Wednesday, April 25, 2012

'പാര്‍ക്കിന്‍സ'ണ് ആയൂര്‍വേദം


ഓര്‍ക്കാപ്പുറത്ത് ഉറക്കത്തിന്റെ ആക്രമണം. പിന്നെ മണിക്കൂറുകള്‍ ബോധമില്ലാതെ ഉറങ്ങും. ഉണര്‍ന്നിരിക്കുമ്പോള്‍ വിഷാദരോഗികളെപ്പോലെ പെരുമാറുക. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമെങ്കിലും സ്വന്തം പരിസരത്തോട് പ്രതികരിക്കാനാവാതെ വരിക.പാര്‍ക്കിന്‍സണ്‍സിന്റെ ലക്ഷണങ്ങളില്‍ ചിലവയാണിത്.രണ്ടുതരം ലക്ഷണങ്ങളാണ് പാര്‍ക്കിന്‍സണ്‍ രോഗികളില്‍ കണ്ടുവരുന്നത്. ശരീരത്തിന്റെ ചലനശേഷി കുറയുകയും കാലംചെല്ലുന്തോറും പൂര്‍ണമായും നഷ്ടമാവുകയും ചെയ്യുകയാണ് ഒന്ന്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതുമൂലം ഉണര്‍വിലും പ്രതികരണശേഷിയിലും ഗണ്യമായ കുറവുണ്ടാവുകയാണ് മറ്റൊന്ന്. 

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഏതാണ്ട് അറുപതിനായിരത്തോളം പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി അമ്പതിനും അറുപതിനും ഇടയിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഒരുകാലത്ത് വളരെ അപൂര്‍വമായിരുന്നു ഈ രോഗം. ചെറുപ്രായത്തിലേ ഇതുബാധിക്കുന്നത് ജനിതകമായ കാരണങ്ങളാലാണ്. ശരീരത്തിലെ മാംസപേശികളുടെ പ്രവര്‍ത്തനത്തിനും ചലനത്തിനും ശരീരത്തിന്റെ നില ക്രമീകരിക്കുന്നതിനും സഹായിക്കുന്ന മസ്തിഷ്‌കത്തിലെ ചില സിരാകോശങ്ങളുടെ കാര്യക്ഷമത കുറയുന്നതുകാരണം നടക്കുന്നതിനും ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും നടക്കുമ്പോള്‍ കൈവീശുന്നതിനും മറ്റും പ്രയാസം നേരിടുന്നു.

തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് നശിക്കുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാകും രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുക.

വിട്ടുമാറാത്ത ഗൗരവമേറിയ പല രോഗങ്ങളും വാര്‍ധക്യകാലത്താണ് കൂടുതലായും ബാധിച്ചുകാണുന്നത്. പാരമ്പര്യം, ഭക്ഷണരീതി കുടുംബപരമായ സാഹചര്യങ്ങള്‍, ചെയ്തുവന്ന ജോലിയുടെ പ്രത്യേകത, വ്യക്തിയുടെ മാനസിക നിലവാരം എന്നിവ'െല്ലാം ശരീരത്തിന്റെ വാര്‍ധക്യകാലത്തെ മാറ്റങ്ങളില്‍ നിര്‍ണായകമായി സ്വാധീനിക്കുവാന്‍ കഴിവുണ്ട്. വാര്‍ധ്യമാകുന്നതോടെ ശരീരകോശങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. വയസ്സുകൂടുന്നതിനനുസരിച്ച് പ്രവര്‍ത്തനശേഷി കുറഞ്ഞ കോശങ്ങളാണ് ശരീരത്തില്‍ പുതിയതായി ഉണ്ടാകുക. അതുകൊണ്ടുതന്നെ വൃദ്ധരില്‍ എല്ലാ അവയവങ്ങളിലും പ്രവര്‍ത്തനമാന്ദ്യം സ്വാഭാവികമായും സംഭവിക്കുന്നു. മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനമാന്ദ്യം വൃദ്ധരില്‍ പലതരത്തിലുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാര്‍ക്കിന്‍സണ്‍സ് രോഗം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്.

വിറയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം. അതുകൊണ്ട് 'കമ്പവാതം' എന്ന പേരും ഇതിനുണ്ട്. പ്രത്യേക രീതിയിലുള്ള നടത്തവും വികാര രഹിതമായ മുഖഭാവവും കൂടി കാണപ്പെട്ടാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം തന്നെ ഏതാണ്ടുറപ്പിക്കാം.

വളരെ സാവധാനത്തിലും ആകസ്മികവുമായിട്ടായിരിക്കും രോഗം പ്രത്യക്ഷപ്പെടുക. വിറയല്‍, പേശീകാഠിന്യം, തല ഉരസ്സിലേക്കടുക്കുന്ന രീതിയില്‍ ശരീരം അകത്തോട്ട് വളയുക എന്നിവ ഈ രോഗത്തിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. മിക്കവാറും ഒരു കൈക്ക് മാത്രമായിരിക്കും ആദ്യം വിറയല്‍ അനുഭവപ്പെടുക. ക്രമേണ മാസങ്ങളോ വര്‍ഷങ്ങളോകൊണ്ട് മറ്റേ കൈയിലും വിറയല്‍ ഉണ്ടാകാന്‍ തുടങ്ങും. കരുതിക്കൂട്ടിയുള്ള ചലനങ്ങളുടെ സമയത്ത് ഇത്തരം വിറയല്‍ കാണപ്പെടാറില്ല. ഉറക്കത്തിലും ഇതുണ്ടായിക്കാണുന്നില്ല. പേശികളുടെ കാഠിന്യം ഭൂരിഭാഗം രോഗികളിലും മുഖത്താണ് കാണപ്പെടുക. ഇതു സ്ഥിരമായിരിക്കുകയും നിര്‍വികാരതയോടെയുള്ള മുഖഭാവത്തിനു കാരണമാവുകയും ചെയ്യും. ഇതു രോഗിയുടെ യഥാര്‍ഥ മുഖത്തില്‍ നിന്നും വിഭിന്നമായിരിക്കും.

അന്തിമമായി ഈ പേശീകാഠിന്യം ശരീരത്തെയാകമാനം ബാധിച്ചുകൂടായ്കയില്ല. അതിനാല്‍ രോഗി നടക്കുവാന്‍ തുടങ്ങുമ്പോള്‍ ശരീരം മുമ്പോട്ട് കുനിയുകയും ഹൃസ്വവും വേഗതയേറിയതുമായ കാല്‍വെയ്പുകളിലൂടെ മുന്നോട്ട് നീങ്ങേണ്ടിവരികയും ചെയ്യും. ഞെട്ടലോടുകൂടിയ ചലനങ്ങളായിരിക്കും രോഗിയില്‍ കാണപ്പെടുക. ചിലപ്പോള്‍ ചലനം പൂര്‍ത്തിയാകുന്നതിനുമുമ്പു തന്നെ നിന്നുപോയേക്കാം. താങ്ങില്ലാതെയിരുന്നാല്‍ രോഗിമറിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. കുറയുകയോ കൂടുകയോ ചെയ്യാത്ത ഏകസ്വരത്തിലുള്ള സംഭാഷണ ശൈലിയായിരിക്കും പാര്‍ക്കിന്‍സണ്‍സ് രോഗി അവലംബിക്കുക. ശബ്ദം വളരെ പതുക്കെയായിരിക്കും. ചുണ്ടുകള്‍ കഠിനവും വിറയലുള്ളതുമാകയാല്‍ വായിലൂടെ തുപ്പല്‍ ഒലിച്ചിറങ്ങിയേക്കാം.

