പേ വിഷബാധയുണ്ടാക്കുന്നത് ഒരു തരം വൈറസ്സാണ്. റാബ്‌ഡോ കുടുംബത്തില്‍പ്പെട്ട ഞ.ച.എ വൈറസ്സാണിത്. ബുള്ളറ്റിന്റെ ആകൃതിയിലുള്ള ഈ വൈറസ്സിന്റെ ശരീരത്തില്‍ 72ശതമാനം പ്രോട്ടീനും ഒരു ശതമാനം ഞ.ച.എയും 22 ശതമാനം കൊഴുപ്പും 3 ശതമാനം അന്നജവും അടങ്ങിയിട്ടുണ്ട്. പുറംഭാഗത്ത് മുള്ളുപോലുള്ള വസ്തുക്കളുണ്ട്. ഇതിനെ ലിസ വൈറസ് എന്നും വിളിക്കുന്നു. ലിസ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പേവിഷബാധയെന്നാണ്. ലിസ വൈറസ് നാലുതരത്തില്‍ കണ്ടുവരുന്നുണ്ട്.
1. റാബീസ് വൈറസ് (RABV)
2. ലോഗോസ് ബാറ്റ് വൈറസ് (LBV)
3. മൊക്കോള വൈറസ് (MOKV)
4. ഡുവന്‍ഹേജ് വൈറസ് (DUVV)
ഈ വൈറസ് നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് രശ്മികളും ഏറ്റാല്‍ വൈറസ്സ് നശിക്കും.
ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും ഈ രോഗം ബാധിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നതും മനുഷ്യരിലേക്ക് പരത്തുന്നതും നായ്ക്കളും പൂച്ചകളുമാണ്. കുരങ്ങ്, പശു, എരുമ, കീരി, കുറുക്കന്‍, ചെന്നായ, ആട്, കരടി, പന്നി, കഴുത, കുതിര എന്നീ മൃഗങ്ങളിലും പേ വിഷബാധ കണ്ടുവരുന്നുണ്ട്.
മനുഷ്യരിലേയ്ക്ക് എങ്ങനെ?
ഇന്ത്യയില്‍ പേ വിഷബാധയുടെ 95 ശതമാനവും പകരുന്നത് നായയുടെ കടിയിലൂടെയാണ്. 5 ശതമാനം പൂച്ചയുള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങള്‍ വഴിയും.
മനുഷ്യര്‍ക്കു പകരുന്നത് ഈ വഴികളിലൂടെയാണ്:
1. പേ വിഷബാധയുള്ള നായയുടെ കടിയേറ്റാല്‍.
2. നമ്മുടെ ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളില്‍ പേ ബാധിച്ച നായ നക്കിയാല്‍.
3. പേ നായയുടെ /മൃഗത്തിന്റെ ഉമിനീര്‍ ശ്ലേഷ്മസ്തരങ്ങളില്‍ പതിച്ചാല്‍ (ഉദാ: കണ്ണ്, മൂക്ക്, വായ)
4. അന്തരീക്ഷത്തിലെ ബാഷ്പകണങ്ങളിലൂടെ ശ്വസനം വഴി.
5. രോഗം ബാധിച്ചു മരിച്ചവരുടെ അവയവങ്ങള്‍ മാറ്റിവെക്കുന്നതുമൂലം.
6. രോഗം ബാധിച്ചവരുമായി ലൈംഗികബന്ധം നടത്തുന്നതു വഴി.
7. രോഗം ബാധിച്ച മൃഗങ്ങളുടെ പാല്‍ തിളപ്പിക്കാതെ കുടിച്ചാല്‍.
8. രോഗം ബാധിച്ച മൃഗത്തിന്റെ മാംസം കൈകാര്യം ചെയ്താല്‍
9. ഗര്‍ഭിണിയായവരില്‍ നിന്നും പ്ലാസന്റ വഴി കുഞ്ഞിലേക്കും രോഗം പകരാം.
10. കൈകളില്‍ മുറിവുകളുള്ളവര്‍ രോഗം ബാധിച്ച മൃഗത്തെ പരിപാലിച്ചാല്‍.
രോഗലക്ഷണങ്ങള്‍
മനുഷ്യരില്‍ കാണുന്ന ലക്ഷണങ്ങളെ മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു.
ഒന്നാം ഘട്ടം - (പ്രോഡോര്‍മല്‍ ഘട്ടം). ഇതില്‍ കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിപ്പാടില്‍ തൊട്ടാല്‍ അറിയാത്ത അവസ്ഥ, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാവും.
രണ്ടാംഘട്ടം - ആകാംക്ഷയുടെയും ഉത്തേജനത്തിന്റെയും ഘട്ടമാണ്. ഇതില്‍ വിറയല്‍, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോട് ഭയം എന്നിവ കാണിക്കും.
