Monday, April 30, 2012

ഇതാ സോണി ഹെല്‍ത്ത്‌ ഡിവൈസ്‌; ഇനി ഡോക്‌ടര്‍ വേണ്ട!

പതിവായുള്ള പരിശോധനകള്‍ നടത്തി ഡോക്‌ടറെ കാണിച്ച്‌ ചികില്‍സ തേടുന്നത്‌ എത്രത്തോളം ബുദ്ധിമുട്ടേറിയതാണ്‌. മിക്കപ്പോഴും ഡോക്‌ടറെ കാണണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും. അത്തരം ബുദ്ധിമുട്ടുകളോട്‌ ഇനി ഗുഡ്‌ ബൈ പറയാം. പ്രശസ്‌ത ഇലക്‌ട്രോണിക്‌ നിര്‍മ്മാതാക്കളായസോണി പുറത്തിറക്കുന്ന ഹെല്‍ത്ത്‌ ഡിവൈസ്‌അധികം വൈകാതെ വിപണിയിലെത്തുന്നു.
മറ്റ്‌ ലാബ്‌ പരിശോധനകളെ അപേക്ഷിച്ച്‌ കൂടുതല്‍ കൃത്യവും ആധികാരികവുമായ പരിശോധനാ ഫലമാണ്‌ സോണി ഹെല്‍ത്ത്‌ ഡിവൈസിന്റെ മുഖ്യ സവിശേഷത. രണ്ടുവര്‍ഷം മുമ്പ്‌ വികസിപ്പിച്ചെടുത്ത ഹെല്‍ത്ത്‌ ഡിവൈസ്‌ 2010ലാണ്‌ പേറ്റന്റ്‌ അവകാശത്തിനായി അപേക്ഷിച്ചത്‌.
രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌, രക്‌തസമ്മര്‍ദ്ദം, ഹൃദയസ്‌പന്ദനം, ബോഡി മാസ്‌ ഇന്‍ഡക്‌സ്‌ എന്നിവ കണക്കാക്കാന്‍ സോണി ഹെല്‍ത്ത്‌ ഡിവൈസിന്‌ സാധിക്കും. ഒരു വാച്ച്‌ പോലെ കൈയില്‍ കെട്ടാവുന്ന ഉപകരണമാണിത്‌. കൈയില്‍ കെട്ടിയാല്‍ നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സെറ്റ്‌ടോപ്പ്‌ ബോക്‌സുള്ള ടിവിയിലേക്കോ, ഇന്റര്‍നെറ്റുള്ള കംപ്യൂട്ടറിലേക്കോ മാറ്റാന്‍ സാധിക്കും. ഇതുവഴി പരിശോധനാ റിപ്പോര്‍ട്ട്‌ ഡോക്‌ടര്‍ക്ക്‌ കൈമാറാന്‍ സാധിക്കും. കൂടാതെ പഴയ പരിശോധനാ റിപ്പോര്‍ട്ടുകളുമായി പുതിയത്‌ താരതമ്യം നടത്താനും ഈ ഉപകരണം നിങ്ങളെ സഹായിക്കും. പ്രായമേറിയവര്‍ക്കാണ്‌ ഈ ഉപകരണം ഏറെ പ്രയോജനപ്പെടുക. സോണി ഹെല്‍ത്ത്‌ ഡിവൈസ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ആരോഗ്യസ്ഥിതിയില്‍ അപകടകരമായ എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം ഡോക്‌ടറുടെ സേവനം തേടിയാല്‍ മതിയാകും.
അധികം വൈകാതെ വിപണിയിലെത്തുന്ന സോണി ഹെല്‍ത്ത്‌ ഡിവൈസ്‌ ലോകത്താകമാനമായി ലക്ഷകണക്കിന്‌ പേര്‍ ഉപയോഗിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എന്നാല്‍ ഇതിന്റെ വില സംബന്ധിച്ച്‌ യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Wednesday, April 25, 2012

പേ വിഷബാധ


പേ വിഷബാധയുണ്ടാക്കുന്നത് ഒരു തരം വൈറസ്സാണ്. റാബ്‌ഡോ കുടുംബത്തില്‍പ്പെട്ട ഞ.ച.എ വൈറസ്സാണിത്. ബുള്ളറ്റിന്റെ ആകൃതിയിലുള്ള ഈ വൈറസ്സിന്റെ ശരീരത്തില്‍ 72ശതമാനം പ്രോട്ടീനും ഒരു ശതമാനം ഞ.ച.എയും 22 ശതമാനം കൊഴുപ്പും 3 ശതമാനം അന്നജവും അടങ്ങിയിട്ടുണ്ട്. പുറംഭാഗത്ത് മുള്ളുപോലുള്ള വസ്തുക്കളുണ്ട്. ഇതിനെ ലിസ വൈറസ് എന്നും വിളിക്കുന്നു. ലിസ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പേവിഷബാധയെന്നാണ്. ലിസ വൈറസ് നാലുതരത്തില്‍ കണ്ടുവരുന്നുണ്ട്.

1. റാബീസ് വൈറസ് (RABV)
2. ലോഗോസ് ബാറ്റ് വൈറസ് (LBV)
3. മൊക്കോള വൈറസ് (MOKV)
4. ഡുവന്‍ഹേജ് വൈറസ് (DUVV)

ഈ വൈറസ് നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് രശ്മികളും ഏറ്റാല്‍ വൈറസ്സ് നശിക്കും.
ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും ഈ രോഗം ബാധിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നതും മനുഷ്യരിലേക്ക് പരത്തുന്നതും നായ്ക്കളും പൂച്ചകളുമാണ്. കുരങ്ങ്, പശു, എരുമ, കീരി, കുറുക്കന്‍, ചെന്നായ, ആട്, കരടി, പന്നി, കഴുത, കുതിര എന്നീ മൃഗങ്ങളിലും പേ വിഷബാധ കണ്ടുവരുന്നുണ്ട്. 

മനുഷ്യരിലേയ്ക്ക് എങ്ങനെ?

ഇന്ത്യയില്‍ പേ വിഷബാധയുടെ 95 ശതമാനവും പകരുന്നത് നായയുടെ കടിയിലൂടെയാണ്. 5 ശതമാനം പൂച്ചയുള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങള്‍ വഴിയും. 

മനുഷ്യര്‍ക്കു പകരുന്നത് ഈ വഴികളിലൂടെയാണ്:

1. പേ വിഷബാധയുള്ള നായയുടെ കടിയേറ്റാല്‍.
2. നമ്മുടെ ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളില്‍ പേ ബാധിച്ച നായ നക്കിയാല്‍.
3. പേ നായയുടെ /മൃഗത്തിന്റെ ഉമിനീര്‍ ശ്ലേഷ്മസ്തരങ്ങളില്‍ പതിച്ചാല്‍ (ഉദാ: കണ്ണ്, മൂക്ക്, വായ)
4. അന്തരീക്ഷത്തിലെ ബാഷ്പകണങ്ങളിലൂടെ ശ്വസനം വഴി.
5. രോഗം ബാധിച്ചു മരിച്ചവരുടെ അവയവങ്ങള്‍ മാറ്റിവെക്കുന്നതുമൂലം.
6. രോഗം ബാധിച്ചവരുമായി ലൈംഗികബന്ധം നടത്തുന്നതു വഴി.
7. രോഗം ബാധിച്ച മൃഗങ്ങളുടെ പാല്‍ തിളപ്പിക്കാതെ കുടിച്ചാല്‍.
8. രോഗം ബാധിച്ച മൃഗത്തിന്റെ മാംസം കൈകാര്യം ചെയ്താല്‍
9. ഗര്‍ഭിണിയായവരില്‍ നിന്നും പ്ലാസന്റ വഴി കുഞ്ഞിലേക്കും രോഗം പകരാം.
10. കൈകളില്‍ മുറിവുകളുള്ളവര്‍ രോഗം ബാധിച്ച മൃഗത്തെ പരിപാലിച്ചാല്‍.


രോഗലക്ഷണങ്ങള്‍

മനുഷ്യരില്‍ കാണുന്ന ലക്ഷണങ്ങളെ മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു. 
ഒന്നാം ഘട്ടം 
- (പ്രോഡോര്‍മല്‍ ഘട്ടം). ഇതില്‍ കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിപ്പാടില്‍ തൊട്ടാല്‍ അറിയാത്ത അവസ്ഥ, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാവും.

രണ്ടാംഘട്ടം 
- ആകാംക്ഷയുടെയും ഉത്തേജനത്തിന്റെയും ഘട്ടമാണ്. ഇതില്‍ വിറയല്‍, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോട് ഭയം എന്നിവ കാണിക്കും.

മൂന്നാംഘട്ടം 
- തളര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ രോഗി തളര്‍ന്ന് കിടന്നുപോകുന്നു. ശ്വാസതടസ്സം, ശബ്ദവ്യത്യാസം, ഉമിനീരൊലിപ്പ് എന്നിവ കാണിക്കും. മൂന്നാം ഘട്ടത്തിന്റെ അവസാനം രോഗി മരണപ്പെടുന്നു.
വളര്‍ത്തുനായ്ക്കളില്‍ രണ്ടു തരത്തിലുള്ള ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.

മൂകരൂപം:
 ഈ രോഗാവസ്ഥയില്‍ നായ്ക്കള്‍ പൊതുവെ ശാന്തസ്വഭാവക്കാരായിരിക്കും. തീറ്റയെടുക്കാതിരിക്കുക, കീഴ്ത്താടി തൂക്കിയിട്ട് വായില്‍ നിന്നും നുരയും പതയും ഒഴുകിവരിക എന്നിവയാണ് മറ്റ് പ്രധാനലക്ഷണങ്ങള്‍. നായ വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും സാധിക്കുകയില്ല.

ക്രുദ്ധരൂപം:
 ഇതില്‍ നായ അക്രമകാരിയായി മാറുന്നു. കണ്ണുകള്‍ ചുവന്ന് വായില്‍ നിന്നും ഉമിനീരൊലിപ്പിച്ച് ദിശാബോധമില്ലാതെ ഓടുന്നതു കാണാം. ഒരു പ്രകോപനവുമില്ലാതെ വഴിയില്‍ കണ്ടതിനെയെല്ലാം കടിക്കുന്നു.
നായ്ക്കളില്‍ നിന്ന് വ്യത്യസ്തമായി ക്രുദ്ധരൂപത്തിലുള്ള ലക്ഷണങ്ങള്‍ മാത്രമേ പൂച്ച കാണിക്കുകയുള്ളൂ.
പക്ഷേ, നായ്ക്കളില്‍ കാണുന്നതിനേക്കാളും തീവ്രമായ പ്രകടനമാണ് പൂച്ച കാണിക്കുന്നത്. പശുക്കളില്‍ ആക്രമണസ്വഭാവം കൂടുതലാണ്. 


ആദ്യംചെയ്യേണ്ടത്

കടിയേറ്റ ഭാഗം വൃത്തിയായി സോപ്പ് ഉപയോഗിച്ച് പൈപ്പ് വെള്ളത്തില്‍ കഴുകണം. 15 മിനുട്ടെങ്കിലും മുറിപ്പാടില്‍ വെള്ളം ഒഴുക്കിക്കൊണ്ടു കഴുകുന്നതാണ് നല്ലത്. നല്ല തുണികൊണ്ട് തുടച്ചശേഷം ബീറ്റാഡിന്‍ പോലുള്ള ഏതെങ്കിലും അണുനാശിനികൊണ്ട് തുടയ്ക്കണം. മുറിവ് ഒരിക്കലും തുറന്നിടാന്‍ പാടില്ല. മുറിവില്‍ എണ്ണ, തേന്‍, ചാരം എന്നിവ പുരട്ടുന്ന രീതികളുണ്ട്. അതൊന്നും ചെയ്യരുത്. പഴയ കാലങ്ങളില്‍ പഴുപ്പിച്ച ഇരുമ്പുകൊണ്ട് മുറിപ്പാട് കരിക്കാറുണ്ട്. അതും അപകടം വരുത്തും. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോക്ടറുടെ സേവനം തേടുക.

കടിച്ചാല്‍ നിരീക്ഷിക്കുക

നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ കടിക്കുകയാണെങ്കില്‍ അതിനെ കെട്ടിയിട്ട് 10 ദിവസം നിരീക്ഷിക്കണം. പേവിഷബാധയേറ്റ ഏതൊരു ജീവിയും രോഗലക്ഷണം തുടങ്ങി ഏഴ് ദിവസത്തിനകം മരണപ്പെടും. രോഗലക്ഷണം തുടങ്ങുന്നതിന് 3 ദിവസങ്ങള്‍ക്കു മുമ്പു മുതല്‍ അതിന്റെ ശരീരത്തിലെ സ്രവങ്ങളില്‍ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള അണുക്കളുണ്ടാകും. അതിന്റെഅര്‍ത്ഥം കടിച്ച മൃഗം 10 ദിവസം ജീവിച്ചിരുന്നാല്‍ അതു കടിക്കുന്ന സമയത്ത് പേ വിഷബാധയുടെ അണുക്കള്‍ അതിന്റെ സ്രവങ്ങളിലുണ്ടാകില്ല എന്നാണ്. അതുകൊണ്ടു തന്നെ കുത്തിവെപ്പ് 10 ദിവസത്തിനു ശേഷം തുടരേണ്ടതില്ല. അതായത് കടിയേറ്റശേഷം ആദ്യ ദിവസം, 3-ാം ദിവസം, 7-ാം ദിവസം എന്നിങ്ങനെ കുത്തിവെപ്പ് നടത്തിയാല്‍ മതിയാകും.

വന്‍കുടലിലെ അര്‍ബുദം


വന്‍കുടലിലും മലദ്വാരത്തിലും ഉണ്ടാകുന്ന ക്യാന്‍സര്‍ പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വസാധാരണമാണ്. ഇന്ത്യക്കാരില്‍ അപൂര്‍വമായാണ് ഈ രോഗം കണ്ടിരുന്നത്. എന്നാല്‍, അടുത്തകാലത്തായി ഈ രണ്ട് ക്യാന്‍സറും കേരളത്തില്‍ കൂടുതലായി കാണപ്പെടുന്നു. നമ്മുടെ ജീവിതരീതിയില്‍ വന്ന വ്യത്യാസവും പാശ്ചാത്യരെ അനുകരിച്ചുള്ള ആഹാരക്രമവുമാണ് കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഇത്തരം ക്യാന്‍സര്‍ നേരത്തേ കണ്ടുപിടിച്ചാല്‍ ശാസ്ത്രീയമായി ചികിത്സിച്ചു ഭേദപ്പെടുത്താം. 

എന്താണ് അര്‍ബുദം?: 
മനുഷ്യര്‍ക്കുണ്ടാകുന്ന നൂറുകണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് ക്യാന്‍സര്‍. കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വ്യത്യാസം വന്ന് നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ക്യാന്‍സര്‍ ആവുന്നത്. നിയന്ത്രണം ഇല്ലാതെ കോശങ്ങള്‍ വളരുമ്പോള്‍ മുഴകള്‍ (ട്യൂമര്‍) ഉണ്ടാകുന്നു. ആ മുഴകള്‍ അര്‍ബുദമാണെങ്കില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുന്നു.

കാരണങ്ങള്‍:
 വന്‍കുടലിലും മലദ്വാരത്തിലും അര്‍ബുദം ബാധിക്കുന്നതിന് പ്രത്യേക കാരണമില്ല. എന്നാല്‍, ഈ രോഗം വരാനുള്ള സാധ്യതകള്‍ താഴെപ്പറയുന്നവരില്‍ കൂടുതലായുണ്ട്. 50 വയസ്സിന് മുകളിലുള്ളവര്‍, പുരുഷന്മാര്‍, വന്‍കുടലിന്റെയും മലദ്വാരത്തിന്റെയും അകത്തെഭിത്തിയില്‍ സൂക്ഷ്മമായ മുഴകള്‍ ഉള്ളവര്‍, ഇത്തരം അര്‍ബുദത്തിന്റെ കുടുംബപാരമ്പര്യം ഉള്ളവര്‍, സംസ്‌കരിച്ച റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരിലും നാരടങ്ങിയ ഭക്ഷണം കുറവ് കഴിക്കുന്നവരിലും, വ്യായാമം ഇല്ലാത്തവരിലും ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നവരിലും പുകവലിക്കാര്‍ക്കും, കുടല്‍സംബന്ധമായ രോഗം ഉള്ളവര്‍ക്കും.

ലക്ഷണങ്ങള്‍: 
ആദ്യഘട്ടത്തില്‍ പ്രത്യേക ലക്ഷണം ഉണ്ടാക്കണമെന്നില്ല. കൂടുതല്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നത് ക്യാന്‍സര്‍ കാരണം മലശോധനയ്ക്ക് തടസ്സം സംഭവിക്കുമ്പോഴും വ്രണങ്ങള്‍ ഉണ്ടാകുമ്പോഴുമാണ്.

മലത്തില്‍ രക്തം കാണുക, പ്രത്യേക കാരണമില്ലാതെ ദഹനപ്രക്രിയയിലും മലശോധനയിലും വ്യത്യാസം തോന്നുക, മലവിസര്‍ജനം നടത്തുമ്പോള്‍ വളരെ കുറഞ്ഞ വ്യാസത്തില്‍ മലം പുറത്തേക്കുവരിക, തുടര്‍ച്ചയായുള്ള വായുശല്യം, വേദന തുടങ്ങിയ പൊതുവായുള്ള വയറിന്റെ അസ്വസ്ഥതകള്‍, ഇടയ്ക്കിടയ്ക്ക് മലശോധന നടത്തുന്നതിനുവേണ്ടിയുള്ള തോന്നല്‍, എന്നാല്‍ മലം പോകാതിരിക്കുന്ന അവസ്ഥ, കാരണമില്ലാത്ത വിളര്‍ച്ച, അധിക ക്ഷീണം, ഛര്‍ദിക്കാന്‍ തോന്നുക- ഇതൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് അര്‍ബുദം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഇത്തരം അര്‍ബുദം ഉണ്ടോ എന്ന് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ 50 വയസ്സ് കഴിഞ്ഞാല്‍ മിക്കവരും രണ്ടുവര്‍ഷത്തിലൊരിക്കല്‍ മലപരിശോധന നടത്താറുണ്ട്. ഈ പരിശോധനയില്‍ക്കൂടി, അര്‍ബുദം ആകാന്‍ സാധ്യതയുള്ള ചെറിയ മുഴകള്‍ വന്‍കുടലില്‍ ഉണ്ടോ എന്നറിയാന്‍ സാധിക്കും. അര്‍ബുദം ഉണ്ടെന്ന് സംശയം തോന്നിയാല്‍ കൊളണോസ്‌കോപ്പി എന്ന പരിശോധന ഉടന്‍ ചെയ്യണം. ഈ പരിശോധനയിലൂടെയാണ് അര്‍ബുദം ഉണ്ടോ എന്നറിയാന്‍ സാധിക്കുന്നത്.