പ്രകടമായി കാണുന്ന ഭാവമാറ്റം പാര്‍ക്കിന്‍സണ്‍ രോഗിയില്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഉറ്റ സുഹൃത്തുക്കളെയോ, ഏറ്റവും അടുത്ത ബന്ധുക്കളെയോ കണ്ടാല്‍പ്പോലും ഇവരുടെ മുഖത്തു യാതൊരുവിധ ഭാവമാറ്റവും ഉണ്ടാവില്ല. കാണപ്പെടുന്ന ഒരേ ഭാവം ചൈതന്യംപൂര്‍ണമായും നഷ്ടപ്പെട്ട നിസ്സംഗത മാത്രമായിരിക്കും. അലക്ഷ്യമായി എവിടെയോ തറപ്പിച്ചുനോക്കുന്ന രീതി. മറ്റുള്ളവരില്‍ സഹതാപം ജനിപ്പിക്കുന്നതരത്തിലായിരിക്കും ഇവരുടെ നടത്തം. ഇരുന്നിട്ട് എണീക്കുവാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ വളരെപ്രയാസം എന്നിവ അനുഭവപ്പെടും. കൈയ്യക്ഷരം വായിക്കുവാന്‍ പറ്റാത്തവിധം തീരെ ചെറുതായിപ്പോകും. രോഗം തീവ്രമാകുമ്പോള്‍ ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനൊപ്പം പ്രവൃത്തികളെല്ലാം മന്ദമായേക്കാം. അംഗചലനങ്ങളെല്ലാം സ്ലോമോഷനിലാകും. നടക്കുമ്പോള്‍ വേഗതകുറക്കുവാനോ പെട്ടെന്നു നില്‍ക്കുവാനോ ഇവര്‍ക്കാവില്ല. വെറുതെയിരിക്കുമ്പോള്‍ രോഗിയുടെ കൈവിരലുകള്‍ വിറക്കുകയോ ജപമാലയുടെ മുത്തുകള്‍ തള്ളിവിടുന്നതുമാതിരി അംഗവിക്ഷേപങ്ങള്‍ കാണിക്കുകയോ ചെയേ്തക്കാം.

മസ്തിഷ്‌ക മുഴ, തലയേ്ക്കല്‍ക്കുന്ന ആഘാതങ്ങള്‍, സിഫിലിസ്‌പോലെയുള്ള ചില ലൈംഗിക രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍ എന്നിങ്ങനെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു പ്രേരക ഘടകങ്ങള്‍ ധാരാളം ഉണ്ട്. കാര്‍ബണ്‍ മോണോകൈ്‌സഡ്/മെര്‍ക്കുറി വിഷബാധകള്‍, ഫിനോത്തയാസിന്‍ ഗ്രൂപ്പില്‍പ്പെട്ട മരുന്നുകളുടെ വിവേചന രഹിതമായ ഉപയോഗം എന്നിവയും രോഗത്തിനു കാരണമാകും.

പാര്‍ക്കിന്‍സണ്‍ രോഗം പഴക്കമേറിയാല്‍ നാക്കിലും കണ്‍പോളകളിലും വിറയല്‍ പ്രത്യക്ഷപ്പെടാം. അത്തരം ഘട്ടത്തില്‍ വിശ്രമാവസ്ഥയിലെ വിറയല്‍കൂടുതല്‍ പ്രകടമായിത്തീരും. കണ്‍പോളകളടക്കാതെ നിര്‍വികാരമായ രോഗിയുടെ മുഖഭാഗം ഒരു മന്ദബുദ്ധിയുടെ പ്രതീതി ഉണ്ടാക്കിയേക്കും. നടക്കുമ്പോഴുള്ള കൈവീശലിന്റെ താളക്രമം തെറ്റുകയോ ഇല്ലാതാകുകയോ ചെയ്യും. നടക്കുന്ന സമയത്തെ ശരീരത്തിന്റെ ബാലന്‍സ് ക്രമീകരിക്കുവാന്‍ രോഗിക്കു കഴിയുന്നതല്ല. പേശികളുടെ കോച്ചിവലി നിമിത്തം നന്നായി എഴുതാന്‍ കഴിയില്ല. ശ്രദ്ധയോടെ ചെയ്താന്‍ ഏതാനും മിനിറ്റു നേരത്തേക്കു ഇതുശരിയാകുമെങ്കിലും ശ്രദ്ധപതറുമ്പോള്‍ പഴയരീതിയിലായിത്തീരും. സ്പര്‍ശനശേഷിക്കുനാശം സംഭവിക്കുന്നില്ല.

