Tuesday, April 3, 2012

വൃക്കകളെ ജോലിഭാരം കൂട്ടാതെ സംരക്ഷിക്കാം

വൃക്കരോഗങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ ആരോഗ്യ സംസ്‌കാരത്തിന്റെ ഭാഗമായി വിപണിയിലെത്തിയിരിക്കുന്ന പാനീയങ്ങളും ആഹാരകാര്യത്തില്‍ പോലും വേഗതയാര്‍ജ്ജിക്കാനായി ഫാസ്റ്റ് ഫുഡ്ഡിനു പിന്നാലേയുള്ള നമ്മുടെ ഓട്ടവുമാണിതിന്റെ പ്രധാന കാരണങ്ങള്‍. ശരീരത്തിന്റെ പൂര്‍ണാരോഗ്യത്തിനു വേണ്ടി 24 മണിക്കൂറും ഉള്ളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവയവങ്ങളെ മറന്നുള്ള ഓട്ടം അധികം വൈകാതെ കേരളത്തെ വൃക്കരോഗ തലസ്ഥാനം എന്ന പദവിയ്ക്ക് അര്‍ഹമാക്കിയേക്കാം.
സൂക്ഷ്മ രക്തക്കുഴലുകളുടെ കൂട്ടമാണ് വൃക്കകള്‍. നെഫ്രോണുകളാണ് ഇവയുടെ പ്രവര്‍ത്തന ഘടകം. ഓരോ വൃക്കയിലുമുള്ളത് പ്ത്തു ലക്ഷത്തോളം നെഫ്രോണുകളാണ്. നെഫ്രോണിനുള്ളിലെ മുന്തിരിക്കുലകള്‍ പോലുള്ള രക്തക്കുഴലുകളുടെ കൂട്ടം ഒരു അരിപ്പ പോലെ പ്രവര്‍ത്തിച്ച് ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തെ ശുദ്ധീകരിക്കുന്നു. 180 ലിറ്റര്‍ രക്തമാണ് ഒരു ദിവസം വൃക്കയിലൂടെ കടന്നു പോകുന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രോട്ടീനുകള്‍, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍ തുടങ്ങിയവയെ രക്തത്തില്‍ തന്നെ നിലനിര്‍ത്തി വെള്ളവും മറ്റ് ലവണങ്ങളും നെഫ്രോണുകളില്‍ നിന്ന് തൊട്ടടുത്തുള്ള ട്യൂബിളുകളിലേക്കയയ്ക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ലവണങ്ങളും ജലവും ഇവിടെ വെച്ച് ആഗിരണം ചെയ്തതിനു ശേഷം ബാക്കിയുള്ളവ പുറന്തള്ളുന്നു. ഇതാണ് മൂത്രമായി പുറത്തു വരുന്നത്. 180 ലിറ്റര്‍ രക്തം വൃക്കകളിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ നിന്ന് ഒന്നര ലിറ്റര്‍ മാത്രമാണ് പുറന്തള്ളപ്പെടുന്നത്.   മനുഷ്യ ശരീരത്തില്‍ സങ്കീര്‍ണമായ ജോലികള്‍ നിര്‍വഹിക്കുന്ന വൃക്കകളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ റീനല്‍ ഫെയ്‌ലിയര്‍ അഥവാ വൃക്ക സ്തംഭനം, നെഫ്രൈറ്റിസ് അഥവാ വൃക്കവീക്കം, നെഫ്രോട്ടിക് സിന്‍ഡ്രോം എന്നിവയാണ്.   