ഈ പരിശോധനാസമയത്ത് ഡോക്ടര്‍ക്ക് രോഗിയുടെ കുടലിന്റെയും മലദ്വാരത്തിന്റെയും ഉള്‍ഭാഗം നേരിട്ട് കാണാന്‍ സാധിക്കും. അതുകൊണ്ട് മുഴകള്‍ ഉണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാനും സാധിക്കുന്നു. പരിശോധനയ്ക്കിടയില്‍ത്തന്നെ ചെറിയ പോളിപ്‌സുകള്‍ മുഴുവനായും നീക്കം ചെയ്യുന്നു. പിന്നീട് ബയോപ്‌സി ഫലത്തിലൂടെ അര്‍ബുദത്തെക്കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അപകടസാധ്യതകള്‍ ഉള്ള രോഗികള്‍ ഇടയ്ക്കിടയ്ക്ക് ഈ പരിശോധന ചെയ്യേണ്ടതാണ്.

ചികിത്സകള്‍: 
ശസ്ത്രക്രിയയാണ് ഇതിനുള്ള മികച്ച ചികിത്സ. ശസ്ത്രക്രിയാ സമയത്ത് വന്‍കുടലിലെ അര്‍ബുദഭാഗം നീക്കം ചെയ്യുമ്പോള്‍ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളുംകൂടി അല്പം ഉള്‍പ്പെടുത്തിയാണ് മാറ്റുന്നത്. പിന്നീട് കുടലിന്റെ ആരോഗ്യമുള്ള വശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. മലദ്വാരത്തില്‍ ക്യാന്‍സര്‍ വരുമ്പോള്‍ അതിന്റെ തീവ്രതയനുസരിച്ച് മലദ്വാരം മുഴുവനായോ അതിനുചറ്റുമുള്ള പേശികള്‍ ഉള്‍പ്പെടെയോ നീക്കം ചെയ്യപ്പെടുന്നു.

ശേഷിക്കുന്ന വന്‍കുടലിന്റെ അറ്റം വയറിന് വെളിയില്‍ തുന്നിവെക്കുകയാണ് ചെയ്യുക. ശസ്ത്രക്രിയാരംഗത്ത് ലാപ്പറോസ്‌കോപ്പി ഉപയോഗപ്പെടുത്തിത്തുടങ്ങിയതോടെ താക്കോല്‍ദ്വാര ശസ്ത്രക്രിയ ഈ രോഗികള്‍ക്കും സാധ്യമായി. ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയയാണെങ്കില്‍ വയര്‍ പെട്ടെന്ന് തന്നെ പ്രവര്‍ത്തനക്ഷമമാകുകയും അതുകൊണ്ടുതന്നെ ദഹനപ്രക്രിയ സുഗമമാകുകയും ചെയ്യും.

ശസ്ത്രക്രിയയ്ക്കുശേഷം: 
ശസ്ത്രക്രിയവഴി, അര്‍ബുദം ബാധിച്ച ഭാഗം മാറ്റിയാല്‍ പിന്നീട് അത് പരിശോധിച്ചു ക്യാന്‍സറിന്റെ വളര്‍ച്ചാഘട്ടം പാത്തോളജിസ്റ്റ് കണ്ടുപിടിക്കും. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കുന്നത് മുഴ എത്ര വ്യാപിച്ചിരിക്കുന്നുവെന്നും മറ്റ് അവയവങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നും അനുസരിച്ചാണ്. കുടലിന്റെ ഉള്ളിലുള്ള പാളിയെ മാത്രമാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത് എങ്കില്‍ ശസ്ത്രക്രിയ മാത്രം മതിയാകും. അതേസമയം കുടലിന്റെ ഉള്‍ഭാഗം മുഴുവന്‍ ക്യാന്‍സര്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍, വീണ്ടും ഈ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം രോഗികളില്‍ 'കീമോതെറാപ്പി' അല്ലെങ്കില്‍ 'റേഡിയോ തെറാപ്പി' ആവശ്യമായിവരുന്നു. ഇത്തരം അര്‍ബുദം ബാധിച്ച ശരീരം ഈ ചികിത്സാരീതി അധികം പാര്‍ശ്വഫലങ്ങളില്ലാതെ സ്വീകരിക്കുന്നതായാണ് കണ്ടുവരുന്നത്. ശസ്ത്രക്രിയാസമയത്ത് ഈ രോഗം ഏതുനിലവരെ എത്തി എന്നുള്ളതാണ് പ്രധാനം. ആരംഭദശയില്‍ തന്നെ ട്യൂമര്‍ മാറ്റിയിട്ടുണ്ടെങ്കില്‍ രോഗി പൂര്‍ണമായും ഇതില്‍നിന്നു മുക്തനാകും. അതുകൊണ്ടു തന്നെ ഈ രോഗം നേരത്തേ കണ്ടുപിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് വിദഗ്ധര്‍ ഊന്നിപ്പറയുന്നത്.

അര്‍ബുദം കഴലകളിലേക്ക് പടര്‍ന്നിട്ടുണ്ടെങ്കിലും അത്തരം 70 ശതമാനം രോഗികളും അടുത്ത അഞ്ചുവര്‍ഷത്തോളം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കീമോതെറാപ്പിയിലൂടെ ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ കരള്‍, ശ്വാസകോശം എന്നിവയിലേക്ക് ഈ അര്‍ബുദം വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷമാണ് ആയുസ്സ് നീട്ടിക്കിട്ടാന്‍ സാധ്യത.

ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍, മലദ്വാരത്തിലും വന്‍കുടലിലും ഉണ്ടാകുന്ന അര്‍ബുദത്തിന്റെ എണ്ണം പെരുകുന്നു. വൈദ്യരംഗത്ത് ഈ രോഗം നേരത്തേ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ ചികിത്സിക്കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒരസുഖമാണിത്.

ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം എന്തുകൊണ്ട്?


ആധുനിക കാലഘട്ടത്തിലെ യാന്ത്രികവും കൃത്രിമവും ആയ ജീവിതരീതി കാരണം ആരോഗ്യം എന്നത് അവര്‍ സ്വായത്തമാക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഹാരരീതിയിലെ മാറ്റങ്ങളും വ്യായാമ രാഹിത്യവും വര്‍ധിച്ച മനഃസംഘര്‍ഷങ്ങളും ഇവയില്‍ എടുത്തുപറയേണ്ട കാരണങ്ങളാണ്. 'ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' അഥവാ 'ഗ്രഹണി' എന്ന രോഗവും മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ സംഭവിക്കുന്ന ദഹനക്ഷയം അഥവാ അഗ്‌നിമാന്ദ്യം തന്നെയാണ്. 

കുടലുകളുടെ ഉള്‍വശം സങ്കോച, വികാസ ക്ഷമതയുള്ള പേശീകലകളാല്‍ ആവൃതമാണ്. ആഹാരം ആമാശയത്തിലെ ദഹനശേഷം കുടലിലെത്തിയാല്‍, അവയുടെ സങ്കോച വികാസങ്ങളിലൂടെ വന്‍കുടലിന്റെ അടിഭാഗത്തേക്കാനയിക്കപ്പെടുന്നു. ഒരു പ്രത്യേക താളക്രമത്തിലാണ് കുടലിന്റെ സങ്കോച വികാസങ്ങള്‍ സംഭവിക്കുന്നത്. 'ഗ്രഹണി' എന്ന രോഗാവസ്ഥയില്‍ ഈ സങ്കോചങ്ങള്‍ കൂടുതല്‍ ശക്തിയിലാകുകയും ഏറെ സമയം നിലനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭക്ഷിച്ച ആഹാരം ദഹനശേഷം പോഷകാംശം വേണ്ടരീതിയില്‍ ആഗിരണം ചെയ്യപ്പെടാതെതന്നെ വായുക്ഷോഭവും വയറുവീര്‍ക്കലും അതിസാരവും ഉണ്ടാക്കിക്കൊണ്ട് കുടലിന്റെ അടിഭാഗത്തേക്കാനയിക്കപ്പെടുന്നു. ചില അവസരങ്ങളില്‍ ഇതിന് വിപരീതമായി ആഹാരം പതുക്കെ മാത്രം കുടലുകളിലൂടെ നീങ്ങുകയും മലം ജലാംശം ഇല്ലാതെ കട്ടിയായി വളരെ പ്രയാസത്തോടെ വിസര്‍ജിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ കുടലുകളുടെ ചലനവേഗത്തിലെ വ്യതിയാനങ്ങള്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ ഗ്രഹണീ രോഗിയിലുണ്ടാക്കുന്നു.

അന്നനാളം മുതല്‍ ഗുദഭാഗം വരെ നീണ്ടുകിടക്കുന്ന അവയവങ്ങളെയാണ് 'കോഷ്ഠം' എന്ന് ആയുര്‍വേദം വിവരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പാചകാഗ്‌നിയുടെ സുസ്ഥിതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പാചകാഗ്‌നിയുടെ പ്രവര്‍ത്തനക്ഷമത വ്യക്തിയുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. അഹിതവും അപഥ്യവും വിരുദ്ധവും ആയ ആഹാരങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന ആള്‍ക്ക് ദഹനക്ഷയം ഉണ്ടാകാതിരിക്കില്ല. ഗ്രഹണി ദഹനക്ഷയത്തിന്റെയും തുടര്‍ന്നുള്ള ദോഷ ദുഷ്ടിയുടെയും ഫലമായുണ്ടാകുന്നതാണ്.

ചുരുക്കത്തില്‍, ശാരീരിക-മാനസിക കാരണങ്ങളാലുള്ള ദഹനക്ഷയവും വാതകോപവും തുടര്‍ന്നുണ്ടാകുന്ന അനുബന്ധ ദോഷങ്ങളുടെ പ്രകോപനവും ഗ്രഹണിയുടെ അടിസ്ഥാന കാരണങ്ങളാകുന്നു. ശീതഗുണം ഉള്ളതും വിരുദ്ധവും ദഹനക്ഷയത്തെ ഉണ്ടാക്കുന്നതുമായ ആഹാരങ്ങള്‍ അഗ്‌നിയെ ദുഷിപ്പിക്കുകയും വാതദോഷത്തെ കോപിപ്പിക്കുകയും ചെയ്യും. വാതം കോപിക്കുമ്പോള്‍ സ്വാഭാവികമായും കുടലുകളുടെ ചലനം വിഷമഗതിയിലാകും. അതിസാരം മാനസിക കാരണങ്ങളാലുമുണ്ടാകും. ഭയം, ദുഃഖം എന്നിവ ഇവിടെ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ രോഗത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താന്‍, ലക്ഷണങ്ങളുടെ വൈവിധ്യംകൊണ്ട് പെട്ടെന്ന് കഴിഞ്ഞു എന്നുവരില്ല. ഇതേ ലക്ഷണങ്ങളുള്ള മറ്റനേകം രോഗങ്ങള്‍ ഉണ്ടുതാനും. അതിനാല്‍, ഗൗരവമേറിയ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.

വയറുവേദനയും വയറിന്റെ അടിഭാഗത്ത് പ്രത്യേകിച്ചും അനുഭവപ്പെടുന്ന അസ്വസ്ഥതകളും മലശോധനയിലെ അസ്വാഭാവികതകളും കൂടി വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണിത്. മലബന്ധവും വയറിളക്കവും ഇടകലര്‍ന്ന് പ്രത്യക്ഷപ്പെടുന്നു. മലത്തിലൂടെയുള്ള കഫസ്രവവും മലശോധന കഴിഞ്ഞാലും പൂര്‍ണ തൃപ്തി അനുഭവപ്പെടാത്തതും മല വിസര്‍ജനത്തിന് മുമ്പ് ഉണ്ടാകുന്ന വയറുകൊളുത്തിപ്പിടിക്കുന്നതുപോലുള്ള വേദനയും വയറുവീര്‍പ്പും 'ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' എന്ന രോഗാവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്ന മറ്റുചില പ്രധാന ലക്ഷണങ്ങളാണ്. കൂടാതെ പേശീവേദനയും ലൈംഗികക്ഷീണവും മൂത്രസംബന്ധിയായ അസ്വസ്ഥതകളും മാനസികവിഭ്രാന്തിയും അനുബന്ധ അവസ്ഥകളാണ്.

ഉദരത്തിലെ അസ്വസ്ഥതകള്‍ മലവിസര്‍ജനം ഉണ്ടായാല്‍ താത്കാലികമായി ശമിക്കും. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുകില്‍ അതിസാര പ്രധാനമോ അല്ലെങ്കില്‍ മലബന്ധ പ്രധാനമോ ആകാം. രണ്ടിലും മലം ഇളകിപ്പോകുന്നതും മലം ശക്തിയായി മുറുകിപ്പോകുന്നതും നാടപോലെ മലം സ്രവിക്കുന്നതും മാറിമാറി രോഗിയില്‍ സംഭവിക്കുന്നു. രാവിലെ എണീറ്റാല്‍ രണ്ടുമൂന്ന് തവണ കക്കൂസില്‍ പോകേണ്ടിവരും. ആഹാരം എപ്പോള്‍ കഴിച്ചാലും ഉടന്‍ കക്കൂസില്‍ പോകണമെന്ന തോന്നല്‍ രോഗിക്കുണ്ടാകും. ഈ രോഗം മിക്കവരിലും ആരംഭിക്കുന്നത് പനിയും ഛര്‍ദിയും വയറിളക്കവുമായിട്ടായിരിക്കും. ചിലരില്‍ ഉദരത്തിന്റെ അടിഭാഗത്ത് വേദന തുടര്‍ച്ചയായി നിലനില്‍ക്കാം. ചിലപ്പോള്‍ വേദന അസഹനീയവുമാകും.

ഈ വേദന ആഹാരം കഴിച്ചാല്‍ കൂടുകയും മലവിസര്‍ജനം ഉണ്ടായാല്‍ താത്കാലികമായി ശമിക്കുകയും ചെയ്യാം. ചിലപ്പോള്‍ വേദനയില്ലാതെ തന്നെ വയറിളക്കം സംഭവിക്കാം. ഇത് പലതവണ ആവര്‍ത്തിക്കുകയും തുടര്‍ന്ന് മലബന്ധം ഉണ്ടാവുകയും ചെയ്‌തേക്കാം. കഫത്തോടുകൂടി വളരെ ഉറച്ച മലമായിരിക്കും ഈ അവസരത്തില്‍ വിസര്‍ജിക്കുക. വയര്‍ വല്ലാതെ വീര്‍ത്ത് വിമ്മിട്ടം ഉണ്ടാകുകയും വയറിലെ കുടലിന്റെ ചലനം രോഗിക്ക് അനുഭവവേദ്യമാകുകയും ചെയ്യും. ഒപ്പം മനംപിരട്ടല്‍, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം എന്നിവയും ഉണ്ടാകും.

ദഹനപ്രക്രിയയില്‍ വ്യക്തിയുടെ മാനസികാവസ്ഥയ്ക്ക് സുപ്രധാന പങ്കാണുള്ളത്. ഹിതവും മിതവും ആയ ആഹാരം കൃത്യസമയത്തുതന്നെ കഴിക്കുന്ന വ്യക്തിയായാലും ചിന്ത, ശോകം, ഭയം, ക്രോധം, കടുത്ത ആകാംക്ഷ എന്നീ വികാരങ്ങള്‍ക്ക് വിധേയനെങ്കില്‍ കഴിച്ച ആഹാരം വേണ്ടരീതിയില്‍ ദഹിക്കുകയില്ല.

ദഹനശക്തി വര്‍ധിപ്പിക്കുന്നതും വാതാനുലോമനവും പിത്തശമനവും മനോ അനുകൂലങ്ങളുമായ ഔഷധങ്ങളാണ് ഈ രോഗത്തില്‍ പ്രയോജനപ്പെടുത്തേണ്ടത്. കാളശാകാദി കഷായം, മുസ്തകരഞ്ജാദി കഷായം, മധുകാസവം, മുസ്താരിഷ്ടം, അഹിഫേനാസവം, സേതുബന്ധം ഗുളിക, ഡാഡിമാഷ്ടക ചൂര്‍ണം തുടങ്ങി ധാരാളം മരുന്നുകള്‍ ഈ രോഗത്തിനുണ്ട്.

വിരുദ്ധാഹാരങ്ങള്‍ വര്‍ജിക്കണം. തണുത്ത ആഹാര പാനീയങ്ങളും എരിവ്, മസാലകള്‍ എന്നിവയും വര്‍ജിക്കണം. ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോമില്‍ ചില പ്രത്യേക ഭക്ഷ്യവസ്തുക്കള്‍ രോഗം വര്‍ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ചോക്ലേറ്റ്, പാല്‍, മദ്യം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഭൂരിഭാഗം രോഗികളിലും കുടുംബപ്രശ്‌നങ്ങളോ മനഃസംഘര്‍ഷങ്ങളോ ഒക്കെ അവരുടെ രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാം. ശരീരത്തിന്റെ തൂക്കം കുറയുന്നതും മലത്തിലൂടെ രക്തം സ്രവിക്കുന്നവരും വയറുവേദന ക്രമാനുഗതമായി വര്‍ധിക്കുന്നവരും അര്‍ബുദ പാരമ്പര്യം ഉള്ള രോഗികളും പ്രത്യേകം ശ്രദ്ധിക്കണം.

ഫാറ്റിലിവര്‍ ചെറുപ്പക്കാരുടെ രോഗം


കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവര്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു കരള്‍ രോഗമാണ്. പ്രമേഹവും രക്താതിസമ്മര്‍ദവുമൊക്കെ ശരീരത്തെ ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളാണെങ്കില്‍, കരളിനെ ബാധിക്കുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍ എന്നുപറയാം. 

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന ഫാറ്റിലിവര്‍, ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. രോഗങ്ങളുടെ കൂട്ട ആക്രമണമായ മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഭാഗമായി ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. രക്താതിസമ്മര്‍ദം, അമിത കൊഴുപ്പ്, പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രമേഹം തുടങ്ങിയവയാണ് മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഉപഘടകങ്ങള്‍.

മദ്യപാനമാണ് ഫാറ്റി ലിവറിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. തുടര്‍ച്ചയായി മദ്യപിക്കുന്ന 90 ശതമാനമാളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇവരില്‍ പത്തുമുതല്‍ ഇരുപത് ശതമാനം വരെ മദ്യപര്‍ ഹെപ്പറ്റൈറ്റിസ് എന്ന കൂടുതല്‍ ഗുരുതരമായ കരള്‍ രോഗത്തിലേക്ക് പുരോഗമിക്കുന്നു.

പോഷകാഹാരക്കുറവ്, സ്റ്റീറോയ്ഡ് അടക്കമുള്ള ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, ദീര്‍ഘകാല ഉദരരോഗങ്ങള്‍, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ ഇവയെ തുടര്‍ന്നെല്ലാം ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായി പട്ടിണികിടക്കുന്നതും ഫാറ്റി ലിവറിനുള്ള മറ്റൊരു കാരണമാണ്.

