ആധുനിക കാലഘട്ടത്തിലെ യാന്ത്രികവും കൃത്രിമവും ആയ ജീവിതരീതി കാരണം ആരോഗ്യം എന്നത് അവര്‍ സ്വായത്തമാക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഹാരരീതിയിലെ മാറ്റങ്ങളും വ്യായാമ രാഹിത്യവും വര്‍ധിച്ച മനഃസംഘര്‍ഷങ്ങളും ഇവയില്‍ എടുത്തുപറയേണ്ട കാരണങ്ങളാണ്. 'ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' അഥവാ 'ഗ്രഹണി' എന്ന രോഗവും മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ സംഭവിക്കുന്ന ദഹനക്ഷയം അഥവാ അഗ്‌നിമാന്ദ്യം തന്നെയാണ്.
കുടലുകളുടെ ഉള്‍വശം സങ്കോച, വികാസ ക്ഷമതയുള്ള പേശീകലകളാല്‍ ആവൃതമാണ്. ആഹാരം ആമാശയത്തിലെ ദഹനശേഷം കുടലിലെത്തിയാല്‍, അവയുടെ സങ്കോച വികാസങ്ങളിലൂടെ വന്‍കുടലിന്റെ അടിഭാഗത്തേക്കാനയിക്കപ്പെടുന്നു. ഒരു പ്രത്യേക താളക്രമത്തിലാണ് കുടലിന്റെ സങ്കോച വികാസങ്ങള്‍ സംഭവിക്കുന്നത്. 'ഗ്രഹണി' എന്ന രോഗാവസ്ഥയില്‍ ഈ സങ്കോചങ്ങള്‍ കൂടുതല്‍ ശക്തിയിലാകുകയും ഏറെ സമയം നിലനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭക്ഷിച്ച ആഹാരം ദഹനശേഷം പോഷകാംശം വേണ്ടരീതിയില്‍ ആഗിരണം ചെയ്യപ്പെടാതെതന്നെ വായുക്ഷോഭവും വയറുവീര്‍ക്കലും അതിസാരവും ഉണ്ടാക്കിക്കൊണ്ട് കുടലിന്റെ അടിഭാഗത്തേക്കാനയിക്കപ്പെടുന്നു. ചില അവസരങ്ങളില്‍ ഇതിന് വിപരീതമായി ആഹാരം പതുക്കെ മാത്രം കുടലുകളിലൂടെ നീങ്ങുകയും മലം ജലാംശം ഇല്ലാതെ കട്ടിയായി വളരെ പ്രയാസത്തോടെ വിസര്‍ജിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ കുടലുകളുടെ ചലനവേഗത്തിലെ വ്യതിയാനങ്ങള്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ ഗ്രഹണീ രോഗിയിലുണ്ടാക്കുന്നു.
അന്നനാളം മുതല്‍ ഗുദഭാഗം വരെ നീണ്ടുകിടക്കുന്ന അവയവങ്ങളെയാണ് 'കോഷ്ഠം' എന്ന് ആയുര്‍വേദം വിവരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പാചകാഗ്‌നിയുടെ സുസ്ഥിതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പാചകാഗ്‌നിയുടെ പ്രവര്‍ത്തനക്ഷമത വ്യക്തിയുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. അഹിതവും അപഥ്യവും വിരുദ്ധവും ആയ ആഹാരങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന ആള്‍ക്ക് ദഹനക്ഷയം ഉണ്ടാകാതിരിക്കില്ല. ഗ്രഹണി ദഹനക്ഷയത്തിന്റെയും തുടര്‍ന്നുള്ള ദോഷ ദുഷ്ടിയുടെയും ഫലമായുണ്ടാകുന്നതാണ്.