പേശീകാഠിന്യം, വിറയല്‍, ചലനപ്രക്രിയയിലെ വ്യത്യാസങ്ങള്‍ ഇവ മൂന്നുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അടയാളങ്ങള്‍. മദ്യപാനാധിക്യത്തിലും തൈറോയ്ഡ് വീക്കത്തിലും കാണപ്പെടുന്ന വിറയല്‍ ഈ രോഗത്തിലെ വിറയലുമായി വേര്‍തിരിച്ചറിയുവാന്‍ ഒരു വിദഗ്ദ്ധ നു കഴിയും.

രോഗത്തിന്റെ പേരുപറയുവാന്‍ കഴിയുന്നില്ല എന്നതുകൊണ്ട് മാത്രം ആയുര്‍വേദത്തില്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല. ത്രിദോഷങ്ങളുടെ വൃദ്ധിക്ഷയങ്ങളാണ് രോഗങ്ങളുടെ അടിസ്ഥാനകാരണം എന്നതിനാല്‍ ഓരോ രോഗത്തിലെയും ലക്ഷണങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ഏതൊക്കെ ദോഷങ്ങള്‍ക്കാണ് സമാവസ്ഥയില്‍ നിന്നും മാറ്റം സംഭവിച്ചിരിക്കുന്നതെന്നു വിലയിരുത്തി അവയെ ക്രമത്തിലാക്കുന്നതിനുള്ള ഔഷധങ്ങളും ക്രിയാക്രമങ്ങളും വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ ശമിപ്പിക്കുവാന്‍ കഴിയും. ആയുര്‍വേദത്തിലെ പഞ്ചകര്‍മ - രസായന ചികിത്സകള്‍ക്ക് ഈ രോഗത്തിന്റെ ശമനത്തിനും പ്രതിരോധത്തിലും നിര്‍ണായക പങ്കുവഹിക്കുവാന്‍ കഴിയും. പഞ്ചകര്‍മ ചികിത്സ വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ ചെയ്യുക വഴി മസ്തിഷ്‌കത്തിലേക്കുള്ള രക്തഓട്ടം സുഗമമാക്കുവാനും പോഷകന്യൂനത പരിഹരിക്കുവാനും കഴിയും. രസായന ചികിത്സയിലൂടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്‌കകോശങ്ങള്‍ക്കു പുതുജീവന്‍ പ്രദാനം ചെയ്യുവാനും ഊര്‍ജം നല്‍കി കൂടുതല്‍ കര്‍മക്ഷമമാക്കുവാനും കഴിയും.

രസ്‌നാദികഷായം, ബലാരിഷ്ടം, പുനര്‍ന്നവാസവം, കപികച്ചുചൂര്‍ണം, ശുണുീബലാദികഷായം, ക്ഷീരബല ആവര്‍ത്തികള്‍, ഭേളതൈലം, ധാന്വന്തരം സഹചരാദി, മഹാമാഷ തൈലങ്ങള്‍ എന്നിങ്ങനെ ധാരാളം ഔഷധങ്ങള്‍ രോഗാവസ്ഥ, രോഗിയുടെ ശരീരപ്രകൃതി, മാനസികാവസ്ഥ, പ്രായം, ആരോഗ്യസ്ഥിതി എന്നിവ സൂക്ഷ്മമായി പഠിച്ചശേഷം യുക്ത്യനുസരണം ഉപയോഗപ്പെടുത്തണം.