ഇന്‍സുലിന്‍ പ്രതിരോധമുള്ള വ്യക്തികളില്‍ കരളിലെ കോശങ്ങളിലേക്ക് കൂടുതല്‍ കൊഴുപ്പ് എത്തുകയുംഅതിനനുസരിച്ച് കോശങ്ങളില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണ് ഫാറ്റി ലിവറിന്റെ അടിസ്ഥാന കാരണം. തുടര്‍ന്ന് കരളിന് നീര്‍വീക്ക മുണ്ടാകുകയും കരളിലെ കോശങ്ങള്‍ക്ക് ചുറ്റുമായി നീര്‍വീക്കകോശങ്ങള്‍ വന്നു നിറയുകയും ചെയ്യുന്നു. രോഗം പുരോഗമിക്കുകയാണെങ്കില്‍ സിറോസിസ് എന്ന മാരകമായ കരള്‍രോഗമുണ്ടാകാനിടയുണ്ട്.

മദ്യപിച്ചില്ലെങ്കിലും രോഗം വരും

രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഫാറ്റി ലിവര്‍ രണ്ടു തരത്തിലുണ്ട്. കരളില്‍ അല്പം കൊഴുപ്പടിഞ്ഞുകൂടി എന്നതൊഴിച്ചാല്‍ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അവസ്ഥയെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്ന് വിളിക്കുന്നു. എന്നാല്‍ കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടൊപ്പം തന്നെ കരളില്‍ നീര്‍വീക്കമുണ്ടാകുന്ന കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (നാഷ്) എന്ന് വിളിക്കുന്നു.

ഫാറ്റിലിവര്‍ പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛിമായി ഒരു വൈദ്യപരിശോധനയ്ക്കിടയിലായിരിക്കും കരളിന് വീക്കമുണ്ടെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ചിലര്‍ക്ക് ക്ഷീണം, വയറിന്റെ വലതുവശത്തായി വേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. അപൂര്‍വമായി ഗുരുതരമായ കരള്‍രോഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്.

രക്തപരിശോധനയില്‍ (ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) എ.എല്‍.ടി., എ.എസ്.ടി. തുടങ്ങിയ എന്‍സൈമുകള്‍ ഉയര്‍ന്ന അളവില്‍ കാണാനിടയുണ്ട്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ കരളിന്റെ വലിപ്പത്തെക്കുറിച്ചും രോഗത്തിന്റെ സ്ഥിതിയെക്കുറിച്ചും കൂടുതല്‍ വ്യക്തമായ സൂചനകള്‍ ലഭിക്കും. കരളിന്റെ കോശങ്ങള്‍ക്കുണ്ടായ നാശത്തെക്കുറിച്ച് മനസ്സിലാക്കാനായി ബയോപ്‌സി പരിശോധനയും വേണ്ടിവന്നേക്കാം. രോഗനിയന്ത്രണത്തിന് ജീവിതശൈലിയുടെ പുനഃക്രമീരണമാണ് പ്രധാനം. ചില മരുന്നുകള്‍ ഭാഗികമായി ഫലം ചെയേ്തക്കാം. യു.ഡി.സി.എ. (അര്‍സോ ഡിയോക്‌സി കോളിക് ആസിഡ്), മെറ്റ്‌ഫോര്‍മിന്‍ ഇന്‍സുലിന്‍ സെന്‍സിറ്റൈസുകള്‍ തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകള്‍.

രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കൃത്യമായി വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കണം. പ്രതിദിനം 30-40 മിനിറ്റെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. നടത്തം, ജോഗിങ്, സൈക്കിളിങ്, നീന്തല്‍ തുടങ്ങിയവ നല്ല വ്യായാമമുറകളാണ്. ക്രമമായ വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നു. ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിച്ച് പ്രമേഹസാധ്യത കുറയ്ക്കുന്നു. മദ്യപാനശീലം പരിപൂര്‍ണമായും ഒഴിവാക്കണം. മദ്യപാനം ഒഴിവാക്കിയാല്‍ ഉണ്ടായ ഫാറ്റി ലിവര്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍തന്നെ പൂര്‍ണമായും ഭേദമാകുമെന്നതാണ് ആശ്വാസകരമായ വസ്തുത. ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പും കുറയ്ക്കണം. പഴങ്ങളും പച്ചക്കറിയും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രമേഹവും കൊളസ്‌ട്രോളിന്റെ പ്രശ്‌നങ്ങളുമുള്ളവര്‍ രോഗം കൃത്യമായും നിയന്ത്രിച്ചു നിര്‍ത്തണം.

അര്‍ശസ്സെന്ന മഹാരോഗം


ആയുര്‍വേദം എട്ട് മഹാരോഗങ്ങളില്‍ ഒന്നായി അര്‍ശസ്സിനെ കണക്കാക്കുന്നു. ചികിത്സിച്ചു മാറ്റാന്‍ പ്രയാസം ഉള്ളവ, തുടര്‍ന്ന് നില്‍ക്കുന്നവ, അനേകം ഉപദ്രവങ്ങളുണ്ടാക്കുന്നവ, മറ്റു രോഗങ്ങള്‍ക്ക് കാരണമായവ തുടങ്ങിയ പ്രത്യേകതകളുള്ളവയാണ് മഹാരോഗങ്ങള്‍.

വന്‍കുടലിന്റെ അവസാനഭാഗമായ ഗുദത്തിലെ പ്രവാഹിണി, വിസര്‍ജിനി, സംവരണി എന്നീ പേശികളെ ആശ്രയിച്ചാണ് ഈ രോഗം ഉണ്ടാകുന്നത്.

ഗുദത്തില്‍ കുറ്റികള്‍ അല്ലെങ്കില്‍ ആണികള്‍പോലുള്ള മാംസവളര്‍ച്ച ഉണ്ടാക്കി കാലക്രമത്തില്‍ അവ മലദ്വാരത്തെ അടച്ചുകളയും. ശത്രുക്കളെപ്പോലെ ജീവികളെ പീഡിപ്പിക്കുന്നതിനാലാണ് അര്‍ശസ്സെന്ന പേരുതന്നെ നല്കിയിരിക്കുന്നത്.
ദഹനമില്ലായ്മയും മലബന്ധവും ആണ് അര്‍ശസ്സിന്റെ അടിസ്ഥാന കാരണങ്ങള്‍. ദഹനമില്ലായ്മ, മലബന്ധം ഇവയുള്ളപ്പോള്‍ വളരെനേരം മലപ്രവര്‍ത്തിക്കുവേണ്ടിശക്തമായി മുക്കുക, കുലുക്കമുള്ള വാഹനങ്ങളിലും മൃഗങ്ങളുടെ പുറത്തുംകയറി അധികം സഞ്ചരിക്കുക, ക്രമംവിട്ട ലൈംഗികബന്ധത്തിലേര്‍പ്പെടുക, വിവിധ കാരണങ്ങളാല്‍ മലദ്വാരം മുറിയുക, മലദ്വാരത്തിന് സംഭവിക്കുന്ന ക്ഷതങ്ങള്‍, ഗര്‍ഭിണിയില്‍ കുട്ടിയുടെ കിടപ്പുമൂലം രക്തക്കുഴലുകളില്‍ സമ്മര്‍ദമുണ്ടാകുക, കഷ്ടപ്രസവം തുടങ്ങിയ കാരണങ്ങള്‍ അര്‍ശസിനുള്ള സാധ്യത കൂട്ടുന്നു. ചുരുക്കത്തില്‍ ഗുദപേശികളിലെ സിരകള്‍ക്കുണ്ടാകുന്ന അധിക സമ്മര്‍ദം മൂലം അര്‍ശസ്സുണ്ടാവുന്നു. ഇരുന്നു ജോലിചെയ്യുന്നവരിലും വാഹനം ഓടിക്കുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നു.

രോഗം പ്രകടമാക്കുന്നതിനു മുമ്പുതന്നെ ദഹനവൈഷമ്യത്തിന്റെ വിവിധ ലക്ഷണങ്ങള്‍ രോഗിയില്‍ കാണുന്നു. ഗുദങ്കുരങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്നു. രോഗി വാടി ക്ഷീണിച്ചു ബലമില്ലാത്തവനായി കാണപ്പെടുന്നു. ചുമ, ശ്വാസംമുട്ടല്‍, നീരിളക്കം, പനി, വായ കയ്പ് തുടങ്ങി ഇതര ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

ദഹനത്തെ വര്‍ധിപ്പിക്കുന്നതും മലശോധന ഉണ്ടാക്കുന്നതും വായുവിനെ അനുലോമിപ്പിക്കുന്നതും ദേഹപുഷ്ടികരമായതുമായ ഔഷധങ്ങള്‍ ചികിത്സയില്‍ ഉപയോഗിക്കുന്നു. രക്താര്‍ശസ്സില്‍ രക്തസ്തംഭനമായ ചികിത്സകൂടി ചെയ്യുന്നു.
രോഗത്തിന്റെയും രോഗിയുടെയും അവസ്ഥ അനുസരിച്ച് ഉള്ളിലേക്ക് കഴിക്കാവുന്ന മരുന്നുകള്‍, ശസ്ത്രക്രിയകള്‍, കരിച്ചു കളയല്‍, ക്ഷാരപ്രയോഗങ്ങള്‍ ഇവ ചികിത്സയിലുള്‍പ്പെടുത്തിയിരിക്കുന്നു. ആന്തരികമായ ഔഷധ ഉപയോഗം, അര്‍ശോ അങ്കുരങ്ങളില്‍ ലേപനങ്ങള്‍, ക്ഷാരസൂത്ര പ്രയോഗംകൊണ്ട് കരിച്ചുകളയുക എന്നീ ചികിത്സകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്.

തുടങ്ങിയിട്ട് അധികകാലമായിട്ടില്ലാത്തവയും അധിക ലക്ഷണങ്ങളും ഉപദ്രവങ്ങളില്ലാത്തവയും മരുന്നുകള്‍കൊണ്ട് മാറ്റാം. കൂടാതെ അര്‍ശോ അങ്കുരങ്ങളുടെ കട്ടി കുറച്ച്, മൃദുത്വം ഉള്ളതാക്കാനുള്ള വിവിധ ധാരകള്‍, പുക ഏല്പിക്കുക, ഔഷധ സംസിദ്ധമായ ജലത്തില്‍ ഇറങ്ങിയിരിക്കുക, വേദനയ്ക്കുള്ള വിവിധ കിഴികള്‍, രക്തം ചോര്‍ത്തിക്കളയുക തുടങ്ങി അനേകം പ്രാദേശിക ചികിത്സകള്‍ ചെയ്തുവരുന്നുണ്ട്. ഗന്ധര്‍വഹസ്താദികഷായം, ചിരുവില്വാദികഷായം, അഭയാരിഷ്ടം, ദന്ത്യരിഷ്ടം, ദുരാലഭാരിഷ്ടം, ആമലകാരിഷ്ടം, കുടജാരിഷ്ടം, കുടജാവലേഹം, കങ്കായനലേഹ്യം, കങ്കായനവടി, ബാഹുശാലഗുളം, ദശമൂല ഹരിതകി, ഹിംഗുവചാദി ചൂര്‍ണം, വൈശ്വാനര ചൂര്‍ണം, ഇന്‍ഗുല്വാസവം, കരഞ്ജശുക്തം, ചൂതികശുക്തം, ഗന്ധീരകാഞ്ചികം, കല്യാണക്ഷാരം, കങ്കായനക്ഷാരം തുടങ്ങിയവ അര്‍ശോ ചികിത്സയിലെ പ്രശസ്ത ഔഷധയോഗങ്ങള്‍ ആണ്. ഉണങ്ങിയിരിക്കുന്ന അര്‍ശസ്സുകളില്‍ ചേര്‍ക്കുരു ചേര്‍ത്തുണ്ടാക്കുന്ന ഔഷധങ്ങളും ഒലിപ്പോടുകൂടിയ അര്‍ശോ വികാരങ്ങളില്‍ കുടകപ്പാലത്തൊലി ചേര്‍ന്ന ഔഷധങ്ങളും ആണ് ഉത്തമം. മോരും മോരില്‍ ചേര്‍ത്തുപയോഗിക്കുന്ന ഔഷധങ്ങളും എല്ലാകാലത്തും എല്ലാ അവസ്ഥകളിലും പ്രയോജനകരമാണ്.

ഉഷ്ണവീര്യങ്ങളും മലബന്ധത്തെ ഉണ്ടാക്കുന്നവയും ആയ ആഹാരങ്ങള്‍ രോഗത്തെ വര്‍ധിപ്പിക്കുന്നു. കോഴിമുട്ട, കോഴിഇറച്ചി, കൊഞ്ച്, ചെമ്മീന്‍ വറുത്തരച്ചതും മസാല ഏറെച്ചേര്‍ത്തതുമായ കറികള്‍, തൈര്, ഉണക്കമീന്‍, കൂര്‍ക്ക, കാബേജ്, പോത്തിറച്ചി, പുളിപ്പിച്ച ആഹാരസാധനങ്ങള്‍ ഇവ അര്‍ശോ രോഗികള്‍ അധിക അളവിലും തുടര്‍ച്ചയായും ഉപയോഗിക്കരുത്.
മോര്, ചേന, പടവലം, കുമ്പളം, വെള്ളരി, തക്കാളി, നെല്ലിക്ക, മുന്തിരിങ്ങ, ചുവന്നുള്ളി, വശളച്ചീര ഇവ ഉപയോഗിക്കുന്നത് നല്ലതാണ്.

ഒറ്റമൂലികള്‍

1. ചുവന്നുള്ളി മാംസരസത്തിലോ, കറിയിലോ, മോരിലോ നെയ്യില്‍ മൂപ്പിച്ച് ചോറില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് അധികമായ രക്തപ്രവാഹത്തെ ശമിപ്പിക്കും.
2. ജലത്തില്‍ കാണുന്ന നത്തയ്ക്ക (ഞവുണിക്ക) തീയില്‍ ചുട്ട് തോടുപൊട്ടിച്ച് മാംസം നെയ്യില്‍ വറുത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
3. കദളിപ്പഴം അരിഞ്ഞ് പശുവിന്‍ നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
4. കാട്ടുചേന കഴുകി മോരില്‍ പുഴുങ്ങി ഇരുമ്പുതൊടാതെ അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
5. താറാവിന്‍ മുട്ട പുഴുങ്ങി ഉപ്പിലിട്ടുവെച്ച് അല്പം കുരുമുളകു ചേര്‍ത്ത് കഴിക്കുക.
6. മുക്കുറ്റിനീരൊഴിച്ചു താറാവിന്‍ മുട്ട പൊരിച്ച് കഴിക്കുന്നത് രക്തസ്രാവത്തെ കുറയ്ക്കും.
7. താറാവിന്‍ മുട്ട, ബ്രഹ്മി ചതച്ചിട്ട വെള്ളത്തില്‍ തലേ ദിവസം ഇട്ടുവെച്ച് പിറ്റേന്നു കഴിക്കുക.
8. മുക്കുറ്റി 15 ഗ്രാം അരച്ചുകലക്കി മോരില്‍ കഴിക്കുക.
9. മുറിവെണ്ണ കാലത്തുതന്നെ മലദ്വാരത്തില്‍ പുരട്ടുക. ജാത്യാദി എണ്ണ, നല്ലെണ്ണ ഇവയും മലദ്വാരത്തില്‍ പുരട്ടുക. രക്താര്‍ശസ്സില്‍ മുറിവെണ്ണ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
10. കടുക്ക തല്ലിപ്പൊട്ടിച്ച് മോരിലിട്ടു വെച്ചിരുന്ന് (കാലത്ത് ഇട്ടുവയ്ക്കണം) രാത്രി കിടക്കാന്‍ നേരം കഴിക്കുക. മലബന്ധമില്ലാതാക്കും. മുക്കണ്ണപെരുകില്‍ സമൂലം മോരില്‍ പുഴുങ്ങി കഴിക്കുക.
11. കടുത്ത മലബന്ധത്തിന് ചുന്നാമുക്കി, ഉണക്ക മുന്തിരിങ്ങ ഇവ 5 ഗ്രാം വെള്ളത്തില്‍ തിളപ്പിച്ച് രാത്രി കഴിക്കുക.
12. ത്രിഫലചൂര്‍ണം രാത്രി മോരില്‍ കഴിക്കുക.(ഒരു ടീസ്പൂണ്‍ കലങ്ങാന്‍ മാത്രം മോരില്‍).
13. കാരെള്ള് ചവച്ചുതിന്ന് മീതെ പച്ചവെള്ളം കുടിക്കുക.
14. ചുവന്നുള്ളിയും തുളസിയിലയും ചേര്‍ത്തുണ്ടാക്കിയ കഞ്ഞിയില്‍ എണ്ണയില്‍ കറിവേപ്പില വറുത്തിട്ട് നെയ്യ് ചേര്‍ത്തുപയോഗിക്കുക. രക്താര്‍ശസ്സ് ശമിക്കും.
15. ഉങ്ങിന്റെ ഇല നെയ്യില്‍ വരട്ടി മലര്‍പ്പൊടി തൂവി കാലത്ത് ഭക്ഷണമായി കഴിക്കുക.
ചുവന്നുള്ളി വറുത്ത് മുറിവെണ്ണയില്‍ വഴറ്റി കിഴികെട്ടി മലദ്വാരത്തില്‍ കിഴിവെക്കുന്നത് അതികഠിനമായ വേദനയെപ്പോലും ശമിപ്പിക്കും. ഈ കിഴിതന്നെ വെളിച്ചെണ്ണയിലും എള്ളെണ്ണയിലും വഴറ്റി ഉപയോഗിക്കാം.

ഓറല്‍ കാന്‍സര്‍

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍
ലക്ഷണങ്ങള്‍

ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍.

· ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം
· സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്.
· നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക
· സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല( അര്‍ബുദം പുരോഗമിക്കുമ്പോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും).
· വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും.

രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍

1. വായില്‍ അസാധാരണമായ രുചി
2. വായില്‍ കുരുക്കള്‍
3. വിഴുങ്ങാനുള്ള പ്രയാസം
4. നാവിന്റെ പ്രശ്‌നങ്ങള്‍

ചികില്‍സ

അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച് തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും. 

കാരണങ്ങള്‍

ചുണ്ട്, നാവ് എന്നീ ഭാഗങ്ങളിലെ കലകളെയാണ് സാധാരണ ഓറല്‍ കാന്‍സര്‍ ബാധിക്കുക. വായയുടെ താഴ്ഭാഗം, കവിളിന്റെ ഉള്‍ഭാഗം, മോണ, വായുടെ മേല്‍ഭാഗം എന്നിവിടങ്ങളിലും കാന്‍സര്‍ കാണപ്പെടാറുണ്ട്. അധികം ഓറല്‍ കാന്‍സറുകളും മൈക്രോസ്‌കോപിക് പരിശോധനയില്‍ ഒരുപോലെയാണ് കാണപ്പെടാറ്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഇവയെ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്നുവിളിക്കുന്നു.

70-80 ശതമാനം ഓറല്‍ കാന്‍സറുകളും പുകവലിയും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സിഗററ്റ്, ബീഡി, പൈപ്പ് എന്നിവയില്‍ നിന്നുള്ള പുകയും ചൂടും വായിലെ ശ്‌ളേഷ്മ സ്ഥരത്തിന് കോടുപാടുകളുണ്ടാക്കും. ശ്‌ളേഷ്മ സ്ഥരവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതിനാല്‍ പുകയില ചവക്കുന്നതും പൊടിവലിക്കുന്നതും പ്രശ്‌നമുണ്ടാക്കും.

