Wednesday, April 25, 2012

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌



കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് (Multiple Sclerosis). ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജനിതക കാരണങ്ങളാലും മറ്റും ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാകുന്നതുമായി രോഗത്തിനു ബന്ധമുണ്ടെന്ന്ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അജ്ഞാതമായ വൈറസ്സുകളും രോഗാവസ്ഥ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസിന്റെ തുടക്കം മിക്കവാറും കേന്ദ്ര നാഡീവ്യൂഹത്തിലെ മെയ്‌ലീനി (Myelin) ലായിരിക്കും. നാഡികളെ വൈദ്യുതവയറിലെ ചെമ്പ് കമ്പിയോട് ഉപമിക്കാമെങ്കില്‍ അതിനു ചുറ്റുമുള്ള പ്രതിരോധ കവചമാണ് മെയ്‌ലീന്‍. അതുകൊണ്ടുതന്നെ മെയ്‌ലിന്റെ നാശം നാഡീവ്യൂഹത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പ്രാരംഭദശയില്‍ മെയ്‌ലിനാണ് നാശമുണ്ടാകുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ രോഗം നാഡീകേന്ദ്രങ്ങളേയും ബാധിക്കും. ഇത് നാഡീവ്യൂഹത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ സ്ഥിരമായി ബാധിക്കുന്നു. ബുദ്ധിശക്തി, അറിവ് ശേഖരണം എന്നീ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിലേക്കും രോഗാവസ്ഥ നയിക്കുന്നു. എം.ആര്‍.ഐ. സ്‌കാനില്‍ മെയ്‌ലിന്റെ നാശം ആദ്യഘട്ടത്തില്‍ അഴുക്കടിഞ്ഞതുപോലെയാണ് ദൃശ്യമാവുക. എന്നാല്‍ നാഡികളിലെ കോശങ്ങള്‍ പൂര്‍ണമായും നശിക്കുന്ന അടുത്ത ഘട്ടത്തില്‍ തെളിയുന്നത് 'തമോഗര്‍ത്തങ്ങള്‍' തന്നെയായിരിക്കും.

പാശ്ചാത്യരാജ്യങ്ങളിലാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തില്‍ അഞ്ചുപേര്‍ക്ക് എന്ന കണക്കില്‍ ഇന്ത്യക്കാര്‍ക്ക് രോഗബാധയുള്ളതായി അടുത്തകാലത്ത് നടന്ന പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് നസ്ര്തീകളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. 15നും 50നുമിടയിലുള്ള പ്രായത്തിലാണ് രോഗബാധയുണ്ടാകുന്നത്.

കേന്ദ്ര നാഡീവ്യൂഹത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണ് രോഗബാധയുണ്ടാകുന്നത്. ഇക്കാരണത്താലാണ് 'മള്‍ട്ടിപ്പിള്‍' സ്‌ക്ലീറോസിസ് (രക്തക്കുഴലുകളുടെ ഭിത്തിക്കു കട്ടി കൂടുന്ന അവസ്ഥയാണ് സ്‌ക്ലീറോസിസ്) എന്നു പറയുന്നത്. വ്യത്യസ്തമായ ഇടവേളകളിലും രോഗം ആക്രമിച്ചുകൊണ്ടിരിക്കാം. തലച്ചോറിന്റെ ഓരോ ഭാഗവും വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ രോഗത്തിന്റെ പ്രത്യാഘാതവും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് കണ്ണുമായി ബന്ധപ്പെട്ട നാഡിക്കാണ് രോഗബാധയുണ്ടായതെങ്കില്‍ കാഴ്ചശക്കി തകരാറിലാവുകയായിരിക്കും ഫലം.

രോഗബാധയുടെ ഇടവേളകളില്‍ സ്വാഭാവികമായ രോഗശമനം ഉണ്ടായേക്കാം. എന്നാല്‍ ഈ അവസ്ഥ നാഡീവ്യൂഹത്തിന് മറ്റൊരു തകരാറ് സംഭവിക്കുന്നതിലാണ് കലാശിക്കുക. രോഗം ബാധിച്ച് 15-20 വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും രോഗി നടക്കാന്‍പോലും പറ്റാതെ വീല്‍ചെയറില്‍ സഞ്ചരിക്കേണ്ട അവസ്ഥയിലാകും. ഒരേ രീതിയില്‍ രോഗം വര്‍ധിച്ചുവരുന്ന പ്രൈമറി പ്രോഗ്രസീവ് മട്ടിപ്പിള്‍ സ്‌ക്ലീറോസിസും കണ്ടുവരുന്നു. ഇത് ചികിത്സിക്കാന്‍ പ്രയാസമുള്ളതാണ്.

രോഗം തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ എം.ആര്‍.ഐ. സംവിധാനമാണ് ഏറെ ഫലപ്രദം. പ്രാരംഭ ദിശയിലുള്ള രോഗ നിര്‍ണയവും ചികിത്സയും രോഗം നിയന്ത്രിക്കാന്‍ സഹായകമാണ്. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് ഉപയോഗിച്ചുള്ള ഇന്‍ജക്ഷനോ തുള്ളിമരുന്നോ ആണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. അടുത്ത കാലത്ത് ന്യൂറോ മോഡുലേറ്ററി ചികിത്സയും പ്രാബല്യത്തിലുണ്ട്. വില കൂടിയതും പാര്‍ശ്വഫലം കുറഞ്ഞതുമായ മരുന്നുകളാണിതില്‍ നല്കുന്നത്.

No comments:

Post a Comment