ചുരുക്കത്തില്‍, ശാരീരിക-മാനസിക കാരണങ്ങളാലുള്ള ദഹനക്ഷയവും വാതകോപവും തുടര്‍ന്നുണ്ടാകുന്ന അനുബന്ധ ദോഷങ്ങളുടെ പ്രകോപനവും ഗ്രഹണിയുടെ അടിസ്ഥാന കാരണങ്ങളാകുന്നു. ശീതഗുണം ഉള്ളതും വിരുദ്ധവും ദഹനക്ഷയത്തെ ഉണ്ടാക്കുന്നതുമായ ആഹാരങ്ങള്‍ അഗ്‌നിയെ ദുഷിപ്പിക്കുകയും വാതദോഷത്തെ കോപിപ്പിക്കുകയും ചെയ്യും. വാതം കോപിക്കുമ്പോള്‍ സ്വാഭാവികമായും കുടലുകളുടെ ചലനം വിഷമഗതിയിലാകും. അതിസാരം മാനസിക കാരണങ്ങളാലുമുണ്ടാകും. ഭയം, ദുഃഖം എന്നിവ ഇവിടെ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ രോഗത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താന്‍, ലക്ഷണങ്ങളുടെ വൈവിധ്യംകൊണ്ട് പെട്ടെന്ന് കഴിഞ്ഞു എന്നുവരില്ല. ഇതേ ലക്ഷണങ്ങളുള്ള മറ്റനേകം രോഗങ്ങള്‍ ഉണ്ടുതാനും. അതിനാല്‍, ഗൗരവമേറിയ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.
വയറുവേദനയും വയറിന്റെ അടിഭാഗത്ത് പ്രത്യേകിച്ചും അനുഭവപ്പെടുന്ന അസ്വസ്ഥതകളും മലശോധനയിലെ അസ്വാഭാവികതകളും കൂടി വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണിത്. മലബന്ധവും വയറിളക്കവും ഇടകലര്‍ന്ന് പ്രത്യക്ഷപ്പെടുന്നു. മലത്തിലൂടെയുള്ള കഫസ്രവവും മലശോധന കഴിഞ്ഞാലും പൂര്‍ണ തൃപ്തി അനുഭവപ്പെടാത്തതും മല വിസര്‍ജനത്തിന് മുമ്പ് ഉണ്ടാകുന്ന വയറുകൊളുത്തിപ്പിടിക്കുന്നതുപോലുള്ള വേദനയും വയറുവീര്‍പ്പും 'ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' എന്ന രോഗാവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്ന മറ്റുചില പ്രധാന ലക്ഷണങ്ങളാണ്. കൂടാതെ പേശീവേദനയും ലൈംഗികക്ഷീണവും മൂത്രസംബന്ധിയായ അസ്വസ്ഥതകളും മാനസികവിഭ്രാന്തിയും അനുബന്ധ അവസ്ഥകളാണ്.
ഉദരത്തിലെ അസ്വസ്ഥതകള്‍ മലവിസര്‍ജനം ഉണ്ടായാല്‍ താത്കാലികമായി ശമിക്കും. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുകില്‍ അതിസാര പ്രധാനമോ അല്ലെങ്കില്‍ മലബന്ധ പ്രധാനമോ ആകാം. രണ്ടിലും മലം ഇളകിപ്പോകുന്നതും മലം ശക്തിയായി മുറുകിപ്പോകുന്നതും നാടപോലെ മലം സ്രവിക്കുന്നതും മാറിമാറി രോഗിയില്‍ സംഭവിക്കുന്നു. രാവിലെ എണീറ്റാല്‍ രണ്ടുമൂന്ന് തവണ കക്കൂസില്‍ പോകേണ്ടിവരും. ആഹാരം എപ്പോള്‍ കഴിച്ചാലും ഉടന്‍ കക്കൂസില്‍ പോകണമെന്ന തോന്നല്‍ രോഗിക്കുണ്ടാകും. ഈ രോഗം മിക്കവരിലും ആരംഭിക്കുന്നത് പനിയും ഛര്‍ദിയും വയറിളക്കവുമായിട്ടായിരിക്കും. ചിലരില്‍ ഉദരത്തിന്റെ അടിഭാഗത്ത് വേദന തുടര്‍ച്ചയായി നിലനില്‍ക്കാം. ചിലപ്പോള്‍ വേദന അസഹനീയവുമാകും.
