരണത്തിന് ആള്‍ക്കൂട്ടത്തെ ഭയപ്പെടുന്ന ആകാംക്ഷ രോഗമാണ് സാമൂഹ്യ ഉത്ക്കണ്ഠാരോഗം (Social Phobia). ഇത് ബാധിച്ച ആള്‍ ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നു; ആളുകള്‍ കൂടുന്നിടത്ത് ഒരിക്കലും പോകാതെയാകുന്നു. ഇത് ഉത്കണ്ഠരോഗത്തെ കൂടുതല്‍ വഷളാക്കുകയും അയാള്‍ക്ക് പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്നു.
ഇതിന്റെ പെരുമാറ്റ ചികിത്സ ആള്‍ക്കൂട്ടത്തോട് ക്രമാനുഗതമായി ഇടപഴകുന്നതാണ് (Graded exposure). ചികിത്സയുടെ ഭാഗമായി ആദ്യം ഫോബിയ ബാധിച്ച ആളെ ആള്‍ക്കൂട്ടത്തിന്റെ ചിത്രം കാണിക്കുന്നു. ആദ്യം ഇത് വളരെ ആകാംക്ഷ ഉണ്ടാക്കുമെങ്കിലും ഈ ചിത്രം തുടരെ തുടരെ കാണുന്നതിലൂടെ ആകാംക്ഷ ക്രമേണ കുറയുകയും ഒടുവില്‍ ഇല്ലാതാവുകയും ചെയ്യുന്നു. അടുത്ത ഘട്ടത്തില്‍ ആള്‍ക്കൂട്ടത്തെ ദൂരെ നിന്നു കാണിക്കുന്നു. ഇവിടെയും ആദ്യം ഉണ്ടാകുന്ന ആകാംക്ഷ ക്രമേണ കുറഞ്ഞുവരും. ഒടുവില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഫോബിയ ബാധിച്ചയാളെ പറഞ്ഞുവിടുന്നു. മുമ്പുണ്ടായ ഓരോ ഘട്ടത്തിലും ആകാംക്ഷ അനുഭവിച്ചതു കൊണ്ട് അതയാള്‍ക്ക് നേരിടാനാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പെരുമാറ്റ ചികിത്സയില്‍ ആദ്യഘട്ടങ്ങളിലുണ്ടാകുന്ന ആകാംക്ഷ പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ രോഗി അനുഭവിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പിന്നീടുള്ള ആകാംക്ഷയെ അയാള്‍ക്കു നിഷ്പ്രയാസം നേരിടാനാകൂ. ചികിത്സയുടെ ഒടുവില്‍ ഭയജനകമായ വസ്തുവും സാഹചര്യവും ഭയരഹിതമായി മാറുന്നു.
പെരുമാറ്റ ചികിത്സയില്‍ സാവകാശത്തിലുള്ള നിയന്ത്രിതമായ ശ്വാസോച്ഛാസവും, പേശികളുടെ സങ്കോചവും അയവും രോഗികളെ പരിശീലിപ്പിക്കാറുണ്ട്. ഇവയെ Relaxation Techniques എന്നുപറയുന്നു. (ഇവയെക്കുറിച്ച് മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാം എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്). ഇങ്ങനെ നോക്കിയാല്‍ പെരുമാറ്റ ചികിത്സ ഒരര്‍ത്ഥത്തില്‍ ജൈവശാസ്ത്രപരമായ ചികിത്സ കൂടിയാണ്. സൈക്കോ തെറാപ്പികളില്‍ ഒരു പക്ഷേ ഏറ്റവും ഫലപ്രദമായതാണ് പെരുമാറ്റ ചികിത്സ. ബുദ്ധിമാന്ദ്യവും (Mental Retardation) ഓട്ടിസ (Autism) വും ബാധിച്ച കുട്ടികളിലും പെരുമാറ്റ ചികിത്സ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികള്‍ പ്രകടിപ്പിക്കുന്ന ഓരോ നല്ല പ്രവര്‍ത്തിയേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ അതിനെ ദൃഢപ്പെടുത്താമെന്നും, അനഭലക്ഷണീയമായ പ്രവൃത്തിയെ (ഉദാഹരണത്തിന് വാശിപിടിച്ചുള്ള കരച്ചില്‍) അവഗണിക്കുന്നതിലൂടെ അതിനെ ഇല്ലാതാക്കാമെന്നുമാണ് പെരുമാറ്റ ചികിത്സയിലെ മറ്റൊരു സിദ്ധാന്തം.