പാര്‍ക്കിന്‍സണ്‍രോഗം ഒരാളിന്റെ ജീവിതത്തില്‍ വലിയമാറ്റങ്ങളാണുണ്ടാക്കുക. അതിനാല്‍ ക്ഷമയോടെയുള്ള പരിചരണം രോഗിക്കു നല്‍കണം. മാംസ്യം കൂടുതലടങ്ങിയ ആഹാരം ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ശുദ്ധജലവും ധാരാളമായി ഉപയോഗപ്പെടുത്തുകയും വേണം.

ആയുര്‍വേദത്തിലെ സ്നേഹസ്വേദങ്ങള്‍ (അനുയോജ്യമായ ഔഷധീകരിച്ച തൈലം / ഘൃതം ബാഹ്യമായും ആന്തരികമായും ഉപയോഗിച്ച് സ്‌നിഗ്ദ്ധ മാക്കിയശേഷം ചൂടേല്പിച്ചു വിയര്‍പ്പിക്കുക). ശരീരാവയവങ്ങള്‍ക്കുണ്ടാകുന്ന വേദന, വിറയല്‍, കോച്ചിവലി, സ്തംഭനം എന്നിവക്ക് പൂര്‍ണശമനം നല്‍കുവാന്‍ പര്യാപ്തമാണ്. മറ്റൊരു സ്വേദനക്രിയയായ ധാര ഈ രോഗത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രോഗശമനത്തിനു സഹായകമായ ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തിയ തൈലം മുതലായ അനുയോജ്യമായ ദ്രവ്യങ്ങള്‍ നിശ്ചിത ചൂടില്‍ പ്രത്യേക അകലത്തില്‍ ധാരയായി ഒഴുക്കുന്നതിനെയാണ് ധാര എന്നു പറയുന്നത്. തലയില്‍ മാത്രമായി ചെയ്യുന്ന 'ശിരോധാര' പ്രത്യേകിച്ചും ഈ രോഗത്തില്‍ ഏറെ പ്രയോജനകരമായി കണ്ടിട്ടുണ്ട്. ധാരയ്ക്ക് നാഡീകേന്ദ്രത്തില്‍ ഉത്തേജനവും അന്തഃസ്രാവക്രമീകരണവും വരുത്തുവാന്‍ പര്യാപ്തമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. മോര്, ചില പ്രത്യേകതരം കഷായങ്ങള്‍, അരിക്കാടി എന്നിവയും ധാരയ്ക്കു ഉപയോഗപ്പെടുത്താം. പ്രത്യേക ഔഷധങ്ങളിട്ടു കാച്ചിയ പാലില്‍ നിന്നുണ്ടാക്കുന്ന മോരാണ് ഇതിലേക്കുപയോഗപ്പെടുത്തുക. രോഗത്തിന്റെ ഘട്ടം മനസ്സിലാക്കിവേണം മരുന്നുകള്‍ യുക്തമായവ തിരഞ്ഞെടുക്കാന്‍. ശിരോധാരയ്ക്കു മുമ്പ് സ്നേഹസ്വേദങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ചെയ്തു എന്നുറപ്പു വരുത്തേണ്ടതാണ്.

പിഴിച്ചില്‍, ഇലക്കിഴി, ശിരോവസ്തി, ധാന്യാധാര എന്നീ ക്രിയാക്രമങ്ങളും പാര്‍ക്കിന്‍സണ്‍സിന്റെ മൂലകാരണത്തെയും ലക്ഷണങ്ങളെയും പൂര്‍ണമായും ശമിപ്പിക്കുവാന്‍ എത്രത്തോളം പര്യാപ്തമാണെന്നു ഗവേഷണങ്ങളിലൂടെ നിരീക്ഷിക്കേണ്ടതുണ്ട്.

ഡോ. കെ. മുരളീധരന്‍പിള്ള,

മുന്‍ പ്രിന്‍സിപ്പല്‍, ആയുര്‍വേദ കോളേജ്,
ഒല്ലൂര്‍, തൃശ്ശൂര്‍


No comments:

Post a Comment