മൂന്നാംഘട്ടം - തളര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ രോഗി തളര്‍ന്ന് കിടന്നുപോകുന്നു. ശ്വാസതടസ്സം, ശബ്ദവ്യത്യാസം, ഉമിനീരൊലിപ്പ് എന്നിവ കാണിക്കും. മൂന്നാം ഘട്ടത്തിന്റെ അവസാനം രോഗി മരണപ്പെടുന്നു.
വളര്‍ത്തുനായ്ക്കളില്‍ രണ്ടു തരത്തിലുള്ള ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
മൂകരൂപം: ഈ രോഗാവസ്ഥയില്‍ നായ്ക്കള്‍ പൊതുവെ ശാന്തസ്വഭാവക്കാരായിരിക്കും. തീറ്റയെടുക്കാതിരിക്കുക, കീഴ്ത്താടി തൂക്കിയിട്ട് വായില്‍ നിന്നും നുരയും പതയും ഒഴുകിവരിക എന്നിവയാണ് മറ്റ് പ്രധാനലക്ഷണങ്ങള്‍. നായ വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും സാധിക്കുകയില്ല.
ക്രുദ്ധരൂപം: ഇതില്‍ നായ അക്രമകാരിയായി മാറുന്നു. കണ്ണുകള്‍ ചുവന്ന് വായില്‍ നിന്നും ഉമിനീരൊലിപ്പിച്ച് ദിശാബോധമില്ലാതെ ഓടുന്നതു കാണാം. ഒരു പ്രകോപനവുമില്ലാതെ വഴിയില്‍ കണ്ടതിനെയെല്ലാം കടിക്കുന്നു.
നായ്ക്കളില്‍ നിന്ന് വ്യത്യസ്തമായി ക്രുദ്ധരൂപത്തിലുള്ള ലക്ഷണങ്ങള്‍ മാത്രമേ പൂച്ച കാണിക്കുകയുള്ളൂ.
പക്ഷേ, നായ്ക്കളില്‍ കാണുന്നതിനേക്കാളും തീവ്രമായ പ്രകടനമാണ് പൂച്ച കാണിക്കുന്നത്. പശുക്കളില്‍ ആക്രമണസ്വഭാവം കൂടുതലാണ്.
ആദ്യംചെയ്യേണ്ടത്
കടിയേറ്റ ഭാഗം വൃത്തിയായി സോപ്പ് ഉപയോഗിച്ച് പൈപ്പ് വെള്ളത്തില്‍ കഴുകണം. 15 മിനുട്ടെങ്കിലും മുറിപ്പാടില്‍ വെള്ളം ഒഴുക്കിക്കൊണ്ടു കഴുകുന്നതാണ് നല്ലത്. നല്ല തുണികൊണ്ട് തുടച്ചശേഷം ബീറ്റാഡിന്‍ പോലുള്ള ഏതെങ്കിലും അണുനാശിനികൊണ്ട് തുടയ്ക്കണം. മുറിവ് ഒരിക്കലും തുറന്നിടാന്‍ പാടില്ല. മുറിവില്‍ എണ്ണ, തേന്‍, ചാരം എന്നിവ പുരട്ടുന്ന രീതികളുണ്ട്. അതൊന്നും ചെയ്യരുത്. പഴയ കാലങ്ങളില്‍ പഴുപ്പിച്ച ഇരുമ്പുകൊണ്ട് മുറിപ്പാട് കരിക്കാറുണ്ട്. അതും അപകടം വരുത്തും. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോക്ടറുടെ സേവനം തേടുക.
കടിച്ചാല്‍ നിരീക്ഷിക്കുക
നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ കടിക്കുകയാണെങ്കില്‍ അതിനെ കെട്ടിയിട്ട് 10 ദിവസം നിരീക്ഷിക്കണം. പേവിഷബാധയേറ്റ ഏതൊരു ജീവിയും രോഗലക്ഷണം തുടങ്ങി ഏഴ് ദിവസത്തിനകം മരണപ്പെടും. രോഗലക്ഷണം തുടങ്ങുന്നതിന് 3 ദിവസങ്ങള്‍ക്കു മുമ്പു മുതല്‍ അതിന്റെ ശരീരത്തിലെ സ്രവങ്ങളില്‍ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള അണുക്കളുണ്ടാകും. അതിന്റെഅര്‍ത്ഥം കടിച്ച മൃഗം 10 ദിവസം ജീവിച്ചിരുന്നാല്‍ അതു കടിക്കുന്ന സമയത്ത് പേ വിഷബാധയുടെ അണുക്കള്‍ അതിന്റെ സ്രവങ്ങളിലുണ്ടാകില്ല എന്നാണ്. അതുകൊണ്ടു തന്നെ കുത്തിവെപ്പ് 10 ദിവസത്തിനു ശേഷം തുടരേണ്ടതില്ല. അതായത് കടിയേറ്റശേഷം ആദ്യ ദിവസം, 3-ാം ദിവസം, 7-ാം ദിവസം എന്നിങ്ങനെ കുത്തിവെപ്പ് നടത്തിയാല്‍ മതിയാകും.
No comments:
Post a Comment