നല്ല വാക്കുകള്‍ പറയുന്നതും ഇഷ്ടപ്പെട്ട സാധനങ്ങള്‍ നല്‍കുന്നതും വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങളാണ്. ഇവ നല്ല പ്രവൃത്തികള്‍ (അവ എത്ര ചെറുതായാലും) ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും നല്‍കണം; ഉടനെ നല്‍കുകയും വേണം. നല്ല പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുമ്പോള്‍ നല്‍കാതിരിക്കുകയും ചെയ്യണം. നല്ല പ്രവര്‍ത്തികള്‍ പ്രോത്സാഹനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അതേ സമയം ശിക്ഷകളിലൂടെ ഇത്തരം പ്രവര്‍ത്തികളെ വികസിപ്പിക്കാന്‍ സാധിക്കില്ല. അനഭലക്ഷണീയമായ പ്രവര്‍ത്തികളെ ഇല്ലാതാക്കാന്‍ ഒരു പക്ഷേ നിയന്ത്രിതമായ ശിക്ഷകളിലൂടെ സാധിച്ചേക്കും. പെരുമാറ്റ ചികിത്സയില്‍ അവസാന നടപടിയാണ് ശിക്ഷാരീതി.
സഹായ ചികിത്സ (Supportive Therapy)പ്രതികൂലമായ സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതില്‍ ക്ലേശിക്കുകയും തത്ഫലമായ മാനസിക വൈകല്യം രോഗാതുരമാവുകയും (Adjustment Disorder) ചെയ്യുമ്പോഴാണ് സഹായ ചികിത്സ പ്രസക്തമാകുന്നത്. ഇവിടെ പ്രതികൂല സാഹചര്യങ്ങളില്‍ രോഗി പയറ്റുന്ന അനാരോഗ്യകരമായ പ്രതികരണ രീതികളെ (Maladaptive defenses) തിരിച്ചറിയുകയും അവയെ രോഗിയുടെ തന്നെ മേന്മയാര്‍ന്ന പ്രതികരണ രീതികള്‍കൊണ്ട് നീക്കം ചെയ്യുകയുമാണ് ചെയ്യുന്നത്. പ്രതികൂലവും ദുരിതപൂര്‍ണ്ണവുമായ സാഹചര്യങ്ങളില്‍ നിന്നും കരകയറുന്നതു വരെ ഒരു സഹായം എന്ന നിലയിലാണ് ഈ ചികിത്സ നല്‍കുന്നത്. ഇത്തരം സാഹചര്യങ്ങളോട് മനുഷ്യരെല്ലാം പൊതുവേ കാലക്രമേണ പൊരുത്തപ്പെടുന്നതു കൊണ്ട് തുടക്കത്തിലുള്ള സഹായ ചികിത്സ വളരെ നിര്‍ണായകമാവുന്നു. വളരെ ഫലപ്രദവും, മാനുഷികവുമായ ഒന്നാണ് സഹായ ചികിത്സ.
മനഃശാസ്ത്രജ്ഞന്മാരും (Psychologists) മാനസികരോഗ ചികിത്സാ ഡോക്ടര്‍മാരും (Psychiatrists) ആണ് സൈക്കോതെറാപ്പി നല്‍കുന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇത്തരം കൂടിക്കാഴ്ചകള്‍ ഏതാനും മാസങ്ങളോളമുണ്ടാകും. ഫ്രോയ്ഡിന്റെ കാലത്തുള്ള മാനസിക അപഗ്രഥന ചികിത്സ 5 വര്‍ഷത്തോളമായിരുന്നു. ഈ കാരണം കൊണ്ടു തന്നെ ഇക്കാലത്ത് ചികിത്സ നല്‍കുന്നവര്‍ ലോകത്തുതന്നെ താരതമ്യേന വളരെ കുറവാണ്. കൊഗ്‌നിറ്റീവ് -പെരുമാറ്റ ചികിത്സ 8 മുതല്‍ 12 കൂടിക്കാഴ്ചകളില്‍ അവസാനിക്കുന്നു. സഹായ ചികിത്സയും ഏതാണ്ട് ഈ കാലയളവിലേക്കുള്ളതാണ്.