ഓറല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊന്ന് അമിത മദ്യപാനമാണ്. ദന്ത, വായ ശുചിത്വം പാലിക്കാത്തത്, പല്ലുകള്‍ പൊട്ടുന്നതും പോട് അടക്കുന്നതും മറ്റും മൂലം ഉണ്ടാകുന്ന സ്ഥിരമായ അസ്വസ്ഥത തുടങ്ങിയവയാണ് കാന്‍സറിന് കാരണമായേക്കാവുന്ന മറ്റു സാധ്യതകള്‍. ചില കാന്‍സറുകള്‍ ലൂക്കോപഌക്കിയ, വായ് പുണ്ണ് തുടങ്ങിയവയായിട്ടാണ് തുടങ്ങുക. അപകടകരമായ വളര്‍ച്ചകളില്‍ എട്ടു ശതമാനം അര്‍ബുദമാകാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത ഇരട്ടിയാണ്, പ്രത്യേകിച്ച് 40 നു മുകളില്‍ പ്രായമുള്ളവരില്‍.

പരിശോധനയും രോഗനിര്‍ണ്ണയവും
ഒരു ഡോക്ടറോ ഡെന്റിസ്റ്റോ നടത്തുന്ന വായ പരിശോധനയിലൂടെ ചുണ്ടിലോ, നാക്കിലോ, വായയുടെ മറ്റുഭാഗങ്ങളിലോ ദൃശ്യമാകുന്ന വൃണങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്താനാവും.അര്‍ബുദം വലുതാകുമ്പോള്‍ അള്‍സറായി മാറാനും രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്. അര്‍ബുദം നാവിലാണെങ്കില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ചവക്കാനുള്ള പ്രയാസം, വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാവിന്റെയും മോണയുടെയും ബയോപ്‌സി, വ്രണത്തിന്റെ മൈക്രോസ്‌കോപ്പിക് പരിശോധന എന്നിവയിലൂടെ കാന്‍സര്‍ രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനാകും.

രോഗപൂര്‍വ്വ നിരൂപണം
ഓറല്‍ കാന്‍സര്‍ രോഗികളില്‍ 50 ശതമാനം പേര്‍ക്കും രോഗനിര്‍ണ്ണയത്തിനും ചികില്‍സയ്ക്കും ശേഷം അഞ്ച് വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയാറുണ്ട്. മറ്റു കലകളിലേക്ക് അര്‍ബുദം വ്യാപിക്കുന്നതിന് മുമ്പ് നേരത്തേ കണ്ടെത്താനായാല്‍ 75 ശതമാനത്തോളം ഭേദമാക്കാനാവും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ 50 ശതമാനം ഓറല്‍ കാന്‍സറും കണ്ടെത്തുമ്പോള്‍ വൈകിയിരിക്കും. അധികവും തൊണ്ടയിലേക്കും കഴുത്തിലേക്കും വ്യാപിച്ച് കഴിഞ്ഞിരിക്കും. ഓറല്‍ കാന്‍സര്‍ രോഗികളില്‍ 25 ശതമാനവും മരണപ്പെടുന്നത് രോഗം കണ്ടെത്തുന്നതും ചികില്‍സിക്കുന്നതും വൈകുന്നതുമൂലമാണ്. 

പ്രോസ്റ്റേറ്റ്ഗ്രന്ഥിയും രോഗബാധയും

പുരുഷ ലൈംഗികാവയവങ്ങളിലുള്‍പ്പെട്ട പ്രോസ്റ്റേസ്റ്റ് ഗ്രന്ഥി, സംയോജിതകലകളും പേശികളും ചേര്‍ന്നു രൂപംപ്രാപിച്ചിട്ടുള്ളതാണ്. പുരുഷന്മാരില്‍ മാത്രം കാണപ്പെടുന്നതുകൊണ്ടാകാം അതിനു 'പൗരുഷഗ്രന്ഥി' എന്ന പേരും ഉണ്ട്. ലൈംഗികപ്രജനനവുമായി ബന്ധപ്പെട്ട ധര്‍മമാണിതിനുള്ളത്. പുരുഷബീജത്തിനു പോഷണം നല്‍കുകയും യോനീനാളത്തില്‍ ഉണ്ടായേക്കാവുന്ന അമ്ലത്തെ നശിപ്പിച്ച് പുരുഷബീജത്തിനു സുരക്ഷിതമായി അണ്ഡത്തോട് സംയോജിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് ഇതിന്റെ മുഖ്യധര്‍മം. നേര്‍ത്ത പാല്‍നിറത്തിലുള്ള ക്ഷാരസ്വഭാവത്തോടു കൂടിയ 'ശുക്ലവസ്തു' എന്ന ദ്രാവകം ഇതിലേക്കായി പ്രോസ്റ്റേസ്റ്റ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു. ബീജങ്ങളുടെ ചലനശേഷി കൂട്ടാനും മൂത്രനാളിയെ വഴുവഴുപ്പുള്ളതാക്കി അണുബാധ തടയാനും ഇതു പ്രയോജനപ്പെടും.

പൗരുഷഗ്രന്ഥി വീക്കം (Prostatitis), പൗരുഷഗ്രന്ഥിയിലെ അര്‍ബുദം (Prosate Cancer) എന്നീ രണ്ട് രോഗങ്ങളാണു പ്രധാനമായും ഈ അവയവത്തെ ബാധിച്ചുകാണുന്നത്. പൗരുഷഗ്രന്ഥി വീക്കം എന്നത് ഈ അവയവത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെ സൂചിപ്പിക്കുന്നു. ഇതു അണുബാധ നിമിത്തവും അല്ലാതെയും സംഭവിക്കാം. അണുബാധ നിമിത്തമല്ലാതെ ഉണ്ടാകുന്ന വീക്കം രണ്ടുതരം ഉണ്ട്. കന്‍ജസ്റ്റീവ് പ്രോസ്റ്റേറ്റൈറ്റിസ് (Congestive Prostatitics) എന്നും പ്രോസ്റ്റോറ്റോ ഡൈനിയ (Prostato Dynia) എന്നും. ശുക്ലത്തിലെത്തപ്പെടേണ്ട പാല്‍നിറത്തിലുള്ള ശുക്ല വസ്തു എന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിസ്രാവം പുറത്തേക്കു ശ്രവിക്കാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ത്തന്നെ കെട്ടിനില്‍ക്കുന്നതാണ് 'കണ്‍ജസ്റ്റീവ് പ്രോസ്റ്റേറ്റൈറ്റിസ്'. ഭഗാസ്ഥികളില്‍ (Pelvic Bone)നിന്നോ ഭഗപേശികളില്‍ നിന്നോ വേദന ഉദ്ഭവിച്ച് അസഹനീയമായിതീരുന്ന അവസ്ഥയാണ് 'പ്രോസ്റ്റോസ്റ്റോഡൈനിയ'. മലാശയത്തിനുണ്ടാകുന്ന രോഗങ്ങളില്‍നിന്നും ഇതു സംഭവിക്കാം.

'ബിനൈന്‍ പ്രോസ്റ്റോസ്റ്റിക് ഹൈപ്പര്‍ പ്ലാസീയ' (Benign Prostatic Hyperplasia) എന്ന അവസ്ഥ അര്‍ബുദവുമായി ബന്ധമില്ലാത്ത പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കമാണ്. ഈ രോഗം 43 ശതമാനവും 60 വയസ്സിന് മുകളിലുള്ള പ്രായക്കാരിലാണ് കണ്ടുവരുന്നത്. ദീര്‍ഘായുസ്സോടെയിരിക്കുന്നവരില്‍ ഏറിയപങ്കിലും ഈ രോഗം ബാധിക്കുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ചില സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടാകാം 'വൃദ്ധരുടെ രോഗം' എന്ന് ഇതിനെ പറയുന്നത്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പ്രാരംഭദശയില്‍ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടു എന്നുവരില്ല. വളരെ പതുക്കെ മാത്രം പുരോഗതി പ്രാപിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. ഇത്തരം അര്‍ബുദം ബാധിക്കുവാനുള്ള കാരണം ഇനിയും വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. പാരമ്പര്യത്തിനു ഇതുമായി അഭേദ്യമായ ബന്ധം ഉണ്ട്. അച്ഛനും സഹോദരനും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, രോഗബാധക്കുള്ള സാധ്യത രണ്ടിരട്ടിയാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അമ്പതു വയസ്സു കഴിയുന്നതോടെ വേഗത്തില്‍ പുരോഗതി പ്രാപിക്കാന്‍ തുടങ്ങും. ഏതാണ്ട് അറുപത് ശതമാനം ഇത്തരം അര്‍ബുദങ്ങളും അറുപത് വയസ്സിന് ശേഷമാണ് കണ്ടെത്താനാകുന്നത്.

പ്രോസ്റ്റേറ്റ് ഗ്രന്ഥി ക്രമാതീതമായി വലുതാകുകയും ഉറപ്പുള്ളതായിത്തീരുകയും ചെയ്താല്‍ മൂത്രവിരേചന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന 'മൂത്രഗ്രന്ഥി' (Prostatitis)എന്ന രോഗമാണെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. മൂത്രാശയമുഖത്തിന്റെ അധോഭാഗത്ത് അശ്മരിക്കു തുല്യമായി വേദനയോടെ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമാണ് 'മൂത്രഗ്രന്ഥി' എന്നാണ് ആയുര്‍വേദത്തിലെ വിവരണം.

മൂത്രസ്രവണം സംബന്ധിച്ച ബുദ്ധിമുട്ടുകളും വേദനയുമാണു മൂത്രഗ്രന്ഥി അഥവാ പൗരുഷ ഗ്രന്ഥി വീക്കത്തിലെ മുഖ്യ ലക്ഷണങ്ങള്‍. പ്രത്യേകിച്ചും രാത്രിയിലായിരിക്കും ഈ പ്രയാസങ്ങള്‍ കൂടുതലായനുഭവപ്പെടുക. മൂത്രം ഒഴിക്കുന്ന സമയത്ത് വേദനയും നീറ്റലും അനുഭവപ്പെടും. മൂത്രം ഒഴിച്ചുതുടങ്ങാന്‍തന്നെ രോഗി ഏറെ ആയാസപ്പെടേണ്ടിവരും. ഒരിക്കല്‍ ഒഴിച്ചുതുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസമാകും. പനിയും കുളിരും നടുവിനും തുടകളുടെ ഊര്‍ധ ഭാഗത്തും വേദനയും ഉണ്ടാകും. ലിംഗത്തിലൂടെ തെളിവെള്ളംപോലെയോ ഇളം ചുവപ്പു നിറത്തോടുകൂടിയോ രക്തംതന്നെയോ സ്രവിച്ചേക്കാം. മൂത്രസഞ്ചിയില്‍ മൂത്രം കെട്ടിക്കിടക്കുന്ന അവസ്ഥയും അണുബാധയും ഉണ്ടാകാം. മൂത്രം സ്രവിച്ചുപോകുന്നതിന്റെ വേഗം മന്ദഗതിയിലാകും. ദൂരേക്ക് മൂത്രം പോകാതെ വസ്ത്രങ്ങളിലേക്കു വീഴാം. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ ടോയ്‌ലറ്റിനു പുറത്തുതന്നെ മൂത്രസ്രവണം സംഭവിക്കാം. ആഹാരത്തോട് താത്പര്യക്കുറവുണ്ടാകും. രോഗം പഴകുന്തോറും വൃക്കത്തകരാറും പ്രോസ്റ്റേറ്റ് ക്യാന്‍സറും ബാധിക്കാനുള്ള സാധ്യത കൂടുന്നു.

മൂത്രസ്രവണസംബന്ധമായ അസ്വസ്ഥകളോടെ ആരംഭിക്കുന്ന ഈ രോഗം വാര്‍ധക്യത്തിലെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുകയും മൂത്രനാളിയില്‍ സമ്മര്‍ദംചെലുത്തി സുഗമമായ മൂത്രപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമ്പോള്‍ രോഗമായിത്തീരുകയും ചെയ്യും. ഇതു ലൈംഗിക കാര്യക്ഷമതയേയും പ്രത്യുല്പാദന ശേഷിയേയും പ്രതികൂലമായി ബാധിക്കും.

മലമൂത്ര വിസര്‍ജനം യഥാസമയം നിര്‍വഹിക്കാതെ തടഞ്ഞുവക്കുകയോ ബലാല്ക്കാരമായി പുറപ്പെടുവിക്കുകയോ ചെയ്യുക, തുടര്‍ച്ചയായ ഉപവാസം, അമിതാധ്വാനം, അധികമായ ലൈംഗികവേഴ്ച, മദ്യം-മാംസം-പുകവലി ഇവയുടെ അമിതോപയോഗം, കയ്പും ചവര്‍പ്പും രസങ്ങളുള്ള ഭക്ഷണപാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം, കൊഴുപ്പേറിയ ഭക്ഷ്യവസ്തുക്കള്‍, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു കാരണമാകും. പച്ചക്കറികളും പഴവര്‍ഗങ്ങളും വളരെ കുറച്ചുമാത്രം ഉപയോഗപ്പെടുത്തുന്നവരില്‍ ഈ രോഗം കൂടുതലായി ബാധിച്ചുകാണുന്നുണ്ട്. കൊഴുപ്പ് കൂടുതലായടങ്ങിയ ഭക്ഷ്യവസ്തുക്കളും മസാലയും എരിവും അമിതമായുപയോഗപ്പെടുത്തുന്നവരിലും പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു സാധ്യത കൂടുതലാണ്.

ശരീരത്തിലെ ചില ഹോര്‍മോണുകള്‍ പ്രത്യേകിച്ച് ആന്‍ഡ്രോജന്റെ (Androgen) അളവ് വര്‍ധിക്കുന്നത് പൗരുഷഗ്രന്ഥിയിലെ ക്യാന്‍സറിനു കാരണമാകുന്നു. 

'പാര്‍ക്കിന്‍സ'ണ് ആയൂര്‍വേദം


ഓര്‍ക്കാപ്പുറത്ത് ഉറക്കത്തിന്റെ ആക്രമണം. പിന്നെ മണിക്കൂറുകള്‍ ബോധമില്ലാതെ ഉറങ്ങും. ഉണര്‍ന്നിരിക്കുമ്പോള്‍ വിഷാദരോഗികളെപ്പോലെ പെരുമാറുക. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമെങ്കിലും സ്വന്തം പരിസരത്തോട് പ്രതികരിക്കാനാവാതെ വരിക.പാര്‍ക്കിന്‍സണ്‍സിന്റെ ലക്ഷണങ്ങളില്‍ ചിലവയാണിത്.രണ്ടുതരം ലക്ഷണങ്ങളാണ് പാര്‍ക്കിന്‍സണ്‍ രോഗികളില്‍ കണ്ടുവരുന്നത്. ശരീരത്തിന്റെ ചലനശേഷി കുറയുകയും കാലംചെല്ലുന്തോറും പൂര്‍ണമായും നഷ്ടമാവുകയും ചെയ്യുകയാണ് ഒന്ന്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതുമൂലം ഉണര്‍വിലും പ്രതികരണശേഷിയിലും ഗണ്യമായ കുറവുണ്ടാവുകയാണ് മറ്റൊന്ന്. 

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഏതാണ്ട് അറുപതിനായിരത്തോളം പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി അമ്പതിനും അറുപതിനും ഇടയിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഒരുകാലത്ത് വളരെ അപൂര്‍വമായിരുന്നു ഈ രോഗം. ചെറുപ്രായത്തിലേ ഇതുബാധിക്കുന്നത് ജനിതകമായ കാരണങ്ങളാലാണ്. ശരീരത്തിലെ മാംസപേശികളുടെ പ്രവര്‍ത്തനത്തിനും ചലനത്തിനും ശരീരത്തിന്റെ നില ക്രമീകരിക്കുന്നതിനും സഹായിക്കുന്ന മസ്തിഷ്‌കത്തിലെ ചില സിരാകോശങ്ങളുടെ കാര്യക്ഷമത കുറയുന്നതുകാരണം നടക്കുന്നതിനും ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും നടക്കുമ്പോള്‍ കൈവീശുന്നതിനും മറ്റും പ്രയാസം നേരിടുന്നു.

തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് നശിക്കുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാകും രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുക.

വിട്ടുമാറാത്ത ഗൗരവമേറിയ പല രോഗങ്ങളും വാര്‍ധക്യകാലത്താണ് കൂടുതലായും ബാധിച്ചുകാണുന്നത്. പാരമ്പര്യം, ഭക്ഷണരീതി കുടുംബപരമായ സാഹചര്യങ്ങള്‍, ചെയ്തുവന്ന ജോലിയുടെ പ്രത്യേകത, വ്യക്തിയുടെ മാനസിക നിലവാരം എന്നിവ'െല്ലാം ശരീരത്തിന്റെ വാര്‍ധക്യകാലത്തെ മാറ്റങ്ങളില്‍ നിര്‍ണായകമായി സ്വാധീനിക്കുവാന്‍ കഴിവുണ്ട്. വാര്‍ധ്യമാകുന്നതോടെ ശരീരകോശങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. വയസ്സുകൂടുന്നതിനനുസരിച്ച് പ്രവര്‍ത്തനശേഷി കുറഞ്ഞ കോശങ്ങളാണ് ശരീരത്തില്‍ പുതിയതായി ഉണ്ടാകുക. അതുകൊണ്ടുതന്നെ വൃദ്ധരില്‍ എല്ലാ അവയവങ്ങളിലും പ്രവര്‍ത്തനമാന്ദ്യം സ്വാഭാവികമായും സംഭവിക്കുന്നു. മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനമാന്ദ്യം വൃദ്ധരില്‍ പലതരത്തിലുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാര്‍ക്കിന്‍സണ്‍സ് രോഗം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്.

വിറയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം. അതുകൊണ്ട് 'കമ്പവാതം' എന്ന പേരും ഇതിനുണ്ട്. പ്രത്യേക രീതിയിലുള്ള നടത്തവും വികാര രഹിതമായ മുഖഭാവവും കൂടി കാണപ്പെട്ടാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം തന്നെ ഏതാണ്ടുറപ്പിക്കാം.

