Wednesday, April 25, 2012

വന്‍കുടലിലെ അര്‍ബുദം


വന്‍കുടലിലും മലദ്വാരത്തിലും ഉണ്ടാകുന്ന ക്യാന്‍സര്‍ പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വസാധാരണമാണ്. ഇന്ത്യക്കാരില്‍ അപൂര്‍വമായാണ് ഈ രോഗം കണ്ടിരുന്നത്. എന്നാല്‍, അടുത്തകാലത്തായി ഈ രണ്ട് ക്യാന്‍സറും കേരളത്തില്‍ കൂടുതലായി കാണപ്പെടുന്നു. നമ്മുടെ ജീവിതരീതിയില്‍ വന്ന വ്യത്യാസവും പാശ്ചാത്യരെ അനുകരിച്ചുള്ള ആഹാരക്രമവുമാണ് കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഇത്തരം ക്യാന്‍സര്‍ നേരത്തേ കണ്ടുപിടിച്ചാല്‍ ശാസ്ത്രീയമായി ചികിത്സിച്ചു ഭേദപ്പെടുത്താം. 

എന്താണ് അര്‍ബുദം?: 
മനുഷ്യര്‍ക്കുണ്ടാകുന്ന നൂറുകണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് ക്യാന്‍സര്‍. കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വ്യത്യാസം വന്ന് നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ക്യാന്‍സര്‍ ആവുന്നത്. നിയന്ത്രണം ഇല്ലാതെ കോശങ്ങള്‍ വളരുമ്പോള്‍ മുഴകള്‍ (ട്യൂമര്‍) ഉണ്ടാകുന്നു. ആ മുഴകള്‍ അര്‍ബുദമാണെങ്കില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുന്നു.

കാരണങ്ങള്‍:
 വന്‍കുടലിലും മലദ്വാരത്തിലും അര്‍ബുദം ബാധിക്കുന്നതിന് പ്രത്യേക കാരണമില്ല. എന്നാല്‍, ഈ രോഗം വരാനുള്ള സാധ്യതകള്‍ താഴെപ്പറയുന്നവരില്‍ കൂടുതലായുണ്ട്. 50 വയസ്സിന് മുകളിലുള്ളവര്‍, പുരുഷന്മാര്‍, വന്‍കുടലിന്റെയും മലദ്വാരത്തിന്റെയും അകത്തെഭിത്തിയില്‍ സൂക്ഷ്മമായ മുഴകള്‍ ഉള്ളവര്‍, ഇത്തരം അര്‍ബുദത്തിന്റെ കുടുംബപാരമ്പര്യം ഉള്ളവര്‍, സംസ്‌കരിച്ച റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരിലും നാരടങ്ങിയ ഭക്ഷണം കുറവ് കഴിക്കുന്നവരിലും, വ്യായാമം ഇല്ലാത്തവരിലും ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നവരിലും പുകവലിക്കാര്‍ക്കും, കുടല്‍സംബന്ധമായ രോഗം ഉള്ളവര്‍ക്കും.

ലക്ഷണങ്ങള്‍: 
ആദ്യഘട്ടത്തില്‍ പ്രത്യേക ലക്ഷണം ഉണ്ടാക്കണമെന്നില്ല. കൂടുതല്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നത് ക്യാന്‍സര്‍ കാരണം മലശോധനയ്ക്ക് തടസ്സം സംഭവിക്കുമ്പോഴും വ്രണങ്ങള്‍ ഉണ്ടാകുമ്പോഴുമാണ്.

മലത്തില്‍ രക്തം കാണുക, പ്രത്യേക കാരണമില്ലാതെ ദഹനപ്രക്രിയയിലും മലശോധനയിലും വ്യത്യാസം തോന്നുക, മലവിസര്‍ജനം നടത്തുമ്പോള്‍ വളരെ കുറഞ്ഞ വ്യാസത്തില്‍ മലം പുറത്തേക്കുവരിക, തുടര്‍ച്ചയായുള്ള വായുശല്യം, വേദന തുടങ്ങിയ പൊതുവായുള്ള വയറിന്റെ അസ്വസ്ഥതകള്‍, ഇടയ്ക്കിടയ്ക്ക് മലശോധന നടത്തുന്നതിനുവേണ്ടിയുള്ള തോന്നല്‍, എന്നാല്‍ മലം പോകാതിരിക്കുന്ന അവസ്ഥ, കാരണമില്ലാത്ത വിളര്‍ച്ച, അധിക ക്ഷീണം, ഛര്‍ദിക്കാന്‍ തോന്നുക- ഇതൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് അര്‍ബുദം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഇത്തരം അര്‍ബുദം ഉണ്ടോ എന്ന് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ 50 വയസ്സ് കഴിഞ്ഞാല്‍ മിക്കവരും രണ്ടുവര്‍ഷത്തിലൊരിക്കല്‍ മലപരിശോധന നടത്താറുണ്ട്. ഈ പരിശോധനയില്‍ക്കൂടി, അര്‍ബുദം ആകാന്‍ സാധ്യതയുള്ള ചെറിയ മുഴകള്‍ വന്‍കുടലില്‍ ഉണ്ടോ എന്നറിയാന്‍ സാധിക്കും. അര്‍ബുദം ഉണ്ടെന്ന് സംശയം തോന്നിയാല്‍ കൊളണോസ്‌കോപ്പി എന്ന പരിശോധന ഉടന്‍ ചെയ്യണം. ഈ പരിശോധനയിലൂടെയാണ് അര്‍ബുദം ഉണ്ടോ എന്നറിയാന്‍ സാധിക്കുന്നത്.