ഈ വേദന ആഹാരം കഴിച്ചാല്‍ കൂടുകയും മലവിസര്‍ജനം ഉണ്ടായാല്‍ താത്കാലികമായി ശമിക്കുകയും ചെയ്യാം. ചിലപ്പോള്‍ വേദനയില്ലാതെ തന്നെ വയറിളക്കം സംഭവിക്കാം. ഇത് പലതവണ ആവര്‍ത്തിക്കുകയും തുടര്‍ന്ന് മലബന്ധം ഉണ്ടാവുകയും ചെയ്‌തേക്കാം. കഫത്തോടുകൂടി വളരെ ഉറച്ച മലമായിരിക്കും ഈ അവസരത്തില്‍ വിസര്‍ജിക്കുക. വയര്‍ വല്ലാതെ വീര്‍ത്ത് വിമ്മിട്ടം ഉണ്ടാകുകയും വയറിലെ കുടലിന്റെ ചലനം രോഗിക്ക് അനുഭവവേദ്യമാകുകയും ചെയ്യും. ഒപ്പം മനംപിരട്ടല്‍, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം എന്നിവയും ഉണ്ടാകും.
ദഹനപ്രക്രിയയില്‍ വ്യക്തിയുടെ മാനസികാവസ്ഥയ്ക്ക് സുപ്രധാന പങ്കാണുള്ളത്. ഹിതവും മിതവും ആയ ആഹാരം കൃത്യസമയത്തുതന്നെ കഴിക്കുന്ന വ്യക്തിയായാലും ചിന്ത, ശോകം, ഭയം, ക്രോധം, കടുത്ത ആകാംക്ഷ എന്നീ വികാരങ്ങള്‍ക്ക് വിധേയനെങ്കില്‍ കഴിച്ച ആഹാരം വേണ്ടരീതിയില്‍ ദഹിക്കുകയില്ല.
ദഹനശക്തി വര്‍ധിപ്പിക്കുന്നതും വാതാനുലോമനവും പിത്തശമനവും മനോ അനുകൂലങ്ങളുമായ ഔഷധങ്ങളാണ് ഈ രോഗത്തില്‍ പ്രയോജനപ്പെടുത്തേണ്ടത്. കാളശാകാദി കഷായം, മുസ്തകരഞ്ജാദി കഷായം, മധുകാസവം, മുസ്താരിഷ്ടം, അഹിഫേനാസവം, സേതുബന്ധം ഗുളിക, ഡാഡിമാഷ്ടക ചൂര്‍ണം തുടങ്ങി ധാരാളം മരുന്നുകള്‍ ഈ രോഗത്തിനുണ്ട്.
വിരുദ്ധാഹാരങ്ങള്‍ വര്‍ജിക്കണം. തണുത്ത ആഹാര പാനീയങ്ങളും എരിവ്, മസാലകള്‍ എന്നിവയും വര്‍ജിക്കണം. ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോമില്‍ ചില പ്രത്യേക ഭക്ഷ്യവസ്തുക്കള്‍ രോഗം വര്‍ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ചോക്ലേറ്റ്, പാല്‍, മദ്യം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഭൂരിഭാഗം രോഗികളിലും കുടുംബപ്രശ്‌നങ്ങളോ മനഃസംഘര്‍ഷങ്ങളോ ഒക്കെ അവരുടെ രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാം. ശരീരത്തിന്റെ തൂക്കം കുറയുന്നതും മലത്തിലൂടെ രക്തം സ്രവിക്കുന്നവരും വയറുവേദന ക്രമാനുഗതമായി വര്‍ധിക്കുന്നവരും അര്‍ബുദ പാരമ്പര്യം ഉള്ള രോഗികളും പ്രത്യേകം ശ്രദ്ധിക്കണം.
No comments:
Post a Comment