Wednesday, April 25, 2012

സോറിയാസിസ്‌


സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം
ലോകത്ത് ഏതാണ്ട് 12.7 കോടി പേരെ ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്ന സോറിയാസിസ് എന്ന ത്വഗ്‌രോഗം നമ്മുടെ നാട്ടിലും സാധാരണമായിരിക്കുകയാണ്. രോഗകാരണമായ ജനിതക മേഖലകളും ചികിത്സാസമീപനങ്ങളിലെ പുതു പരീക്ഷണങ്ങളും ശാസ്ത്രലോകത്ത് ഗൗരവതരമായ ചര്‍ച്ചാവിഷയമാകുമ്പോള്‍ രോഗം മൂലമുള്ള ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരം തേടുകയാണ് സോറിയാസിസ് രോഗികള്‍. ഇതിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടാനാണ് ഒക്ടോബര്‍ 29 'ലോക സോറിയാസിസ് ദിന'മായി ആചരിക്കുന്നത്.


അടര്‍ത്തിയെടുക്കാവുന്ന ശല്ക്കങ്ങളായും ചുവന്ന ചെറിയ വൃത്തങ്ങളായും കുത്തുകളായും മറ്റും ദേഹത്തിന്റെ പലഭാഗത്തും സോറിയാസിസ് പ്രകടമാകാം. ചിലരില്‍ വളരെ കുറഞ്ഞതോതില്‍ തലയിലോ നഖങ്ങളിലോ മാത്രം കാണാമെങ്കിലും മറ്റുചിലരില്‍ ദേഹമൊട്ടാകെ പടര്‍ന്ന് വികൃതമായിട്ടായിരിക്കും കാണപ്പെടുക. ചൊറിച്ചിലാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. തൊലിയുടെ കട്ടി കൂടുന്നതും ചൊറിയുമ്പോള്‍ ശല്ക്കങ്ങള്‍ പൊഴിയുന്നതും ഇതില്‍ സാധാരണമാണ്. ചെറുപ്പക്കാര്‍ക്കാണ് രോഗം കൂടുതല്‍ കാണുന്നതെങ്കിലും കുട്ടികളിലും പ്രായമായവരിലും അപൂര്‍വമല്ല. കൃത്യമായ ചികിത്സയുടെ അഭാവത്തില്‍, രോഗം സന്ധികളെ ബാധിക്കാനും 'സോറിയാറ്റിക് ആര്‍ത്രൈറ്റിസ്' ഉണ്ടാകാനുമുള്ള സാധ്യതയേറെയാണ്. ഏറെക്കാലം നിലനിന്നേക്കാവുന്ന ഈ ചര്‍മരോഗം പൊതുവെ തണുപ്പുകാലത്താണ് അധികരിക്കാറുള്ളത്.


'എപ്പിഡെര്‍മിസ്' എന്ന ബാഹ്യചര്‍മ സ്തരത്തിന്റെ വളര്‍ച്ച ചിലയിടങ്ങളില്‍ മാത്രം ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് യാഥാര്‍ഥത്തില്‍ സോറിയാസിസ്. ഇതിന്റെ കാരണം വ്യക്തമായി കണ്ടുപിടിച്ചിട്ടില്ലെങ്കിലും രോഗപ്രതിരോധ സംവിധാനത്തിന്റെ വൈകല്യം കൊണ്ടുള്ള രോഗങ്ങളിലൊന്നായിട്ടാണ് സോറിയാസിസ് പരിഗണിക്കപ്പെടുന്നത്. ജനിതക ഘടകങ്ങള്‍ക്ക് രോഗത്തില്‍ വളരെ ശക്തമായ സ്വാധീനമുണ്ട്. തൊലിയിലേല്‍ക്കുന്ന മുറിവുകളും അമിതമായ ചൂടും തണുപ്പും മാനസിക സംഘര്‍ഷങ്ങളും മറ്റും രോഗം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. 


സോറിയാസിസ് സമ്മാനിക്കുന്ന വൈരൂപ്യം മൂലം വല്ലാത്ത അപകര്‍ഷതയും ആത്മനിന്ദയുമാണ് രോഗികള്‍ അനുഭവിക്കുന്നത്. ബന്ധുക്കളില്‍നിന്നുയരുന്ന ചെറിയ പരാമര്‍ശങ്ങള്‍പോലും മനസ്സില്‍ തറയ്ക്കുന്ന കുറ്റപ്പെടുത്തലായാണ് ഇവര്‍ കാണുന്നത്. ആള്‍ക്കാരുടെ പെരുമാറ്റങ്ങളില്‍ തന്നോടുള്ള അകല്‍ച്ച ഒളിഞ്ഞിരിക്കുന്നതായും എല്ലാവരും തന്നെ ഒരു നികൃഷ്ടനായി കാണുന്നതായും ചിന്തിച്ച് രോഗിയില്‍ കടുത്ത മാനസിക സമ്മര്‍ദം വളരാറുണ്ട്. വ്യക്തി-കുടുംബ -സാമൂഹിക ബന്ധങ്ങളില്‍ സോറിയാസിസ് ഏല്പിക്കുന്ന ആഘാതങ്ങള്‍ വളരെ ഗൗരവത്തോടെയാണ് വൈദ്യലോകം ഇന്ന് നിരീക്ഷിക്കുന്നത്.