മറ്റു സൈക്കോ തെറാപ്പികള്‍
സമാനമായ മാനസിക പ്രശ്‌നങ്ങളുള്ള ഒന്നിലധികം രോഗികള്‍ക്കു നല്‍കുന്നതാണ് ഗ്രൂപ്പ് സൈക്കോതെറാപ്പി. ഈ ലോകത്ത് രോഗമുള്ളയാള്‍ താന്‍ മാത്രമല്ലെന്നും സമാനമായ രോഗമുള്ള മറ്റുള്ളവരുമായി ഇടപഴകുന്നതിലൂടെ മാനസിക രോഗലക്ഷണങ്ങള്‍ ശമിക്കുമെന്നും ഒരാള്‍ ഗ്രൂപ്പ് തെറാപ്പിയിലൂടെ മനസ്സിലാക്കുന്നു. ഇതുപോലുള്ള മറ്റൊരു തെറാപ്പിയാണ് കുടുംബ തെറാപ്പി (Family Therapy) കുടുംബത്തിലെ ഒരാള്‍ക്ക് മാനസിക രോഗം വന്നാല്‍ അത് കുടുംബത്തിലെ മറ്റുള്ളവര്‍ക്കും കടുത്ത മാനസിക ആഘാതം ഉണ്ടാക്കുകയും ചിലപ്പോള്‍ കുടുംബ ബന്ധങ്ങളെ താറുമാറാക്കുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളില്‍ ഒരു കുടുംബത്തിലെ എല്ലാവരെയും തെറാപ്പിസ്റ്റ് കാണുന്നു. പരസ്പര ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലൂടെയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപഴകലുകള്‍ ആരോഗ്യകരമാക്കുന്നതിലൂടെയും കുടുംബത്തിന്റെ കെട്ടുറപ്പ് വീണ്ടും സ്ഥാപിക്കാന്‍ ഈ തെറാപ്പിയിലൂടെ സാധിച്ചേക്കും.
സമഗ്ര ചികിത്സ
മാനസിക രോഗം ബാധിച്ച ഒരാള്‍ക്കുള്ള ചികിത്സ യഥാര്‍ത്ഥത്തില്‍ രോഗത്തിന്റേതു മാത്രമല്ല. ക്ഷേമരാഷ്ട്രങ്ങളില്‍ (ണലഹളമൃല േെമലേ)െ രോഗിയെ ഒരു വ്യക്തിയായി കാണുകയും വ്യക്തിത്വ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. രോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിങ് നല്‍കുക, രോഗിക്ക് സാമ്പത്തിക സഹായം നല്‍കുക, ജോലി നേടാന്‍ സഹായിക്കുക, പാര്‍പ്പിടത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക മുതലായവയാണ് ഉദാഹരണങ്ങള്‍. ഇതിനും പുറമെ സമാന രോഗമുള്ളവരുടെ സംഘടനകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. രോഗികള്‍ക്ക് സമൂഹവുമായി ഒത്തുചേര്‍ന്നു പോകാന്‍ സാധിക്കുന്ന തരത്തിലുള്ള വിവിധ പൊതുസ്ഥലങ്ങളും നിലവിലുണ്ട്.
മാനസിക രോഗം എന്ന മുദ്രകുത്തല്‍ (Stigma)മാനസികരോഗം ബാധിച്ചവരുടെ നേരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുഷ്‌കീര്‍ത്തിയാണ് ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. മനുഷ്യന്റെ ഏറ്റവും ഉദാത്തമായതും അതുല്യമായതുമായ സ്വത്താണല്ലോ അവന്റെ മനസ്സ്. മൃഗങ്ങളില്‍നിന്നും അവനെ വേര്‍പെടുത്തുന്നതും മറ്റു പലതു നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്തതുമായ ഒരു പ്രതിഭാസമായി അതിനെ കാണുന്നതും ഇതിനാലാണ്. ഇതുകൊണ്ടായിരിക്കാം മനസ്സിനുണ്ടാകുന്ന തകരാറുകളെ മനുഷ്യത്മാകമല്ലാത്ത ഒന്നായി സമൂഹം കാണുന്നത്. മനുഷ്യാത്മക ഗുണമില്ലാത്ത ഒരാളെ മനുഷ്യര്‍ക്കിടയില്‍ ചേര്‍ക്കാന്‍ കൊള്ളില്ല എന്നായി മാറുന്നു അടുത്ത സമീപനം. ഇത് ഒടുവില്‍ മാനസിക രോഗം ബാധിച്ചവര്‍ക്ക് നേരെയുള്ള അവഗണനയായി മാറുന്നു.
യഥാര്‍ത്ഥത്തില്‍ മാനസിക രോഗം ഒരാളുടെ മനസ്സിന്റെ എല്ലാ ഗുണങ്ങളെയും നശിപ്പിക്കുന്നില്ല. ഏറ്റവും കഠിനമായ മാനസിക രോഗം ബാധിച്ച ആളില്‍പ്പോലും മനസ്സിന്റെ പല ഗുണങ്ങളും അവശേഷിച്ചിട്ടുണ്ടാകും. അതായത് മാനുഷികമായ ഗുണങ്ങള്‍ തന്നെയുള്ള ഒരാളാണ് മാനസിക രോഗം ബാധിച്ചയാള്‍. അയാളില്‍ അവശേഷിക്കുന്ന ഗുണങ്ങളെ പരിപോഷിപ്പിച്ചെടുക്കുകയും, സംരക്ഷിക്കുകയുമാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്.