വളരെ സാവധാനത്തിലും ആകസ്മികവുമായിട്ടായിരിക്കും രോഗം പ്രത്യക്ഷപ്പെടുക. വിറയല്‍, പേശീകാഠിന്യം, തല ഉരസ്സിലേക്കടുക്കുന്ന രീതിയില്‍ ശരീരം അകത്തോട്ട് വളയുക എന്നിവ ഈ രോഗത്തിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. മിക്കവാറും ഒരു കൈക്ക് മാത്രമായിരിക്കും ആദ്യം വിറയല്‍ അനുഭവപ്പെടുക. ക്രമേണ മാസങ്ങളോ വര്‍ഷങ്ങളോകൊണ്ട് മറ്റേ കൈയിലും വിറയല്‍ ഉണ്ടാകാന്‍ തുടങ്ങും. കരുതിക്കൂട്ടിയുള്ള ചലനങ്ങളുടെ സമയത്ത് ഇത്തരം വിറയല്‍ കാണപ്പെടാറില്ല. ഉറക്കത്തിലും ഇതുണ്ടായിക്കാണുന്നില്ല. പേശികളുടെ കാഠിന്യം ഭൂരിഭാഗം രോഗികളിലും മുഖത്താണ് കാണപ്പെടുക. ഇതു സ്ഥിരമായിരിക്കുകയും നിര്‍വികാരതയോടെയുള്ള മുഖഭാവത്തിനു കാരണമാവുകയും ചെയ്യും. ഇതു രോഗിയുടെ യഥാര്‍ഥ മുഖത്തില്‍ നിന്നും വിഭിന്നമായിരിക്കും.

അന്തിമമായി ഈ പേശീകാഠിന്യം ശരീരത്തെയാകമാനം ബാധിച്ചുകൂടായ്കയില്ല. അതിനാല്‍ രോഗി നടക്കുവാന്‍ തുടങ്ങുമ്പോള്‍ ശരീരം മുമ്പോട്ട് കുനിയുകയും ഹൃസ്വവും വേഗതയേറിയതുമായ കാല്‍വെയ്പുകളിലൂടെ മുന്നോട്ട് നീങ്ങേണ്ടിവരികയും ചെയ്യും. ഞെട്ടലോടുകൂടിയ ചലനങ്ങളായിരിക്കും രോഗിയില്‍ കാണപ്പെടുക. ചിലപ്പോള്‍ ചലനം പൂര്‍ത്തിയാകുന്നതിനുമുമ്പു തന്നെ നിന്നുപോയേക്കാം. താങ്ങില്ലാതെയിരുന്നാല്‍ രോഗിമറിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. കുറയുകയോ കൂടുകയോ ചെയ്യാത്ത ഏകസ്വരത്തിലുള്ള സംഭാഷണ ശൈലിയായിരിക്കും പാര്‍ക്കിന്‍സണ്‍സ് രോഗി അവലംബിക്കുക. ശബ്ദം വളരെ പതുക്കെയായിരിക്കും. ചുണ്ടുകള്‍ കഠിനവും വിറയലുള്ളതുമാകയാല്‍ വായിലൂടെ തുപ്പല്‍ ഒലിച്ചിറങ്ങിയേക്കാം.

പ്രകടമായി കാണുന്ന ഭാവമാറ്റം പാര്‍ക്കിന്‍സണ്‍ രോഗിയില്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഉറ്റ സുഹൃത്തുക്കളെയോ, ഏറ്റവും അടുത്ത ബന്ധുക്കളെയോ കണ്ടാല്‍പ്പോലും ഇവരുടെ മുഖത്തു യാതൊരുവിധ ഭാവമാറ്റവും ഉണ്ടാവില്ല. കാണപ്പെടുന്ന ഒരേ ഭാവം ചൈതന്യംപൂര്‍ണമായും നഷ്ടപ്പെട്ട നിസ്സംഗത മാത്രമായിരിക്കും. അലക്ഷ്യമായി എവിടെയോ തറപ്പിച്ചുനോക്കുന്ന രീതി. മറ്റുള്ളവരില്‍ സഹതാപം ജനിപ്പിക്കുന്നതരത്തിലായിരിക്കും ഇവരുടെ നടത്തം. ഇരുന്നിട്ട് എണീക്കുവാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ വളരെപ്രയാസം എന്നിവ അനുഭവപ്പെടും. കൈയ്യക്ഷരം വായിക്കുവാന്‍ പറ്റാത്തവിധം തീരെ ചെറുതായിപ്പോകും. രോഗം തീവ്രമാകുമ്പോള്‍ ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനൊപ്പം പ്രവൃത്തികളെല്ലാം മന്ദമായേക്കാം. അംഗചലനങ്ങളെല്ലാം സ്ലോമോഷനിലാകും. നടക്കുമ്പോള്‍ വേഗതകുറക്കുവാനോ പെട്ടെന്നു നില്‍ക്കുവാനോ ഇവര്‍ക്കാവില്ല. വെറുതെയിരിക്കുമ്പോള്‍ രോഗിയുടെ കൈവിരലുകള്‍ വിറക്കുകയോ ജപമാലയുടെ മുത്തുകള്‍ തള്ളിവിടുന്നതുമാതിരി അംഗവിക്ഷേപങ്ങള്‍ കാണിക്കുകയോ ചെയേ്തക്കാം.

മസ്തിഷ്‌ക മുഴ, തലയേ്ക്കല്‍ക്കുന്ന ആഘാതങ്ങള്‍, സിഫിലിസ്‌പോലെയുള്ള ചില ലൈംഗിക രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍ എന്നിങ്ങനെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു പ്രേരക ഘടകങ്ങള്‍ ധാരാളം ഉണ്ട്. കാര്‍ബണ്‍ മോണോകൈ്‌സഡ്/മെര്‍ക്കുറി വിഷബാധകള്‍, ഫിനോത്തയാസിന്‍ ഗ്രൂപ്പില്‍പ്പെട്ട മരുന്നുകളുടെ വിവേചന രഹിതമായ ഉപയോഗം എന്നിവയും രോഗത്തിനു കാരണമാകും.

പാര്‍ക്കിന്‍സണ്‍ രോഗം പഴക്കമേറിയാല്‍ നാക്കിലും കണ്‍പോളകളിലും വിറയല്‍ പ്രത്യക്ഷപ്പെടാം. അത്തരം ഘട്ടത്തില്‍ വിശ്രമാവസ്ഥയിലെ വിറയല്‍കൂടുതല്‍ പ്രകടമായിത്തീരും. കണ്‍പോളകളടക്കാതെ നിര്‍വികാരമായ രോഗിയുടെ മുഖഭാഗം ഒരു മന്ദബുദ്ധിയുടെ പ്രതീതി ഉണ്ടാക്കിയേക്കും. നടക്കുമ്പോഴുള്ള കൈവീശലിന്റെ താളക്രമം തെറ്റുകയോ ഇല്ലാതാകുകയോ ചെയ്യും. നടക്കുന്ന സമയത്തെ ശരീരത്തിന്റെ ബാലന്‍സ് ക്രമീകരിക്കുവാന്‍ രോഗിക്കു കഴിയുന്നതല്ല. പേശികളുടെ കോച്ചിവലി നിമിത്തം നന്നായി എഴുതാന്‍ കഴിയില്ല. ശ്രദ്ധയോടെ ചെയ്താന്‍ ഏതാനും മിനിറ്റു നേരത്തേക്കു ഇതുശരിയാകുമെങ്കിലും ശ്രദ്ധപതറുമ്പോള്‍ പഴയരീതിയിലായിത്തീരും. സ്പര്‍ശനശേഷിക്കുനാശം സംഭവിക്കുന്നില്ല.

പേശീകാഠിന്യം, വിറയല്‍, ചലനപ്രക്രിയയിലെ വ്യത്യാസങ്ങള്‍ ഇവ മൂന്നുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അടയാളങ്ങള്‍. മദ്യപാനാധിക്യത്തിലും തൈറോയ്ഡ് വീക്കത്തിലും കാണപ്പെടുന്ന വിറയല്‍ ഈ രോഗത്തിലെ വിറയലുമായി വേര്‍തിരിച്ചറിയുവാന്‍ ഒരു വിദഗ്ദ്ധ നു കഴിയും.

രോഗത്തിന്റെ പേരുപറയുവാന്‍ കഴിയുന്നില്ല എന്നതുകൊണ്ട് മാത്രം ആയുര്‍വേദത്തില്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല. ത്രിദോഷങ്ങളുടെ വൃദ്ധിക്ഷയങ്ങളാണ് രോഗങ്ങളുടെ അടിസ്ഥാനകാരണം എന്നതിനാല്‍ ഓരോ രോഗത്തിലെയും ലക്ഷണങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ഏതൊക്കെ ദോഷങ്ങള്‍ക്കാണ് സമാവസ്ഥയില്‍ നിന്നും മാറ്റം സംഭവിച്ചിരിക്കുന്നതെന്നു വിലയിരുത്തി അവയെ ക്രമത്തിലാക്കുന്നതിനുള്ള ഔഷധങ്ങളും ക്രിയാക്രമങ്ങളും വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ ശമിപ്പിക്കുവാന്‍ കഴിയും. ആയുര്‍വേദത്തിലെ പഞ്ചകര്‍മ - രസായന ചികിത്സകള്‍ക്ക് ഈ രോഗത്തിന്റെ ശമനത്തിനും പ്രതിരോധത്തിലും നിര്‍ണായക പങ്കുവഹിക്കുവാന്‍ കഴിയും. പഞ്ചകര്‍മ ചികിത്സ വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ ചെയ്യുക വഴി മസ്തിഷ്‌കത്തിലേക്കുള്ള രക്തഓട്ടം സുഗമമാക്കുവാനും പോഷകന്യൂനത പരിഹരിക്കുവാനും കഴിയും. രസായന ചികിത്സയിലൂടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്‌കകോശങ്ങള്‍ക്കു പുതുജീവന്‍ പ്രദാനം ചെയ്യുവാനും ഊര്‍ജം നല്‍കി കൂടുതല്‍ കര്‍മക്ഷമമാക്കുവാനും കഴിയും.

രസ്‌നാദികഷായം, ബലാരിഷ്ടം, പുനര്‍ന്നവാസവം, കപികച്ചുചൂര്‍ണം, ശുണുീബലാദികഷായം, ക്ഷീരബല ആവര്‍ത്തികള്‍, ഭേളതൈലം, ധാന്വന്തരം സഹചരാദി, മഹാമാഷ തൈലങ്ങള്‍ എന്നിങ്ങനെ ധാരാളം ഔഷധങ്ങള്‍ രോഗാവസ്ഥ, രോഗിയുടെ ശരീരപ്രകൃതി, മാനസികാവസ്ഥ, പ്രായം, ആരോഗ്യസ്ഥിതി എന്നിവ സൂക്ഷ്മമായി പഠിച്ചശേഷം യുക്ത്യനുസരണം ഉപയോഗപ്പെടുത്തണം.

പാര്‍ക്കിന്‍സണ്‍രോഗം ഒരാളിന്റെ ജീവിതത്തില്‍ വലിയമാറ്റങ്ങളാണുണ്ടാക്കുക. അതിനാല്‍ ക്ഷമയോടെയുള്ള പരിചരണം രോഗിക്കു നല്‍കണം. മാംസ്യം കൂടുതലടങ്ങിയ ആഹാരം ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ശുദ്ധജലവും ധാരാളമായി ഉപയോഗപ്പെടുത്തുകയും വേണം.

ആയുര്‍വേദത്തിലെ സ്നേഹസ്വേദങ്ങള്‍ (അനുയോജ്യമായ ഔഷധീകരിച്ച തൈലം / ഘൃതം ബാഹ്യമായും ആന്തരികമായും ഉപയോഗിച്ച് സ്‌നിഗ്ദ്ധ മാക്കിയശേഷം ചൂടേല്പിച്ചു വിയര്‍പ്പിക്കുക). ശരീരാവയവങ്ങള്‍ക്കുണ്ടാകുന്ന വേദന, വിറയല്‍, കോച്ചിവലി, സ്തംഭനം എന്നിവക്ക് പൂര്‍ണശമനം നല്‍കുവാന്‍ പര്യാപ്തമാണ്. മറ്റൊരു സ്വേദനക്രിയയായ ധാര ഈ രോഗത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രോഗശമനത്തിനു സഹായകമായ ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തിയ തൈലം മുതലായ അനുയോജ്യമായ ദ്രവ്യങ്ങള്‍ നിശ്ചിത ചൂടില്‍ പ്രത്യേക അകലത്തില്‍ ധാരയായി ഒഴുക്കുന്നതിനെയാണ് ധാര എന്നു പറയുന്നത്. തലയില്‍ മാത്രമായി ചെയ്യുന്ന 'ശിരോധാര' പ്രത്യേകിച്ചും ഈ രോഗത്തില്‍ ഏറെ പ്രയോജനകരമായി കണ്ടിട്ടുണ്ട്. ധാരയ്ക്ക് നാഡീകേന്ദ്രത്തില്‍ ഉത്തേജനവും അന്തഃസ്രാവക്രമീകരണവും വരുത്തുവാന്‍ പര്യാപ്തമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. മോര്, ചില പ്രത്യേകതരം കഷായങ്ങള്‍, അരിക്കാടി എന്നിവയും ധാരയ്ക്കു ഉപയോഗപ്പെടുത്താം. പ്രത്യേക ഔഷധങ്ങളിട്ടു കാച്ചിയ പാലില്‍ നിന്നുണ്ടാക്കുന്ന മോരാണ് ഇതിലേക്കുപയോഗപ്പെടുത്തുക. രോഗത്തിന്റെ ഘട്ടം മനസ്സിലാക്കിവേണം മരുന്നുകള്‍ യുക്തമായവ തിരഞ്ഞെടുക്കാന്‍. ശിരോധാരയ്ക്കു മുമ്പ് സ്നേഹസ്വേദങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ചെയ്തു എന്നുറപ്പു വരുത്തേണ്ടതാണ്.

പിഴിച്ചില്‍, ഇലക്കിഴി, ശിരോവസ്തി, ധാന്യാധാര എന്നീ ക്രിയാക്രമങ്ങളും പാര്‍ക്കിന്‍സണ്‍സിന്റെ മൂലകാരണത്തെയും ലക്ഷണങ്ങളെയും പൂര്‍ണമായും ശമിപ്പിക്കുവാന്‍ എത്രത്തോളം പര്യാപ്തമാണെന്നു ഗവേഷണങ്ങളിലൂടെ നിരീക്ഷിക്കേണ്ടതുണ്ട്.

ഡോ. കെ. മുരളീധരന്‍പിള്ള,

മുന്‍ പ്രിന്‍സിപ്പല്‍, ആയുര്‍വേദ കോളേജ്,
ഒല്ലൂര്‍, തൃശ്ശൂര്‍


വിഷാദരോഗം: ലക്ഷണങ്ങള്‍ തിരിച്ചറിയുക


കൈകാലുകള്‍ക്ക് വേദനയും തരിപ്പും പുകച്ചിലും പുറംവേദന, തലയ്ക്കു പുകച്ചില്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചുരുങ്ങിയത് 20 ശതമാനം രോഗികളെങ്കിലും ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍ററിലോ അല്ലെങ്കില്‍ ജനറല്‍ പ്രാക്ടീഷണറുടെ ക്ലിനിക്കിലോ എത്തുന്നത്. സാധാരണ ഗതിയില്‍ ഒരു വേദനസംഹാരിയും ഉറക്കഗുളികയും ക്ഷീണത്തിന് ഒരു വിറ്റാമിന്‍ ഗുളികയും നല്‍കി നിങ്ങള്‍ക്ക് രോഗമൊന്നുമില്ല, ടെന്‍ഷന്‍ കൊണ്ടാണെന്ന് പറഞ്ഞു സമാധാനിപ്പിച്ചുവിടുകയാണ് കണ്ടുവരുന്നത്. 

പലപ്പോഴും ഇത്തരം രോഗികള്‍ ഇതേ ലക്ഷണങ്ങളുമായി വീണ്ടും വീണ്ടും ഡോക്ടറെ സമീപിക്കുകയും ഇതേ ചികിത്സ തുടരുകയും ചെയ്യാറുണ്ട്. ഇവരുടെ വീട്ടുകാര്‍ പലപ്പോഴും നിങ്ങള്‍ക്ക് രോഗമൊന്നുമില്ല, വെറുതെ അഭിനയിക്കുകയാണെന്നു പറഞ്ഞ് ഇവരെ അധിക്ഷേപിക്കുകയും ചെയ്യാറുണ്ട്.

ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും ശരീരത്തിന്‍േറതായ രോഗങ്ങള്‍ ഒന്നും കാണാതിരിക്കുകയും എന്നാല്‍ രോഗിക്ക് ശാരീരിക ലക്ഷണങ്ങള്‍ വ്യക്തമായി അനുഭവിക്കുകയും ചെയ്യുന്ന ഈ അവസ്ഥ അതായത് വേദനയോ പുകച്ചിലോ ഉണ്ടാകാനുള്ള ശാരീരിക വൈകല്യങ്ങളൊന്നുമില്ലാതെ രോഗി വേദനയും പുകച്ചിലും അനുഭവിക്കുക. ഇത്തരം ലക്ഷണങ്ങളെ സൈക്കോ സോമാറ്റിക് ലക്ഷണങ്ങള്‍ എന്നാണ് പറയുക. അതായത് മാനസികനിലയുടെ ശാരീരികമായ ആവിഷ്‌കരണം, മനുഷ്യമനസ്സിന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും ചിന്താഗതികളും പ്രകടിപ്പിക്കുവാന്‍ ശരീരം കണ്ടുപിടിച്ച ഒരു വഴിയാണിത്.

ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ വൈകാരികാവസ്ഥയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കുവാന്‍ കഴിയില്ല. കാരണം ബോധമനസ്സിന് ഇത്തരം ലക്ഷണങ്ങളില്‍ വലിയ സ്ഥാനമില്ല. ഒരു വ്യക്തിക്ക് തന്നത്താന്‍ തിരിച്ചറിയുവാന്‍ കഴിയാത്ത അവന്റെ ഉപബോധമനസ്സില്‍നിന്ന് മാനസിക സമ്മര്‍ദം നേരിട്ട് ശാരീരിക ലക്ഷണങ്ങളായ വേദനയും തരിപ്പായുമൊക്കെ പരിണമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനുഭവിക്കുന്ന വ്യക്തിക്ക് നൂറുശതമാനം ശരിയായ വേദനയായും തരിപ്പായും തന്നെയാണ് ഇത് അനുഭവപ്പെടുന്നത്.

നമ്മുടെ ശരീരത്തിലുണ്ടാകുന്ന എല്ലാതരം സംവേദനങ്ങളിലും (Sensations) നമ്മുടെ വൈകാരികാവസ്ഥയുടെ നിയന്ത്രണമുണ്ട്. ഒരു പട്ടാളക്കാരന്‍ തനിക്കേറ്റ മാരകമായ മുറിവില്‍നിന്ന് യാതൊരു വേദനയുമനുഭവിക്കാതെ യുദ്ധമുഖത്ത് മുന്നേറുന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

സ്ഥിരമായുണ്ടാകുന്ന പുറംവേദനകളില്‍ 70 ശതമാനത്തിലധികവും മനശ്ശാത്രപരമാണെന്ന് മിക്കവാറും എല്ലാ പഠനങ്ങളും തെളിയിക്കുന്നു. കൂടാതെ ശരീരത്തിന്റെ പല ഭാഗത്ത് മാറിമാറിവരുന്ന വേദനകള്‍ അതായത് ചില ദിവസങ്ങളില്‍ നെഞ്ചുവേദന, മറ്റു ചില ദിവസങ്ങളില്‍ തലവേദന, കൈകാലുകള്‍ക്ക് വേദന എന്നിങ്ങനെ ഉണ്ടാകുന്നതും മിക്കവാറും മാനസിക നിലയുമായി ബന്ധപ്പെട്ടതാണ്.