ഈ പരിശോധനാസമയത്ത് ഡോക്ടര്‍ക്ക് രോഗിയുടെ കുടലിന്റെയും മലദ്വാരത്തിന്റെയും ഉള്‍ഭാഗം നേരിട്ട് കാണാന്‍ സാധിക്കും. അതുകൊണ്ട് മുഴകള്‍ ഉണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാനും സാധിക്കുന്നു. പരിശോധനയ്ക്കിടയില്‍ത്തന്നെ ചെറിയ പോളിപ്‌സുകള്‍ മുഴുവനായും നീക്കം ചെയ്യുന്നു. പിന്നീട് ബയോപ്‌സി ഫലത്തിലൂടെ അര്‍ബുദത്തെക്കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അപകടസാധ്യതകള്‍ ഉള്ള രോഗികള്‍ ഇടയ്ക്കിടയ്ക്ക് ഈ പരിശോധന ചെയ്യേണ്ടതാണ്.

ചികിത്സകള്‍: 
ശസ്ത്രക്രിയയാണ് ഇതിനുള്ള മികച്ച ചികിത്സ. ശസ്ത്രക്രിയാ സമയത്ത് വന്‍കുടലിലെ അര്‍ബുദഭാഗം നീക്കം ചെയ്യുമ്പോള്‍ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളുംകൂടി അല്പം ഉള്‍പ്പെടുത്തിയാണ് മാറ്റുന്നത്. പിന്നീട് കുടലിന്റെ ആരോഗ്യമുള്ള വശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. മലദ്വാരത്തില്‍ ക്യാന്‍സര്‍ വരുമ്പോള്‍ അതിന്റെ തീവ്രതയനുസരിച്ച് മലദ്വാരം മുഴുവനായോ അതിനുചറ്റുമുള്ള പേശികള്‍ ഉള്‍പ്പെടെയോ നീക്കം ചെയ്യപ്പെടുന്നു.

ശേഷിക്കുന്ന വന്‍കുടലിന്റെ അറ്റം വയറിന് വെളിയില്‍ തുന്നിവെക്കുകയാണ് ചെയ്യുക. ശസ്ത്രക്രിയാരംഗത്ത് ലാപ്പറോസ്‌കോപ്പി ഉപയോഗപ്പെടുത്തിത്തുടങ്ങിയതോടെ താക്കോല്‍ദ്വാര ശസ്ത്രക്രിയ ഈ രോഗികള്‍ക്കും സാധ്യമായി. ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയയാണെങ്കില്‍ വയര്‍ പെട്ടെന്ന് തന്നെ പ്രവര്‍ത്തനക്ഷമമാകുകയും അതുകൊണ്ടുതന്നെ ദഹനപ്രക്രിയ സുഗമമാകുകയും ചെയ്യും.

ശസ്ത്രക്രിയയ്ക്കുശേഷം: 
ശസ്ത്രക്രിയവഴി, അര്‍ബുദം ബാധിച്ച ഭാഗം മാറ്റിയാല്‍ പിന്നീട് അത് പരിശോധിച്ചു ക്യാന്‍സറിന്റെ വളര്‍ച്ചാഘട്ടം പാത്തോളജിസ്റ്റ് കണ്ടുപിടിക്കും. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കുന്നത് മുഴ എത്ര വ്യാപിച്ചിരിക്കുന്നുവെന്നും മറ്റ് അവയവങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നും അനുസരിച്ചാണ്. കുടലിന്റെ ഉള്ളിലുള്ള പാളിയെ മാത്രമാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത് എങ്കില്‍ ശസ്ത്രക്രിയ മാത്രം മതിയാകും. അതേസമയം കുടലിന്റെ ഉള്‍ഭാഗം മുഴുവന്‍ ക്യാന്‍സര്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍, വീണ്ടും ഈ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം രോഗികളില്‍ 'കീമോതെറാപ്പി' അല്ലെങ്കില്‍ 'റേഡിയോ തെറാപ്പി' ആവശ്യമായിവരുന്നു. ഇത്തരം അര്‍ബുദം ബാധിച്ച ശരീരം ഈ ചികിത്സാരീതി അധികം പാര്‍ശ്വഫലങ്ങളില്ലാതെ സ്വീകരിക്കുന്നതായാണ് കണ്ടുവരുന്നത്. ശസ്ത്രക്രിയാസമയത്ത് ഈ രോഗം ഏതുനിലവരെ എത്തി എന്നുള്ളതാണ് പ്രധാനം. ആരംഭദശയില്‍ തന്നെ ട്യൂമര്‍ മാറ്റിയിട്ടുണ്ടെങ്കില്‍ രോഗി പൂര്‍ണമായും ഇതില്‍നിന്നു മുക്തനാകും. അതുകൊണ്ടു തന്നെ ഈ രോഗം നേരത്തേ കണ്ടുപിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് വിദഗ്ധര്‍ ഊന്നിപ്പറയുന്നത്.

അര്‍ബുദം കഴലകളിലേക്ക് പടര്‍ന്നിട്ടുണ്ടെങ്കിലും അത്തരം 70 ശതമാനം രോഗികളും അടുത്ത അഞ്ചുവര്‍ഷത്തോളം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കീമോതെറാപ്പിയിലൂടെ ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ കരള്‍, ശ്വാസകോശം എന്നിവയിലേക്ക് ഈ അര്‍ബുദം വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷമാണ് ആയുസ്സ് നീട്ടിക്കിട്ടാന്‍ സാധ്യത.

ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍, മലദ്വാരത്തിലും വന്‍കുടലിലും ഉണ്ടാകുന്ന അര്‍ബുദത്തിന്റെ എണ്ണം പെരുകുന്നു. വൈദ്യരംഗത്ത് ഈ രോഗം നേരത്തേ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ ചികിത്സിക്കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒരസുഖമാണിത്.

No comments:

Post a Comment