Tuesday, April 3, 2012

നിങ്ങളെ ആര്‍ക്കും വേണ്ടാതായി എന്നു തോന്നുന്നുണ്ടോ?

എന്നെ ആര്‍ക്കും വേണ്ട... ഞാന്‍ ഒറ്റപ്പെട്ടിരിക്കുന്നു... ഞാന്‍ എന്തു ചെയ്താലും പരാജയം മാത്രം... ഇത്തരം ചിന്തകള്‍ അടിക്കടി ഉണ്ടാകുന്നെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ വിഷാദ രോഗത്തിന്റെ ആദ്യത്തെ പടിയിലാണ് നില്‍ക്കുന്നത്. ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അത് കൂടുതല്‍ വഷളാവും. നമ്മുടെ നാട്ടില്‍ നടക്കുന്ന ആത്മഹത്യകളില്‍ പകുതിയിലേറെയും വിഷാദരോഗത്തിന്റെ അനന്തര ഫലമാണെന്നു കൂടി അറിയുമ്പോള്‍ ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ കൂടുതല്‍ വ്യക്തമാകുന്നു.
മനുഷ്യന് സന്തോഷിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സങ്കടം കൂടുതല്‍ വരുന്ന അവസ്ഥ. വിഷാദരോഗം എന്നിതിനു പേരുവരാനുള്ള കാരണം അതാണ്. ദൈനംദിന ജീവിതത്തില്‍ സങ്കടം സാധാരണമാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ നമ്മള്‍ വീണ്ടെടുക്കാറുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി വിഷാദരോഗികളില്‍ സങ്കടമെന്ന വികാരം സ്ഥായിയായി നിലനില്‍ക്കുകയും ഒപ്പം ശാരീരികവും മാനസികവുമായ മറ്റു പല ലക്ഷണങ്ങളും കണ്ടുതുടങ്ങുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ വൈകാരികാവസ്ഥയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കുവാന്‍ കഴിയില്ല. കാരണം ബോധമനസ്സിന് ഇത്തരം ലക്ഷണങ്ങളില്‍ വലിയ സ്ഥാനമില്ല. ഒരു വിഷാദരോഗി ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്ഥയിലൂടെയായിരിക്കും കടന്നു പോകുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി മുഴുവന്‍ ചോര്‍ന്നുപോകുമ്പോള്‍ മരിച്ചാല്‍ മതിയെന്ന തോന്നല്‍ ശക്തമാവുകയും ആത്മഹത്യാ പ്രവണത കാണിച്ചു തുടങ്ങുകയും ചെയ്യും.   സാമൂഹികമായ പിന്തുണയില്ലായ്മ, കുടുംബത്തിലെ ആശയവിനിമയത്തിലുള്ള വൈകല്യങ്ങള്‍, ഏറെ പ്രിയപ്പെട്ടവരുടെ സ്‌നേഹരാഹിത്യം, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, വ്യക്തിത്വ വൈകല്യങ്ങള്‍, വിവിധ മാനസിക രോഗങ്ങള്‍ എന്നിവയൊക്കെ വിഷാദരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായമായവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായമാകുമ്പോഴുണ്ടാകുന്ന വിവിധ അസുഖങ്ങളും അധികാര സ്ഥാനങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയും മരണങ്ങള്‍ക്ക് സാക്ഷിയാകുന്നതുമൊക്കെ ഇതിനു കാരണമാകുന്ന ഘടകങ്ങളാണ്.   കുറേനാള്‍ വിഷാദാവസ്ഥയിലിരിക്കുന്നത് ഒരു രോഗലക്ഷണമായി മനസ്സിലാക്കാനുള്ള തിരിച്ചറിവ് നമ്മുടെ സമൂഹം ഇപ്പോഴും നേടിയെടുത്തിട്ടില്ല. മനോവിഷമമെന്നത് ദുര്‍ബലരുടെ ലക്ഷണമാണെന്നുള്ള തെറ്റായ ഒരു ധാരണ മൂലം പലപ്പോഴും രോഗികള്‍ ഇത് മറ്റുള്ളവരോട് പറയാന്‍ മടിക്കുന്നു. കൂടാതെ മാനസിക പ്രശ്‌നമുള്ളവരോട് സമൂഹം കാണിക്കുന്ന അവഗണനയും ചികിത്സയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭാരിച്ച ചികിത്സാ ചെലവുകളുമൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും രോഗിയെ പിന്നോട്ട് വലിക്കുന്നു. പലപ്പോഴും ആത്മഹത്യാ പ്രവണത കണ്ടു തുടങ്ങുമ്പോഴാണ് മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കാറുള്ളത്.    വിഷാദരോഗത്തിന് ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സ ഇന്ന് ലഭ്യമാണ്. മരുന്ന് കഴിച്ചുതുടങ്ങിയാല്‍ അതിന് അടിമപ്പെടും എന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ട്. ഉറക്കഗുളികകളില്‍ നിന്നും വ്യത്യസ്തമായി വിഷാദരോഗത്തിനുള്ള മരുന്നുകള്‍ ഒരിക്കലും അഡിക്ഷന്‍ ഉണ്ടാക്കില്ല. ചില രോഗികളില്‍ രോഗശമനത്തിന് മരുന്നിനോടൊപ്പം കൗണ്‍സിലിങ് ആവശ്യമായി വരാറുണ്ട്. രോഗകാരണമാകുന്ന ചിന്താ രീതികളെയും പെരുമാറ്റങ്ങളെയും തന്നത്താന്‍ മനസ്സിലാക്കുവാന്‍ സഹായിക്കുക എന്നതാണ് ഇത്തരം ചികിത്സയിലൂടെ സാധ്യമാക്കുന്നത്.

No comments:

Post a Comment