സാമൂഹികമായ പിന്തുണയില്ലായ്മ, കുടുംബത്തിലെ ആശയവിനിമയത്തിലുള്ള വൈകല്യങ്ങള്‍, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, വ്യക്തിത്വവൈകല്യങ്ങള്‍, വിവിധ മാനസികരോഗങ്ങള്‍ എന്നിവയൊക്കെ സൈക്കോസോമാറ്റിക് ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായമായവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായമാകുമ്പോഴുണ്ടാകുന്ന വിവിധ ശാരീരികാസുഖങ്ങളും അധികാരസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നതും ഉറ്റവരുടെ മരണങ്ങള്‍ക്ക് സാക്ഷിയാകുന്നതുമൊക്കെ ഇതിനു കാരണമാകുന്ന ഘടകങ്ങളാണ്.

ശാരീരിക പരിശോധനയിലും ലബോറട്ടറി പരിശോധനകളിലുമെല്ലാം നോര്‍മലായ ഇത്തരം രോഗികളെ രോഗമില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുമ്പോള്‍ സംഭവിക്കുന്നത് പൂര്‍ണമായും ചികിത്സിച്ചുമാറ്റാന്‍ കഴിയുന്ന ഒരു മാനസികരോഗത്തില്‍നിന്ന് രോഗിയുടെ മോചനം അസാധ്യമാക്കുകയാണ്. അതായത്, മുകളില്‍ വിവരിച്ച ശാരീരിക ലക്ഷണങ്ങളുമായി വരുന്ന ഭൂരിപക്ഷം രോഗികളിലും വിഷാദരോഗത്തിന്റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. വിഷാദരോഗത്തിന്റെ സാധാരണലക്ഷണങ്ങളായ അമിതമായ സങ്കടം, ഒന്നിനും താത്പര്യമില്ലായ്മ, തളര്‍ച്ച, നിരാശാബോധം, പ്രതീക്ഷയില്ലായ്മ, ആത്മഹത്യാപ്രവണത, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ദേഷ്യക്കൂടുതല്‍ എന്നിവയില്‍ പലതും ഇവരില്‍ മിക്കവാറും പേര്‍ക്ക് ഉണ്ടാകുമെങ്കിലും അതിനെപ്പറ്റി നേരിട്ടന്വേഷിക്കുമ്പോള്‍ മാത്രമേ പലരും അതൊക്കെ പറയാറുള്ളൂ.

ചിലപ്പോള്‍ അമിതമായ സങ്കടവും നിരാശാബോധവും താത്പര്യമില്ലായ്മയുമൊക്കെ തരിപ്പും പുകച്ചിലിനുമൊപ്പം രോഗി പറയാറുണ്ടെങ്കിലും വിഷാദരോഗത്തെപ്പറ്റി വേണ്ടത്ര അവബോധമില്ലാത്തതുകൊണ്ടുമാത്രം യഥാര്‍ഥ ചികിത്സ ലഭിക്കാതെ അസുഖം നീണ്ടുപോകുകയോ അല്ലെങ്കില്‍ ആത്മഹത്യയില്‍വരെ എത്തുകയോ ചെയ്യാറുണ്ട്. പ്രഷറും പ്രമേഹവുംപോലെ ശരീരത്തിന്റെ രാസഘടനയിലുണ്ടാകുന്ന ഒരു മാറ്റംമൂലമാണ് വിഷാദരോഗവും ഉണ്ടാകുന്നത്.

ഒരുപാട് വേദനസംഹാരികളും വിറ്റാമിന്‍ ഗുളികകളും കഴിച്ചാലും മാറ്റുവാന്‍ കഴിയാത്ത തരിപ്പും പുകച്ചിലും വേദനകളുമൊക്കെത്തന്നെ തലച്ചോറിലെ സെറോടോണീവിന്റെ അളവ് കൂട്ടുന്ന വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ചാല്‍ മൂന്നുനാല് ആഴ്ചയ്ക്കുള്ളില്‍ത്തന്നെ പൂര്‍ണമായി മാറ്റം വരാറുണ്ട്. വിഷാദരോഗത്തിന് പഴയകാലത്തുള്ള പാര്‍ശ്വഫലങ്ങളുണ്ടാകുന്ന മരുന്നുകളില്‍നിന്ന് വ്യത്യസ്തമായി പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത പുതിയതരം മരുന്നുകളുള്ളത് ഇത്തരം രോഗികളുടെ ചികിത്സയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്.

വൃക്കയിലെ കല്ല്‌

വീടിന്റെ ഉമ്മറത്ത് വെച്ചാണ് ചന്ദ്രനെ കണ്ടത്. കസേരയില്‍ കൂനിക്കൂടി ഇരിക്കുകയായിരുന്നു ചന്ദ്രന്‍. കണ്ടാല്‍ 45 വയസ്സ് തോന്നും. വാടിയ മുഖം. ചുറ്റിലുമുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്തോ ആലോചിച്ച് ഇരിക്കുകയാണ്. കൈയിലൊരു പ്ലാസ്റ്റിക്ക് കവറുണ്ട്. അതില്‍ മുറുകെ പിടിച്ചിരിക്കുന്നു. അതില്‍ നിറയെ ചികിത്സാ രേഖകളാണ്.

പരിശോധനാമുറിയില്‍ വെച്ച് ചന്ദ്രന്‍ രോഗവിവരങ്ങള്‍ പറഞ്ഞു. വടകരയിലാണ് വീട്. ടൗണില്‍നിന്ന് കുറച്ച് ഉള്ളില്‍ പോകണം. നാടന്‍ പണിയാണ് ചന്ദ്രന്. ഇയാളുടെ രോഗത്തിന് കുറച്ചു വര്‍ഷത്തെ പഴക്കമുണ്ട്.

പുറത്ത് താഴെ ഭാഗത്ത് ഇടയ്ക്ക് വേദന വരുമായിരുന്നു. അന്നത് കാര്യമാക്കിയില്ല. ശ്രദ്ധിച്ചില്ല. ദേഹമനങ്ങി പണിയെടുക്കുന്നത് കൊണ്ടായിരിക്കുമെന്ന് വിചാരിച്ചു. ഒരു ദിവസം മൂത്രക്കടച്ചില്‍ വന്നു. നല്ല വേദനയായിരുന്നു. പുകച്ചിലും, മൂത്ര തടസ്സവുമുണ്ടായി. അപ്പോള്‍ ഡോക്ടറെ കാണിച്ചു. കുറച്ചു മരുന്നുകള്‍ തന്നു. മൂത്രത്തില്‍ അണുബാധ ആയിരിക്കുമെന്നാണ് പറഞ്ഞത്. മരുന്നു കഴിച്ചപ്പോള്‍ സുഖമായി. കുറച്ചു നാളുകള്‍ക്ക് ശേഷം അസുഖം വീണ്ടും വന്നു. വീണ്ടും പഴയപടി ചികിത്സ. വിശദ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ മരുന്ന് കഴിച്ചതല്ലാതെ പരിശോധനയ്ക്ക് പോയില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി. കുറച്ചു കാലത്തിന് ശേഷം രോഗം ആവര്‍ത്തിച്ചപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സറേ എടുത്തു. മൂത്രപരിശോധന നടത്തി.

ചെറിയൊരു പ്രശ്‌നമുണ്ട്. ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് പറഞ്ഞു. ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. വീട്ടുകാരും കൂട്ടുകാരും കാര്യം അറിഞ്ഞു. ഓപ്പറേഷന്‍ ഇല്ലാതെ രോഗം മാറ്റാനുള്ള വഴികള്‍ തേടി. അങ്ങനെ ആയുര്‍വേദ ചികിത്സ ചെയ്തു. ചില പച്ചമരുന്നുകളും പരീക്ഷിച്ചു.

കുറേക്കാലം കഴിഞ്ഞപ്പോള്‍ പഴയതുപോലെ വീണ്ടും വേദന വന്നു. പലതരം ചികിത്സകള്‍ തുടര്‍ന്നു. ഇപ്പോള്‍ കുറച്ചു ദിവസമായി അതികഠിനമായ വേദന. മൂത്രം തടസ്സപ്പെടുന്നുമുണ്ട്. അങ്ങനെയാണ് വിദഗ്ധ ചികിത്സ തേടി എത്തിയത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന കഴിഞ്ഞ ശേഷമാണ് ഒരു കിഡ്‌നിയ്ക്ക് ഗുരുതരമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. കിഡ്‌നി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ എടുത്തുമാറ്റുകയല്ലാതെ വേറെ വഴിയില്ല. ആദ്യം തന്നെ ഓപ്പറേഷന്‍ ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ.

ജന്മനാ ഉള്ള തകരാറാണ് ചന്ദ്രന്. കിഡ്‌നിയില്‍ നിന്ന് മൂത്രവാഹിനിയിലേക്കുള്ള വഴി ഇടുങ്ങിപ്പോയതാണ് പ്രശ്‌നം. പെല്‍വി- യൂറിറ്ററിക് ജംഗ്ഷന്‍ ഒബ്‌സ്ട്രക്ഷന്‍ (PUJ obstruction) എന്നാണ് ഈ അവസ്ഥയുടെ പേര്. ജന്മനാ ഉള്ള തകരാറാണെങ്കിലും വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാവും ഇതിന്റെ പ്രശ്‌നങ്ങള്‍ പുറത്തു വരിക. രോഗിക്ക് വേദനയുണ്ടാവും. മൂത്രം ശരിക്ക് ഒഴിഞ്ഞു പോവില്ല. മൂത്രത്തില്‍ അണുബാധയും വരാം.

ചന്ദ്രനാകട്ടെ കിഡ്‌നിയില്‍ കല്ലും വന്നു. സ്വതവേ ഇടുങ്ങിയ പെല്‍വി-യൂറിറ്ററിക് ജംഗ്ഷനിലും കല്ല് അടിഞ്ഞു കൂടിയതോടെ പ്രശ്‌നം രൂക്ഷമായി. ജന്മനായുള്ള തകരാറ് ചെറിയൊരു ശസ്ത്രക്രിയയിലൂടെ ശരിയാക്കാനാവുമായിരുന്നു. അത് ചെയ്യാത്തത് പാളിച്ചയായി. കല്ല് കൂടിവന്നതോടെ സ്ഥിതി വളരെ മോശമായി. കിഡ്‌നി 10 ശതമാനം പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ആ നിലയില്‍ അത് എടുത്തു കളയുകയല്ലാതെ മാര്‍ഗമൊന്നുമില്ല.

++++++++++

കണ്ണൂരില്‍ നിന്ന് രാവിലെ ബസ്സില്‍ കയറിയതാണ് സതീഷ്. കോഴിക്കോട്ടേയ്ക്ക് പോകാന്‍. ബസ്സില്‍ കയറി ഇരിക്കുമ്പോള്‍ തന്നെ ചെറിയ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. വയറിന് പിന്‍ഭാഗത്ത് ചെറിയ വേദന. അത് സാരമാക്കിയില്ല. ബസ്സ് ഓടിത്തുടങ്ങി. ഇതിനിടയില്‍ വേദന കൂടിവന്നു. വേദന ശ്രദ്ധിക്കാതെ സീറ്റില്‍ കണ്ണടച്ച് ഇരുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞുകാണും. അപ്പോഴേക്കും അടിവയറ്റിലും വേദന തുടങ്ങി. അത് തുടയിടുക്കിലേക്കും വ്യാപിക്കുന്നു. ഇതിനിടയില്‍ മൂത്രമൊഴിക്കാനും തോന്നിത്തുടങ്ങി.

മൂത്രം പിടിച്ചുനിര്‍ത്തി വയറും അമര്‍ത്തിപ്പിടിച്ച് ബസ്സില്‍ ഇരുന്നു. കോഴിക്കോട് എത്തുമ്പോള്‍ കലശലായ വേദന. മെല്ലെ ബസ്സില്‍ നിന്നിറങ്ങി. മൂത്രപ്പുരയിലേക്ക് കയറി. പക്ഷേ മൂത്രം വരുന്നില്ല. വേദന മൂത്രനാളിയിലും എത്തുന്നു. കുറേ നേരം മൂത്രം പിടിച്ചുനിര്‍ത്തിയിട്ടാവുമെന്നു കരുതി. വീണ്ടും ശ്രമിച്ചു. തുള്ളികളായി കുറച്ച് മൂത്രം പോയി. വെളുത്ത യൂറിനലില്‍ ഒരു തുള്ളി ചോര ഉറ്റിവീണു. ഞെട്ടിപ്പോയി. ഇതെന്താണ് മൂത്രമൊഴിക്കുമ്പോള്‍ ചോരയോ? കുറച്ചു തുള്ളി മൂത്രം കൂടി പോയി. ബ്രൗണ്‍ നിറത്തില്‍. എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി.
ടൗണില്‍ തന്നെ ലോഡ്ജ് മുറിയില്‍ താമസിക്കുന്ന കൂട്ടുകാരനെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു.

അവന്‍ പെട്ടെന്ന് തന്നെ എത്തി. മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിലേക്ക് പോയി. ഡോക്ടറെ കണ്ട് വിവരങ്ങള്‍ പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടിട്ട് മൂത്രക്കല്ലായിരിക്കാനാണ് സാധ്യതയെന്ന് ഡോക്ടര്‍ പറഞ്ഞു. ആദ്യം വേദന മാറാന്‍ ഇഞ്ചക്ഷന്‍. പിന്നെ എക്‌സറേ എടുത്തു. വൃക്കയില്‍ കല്ലുണ്ട്. ചെറിയ ഒരു കല്ല് വൃക്കയില്‍ നിന്നും മൂത്രനാളിവരെ എത്തിയതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. തുടര്‍ ചികിത്സകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

അന്ന് കോഴിക്കോട്ട് തങ്ങി. പിന്നേറ്റ് വീട്ടിലേക്ക് തിരിച്ചുപോന്നു. നാട്ടിലെത്തിയപ്പോള്‍ കൂട്ടുകാര്‍ കല്ല് പോകാനുള്ള മറ്റ് ചികിത്സകളെക്കുറിച്ച് പറഞ്ഞു. അങ്ങനെ ആയുര്‍വ്വേദവും നാടന്‍ മരുന്നുകളും പരീക്ഷിച്ചു. അപ്പോല്‍ കല്ല് ഉരുകി പോയ്‌ക്കൊള്ളും എന്നാണ് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ ചികിത്സ തുടര്‍ന്നു. ഒരു ദിവസം രാത്രി. ഏതാണ്ട് ഒന്നര മണിയായിക്കാണും. പിന്‍ഭാഗത്ത് വാരിയെല്ലിനു താഴെ വേദന തുടങ്ങി. മുമ്പ് ബസ്സില്‍ വച്ച് ഉണ്ടായതിനേക്കാള്‍ ശക്തമായി. വേദന ഇറങ്ങിവന്നു. അടിവയറ്റില്‍, തുടയിടുക്കില്‍, ലിംഗത്തില്‍ എല്ലാം അതി കഠിനമായ വേദന. സഹിക്കാനാവാതെ കിടക്കയില്‍ കിടന്ന് പുളഞ്ഞു. കരഞ്ഞു. വീട്ടുകാര്‍ പേടിച്ചുപോയി.

ഉടനെ ഡോക്ടറുടെ അടുത്തു പോയി. അവിടെ നിന്ന് വേദന മാറ്റാന്‍ ഇഞ്ചക്ഷന്‍ നല്‍കി. കല്ല് തന്നെയായിരുന്നു പ്രശ്‌നക്കാരന്‍. പിറ്റേന്ന് രാവിലെ തന്നെ കോഴിക്കോട്ടേയ്ക്ക് വന്നു. വീണ്ടും എക്‌സറേ എടുത്തു. കല്ല് ഉരുകിയിട്ടില്ല. വൃക്കയില്‍ ഇപ്പോഴുമുണ്ട്. പിന്നീട് മറ്റ് പരീക്ഷണങ്ങള്‍ക്ക് നിന്നില്ല. കല്ലുകള്‍ നീക്കി. അതോടെ ആശ്വാസമായി. കല്ല് വീണ്ടും രൂപപ്പെടാതിരിക്കാന്‍ കരുതലോടെ ജീവിക്കുകയാണ് സതീഷ് ഇപ്പോള്‍.

++++++++++

മൂത്രക്കല്ല് ഇപ്പോള്‍ ഒരു സാധാരണ രോഗമായിത്തീര്‍ന്നിട്ടുണ്ട്. 'സ്റ്റോണി'ന്റെ തകരാറുണ്ട് എന്നു പറയുന്നവരെ നാട്ടില്‍ ഇഷ്ടംപോലെ കാണാനാവും. അനവധി പേര്‍ കല്ലിന് ചികിത്സ തേടി എത്താറുമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ദിവസവും ശരാശരി 85 പേര്‍ മൂത്രക്കല്ലിന്റെ ചികിത്സയ്ക്കായി എത്താറുണ്ട്. ഇതില്‍ 20 പേരെങ്കിലും കഠിനവേദനയും നിലവിളിയുമായി എത്തുന്ന രോഗികളുമാണ്.
മൂത്രക്കല്ല് എന്ന് നാട്ടുകാര്‍ വിളിക്കുന്ന കല്ലിന്റെ ഉത്ഭവസ്ഥാനം മഹാഭൂരിഭാഗം സന്ദര്‍ഭങ്ങളിലും വൃക്കകളാണ്.

മൂത്രസഞ്ചിയിലെ കല്ലുകളും ഉണ്ടാകാറുണ്ട്. വൃക്കയില്‍ ഇങ്ങനെ കല്ലുമായി ജീവിക്കുന്ന ഒരുപാട്‌പേരുണ്ട്. പലപ്പോഴും പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. മറ്റേതെങ്കിലും രോഗത്തിന് ചികിത്സ തേടി എത്തുമ്പോഴാവും വൃക്കയില്‍ കല്ലുണ്ടെന്ന് തിരിച്ചറിയുന്നത്. വലിയ കല്ലുകളാണെങ്കില്‍ വൃക്കകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കാം. അപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്.

ചിലപ്പോള്‍ കല്ലുകള്‍ വൃക്കയില്‍നിന്ന് ഇറങ്ങിവരാറുണ്ട്. ഉരുള്‍പൊട്ടുന്നപോലെ. ഇങ്ങനെ ഇറങ്ങിവരുന്ന കല്ലുകള്‍ വളരെ ചെറുതാണെങ്കില്‍ മൂത്രത്തിലൂടെ പുറത്തുപോകും. കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. പലപ്പോഴും ചെറിയ കല്ലുകള്‍ ഇങ്ങനെയാണ് പുറത്തുപോകുന്നത്. നാല് മില്ലിമീറ്റര്‍വരെ വലുപ്പമുള്ള കല്ലുകള്‍ ഇങ്ങനെ പൊയ്‌ക്കൊള്ളും. എന്നാല്‍, കല്ലുകള്‍ വലുതാണെങ്കില്‍ കാര്യങ്ങള്‍ കുഴയും. നേര്‍ത്ത മൂത്രവാഹിനിയിലൂടെയും മൂത്രനാളിയിലൂടെയും കല്ലിന് കടന്നുപോകാന്‍ പ്രയാസമായിരിക്കും.