ക്രോണിക് റീനല്‍ ഫെയ്‌ലിയര്‍, അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ എന്നിങ്ങനെ രണ്ടു തരം വൃക്ക സ്തംഭനങ്ങളുണ്ട്. കാലക്രമേണ രോഗം വൃക്കയെ കീഴടക്കി ഗുരുതരാവസ്ഥയിലെത്തി സ്തംഭനത്തിനു വഴി തെളിക്കുന്നതണാണ് ക്രോണിക് റീനല്‍ ഫെയ്‌ലിയര്‍. അണലി പോലുള്ള വിഷ ജന്തുക്കളുടെ ദംശനം മൂലമോ മലേറിയ പോലുള്ള രോഗങ്ങളുടെ പരിണിത ഫലമായോ അതിവേഗം വൃക്ക സ്തംഭനമുണ്ടായാണ് റീനല്‍ അക്യൂട്ട് ഫെയ്‌ലിയര്‍ സംഭവിക്കുന്നത്. ഏതു രീതിയില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാലും മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് പുറന്തള്ളാനാവാത്ത സ്ഥിതിയുണ്ടാവുകയും അവ രക്തത്തില്‍ അടിഞ്ഞു കൂടി യുറീമിയ എന്ന രോഗാവസ്ഥ സംജാതമാവുകയും ചെയ്യുന്നു.   പ്രായ, ലിംഗ ഭേദമില്ലാതെ ആരെയും ബാധിക്കാവുന്ന രോഗമാണ് വൃക്കവീക്കം. ശരീരത്തില്‍ പെട്ടന്ന് നീരു വെയ്ക്കുകയും മൂത്രം കുറയുകയും ചെയ്യുന്നതാണിതിന്റെ ലക്ഷണങ്ങള്‍. മൂത്രത്തില്‍ രക്തവും ആല്‍ബുമിനും കലരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.   മൂത്രത്തിലൂടെ അമിതമായി ആല്‍ബുമിന്‍ നഷ്ടപ്പെടുന്ന അവസ്ഥയായ നെഫ്രോട്ടിക് സിന്‍ഡ്രോമിനും നെഫ്രൈറ്റിസിന്റെ അതേ ലക്ഷണങ്ങളാണു പ്രത്യക്ഷപ്പെടുക. ഇത് കുട്ടികളെയും പ്രായമായവരേയുമാണ് കൂടുതല്‍ ബാധിക്കാറുള്ളത്.   കിഡ്‌നികള്‍ പ്രവര്‍ത്തന രഹിതമാകുന്നതോടെ മാലിന്യം ബഹിഷ്‌കരിക്കാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളാണ് ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, ശരീരത്തില്‍ നീര് തുടങ്ങിയ അവസ്ഥകളിലേക്ക് എത്തിക്കുന്നത്. കൈ കാലുകളിലും മുഖത്തും നീരു വരുന്നതാണ് വൃക്ക രോഗത്തിന്റെ പ്രഥമ ലക്ഷണമായി കണക്കാക്കപ്പെടുന്നത്.    പ്രമേഹം, അമിതമായ രക്ത സമ്മര്‍ദ്ദം തുടങ്ങിയ ചില രോഗങ്ങളും അവയ്ക്കു വേണ്ടി കഴിക്കുന്ന മരുന്നുകളും വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാര്‍ രണ്ടു മാസത്തിലൊരിക്കലെങ്കിലും കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് ആധുനിക വൈദ്യ ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലാത്തവരും വര്‍ഷത്തിലൊരിക്കല്‍ ഇതു ചെയ്യുന്നത് നല്ലതാണ്. മുപ്പതു വയസ്സു കഴിഞ്ഞവര്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം.   രാസവസ്തുക്കള്‍ കലര്‍ന്ന കൃത്രിമ പാനീയങ്ങളും ഫാസ്റ്റ്ഫുഡ്ഡും മദ്യവുമൊക്കെ വൃക്കകളുടെ ജോലിഭാരം കൂട്ടുകയാണ്. അവയ്ക്കെല്ലാം ഗുഡ്‌ബൈ പറഞ്ഞ് ആരോഗ്യപരമായ ഭക്ഷണശീലം സ്വായത്തമാക്കുന്നതിലൂടെയും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ അത് നിയന്ത്രിച്ചു നിര്‍ത്തുന്നതിലൂടെയും വൃക്കകള്‍ക്ക് സംരക്ഷണം നല്‍കാന്‍ നമുക്ക് ശ്രമിക്കാം.

No comments:

Post a Comment