Tuesday, April 3, 2012

മാംസാഹാരികളുടെ ശ്രദ്ധയ്ക്ക്...

മേശപ്പുറത്തിരിക്കുന്ന മാട്ടിറച്ചി കാണുമ്പോള്‍ നിസ്സഹായനോ നിസ്സഹായയോ ആയ ഒരു മൃഗത്തിന്റെ നിലവിളി നിങ്ങളുടെ കാതില്‍ മുഴങ്ങാറുണ്ടോ? അതോ ഇറച്ചി കണ്ടാല്‍ നാവില്‍ വെള്ളം പെരുകുന്ന മാംസാഹാരിയാണോ നിങ്ങള്‍? രണ്ടായാലും പറഞ്ഞു വരുന്നത് ഇത്തിരി കുഴപ്പം പിടിച്ച ഒരു മാംസത്തെക്കുറിച്ചാണ്. പരീക്ഷണശാലയില്‍ നിരവധി വര്‍ഷങ്ങള്‍ ചിലവഴിച്ച് ഉത്പാദിപ്പിച്ചെടുത്തതാണീ കൃത്രിമ മാംസം. ശാസ്ത്രത്തിന്റെ പുതിയ നേട്ടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കണ്ടുപിടുത്തത്തെ അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ടായിരിക്കുമെന്നു മാത്രം. പ്രകൃതി ദത്തമായ ഇറച്ചി ലോകത്തെമ്പാടുമുള്ളപ്പോള്‍ എന്തിനാണീ കൃത്രിമം എന്നു ചോദിക്കുന്നവരുണ്ടാകാം. പക്‌ഷെ വര്‍ദ്ധിച്ചു വരുന്ന ലോകജനസംഖയ്ക്കനുസരിച്ച് ഇറച്ചി ലഭ്യമാകാന്‍ വരുംകാലങ്ങളില്‍ ബുദ്ധിമുട്ടാണെന്നാണ് ആംസ്റ്റര്‍ഡാം, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലകളില്‍  നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന കൃത്രിമ മാംസ നിര്‍മ്മാണ രീതിയില്‍ നാസ അടക്കമുള്ള കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നതിനിടയിലാണ് പുതിയ കണ്ടുപിടുത്തം നടന്നിരിക്കുന്നത്. മൃഗങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഒരു ശതമാനം സ്ഥലം മതി ഈ രീതിയില്‍ മാംസമുണ്ടാക്കാന്‍. മൃഗങ്ങളെ വളര്‍ത്താനാവശ്യമായി വരുന്ന ജലത്തിന്റെ നാലു ശതമാനം കൊണ്ട് കൃത്രിമ മാംസം സംഘടിപ്പിക്കാം. പന്നി, പോത്ത്, ആട് തുടങ്ങിയവയുടെ ഇറച്ചി ശരിപ്പെടുത്തിയെടുക്കുന്നതിന്റെ പകുതി അദ്ധ്വാനം പോലും ഇതു ശരിയാക്കാനാവശ്യമില്ല. മൃഗങ്ങളോടുള്ള ക്രൂരത നിമിത്തം സമ്പൂര്‍ണ സസ്യാഹാരികളായവര്‍ക്കും മനസ്സാക്ഷിക്കുത്തില്ലാതെ ഭക്ഷിക്കാവുന്നതാണീ കൃത്രിമ മാംസം. ഇത്രയൊക്കെ നല്ല 'ഐറ്റ'മാണെങ്കില്‍ എന്തിനാ ഇതിനെ എതിര്‍ക്കുന്നതെന്ന ചോദ്യമാകും വായനക്കാരുടെ മനസ്സില്‍ ഇപ്പോളുണ്ടാകുക. പറയാം... ഞെട്ടരുത്... മനുഷ്യമലത്തില്‍ നിന്നാണ് ഈ കൃത്രിമ മാംസം ഉല്പാദിപ്പിക്കുന്നത്. സംഗതി സത്യമാണ്. മാലിന്യ നിര്‍മ്മാര്‍ജന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മിത്‌സുയുക്കി ഇക്കഡയാണ് ഒകയാമാ ലാബില്‍ പഠനം നടത്തി ഈ 'മഹത്തായ'കണ്ടെത്തല്‍ നടത്തിയത്. ഫലപ്രദമായി മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യാം എന്നു ഗവേഷണം നടത്തുന്നതിനിടയിലാണ് ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം മലത്തില്‍ ധാരാളം പ്രോട്ടീനുണ്ടാകുന്നുവെന്ന് ഇക്കഡോ കണ്ടെത്തിയത്. പിന്നെ വൈകിയില്ല ഒക്കെ ശുദ്ധീകരിച്ചെടുത്ത് അദ്ദേഹം പുതിയ മാംസം ലാബില്‍ സൃഷ്ടിച്ചെടുത്തു. 63% പ്രോട്ടീനും 25% കാര്‍ബോ ഹൈഡ്രേറ്റ്‌സും 9% മിനറത്സും 3% ലിപിഡ്‌സും കൊണ്ട് പോഷകസമൃദ്ധമാണീ  സമീകൃതാഹാരം. മാംസത്തിന്റെ നിറവും സോയാപ്രോട്ടീന്റെ സത്തും ചേര്‍ത്ത് പാകം ചെയ്തു വിളമ്പിയപ്പോള്‍ കഴിച്ചവരെല്ലാം ഒരേമ്പക്കവും വിട്ടു പറഞ്ഞു. “നല്ല അസ്സലു ബീഫു തന്നെ.” പാകം ചെയ്തു കഴിക്കുമ്പോള്‍ സാദാ മാംസത്തില്‍ കാണുന്നത്ര അണുക്കള്‍ പോലും ഇതിലുണ്ടാവില്ല എന്നാണ് ഈ 'മല'മാംസത്തെ അനുകൂലിക്കുന്ന വിദഗ്ധരുടെ പക്ഷം. എന്തായാലും ആഹാര രംഗത്ത് ഇനി വിവാദങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നതെന്നു തീര്‍ച്ച. പുതിയ മാംസത്തെ അനുകൂലിക്കുന്നവരേക്കാളെ പ്രതികൂലിക്കുന്നവരുടെ സംഖ്യ ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത.

No comments:

Post a Comment