ഈ കുഴലുകളുടെ ഭിത്തിയില്‍ അമര്‍ന്നും ഉരസിയും ഞെരുങ്ങിയുമൊക്കെയാവും കല്ല് ഉരുണ്ടുവരുന്നത്. കല്ലിനെ പുറന്തള്ളാന്‍ പേശികളും പണിപ്പെടും. ഞെങ്ങിഞെരുങ്ങി വരുന്ന കല്ലുകള്‍ കുഴലുകളുടെ ഉള്‍ഭാഗത്ത് മുറിവേല്‍പ്പിക്കും. അപ്പോള്‍ ചോര പൊടിയും. കഠിന വേദനയുണ്ടാകും. രോഗി പിടഞ്ഞുപോകും. കല്ലുകള്‍ വഴിമുടക്കുന്നതു കാരണം മൂത്രപ്രവാഹവും തടസ്സപ്പെടും. ഇത്തരത്തിലാണ് മൂത്രക്കല്ലുകള്‍ പ്രശ്‌നകാരികളാവുന്നത്.

ഉഷ്ണരാജ്യങ്ങളിലും വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിലുമെല്ലാം വൃക്കയിലെ കല്ല് കൂടുതല്‍ കാണാറുണ്ട്. ചില പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കല്ല് കൂടുതലായി കാണാറുണ്ട്. സ്റ്റോണ്‍ ബെല്‍റ്റ് എന്നാണ് ഈ പ്രദേശങ്ങളെ വിളിക്കാറ്. വയനാട് ഇത്തരമൊരു സ്റ്റോണ്‍ബെല്‍റ്റ് ആണ്.

ആണുങ്ങളിലും പെണ്ണുങ്ങളിലും വൃക്കയിലെ കല്ല് ഉണ്ടാകാറുണ്ട്. എന്നാല്‍ ആണുങ്ങളില്‍ കല്ലുണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. 20 മുതല്‍ 70 വരെ വയസ്സ് പ്രായമുള്ളവരിലാണ് കല്ല് കൂടുതല്‍ കാണാറുള്ളത്. ചെറിയ കുട്ടികളില്‍പ്പോലും അപൂര്‍വമായി വൃക്കയിലെ കല്ല് കണ്ടെത്താറുണ്ട്. ഇത്തരം കല്ലുകള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടുണ്ടാകുന്നതല്ല. കുറേ വര്‍ഷങ്ങള്‍ കൊണ്ടാണ് രൂപപ്പെടുന്നത്.

മൂത്രാശയ വ്യവസ്ഥ

രണ്ട് വൃക്കകള്‍, മൂത്രസഞ്ചി, രണ്ട് മൂത്രവാഹിനിക്കുഴലുകള്‍, മൂത്രനാളി ഇത്രയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂത്രാശയ വ്യവസ്ഥ.
വൃക്കയില്‍നിന്നും മൂത്രം സഞ്ചിയില്‍ എത്തിക്കുന്നത് മൂത്രവാഹിനികളാണ്. ഇവയ്ക്ക് 30 സെമീറ്റര്‍ നീളമുണ്ടാകും. മൂന്ന് മില്ലീമീറ്റര്‍ വ്യാസവും. മൂത്രസഞ്ചിയില്‍ നിന്നും മൂത്രനാളി വഴി മൂത്രം പുറത്തുപോകും. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കകള്‍.
രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുനീക്കുന്നത് വൃക്കകളാണ്. ഓരോ വൃക്കയിലും 10 ലക്ഷം നെഫ്രോണുകളുണ്ട്. ഇവയാണ് അരിപ്പകളായി പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ ജലാംശം ലവണങ്ങളുടെ അളവ് എന്നിവ ക്രമീകരിക്കല്‍, അമ്ലക്ഷാരങ്ങളുടെ അനുപാതം ക്രമീകരിക്കല്‍, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ ധര്‍മങ്ങളും വൃക്കകള്‍ നിര്‍വഹിക്കുന്നു.

View Slideshow

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌



കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് (Multiple Sclerosis). ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജനിതക കാരണങ്ങളാലും മറ്റും ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാകുന്നതുമായി രോഗത്തിനു ബന്ധമുണ്ടെന്ന്ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അജ്ഞാതമായ വൈറസ്സുകളും രോഗാവസ്ഥ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസിന്റെ തുടക്കം മിക്കവാറും കേന്ദ്ര നാഡീവ്യൂഹത്തിലെ മെയ്‌ലീനി (Myelin) ലായിരിക്കും. നാഡികളെ വൈദ്യുതവയറിലെ ചെമ്പ് കമ്പിയോട് ഉപമിക്കാമെങ്കില്‍ അതിനു ചുറ്റുമുള്ള പ്രതിരോധ കവചമാണ് മെയ്‌ലീന്‍. അതുകൊണ്ടുതന്നെ മെയ്‌ലിന്റെ നാശം നാഡീവ്യൂഹത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പ്രാരംഭദശയില്‍ മെയ്‌ലിനാണ് നാശമുണ്ടാകുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ രോഗം നാഡീകേന്ദ്രങ്ങളേയും ബാധിക്കും. ഇത് നാഡീവ്യൂഹത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ സ്ഥിരമായി ബാധിക്കുന്നു. ബുദ്ധിശക്തി, അറിവ് ശേഖരണം എന്നീ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിലേക്കും രോഗാവസ്ഥ നയിക്കുന്നു. എം.ആര്‍.ഐ. സ്‌കാനില്‍ മെയ്‌ലിന്റെ നാശം ആദ്യഘട്ടത്തില്‍ അഴുക്കടിഞ്ഞതുപോലെയാണ് ദൃശ്യമാവുക. എന്നാല്‍ നാഡികളിലെ കോശങ്ങള്‍ പൂര്‍ണമായും നശിക്കുന്ന അടുത്ത ഘട്ടത്തില്‍ തെളിയുന്നത് 'തമോഗര്‍ത്തങ്ങള്‍' തന്നെയായിരിക്കും.

പാശ്ചാത്യരാജ്യങ്ങളിലാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തില്‍ അഞ്ചുപേര്‍ക്ക് എന്ന കണക്കില്‍ ഇന്ത്യക്കാര്‍ക്ക് രോഗബാധയുള്ളതായി അടുത്തകാലത്ത് നടന്ന പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് നസ്ര്തീകളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. 15നും 50നുമിടയിലുള്ള പ്രായത്തിലാണ് രോഗബാധയുണ്ടാകുന്നത്.

കേന്ദ്ര നാഡീവ്യൂഹത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണ് രോഗബാധയുണ്ടാകുന്നത്. ഇക്കാരണത്താലാണ് 'മള്‍ട്ടിപ്പിള്‍' സ്‌ക്ലീറോസിസ് (രക്തക്കുഴലുകളുടെ ഭിത്തിക്കു കട്ടി കൂടുന്ന അവസ്ഥയാണ് സ്‌ക്ലീറോസിസ്) എന്നു പറയുന്നത്. വ്യത്യസ്തമായ ഇടവേളകളിലും രോഗം ആക്രമിച്ചുകൊണ്ടിരിക്കാം. തലച്ചോറിന്റെ ഓരോ ഭാഗവും വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ രോഗത്തിന്റെ പ്രത്യാഘാതവും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് കണ്ണുമായി ബന്ധപ്പെട്ട നാഡിക്കാണ് രോഗബാധയുണ്ടായതെങ്കില്‍ കാഴ്ചശക്കി തകരാറിലാവുകയായിരിക്കും ഫലം.

രോഗബാധയുടെ ഇടവേളകളില്‍ സ്വാഭാവികമായ രോഗശമനം ഉണ്ടായേക്കാം. എന്നാല്‍ ഈ അവസ്ഥ നാഡീവ്യൂഹത്തിന് മറ്റൊരു തകരാറ് സംഭവിക്കുന്നതിലാണ് കലാശിക്കുക. രോഗം ബാധിച്ച് 15-20 വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും രോഗി നടക്കാന്‍പോലും പറ്റാതെ വീല്‍ചെയറില്‍ സഞ്ചരിക്കേണ്ട അവസ്ഥയിലാകും. ഒരേ രീതിയില്‍ രോഗം വര്‍ധിച്ചുവരുന്ന പ്രൈമറി പ്രോഗ്രസീവ് മട്ടിപ്പിള്‍ സ്‌ക്ലീറോസിസും കണ്ടുവരുന്നു. ഇത് ചികിത്സിക്കാന്‍ പ്രയാസമുള്ളതാണ്.

രോഗം തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ എം.ആര്‍.ഐ. സംവിധാനമാണ് ഏറെ ഫലപ്രദം. പ്രാരംഭ ദിശയിലുള്ള രോഗ നിര്‍ണയവും ചികിത്സയും രോഗം നിയന്ത്രിക്കാന്‍ സഹായകമാണ്. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് ഉപയോഗിച്ചുള്ള ഇന്‍ജക്ഷനോ തുള്ളിമരുന്നോ ആണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. അടുത്ത കാലത്ത് ന്യൂറോ മോഡുലേറ്ററി ചികിത്സയും പ്രാബല്യത്തിലുണ്ട്. വില കൂടിയതും പാര്‍ശ്വഫലം കുറഞ്ഞതുമായ മരുന്നുകളാണിതില്‍ നല്കുന്നത്.

വായ് പുണ്ണ്‌



വായ്ക്കുള്ളിലുണ്ടാകുന്ന പുണ്ണ് അല്ലെങ്കില്‍ വ്രണത്തെയാണ് വായ്പുണ്ണ് (Oral Ulcer) എന്നുവിളിക്കുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ ഇങ്ങനെയുണ്ടാകാം.
ലക്ഷണങ്ങള്‍


· വായ്ക്കുള്ളില്‍ വേദനയും അസ്വസ്ഥതയും
· വായ്ക്കുള്ളില്‍ വ്രണങ്ങള്‍ കാണപ്പെടുക.രോഗത്തിന്റെ പ്രത്യേകതക്കനുസരിച്ച് പുണ്ണിന്റെ രൂപവും പ്രത്യക്ഷപ്പെടുന്ന സ്ഥാനവും വ്യത്യാസപ്പെടാം.

ചികില്‍സ

രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണ് ചികില്‍സയുടെ ലക്ഷ്യം. രോഗകാരണം വ്യക്തമായാല്‍ അത് ചികില്‍സിക്കപ്പെടണം. വായ ശുചിയായി സൂക്ഷിക്കുന്നത് രോഗലക്ഷണത്തിന് ആശ്വാസമേകാം. ചില കേസുകളില്‍ ടോപ്പിക്കല്‍ ആന്റിഹിസ്റ്റമൈനുകള്‍, അന്റാസിഡുകള്‍, കോര്‍ട്ടിക്കോ സ്റ്റീറോയിഡുകള്‍ തുടങ്ങിയവ പോലുള്ള ആശ്വാസം നല്‍കുന്ന മരുന്നുകള്‍ പുണ്ണിന് മേല്‍ പുരട്ടാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. വായ്പുണ്ണ് മൂലമുള്ള വേദന വര്‍ദ്ദിപ്പിക്കുന്ന മസാല ചേര്‍ത്തതും ചുടുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും വേണം. 

രോഗ കാരണം

പലകാരണങ്ങള്‍കൊണ്ട് വായ്പുണ്ണ് ഉണ്ടാകാം. അവയില്‍ ചിലത് ഇവയാണ്:

· വെളുത്ത നിറത്തിലോ മഞ്ഞനിറത്തിലോ വായ്ക്കുള്ളില്‍ കാണപ്പെടുന്ന വേദനയോടു കൂടിയ ചെറിയ വ്രണം(Canker sores)
· വായിലും മോണയിലും നീരും വ്രണവുമുണ്ടാക്കുന്ന വൈറസ്മൂലമുള്ള അണുബാധ(Gingivostomatitis)
· ഹെര്‍പ്‌സ് സിംപ്‌ളെക്‌സ് എന്ന വൈറസ് രോഗം
· നാക്കിലും കവിളിന്റെ ഉള്‍ഭാഗത്തും വ്രണമുണ്ടാക്കുന്ന ലൂക്കോപഌക്കിയ എന്ന രോഗം
· വായ്ക്കുള്ളിലുണ്ടാകുന്ന അര്‍ബുദം
· വായ്ക്കുള്ളില്‍ പുണ്ണുണ്ടാക്കുന്ന ഓറല്‍ ലൈക്കന്‍ പഌനസ് എന്ന രോഗം.
· നാക്കിലും കവിളിന്റെ ഉള്‍ഭാഗത്തും വെളുത്ത വ്രണമുണ്ടാക്കുന്ന ഓറല്‍ ത്രഷ് എന്ന രോഗം.

ഹിസ്റ്റോപഌസ്‌മോസിസ് മൂലം ത്വക്കിലുണ്ടാകുന്ന വ്രണങ്ങള്‍ വായ് പുണ്ണ് ആയിമാറാം. കാങ്കര്‍ സോര്‍ രോഗം കുട്ടികളേക്കാളും പ്രായമായവരേക്കാളും യുവാക്കളിലാണ് വ്യാപകമായി കാണപ്പെടുന്നത്. 

സന്ധിവാതരോഗം: ചികിത്സയിലെ മുന്നേറ്റങ്ങള്‍


കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ സന്ധിവാതരോഗങ്ങളുടെ ചികിത്സ രോഗലക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വേദനാ സംഹാരികളായിരുന്നു ചികിത്സയില്‍ മുഖ്യപങ്കുവഹിച്ചിരുന്നത്. എന്നാല്‍ സന്ധിവാതരോഗ കാരണങ്ങളെയും രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചുമുള്ള കൂടുതല്‍ ശാസ്ത്രീയമായ അറിവുകള്‍, ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മിക്കവാറും എല്ലാസന്ധിവാതരോഗങ്ങളും പ്രാരംഭദശയില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ കഴിയും.

സന്ധിവാത രോഗചികിത്സയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണ് വേദനസംഹാരികള്‍. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന അന്‍പതോളം വേദനസംഹാരികള്‍ വിപണിയിലുണ്ട്. എന്നാല്‍ 1999-ല്‍ പുറത്തുവന്ന 'കോക്‌സിബുകള്‍' വേദനസംഹാരികളുടെ പൊതു പാര്‍ശ്വഫലമായ ആമാശയവ്രണങ്ങള്‍ ഉണ്ടാക്കുകയില്ല എന്ന ഗുണമേന്മകൊണ്ട് വിപണി പെട്ടെന്ന് കീഴടക്കുകയുണ്ടായി. കോക്‌സ്-1 ആണ് ആമാശയത്തിന്റെയും വൃക്കകളുടെയും സംരക്ഷണത്തിനുതകുന്ന പ്രോസ്റ്റ്ഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ സഹായിക്കുന്ന, എന്‍സൈം. ഇതിന്റെ ഉത്പാദനത്തെ തടയാത്തതുകൊണ്ടാണ് നൂതന വേദനസംഹാരികളായ കോക്‌സിബുകള്‍ പരക്കെ സ്വീകാര്യമായത്. എന്നാല്‍ ചില കോക്‌സിബുകളുടെ ഹൃദ്രോഗസാധ്യത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

സ്റ്റിറോയിഡുകളുടെ വ്യാപകമായ ഉപയോഗമാണ് സന്ധിവാത രോഗ ചികിത്സയിലെ മറ്റൊരു മുന്നേറ്റം. പെട്ടെന്നു തന്നെ പ്രവര്‍ത്തിച്ചുതുടങ്ങുന്നതും സന്ധി വാതരോഗലക്ഷണങ്ങളായ സന്ധികളുടെ വേദനയും നീര്‍ക്കെട്ടും ഗണ്യമായി കുറയ്ക്കുന്നത് സ്റ്റിറോയിഡുകളെ ചികിത്സകരുടെ ഇഷ്ട ഔഷധമാക്കിമാറ്റിയിരിക്കുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ സ്റ്റിറോയിഡുകളുടെ പാര്‍ശ്വഫലങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. രോഗാണുബാധ, അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദം, പേശീബലക്ഷയം, അസ്ഥിദ്രവീകരണം, ആമാശയ വ്രണങ്ങള്‍, വിഷാദരോഗം, തിമിരം തുടങ്ങിയവയാണ് സാധാരണ പ്രശ്‌നങ്ങള്‍. ദീര്‍ഘകാലം സ്റ്റിറോയിഡുകള്‍ ഉപയോഗിക്കേണ്ടിവരുന്നവര്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം.

സന്ധിവാതരോഗ ചികിത്സയിലെ ഒരു നൂതന അധ്യായമാണ് രോഗത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ആവിര്‍ഭാവത്തോടെ തുറക്കപ്പെട്ടത്. വേദനാസംഹാരികള്‍ വേദനയും നീര്‍ക്കെട്ടുമുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ ലഘൂകരിക്കും എന്നല്ലാതെ രോഗ പുരോഗതിയെ സ്വാധീനിക്കുകയില്ലായിരുന്നു. മെത്തോടകേ്‌സറ്റ്, സള്‍ഫാ സാലസിന്‍, ക്ലോറോക്വിന്‍, ലഫ്ലുനമൈഡ്, സൈക്ലോ സ്‌പോറിന്‍, ഗോള്‍ഡ് തുടങ്ങിയവയാണ് രോഗപുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ശ്രേണിയില്‍ പെട്ടവ.

മെത്തോടകേ്‌സറ്റ്, സാധാരണയായി കണ്ടുവരുന്ന സന്ധിവാതരോഗമായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ്. ഫോമിക് ആസിഡിനെ ആശ്രയിക്കുന്ന ചില എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ തടഞ്ഞുകൊണ്ടാണിതു പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസം എന്ന രീതിയിലാണ് മരുന്നിന്റെ ഡോസ് ക്രമീകരിക്കുന്നത്.

സന്ധിവാത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കൂട്ടത്തിലെ പുതിയ അംഗമാണ് ലഫ്ലൂനമൈഡ്. പൈരിമിഡിന്‍ എന്ന ഘടകത്തിന്റെ ഉത്പാദനത്തെ തടഞ്ഞുകൊണ്ട്, സന്ധികളുടെ നീര്‍വീക്കത്തിനു കാരണമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയാണ് ഇവ ചെയ്യുന്നത്.

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധിവാതരോഗങ്ങളുടെ ചികിത്സയില്‍ രോഗനിര്‍ണയം നടത്തിയാലുടന്‍ തന്നെ പുതിയ മരുന്നുകള്‍ ആരംഭിക്കുന്നത് രോഗത്തെ പരിപൂര്‍ണമായി നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. രോഗത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് ആദ്യത്തെ രണ്ടുവര്‍ഷങ്ങളിലാണ്. അതുകൊണ്ടാണ് രോഗ പുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകള്‍ രോഗാരംഭത്തില്‍ത്തന്നെ നിര്‍ദേശിക്കപ്പെടുന്നത്. പൊതുവേ ഇവ സാവധാനത്തിലാണ് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. മരുന്നുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുവാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ വേണ്ടിവന്നേക്കും. ഈ കാലയളവില്‍ രോഗത്തെ നിയന്ത്രിക്കുവാനായി പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങുന്ന സ്റ്റിറോയ്ഡുകള്‍ നല്‍കുന്നു.

