Sunday, April 15, 2012

പോപ്കോൺ ആരോഗ്യത്തിന് ഉത്തമാഹാരം

ated: March 29, 2012

യാത്രാവേ‌‌ളകളിലും സിനിമാശാലകളിലും നിങ്ങളുടെ മുന്നിലെത്തുന്ന പോപ്കോൺ വിതരണക്കാരെ ഇനിമുതൽ അവഗണിക്കേണ്ട. ഒരു നേരംപോക്ക് എന്നതിനപ്പുറം നമ്മുടെ ആരോഗ്യപരിപാലനത്തിന് ഗുണം ചെയ്യുന്ന ഒരുത്തമാഹാരം കൂടിയാണത്രെ ‘മിസ്റ്റർ.പോപ്കോൺ’ . അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള സ്ക്രാന്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് തങ്ങളുടെ പഠനറിപ്പോർട്ടിൽ പോപ്കോണിന്റെ ഗുണഗണങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
മ‌റ്റ് പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കുന്നതിനേക്കാളധികം ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റ്സ് പോപ്കോണിൽ നിന്നും ലഭിക്കും എന്നതാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പോപ്കോണിന്റെ തോടിനകത്തുപോലും വർദ്ധിച്ച അളവിൽ ആന്റിഓക്സിഡന്റ്സും ഫൈബറും പോളിഫിനോൾസും അടങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്തൽ. ഇത് മറ്റ് പഴങ്ങളിൽ( ജലാംശം കൂടുതലുള്ളതിനാൽ) വളരെയധികം കുറവായിരിക്കും.
പോപ്കോൺ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പുകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് മുൻപുതന്നെ പഠനറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ എണ്ണയിലോ മറ്റ് കൊഴുപ്പുകളിലോ വറുത്തെടുത്ത് കഴിക്കുന്നതിനേക്കാളും ചെറുതായി വേവിച്ച് കഴിക്കുന്ന ധാന്യങ്ങൾ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പഠനറിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഗവേഷകനായ ജോയ് വിൻസൺ അഭിപ്രായപ്പെട്ടത്. പക്ഷെ, എല്ലാ തരത്തിലുമുള്ള ജീവദായക വിറ്റാമിനുകൾ അടങ്ങിയിട്ടില്ലാത്തതിനാലും ശരീരപുഷ്ടിക്കാവശ്യമായ പോഷകമൂല്യങ്ങൾ കുറഞ്ഞിരിക്കുന്നതിനാലും പഴങ്ങൾക്കും പച്ചക്കറികൾക്കും ബദലായി പോപ്കോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിലെ സാന്റിയാഗ്ഗോ കണ്ടെത്തിയിരുന്നു.

No comments:

Post a Comment