'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഡെര്‍മറ്റോളജി'യില്‍ ഡോ. ഡേവിഡ്, ഡോ. ഐലിബ് എന്നിവര്‍ ചേര്‍ന്ന് അടുത്ത കാലത്തായി പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സോറിയാസിസ് വ്യത്യസ്തതലങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളുടെ വളരെ വിശദമായ സര്‍വേ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൊതു ചടങ്ങുകളും ലൈംഗിക ബന്ധവും കുട്ടികളോടൊത്തുള്ള ഉല്ലാസവും മറ്റും ക്രമേണ ഒഴിവാക്കുന്ന സോറിയാസിസ് രോഗികള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതായാണ് ഈ റിപ്പോര്‍ട്ട് കാണിക്കുന്നത്. പഠന വിധേയരാക്കിയ രോഗികളില്‍ ഏതാണ്ട് പതിനെട്ടുശതമാനം പേര്‍ കടുത്ത മാനസിക രോഗത്തിനടിമകളായിരുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് രോഗത്തെക്കുറിച്ചുള്ള ശരിയായ ബോധം വളര്‍ത്താത്തതും സമൂഹത്തിന്റെ കാഴ്ചപ്പാടിലുള്ള പ്രശ്‌നങ്ങളുമാണ്. ഏറെ കാലമായി ഇത് നിലനില്ക്കുന്നുണ്ട്.


ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് പല വിദേശരാജ്യങ്ങളിലും സോറിയാസിസ് രോഗികളുടെ പ്രശ്‌നം ചര്‍ച്ചചെയ്യാനും പരസ്​പരം സാന്ത്വനം പകരാനും ഉപദേശനിര്‍ദേശങ്ങള്‍ സ്വരൂപിക്കാനുമുള്ള പൊതുവേദികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. 1968-ല്‍ കാനഡയിലെ ഡോ. ഡിക്‌കോള്‍സിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ 'നാഷണല്‍ സോറിയാസിസ് അസോസിയേഷന്‍' ഇത്തരത്തിലുള്ള സംഘടനകളില്‍ പ്രഥമഗണനീയമാണ്. ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞ 'ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോറിയാസിസ് അസോസിയേഷന്‍സി'ന്റെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 29 സോറിയാസിസ് ദിനമായി ആചരിക്കുന്നത്. രോഗികളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനു മുന്നില്‍ പ്രാധാന്യത്തോടെ എടുത്തുകാട്ടാനും ആരോഗ്യനയ രൂപീകരണ വേളയില്‍ അര്‍ഹിക്കുന്ന പരിഗണന ഇവര്‍ക്ക് ലഭിക്കാനും രോഗസംബന്ധിയായ ഗവേഷണങ്ങള്‍ക്കും ചികിത്സകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കാനും മറ്റും ഇത്തരം ആചരണങ്ങള്‍ പിന്‍ബലമാകേണ്ടതുണ്ട്. വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. പുസ്തകങ്ങളും ഡോക്യുമെന്ററികളും ഇവര്‍ നിര്‍മിക്കുന്നു. 2006-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള അമേിക്കന്‍ ഗവണ്‍മെന്റിന്റെ 'ഗോള്‍ഡ് ട്രയാംഗിള്‍' അവാര്‍ഡ് നേടിയ ഫ്രെഡ് ഫിന്‍കിള്‍സ്റ്റൈന്റെ 'മൈ സ്‌കിന്‍സ് ഓണ്‍ ഫയര്‍' സോറിയാസിസ് അനുഭവിക്കുന്ന കുട്ടികളുടെ കഥ പറഞ്ഞുകൊണ്ട് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടുകയുണ്ടായി.