ഒരു വിഭാഗത്തില്‍പ്പെട്ട മരുന്നുകൊണ്ട് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ പല വിഭാഗത്തില്‍പ്പെട്ട ഒന്നില്‍ക്കൂടുതല്‍ മരുന്നുകള്‍ സംയുക്തമായി നല്‍കാറുണ്ട്. സന്ധിവാതരോഗങ്ങള്‍ ഒരു ദീര്‍ഘകാലരോഗമായതിനാല്‍ മരുന്നുകള്‍ ദീര്‍ഘനാള്‍ നല്‍കേണ്ടിവരും.

സന്ധിവാതരോഗ ചികിത്സയിലെ ഏറ്റവും പുതിയ വഴിത്തിരിവാണ് ജൈവ ഔഷധങ്ങളുടെ (ബയോളജിക്കലുകള്‍) ആവിര്‍ഭാവം. രോഗാരംഭത്തില്‍ത്തന്നെ തുടങ്ങുകയാണെങ്കില്‍, സന്ധിവാതരോഗങ്ങളെ ഭേദപ്പെടുത്തുവാന്‍ പോലും ജൈവ ഔഷധങ്ങള്‍ക്കുകഴിയുമെന്നാണ് വൈദ്യശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

ഡോ. ബി. പദ്മകുമാര്‍

അസോ. പ്രൊഫസര്‍ മെഡിക്കല്‍ കോളേജ്,
ആലപ്പുഴ

സോറിയാസിസ്‌


സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം
ലോകത്ത് ഏതാണ്ട് 12.7 കോടി പേരെ ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്ന സോറിയാസിസ് എന്ന ത്വഗ്‌രോഗം നമ്മുടെ നാട്ടിലും സാധാരണമായിരിക്കുകയാണ്. രോഗകാരണമായ ജനിതക മേഖലകളും ചികിത്സാസമീപനങ്ങളിലെ പുതു പരീക്ഷണങ്ങളും ശാസ്ത്രലോകത്ത് ഗൗരവതരമായ ചര്‍ച്ചാവിഷയമാകുമ്പോള്‍ രോഗം മൂലമുള്ള ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരം തേടുകയാണ് സോറിയാസിസ് രോഗികള്‍. ഇതിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടാനാണ് ഒക്ടോബര്‍ 29 'ലോക സോറിയാസിസ് ദിന'മായി ആചരിക്കുന്നത്.


അടര്‍ത്തിയെടുക്കാവുന്ന ശല്ക്കങ്ങളായും ചുവന്ന ചെറിയ വൃത്തങ്ങളായും കുത്തുകളായും മറ്റും ദേഹത്തിന്റെ പലഭാഗത്തും സോറിയാസിസ് പ്രകടമാകാം. ചിലരില്‍ വളരെ കുറഞ്ഞതോതില്‍ തലയിലോ നഖങ്ങളിലോ മാത്രം കാണാമെങ്കിലും മറ്റുചിലരില്‍ ദേഹമൊട്ടാകെ പടര്‍ന്ന് വികൃതമായിട്ടായിരിക്കും കാണപ്പെടുക. ചൊറിച്ചിലാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. തൊലിയുടെ കട്ടി കൂടുന്നതും ചൊറിയുമ്പോള്‍ ശല്ക്കങ്ങള്‍ പൊഴിയുന്നതും ഇതില്‍ സാധാരണമാണ്. ചെറുപ്പക്കാര്‍ക്കാണ് രോഗം കൂടുതല്‍ കാണുന്നതെങ്കിലും കുട്ടികളിലും പ്രായമായവരിലും അപൂര്‍വമല്ല. കൃത്യമായ ചികിത്സയുടെ അഭാവത്തില്‍, രോഗം സന്ധികളെ ബാധിക്കാനും 'സോറിയാറ്റിക് ആര്‍ത്രൈറ്റിസ്' ഉണ്ടാകാനുമുള്ള സാധ്യതയേറെയാണ്. ഏറെക്കാലം നിലനിന്നേക്കാവുന്ന ഈ ചര്‍മരോഗം പൊതുവെ തണുപ്പുകാലത്താണ് അധികരിക്കാറുള്ളത്.


'എപ്പിഡെര്‍മിസ്' എന്ന ബാഹ്യചര്‍മ സ്തരത്തിന്റെ വളര്‍ച്ച ചിലയിടങ്ങളില്‍ മാത്രം ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് യാഥാര്‍ഥത്തില്‍ സോറിയാസിസ്. ഇതിന്റെ കാരണം വ്യക്തമായി കണ്ടുപിടിച്ചിട്ടില്ലെങ്കിലും രോഗപ്രതിരോധ സംവിധാനത്തിന്റെ വൈകല്യം കൊണ്ടുള്ള രോഗങ്ങളിലൊന്നായിട്ടാണ് സോറിയാസിസ് പരിഗണിക്കപ്പെടുന്നത്. ജനിതക ഘടകങ്ങള്‍ക്ക് രോഗത്തില്‍ വളരെ ശക്തമായ സ്വാധീനമുണ്ട്. തൊലിയിലേല്‍ക്കുന്ന മുറിവുകളും അമിതമായ ചൂടും തണുപ്പും മാനസിക സംഘര്‍ഷങ്ങളും മറ്റും രോഗം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. 


സോറിയാസിസ് സമ്മാനിക്കുന്ന വൈരൂപ്യം മൂലം വല്ലാത്ത അപകര്‍ഷതയും ആത്മനിന്ദയുമാണ് രോഗികള്‍ അനുഭവിക്കുന്നത്. ബന്ധുക്കളില്‍നിന്നുയരുന്ന ചെറിയ പരാമര്‍ശങ്ങള്‍പോലും മനസ്സില്‍ തറയ്ക്കുന്ന കുറ്റപ്പെടുത്തലായാണ് ഇവര്‍ കാണുന്നത്. ആള്‍ക്കാരുടെ പെരുമാറ്റങ്ങളില്‍ തന്നോടുള്ള അകല്‍ച്ച ഒളിഞ്ഞിരിക്കുന്നതായും എല്ലാവരും തന്നെ ഒരു നികൃഷ്ടനായി കാണുന്നതായും ചിന്തിച്ച് രോഗിയില്‍ കടുത്ത മാനസിക സമ്മര്‍ദം വളരാറുണ്ട്. വ്യക്തി-കുടുംബ -സാമൂഹിക ബന്ധങ്ങളില്‍ സോറിയാസിസ് ഏല്പിക്കുന്ന ആഘാതങ്ങള്‍ വളരെ ഗൗരവത്തോടെയാണ് വൈദ്യലോകം ഇന്ന് നിരീക്ഷിക്കുന്നത്.


'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഡെര്‍മറ്റോളജി'യില്‍ ഡോ. ഡേവിഡ്, ഡോ. ഐലിബ് എന്നിവര്‍ ചേര്‍ന്ന് അടുത്ത കാലത്തായി പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സോറിയാസിസ് വ്യത്യസ്തതലങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളുടെ വളരെ വിശദമായ സര്‍വേ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൊതു ചടങ്ങുകളും ലൈംഗിക ബന്ധവും കുട്ടികളോടൊത്തുള്ള ഉല്ലാസവും മറ്റും ക്രമേണ ഒഴിവാക്കുന്ന സോറിയാസിസ് രോഗികള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതായാണ് ഈ റിപ്പോര്‍ട്ട് കാണിക്കുന്നത്. പഠന വിധേയരാക്കിയ രോഗികളില്‍ ഏതാണ്ട് പതിനെട്ടുശതമാനം പേര്‍ കടുത്ത മാനസിക രോഗത്തിനടിമകളായിരുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് രോഗത്തെക്കുറിച്ചുള്ള ശരിയായ ബോധം വളര്‍ത്താത്തതും സമൂഹത്തിന്റെ കാഴ്ചപ്പാടിലുള്ള പ്രശ്‌നങ്ങളുമാണ്. ഏറെ കാലമായി ഇത് നിലനില്ക്കുന്നുണ്ട്.


ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് പല വിദേശരാജ്യങ്ങളിലും സോറിയാസിസ് രോഗികളുടെ പ്രശ്‌നം ചര്‍ച്ചചെയ്യാനും പരസ്​പരം സാന്ത്വനം പകരാനും ഉപദേശനിര്‍ദേശങ്ങള്‍ സ്വരൂപിക്കാനുമുള്ള പൊതുവേദികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. 1968-ല്‍ കാനഡയിലെ ഡോ. ഡിക്‌കോള്‍സിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ 'നാഷണല്‍ സോറിയാസിസ് അസോസിയേഷന്‍' ഇത്തരത്തിലുള്ള സംഘടനകളില്‍ പ്രഥമഗണനീയമാണ്. ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞ 'ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോറിയാസിസ് അസോസിയേഷന്‍സി'ന്റെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 29 സോറിയാസിസ് ദിനമായി ആചരിക്കുന്നത്. രോഗികളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനു മുന്നില്‍ പ്രാധാന്യത്തോടെ എടുത്തുകാട്ടാനും ആരോഗ്യനയ രൂപീകരണ വേളയില്‍ അര്‍ഹിക്കുന്ന പരിഗണന ഇവര്‍ക്ക് ലഭിക്കാനും രോഗസംബന്ധിയായ ഗവേഷണങ്ങള്‍ക്കും ചികിത്സകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കാനും മറ്റും ഇത്തരം ആചരണങ്ങള്‍ പിന്‍ബലമാകേണ്ടതുണ്ട്. വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. പുസ്തകങ്ങളും ഡോക്യുമെന്ററികളും ഇവര്‍ നിര്‍മിക്കുന്നു. 2006-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള അമേിക്കന്‍ ഗവണ്‍മെന്റിന്റെ 'ഗോള്‍ഡ് ട്രയാംഗിള്‍' അവാര്‍ഡ് നേടിയ ഫ്രെഡ് ഫിന്‍കിള്‍സ്റ്റൈന്റെ 'മൈ സ്‌കിന്‍സ് ഓണ്‍ ഫയര്‍' സോറിയാസിസ് അനുഭവിക്കുന്ന കുട്ടികളുടെ കഥ പറഞ്ഞുകൊണ്ട് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടുകയുണ്ടായി.


ഈ രോഗത്തിനെതിരെ ഓരോ വൈദ്യസമ്പ്രദായവും ഓരോ ചികിത്സാസമീപനം സ്വീകരിച്ചു വരുന്നുണ്ടെങ്കിലും ഒന്നും തന്നെ പരിപൂര്‍ണമായി വിജയപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച തടയാനോ ചൊറിച്ചില്‍ കുറയ്ക്കാനോ നീരോ അണുബാധയോ ഉണ്ടെങ്കില്‍ അതൊഴിവാക്കാനോ ഒക്കെ പല ഘട്ടങ്ങളിലും ഉപയോഗിച്ചു വരുന്ന ചികിത്സകള്‍ താത്കാലികാശ്വാസം പകരാറുണ്ടെങ്കിലും കുറച്ചു കാലങ്ങള്‍ക്കുശേഷം രോഗം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. പ്രതിരോധ വ്യവസ്ഥയെ അമര്‍ത്തിവെച്ച് രോഗത്തെ അത്ഭുതകരമായി ഭേദപ്പെടുത്തുന്ന പല ആധുനികൗഷധങ്ങള്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ജൈവൗഷധങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണത്തിലാണിന്ന് ശാസ്ത്രലോകം.


നേരത്തേ സൂചിപ്പിച്ചതുപോലെയുള്ള മാനസികവും ശാരീരികവുമായ ഒട്ടേറെ മാനങ്ങള്‍ ഈ രോഗത്തിനുള്ളിനാല്‍ സമഗ്രമായ ചികിത്സകളാണ് പൊതുവെ സോറിയാസിസില്‍ ഏറെക്കുറെ ഫലപ്രദമായി കാണുന്നത്. ഡോ. ബക്ക്‌ലിയുടേതായി 'ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ഡര്‍മറ്റോളജി'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇത് ശാസ്ത്രീയമായി വിവരിച്ചിട്ടുണ്ട്. മനസ്സും തലച്ചോറും ഹോര്‍മോണുകളും പ്രതിരോധവ്യവസ്ഥയും ചേര്‍ന്ന ഒരു ബന്ധത്തിലൂടെ ത്വഗ്‌രോഗവും മനസ്സും തമ്മില്‍ അനുപൂരകമായി കിടക്കുന്നു. സമ്മര്‍ദമില്ലാത്ത മാനസികാവസ്ഥ രോഗശമനത്തിനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ആന്തരിക ശുദ്ധി വരുത്തുന്ന ചികിത്സകളും രോഗശമനത്തിനുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക സങ്കേതങ്ങളെ ഉദ്ദീപിപ്പിക്കുന്ന പുനരുജ്ജീവന ചികിത്സകളുമാണ് ഏറെക്കുറെ സമഗ്രമായ പദ്ധതികള്‍. ഇവ ഒത്തുചേര്‍ന്നു വരുന്ന രീതിയെന്ന നിലയില്‍ സോറിയാസിസ് ചികിത്സയില്‍ ഭാരതീയ വൈദ്യശാസ്ത്രം ഏറെ പ്രതീക്ഷ നല്കുന്നുണ്ട്. അതുകൊണ്ടാവണം വിദേശികളടക്കം ഒട്ടേറെപ്പേര്‍ ഇന്ന് സോറിയാസിസിന് ആയുര്‍വേദ ചികിത്സ തേടിയെത്തുന്നത്.


കോശങ്ങളുടെ ആന്തരിക പരിതഃസ്ഥിതി മാറ്റി മറിക്കുന്ന സ്നേഹപാന-ശോധന ചികിത്സകളും രസായന ചികിത്സകളുമടങ്ങിയ ആയുര്‍വേദ പദ്ധതി തൊലിയുടെ വൈകല്യം തിരുത്തുന്നതില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ പഠനങ്ങളും തെളിവുകളും നിരത്തി സാക്ഷ്യപ്പെടുത്തുവാനുള്ള ഗവേഷണങ്ങള്‍ ആയുര്‍വേദത്തിലും സജീവമായി വരുന്നു. എങ്കിലും ഇതിനു വേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യത തനത് വൈദ്യത്തിനു താങ്ങാനാകുന്നില്ല. ലോകോത്തര നിലവാരത്തില്‍ ജനിതക മേഖലയിലും മറ്റും നടക്കുന്ന സൂക്ഷ്മ പഠനങ്ങളോടൊപ്പം ഈ കണ്ടെത്തലുകള്‍ കൂടി ഗവേഷണവിധേയമാക്കുകയാണെങ്കില്‍ ഭാരതീയ വൈദ്യശാസ്ത്രം ലോകത്തിനു നല്കുന്ന വിലപ്പെട്ട സംഭാവനയായിരിക്കും സോറിയാസിസിനുള്ള ചികിത്സാ പദ്ധതി.

ഡോ. മധു പി.എം,

മെഡിക്കല്‍ ഓഫീസര്‍,
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി,
പെരളം, കണ്ണൂര്‍.

നടുവേദന


യൗവനാരംഭം മുതല്‍ വാര്‍ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകില്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, പരിഷ്‌കാരം (ഫാഷന്‍) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്. 

പുരുഷന്മാര്‍ക്ക് പരിക്കുകളും. പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.

ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാക്കുന്ന സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദനയ്ക്ക് കാരണമാവാറുണ്ട്.


നടുവേദനയുണ്ടാക്കുന്ന കാരണങ്ങള്‍

ഡിസ്‌ക് സ്ഥാനം തെറ്റല്‍: 

നടുവേദനയുടെ
പ്രധാന കാരണങ്ങളിലൊന്നാണിത്.
ഈ അവസ്ഥയില്‍ ഇന്‍റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌കിന്റെ
പുറംപാട പൊട്ടുന്നു. ജല്ലി പോലുള്ള
വസ്തു പുറത്തേക്ക് ഒഴുകുന്നു.



പേശിവേദന (മസില്‍ എയ്ക്ക്): 

വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലം ഉണ്ടാവുന്നത്.
ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു.
മസ്‌കുലോ സെ്കലറ്റല്‍ : പേശികള്‍, എല്ല്, സന്ധികള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നത്. പേശിപിടിത്തം , കോച്ചിവലിവ് എന്നിവ ഉണ്ടാവുന്നു. നട്ടെല്ലിലെ പരിക്കോ, നട്ടെല്ലിനുണ്ടാവുന്ന അമിത സമ്മര്‍ദമോ മൂലം സംഭവിക്കുന്നു.



സന്ധിവീക്കം (ആര്‍ത്രൈറ്റിസ്): 

നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ് കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.



തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍):

പ്രായമാകുന്നതോടെ ഡിസ്‌കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്‌ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.


ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍: 

മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും.
സേ്കാളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ്.
സിയാട്ടിക : ഇന്‍റര്‍വെര്‍ട്ടബ്രല്‍ ഡിസ്‌കില്‍ മുഴയുണ്ടാവുന്നത് ഇടുപ്പിലെ ഞരമ്പുകളെ അമര്‍ത്തുന്നു. ഇത് വേദനയുണ്ടാക്കാന്‍ കാരണമാവുന്നു.

ഗൗരവമായ കാരണങ്ങള്‍


നട്ടെല്ലില്‍ ട്യൂമര്‍
ക്ഷയം (ടിബി)
ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ)
അണ്ഡാശയ കാന്‍സര്‍
അണ്ഡാശയ മുഴ
ഗര്‍ഭാവസ്ഥ
വൃക്കരോഗം
ഹൃദ്രോഗം
പിള്ളവാതം, ഓസ്റ്റിയോ മലാസിയ വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ട് എല്ലിനുണ്ടാവുന്ന ബലക്ഷയം.

ജീവിതരീതിയിലെ പ്രശ്‌നങ്ങള്‍


ഒട്ടെല്ലാ നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ ഇതാ:
വ്യായാമത്തിന്റെ കുറവ്.
ശരീരം തീരെ ഇളകാത്ത രീതിയിലുള്ള ജീവിതരീതി.
അത്യധികമായ കായികാധ്വാനം.
അമിതമായ ശരീരഭാരം. ആരോഗ്യമല്ലാത്ത തടി.
ശാരീരികപ്രശ്‌നങ്ങള്‍.
ശരിയല്ലാത്ത നില, നടപ്പുരീതി, കൂനിക്കൂടിയുള്ള നടപ്പ്, കൂനിക്കൂടി ഇരുന്നുള്ള ഡ്രൈവിങ്, ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്, നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.
വൈകാരിക സമ്മര്‍ദം.
ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍.
തെറ്റായ ജോലിപരിശീലനം.
ഒന്നിലധികം തവണയായുള്ള ഗര്‍ഭാവസ്ഥ
പുകവലി, മദ്യപാനം.
ജോലിസംബന്ധമായ അപകടം, അനിഷ്ടസംഭവങ്ങള്‍ തുടങ്ങിയവ.