കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ സന്ധിവാതരോഗങ്ങളുടെ ചികിത്സ രോഗലക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വേദനാ സംഹാരികളായിരുന്നു ചികിത്സയില്‍ മുഖ്യപങ്കുവഹിച്ചിരുന്നത്. എന്നാല്‍ സന്ധിവാതരോഗ കാരണങ്ങളെയും രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചുമുള്ള കൂടുതല്‍ ശാസ്ത്രീയമായ അറിവുകള്‍, ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മിക്കവാറും എല്ലാസന്ധിവാതരോഗങ്ങളും പ്രാരംഭദശയില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ കഴിയും.
സന്ധിവാത രോഗചികിത്സയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണ് വേദനസംഹാരികള്‍. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന അന്‍പതോളം വേദനസംഹാരികള്‍ വിപണിയിലുണ്ട്. എന്നാല്‍ 1999-ല്‍ പുറത്തുവന്ന 'കോക്‌സിബുകള്‍' വേദനസംഹാരികളുടെ പൊതു പാര്‍ശ്വഫലമായ ആമാശയവ്രണങ്ങള്‍ ഉണ്ടാക്കുകയില്ല എന്ന ഗുണമേന്മകൊണ്ട് വിപണി പെട്ടെന്ന് കീഴടക്കുകയുണ്ടായി. കോക്‌സ്-1 ആണ് ആമാശയത്തിന്റെയും വൃക്കകളുടെയും സംരക്ഷണത്തിനുതകുന്ന പ്രോസ്റ്റ്ഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ സഹായിക്കുന്ന, എന്‍സൈം. ഇതിന്റെ ഉത്പാദനത്തെ തടയാത്തതുകൊണ്ടാണ് നൂതന വേദനസംഹാരികളായ കോക്‌സിബുകള്‍ പരക്കെ സ്വീകാര്യമായത്. എന്നാല്‍ ചില കോക്‌സിബുകളുടെ ഹൃദ്രോഗസാധ്യത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സ്റ്റിറോയിഡുകളുടെ വ്യാപകമായ ഉപയോഗമാണ് സന്ധിവാത രോഗ ചികിത്സയിലെ മറ്റൊരു മുന്നേറ്റം. പെട്ടെന്നു തന്നെ പ്രവര്‍ത്തിച്ചുതുടങ്ങുന്നതും സന്ധി വാതരോഗലക്ഷണങ്ങളായ സന്ധികളുടെ വേദനയും നീര്‍ക്കെട്ടും ഗണ്യമായി കുറയ്ക്കുന്നത് സ്റ്റിറോയിഡുകളെ ചികിത്സകരുടെ ഇഷ്ട ഔഷധമാക്കിമാറ്റിയിരിക്കുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ സ്റ്റിറോയിഡുകളുടെ പാര്‍ശ്വഫലങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. രോഗാണുബാധ, അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദം, പേശീബലക്ഷയം, അസ്ഥിദ്രവീകരണം, ആമാശയ വ്രണങ്ങള്‍, വിഷാദരോഗം, തിമിരം തുടങ്ങിയവയാണ് സാധാരണ പ്രശ്‌നങ്ങള്‍. ദീര്‍ഘകാലം സ്റ്റിറോയിഡുകള്‍ ഉപയോഗിക്കേണ്ടിവരുന്നവര്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം.
സന്ധിവാതരോഗ ചികിത്സയിലെ ഒരു നൂതന അധ്യായമാണ് രോഗത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ആവിര്‍ഭാവത്തോടെ തുറക്കപ്പെട്ടത്. വേദനാസംഹാരികള്‍ വേദനയും നീര്‍ക്കെട്ടുമുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ ലഘൂകരിക്കും എന്നല്ലാതെ രോഗ പുരോഗതിയെ സ്വാധീനിക്കുകയില്ലായിരുന്നു. മെത്തോടകേ്‌സറ്റ്, സള്‍ഫാ സാലസിന്‍, ക്ലോറോക്വിന്‍, ലഫ്ലുനമൈഡ്, സൈക്ലോ സ്‌പോറിന്‍, ഗോള്‍ഡ് തുടങ്ങിയവയാണ് രോഗപുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ശ്രേണിയില്‍ പെട്ടവ.
മെത്തോടകേ്‌സറ്റ്, സാധാരണയായി കണ്ടുവരുന്ന സന്ധിവാതരോഗമായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ്. ഫോമിക് ആസിഡിനെ ആശ്രയിക്കുന്ന ചില എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ തടഞ്ഞുകൊണ്ടാണിതു പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസം എന്ന രീതിയിലാണ് മരുന്നിന്റെ ഡോസ് ക്രമീകരിക്കുന്നത്.
സന്ധിവാത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കൂട്ടത്തിലെ പുതിയ അംഗമാണ് ലഫ്ലൂനമൈഡ്. പൈരിമിഡിന്‍ എന്ന ഘടകത്തിന്റെ ഉത്പാദനത്തെ തടഞ്ഞുകൊണ്ട്, സന്ധികളുടെ നീര്‍വീക്കത്തിനു കാരണമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയാണ് ഇവ ചെയ്യുന്നത്.
റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധിവാതരോഗങ്ങളുടെ ചികിത്സയില്‍ രോഗനിര്‍ണയം നടത്തിയാലുടന്‍ തന്നെ പുതിയ മരുന്നുകള്‍ ആരംഭിക്കുന്നത് രോഗത്തെ പരിപൂര്‍ണമായി നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. രോഗത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് ആദ്യത്തെ രണ്ടുവര്‍ഷങ്ങളിലാണ്. അതുകൊണ്ടാണ് രോഗ പുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകള്‍ രോഗാരംഭത്തില്‍ത്തന്നെ നിര്‍ദേശിക്കപ്പെടുന്നത്. പൊതുവേ ഇവ സാവധാനത്തിലാണ് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. മരുന്നുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുവാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ വേണ്ടിവന്നേക്കും. ഈ കാലയളവില്‍ രോഗത്തെ നിയന്ത്രിക്കുവാനായി പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങുന്ന സ്റ്റിറോയ്ഡുകള്‍ നല്‍കുന്നു.
ഒരു വിഭാഗത്തില്‍പ്പെട്ട മരുന്നുകൊണ്ട് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ പല വിഭാഗത്തില്‍പ്പെട്ട ഒന്നില്‍ക്കൂടുതല്‍ മരുന്നുകള്‍ സംയുക്തമായി നല്‍കാറുണ്ട്. സന്ധിവാതരോഗങ്ങള്‍ ഒരു ദീര്‍ഘകാലരോഗമായതിനാല്‍ മരുന്നുകള്‍ ദീര്‍ഘനാള്‍ നല്‍കേണ്ടിവരും.
സന്ധിവാതരോഗ ചികിത്സയിലെ ഏറ്റവും പുതിയ വഴിത്തിരിവാണ് ജൈവ ഔഷധങ്ങളുടെ (ബയോളജിക്കലുകള്‍) ആവിര്‍ഭാവം. രോഗാരംഭത്തില്‍ത്തന്നെ തുടങ്ങുകയാണെങ്കില്‍, സന്ധിവാതരോഗങ്ങളെ ഭേദപ്പെടുത്തുവാന്‍ പോലും ജൈവ ഔഷധങ്ങള്‍ക്കുകഴിയുമെന്നാണ് വൈദ്യശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
ഡോ. ബി. പദ്മകുമാര്‍
അസോ. പ്രൊഫസര്‍ മെഡിക്കല്‍ കോളേജ്,
ആലപ്പുഴ
No comments:
Post a Comment