ഈ രോഗത്തിനെതിരെ ഓരോ വൈദ്യസമ്പ്രദായവും ഓരോ ചികിത്സാസമീപനം സ്വീകരിച്ചു വരുന്നുണ്ടെങ്കിലും ഒന്നും തന്നെ പരിപൂര്‍ണമായി വിജയപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച തടയാനോ ചൊറിച്ചില്‍ കുറയ്ക്കാനോ നീരോ അണുബാധയോ ഉണ്ടെങ്കില്‍ അതൊഴിവാക്കാനോ ഒക്കെ പല ഘട്ടങ്ങളിലും ഉപയോഗിച്ചു വരുന്ന ചികിത്സകള്‍ താത്കാലികാശ്വാസം പകരാറുണ്ടെങ്കിലും കുറച്ചു കാലങ്ങള്‍ക്കുശേഷം രോഗം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. പ്രതിരോധ വ്യവസ്ഥയെ അമര്‍ത്തിവെച്ച് രോഗത്തെ അത്ഭുതകരമായി ഭേദപ്പെടുത്തുന്ന പല ആധുനികൗഷധങ്ങള്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ജൈവൗഷധങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണത്തിലാണിന്ന് ശാസ്ത്രലോകം.


നേരത്തേ സൂചിപ്പിച്ചതുപോലെയുള്ള മാനസികവും ശാരീരികവുമായ ഒട്ടേറെ മാനങ്ങള്‍ ഈ രോഗത്തിനുള്ളിനാല്‍ സമഗ്രമായ ചികിത്സകളാണ് പൊതുവെ സോറിയാസിസില്‍ ഏറെക്കുറെ ഫലപ്രദമായി കാണുന്നത്. ഡോ. ബക്ക്‌ലിയുടേതായി 'ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ഡര്‍മറ്റോളജി'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇത് ശാസ്ത്രീയമായി വിവരിച്ചിട്ടുണ്ട്. മനസ്സും തലച്ചോറും ഹോര്‍മോണുകളും പ്രതിരോധവ്യവസ്ഥയും ചേര്‍ന്ന ഒരു ബന്ധത്തിലൂടെ ത്വഗ്‌രോഗവും മനസ്സും തമ്മില്‍ അനുപൂരകമായി കിടക്കുന്നു. സമ്മര്‍ദമില്ലാത്ത മാനസികാവസ്ഥ രോഗശമനത്തിനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ആന്തരിക ശുദ്ധി വരുത്തുന്ന ചികിത്സകളും രോഗശമനത്തിനുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക സങ്കേതങ്ങളെ ഉദ്ദീപിപ്പിക്കുന്ന പുനരുജ്ജീവന ചികിത്സകളുമാണ് ഏറെക്കുറെ സമഗ്രമായ പദ്ധതികള്‍. ഇവ ഒത്തുചേര്‍ന്നു വരുന്ന രീതിയെന്ന നിലയില്‍ സോറിയാസിസ് ചികിത്സയില്‍ ഭാരതീയ വൈദ്യശാസ്ത്രം ഏറെ പ്രതീക്ഷ നല്കുന്നുണ്ട്. അതുകൊണ്ടാവണം വിദേശികളടക്കം ഒട്ടേറെപ്പേര്‍ ഇന്ന് സോറിയാസിസിന് ആയുര്‍വേദ ചികിത്സ തേടിയെത്തുന്നത്.


കോശങ്ങളുടെ ആന്തരിക പരിതഃസ്ഥിതി മാറ്റി മറിക്കുന്ന സ്നേഹപാന-ശോധന ചികിത്സകളും രസായന ചികിത്സകളുമടങ്ങിയ ആയുര്‍വേദ പദ്ധതി തൊലിയുടെ വൈകല്യം തിരുത്തുന്നതില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ പഠനങ്ങളും തെളിവുകളും നിരത്തി സാക്ഷ്യപ്പെടുത്തുവാനുള്ള ഗവേഷണങ്ങള്‍ ആയുര്‍വേദത്തിലും സജീവമായി വരുന്നു. എങ്കിലും ഇതിനു വേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യത തനത് വൈദ്യത്തിനു താങ്ങാനാകുന്നില്ല. ലോകോത്തര നിലവാരത്തില്‍ ജനിതക മേഖലയിലും മറ്റും നടക്കുന്ന സൂക്ഷ്മ പഠനങ്ങളോടൊപ്പം ഈ കണ്ടെത്തലുകള്‍ കൂടി ഗവേഷണവിധേയമാക്കുകയാണെങ്കില്‍ ഭാരതീയ വൈദ്യശാസ്ത്രം ലോകത്തിനു നല്കുന്ന വിലപ്പെട്ട സംഭാവനയായിരിക്കും സോറിയാസിസിനുള്ള ചികിത്സാ പദ്ധതി.

ഡോ. മധു പി.എം,

മെഡിക്കല്‍ ഓഫീസര്‍,
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി,
പെരളം, കണ്ണൂര്‍.

No comments:

Post a Comment