മാനസിക രോഗങ്ങളുടെ നേരെയുള്ള ദുഷ്‌കീര്‍ത്തി കാരണം നിരവധി രോഗികള്‍ ഡോക്ടര്‍മാരുടെ അടുത്ത് പോകുന്നില്ല. ക്രമേണ അവരുടെ അസുഖം വഷളാവുകയും ഒടുവില്‍ അത് സമൂഹത്തിന് ഒന്നാകെ കൂടുതല്‍ ആഘാതമുണ്ടാക്കുകയും ചെയ്യുന്നു.
ചികിത്സതേടുന്ന രോഗികളെ പലരും ഒറ്റപ്പെടുത്തുന്നു. അവരെ കണ്ടാല്‍ പലരും അകന്നുമാറുന്നു. മാനസിക രോഗം ബാധിച്ചവരെല്ലാം അക്രമാസക്തരാണ് എന്ന തെറ്റിദ്ധാരണയാകാം ഇതിന്റെ പിന്നില്‍. യഥാര്‍ത്ഥത്തില്‍ മഹാഭൂരിപക്ഷം രോഗികളും ഒരു അക്രമവും കാണിക്കാറില്ല. സമൂഹം അവരെ അകറ്റുന്നതോടെ അവരുടെ ചികിത്സ പ്രയാസമേറിയതാകുന്നു.
ചില വസ്തുതകള്‍ എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ഒന്നാമതായി മാനസിക രോഗങ്ങള്‍ക്ക് ഇന്ന് ഫലപ്രദമായ ചികിത്സയുണ്ട്. യഥാവണ്ണം ചികിത്സിച്ചാല്‍ രോഗത്തിന് ശമനമുണ്ടാകുന്നു. രണ്ട്. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാനസിക രോഗം ബാധിക്കാം. മാനസിക രോഗികളെ സംരക്ഷിക്കുകയും അവരെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ മാത്രമേ മാനസിക രോഗം പിടിപെട്ടാല്‍ ഒരാള്‍ക്ക് രക്ഷലഭിക്കൂ. മൂന്ന്.പല മാനസിക രോഗികളിലും ഉത്കൃഷ്ടമായ കലാവാസനയും സര്‍ഗ്ഗാത്മകതയും ഒളിഞ്ഞിരിക്കുന്നുണ്ടാകും. ഇതിനെയെല്ലാം പ്രകാശിപ്പിച്ചെടുക്കുന്നതാണ് സമൂഹം ചെയ്യുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന്.
വിദേശ രാജ്യങ്ങളില്‍ മാനസിക രോഗംബാധിച്ച് വഴികളില്‍ ലക്ഷ്യമില്ലാതെ നടക്കുന്നവരെയും പ്രക്ഷുബ്ധമായ രീതിയില്‍ പെരുമാറുന്നവരെയും പോലീസാണ് ആസ്പത്രിയില്‍ കൊണ്ടുവരുന്നത്. പൊതുജനം അവരുടെ കടമകള്‍ മറക്കുന്നവേളയില്‍ ഗവണ്‍മെന്റങ്കിലും മാനസിക രോഗം ബാധിച്ചവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നോട്ട് വരണം. മാനസിക രോഗമുള്ളയാളുകള്‍ക്ക് പലപ്പോഴും രോഗമുണ്ടെന്നുള്ള അറിവ് ഉണ്ടാകാറില്ല എന്നുള്ളതുകൊണ്ട് ഗവണ്‍മെന്റുകളുടെ പങ്കാളിത്തം ഒഴിച്ചു കൂടാനാവാത്തതാണ്. ഒരു ചങ്ങലയുടെ ശക്തി നിര്‍ണയിക്കുന്നത് അതിന്റെ ഏറ്റവും ദുര്‍ബലമായ (Weakest) കണ്ണിയാണ്. അതുപോലെ ഒരു സമൂഹത്തിന്റെ ക്ഷേമം രോഗബാധിതരായ മനുഷ്യരെ എത്രമാത്രം സഹായിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും. മാനസിക രോഗം ബാധിച്ചവരെ ഒപ്പം കൂട്ടുകയും അവരോട് സാധാരണ മനുഷ്യരെ പോലെ പെരുമാറുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ സമൂഹത്തിന് പരിഷ്‌കൃത സമൂഹം എന്നപേര് ചേരില്ല.
ee chikilsakalellamm evide ninnu labhikkum...
ReplyDelete