Tuesday, April 3, 2012

മന:സംഘര്‍ഷം അകറ്റാം

നമ്മുടെ ജോലി, നമ്മുടെ പ്രശ്‌നങ്ങള്‍, നമ്മുടെ നിരാശകള്‍. ഇതെല്ലാം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഒരു ഘട്ടമെത്തുമ്പോള്‍ പ്രശ്‌നങ്ങളും നിരാശകളും അല്ലലുകളും നമ്മെ ദോഷകരമായി ബാധിച്ചു തുടങ്ങുന്നു. ജീവിതത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരും. മറ്റുള്ളവരുമായുള്ള ബന്ധങ്ങളെയും ഈ നിലവാരത്തകര്‍ച്ച ബാധിക്കുന്നു. ക്രമേണ ആരോഗ്യവും ക്ഷയിക്കുന്നു.
സംഘര്‍ഷം മനസ്സില്‍ പടരാതിരിക്കട്ടെ, അത് ജീവിതത്തിന്റെ ഭാഗമാകാതിരിക്കട്ടെ. നിസാരകാര്യങ്ങള്‍ക്ക് ഏറെ വേവലാതിപ്പെടുന്നവരുണ്ട്. ചെറിയ ചെറിയ നഷ്ടങ്ങള്‍ ഓര്‍ത്ത് ഓര്‍ത്ത് പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നവരുണ്ട്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കി ജീവിക്കാന്‍ ശ്രമിക്കണം.
അല്പമൊക്കെ വേവലാതിയോ പിരിമുറുക്കമോ ആകാം, വേണ്ടെന്നല്ല. പരിധി വിടരുതെന്നു മാത്രം. ചെറിയ പിരിമുറുക്കമുള്ളപ്പോള്‍ നാം അധികം ജോലി ചെയ്യുന്നു, കൂടുതല്‍ നന്നായി ചെയ്യുന്നു. പിന്നീട്, പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍, പിരിമുറുക്കം കൂടുതല്‍ പതിവാകുമ്പോള്‍ എന്തുകൊണ്ടിങ്ങനെ എന്നു നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. പിരിമുറുക്കം പതിവാകുമ്പോള്‍ ലഹരിയോ മയക്കുമരുന്നോ കഴിച്ചതുപോലെ മനസ്സ് വല്ലാത്ത ഒരവസ്ഥയിലാകാന്‍ ഇത് കാരണമാകുന്നു.
പിരിമുറുക്കം പരിധി വിടുന്നു എന്നു തോന്നുമ്പോള്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കുക.
ഞാന്‍ പരിധിവിട്ട് പ്രതികരിക്കുന്നുവോ? സാഹചര്യങ്ങള്‍ കരുതുംപോലെ അത്രയ്ക്ക് മോശമാണോ? വ്യക്തമായി ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും കാര്യങ്ങള്‍ കരുതിയിരുന്നതുപോലെ അത്രയ്ക്ക് മോശമല്ലെന്ന്.
ഇതില്‍ നിന്നെങ്ങിനെ കരകയറാം? എനിക്കതിനെ നിയന്ത്രിക്കാനാവുമോ? ഓര്‍ക്കുക, ജീവിതം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലല്ല. ജീവിതത്തില്‍ സംഭവിക്കുന്ന പലതും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും, എങ്കിലും അങ്ങിനെയല്ലാത്തവയും ധാരാളമാണ്. ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും അതിലൊന്നും നിങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ ആവില്ലായിരുന്നു എന്ന്.
ഇക്കാര്യമോര്‍ത്ത് ഇത്രയൊക്കെ പിരിമുറുക്കം അനുഭവിക്കേണ്ടതുണ്ടോ? എന്റെ മനോനിലയേക്കാള്‍ പ്രധാനമാണോ ഇതൊക്കെ? അല്ലേ അല്ല. പച്ചക്കറിയോ തുണിയോ വീട്ടുസാധനങ്ങളോ വാങ്ങുമ്പോള്‍ വിലപേശിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയുമായിരുന്നത് എന്താണ്? നമുക്ക് സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു വാക്കു തര്‍ക്കം കൊണ്ടെന്താണ് പ്രയോജനം? പിരിമുറുക്കമല്ലാതെ നമുക്കെന്താണ് ലാഭം?
പ്രായോഗിക ചിന്താഗതിയാണോ എന്റേത്? ഒരു പക്ഷെ, എന്തെങ്കിലും പരിഹാരമുണ്ടാവാം. പക്ഷെ, അതേക്കുറിച്ചോര്‍ത്ത് ഇത്രയൊക്കെ വേവലാതിപ്പെടാനുണ്ടോ? ഇക്കാര്യംമനസ്സിലാക്കാത്തതെന്താണ്? വേഗമേറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. പിരിമുറുക്കം കൊണ്ട് കാര്യമില്ല. കാരണവും യുക്തിയുമാണാവശ്യം.
പ്രിയപ്പെട്ടവരുടെ സാന്നിധ്യം മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ എപ്പോഴും നല്ലതാണ്. പിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോട് തുറന്നു പറയുക. സ്‌നേഹമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്ന മഹൗഷധം. ജീവിത പങ്കാളിയോട്, മക്കളോട്, അടുത്ത സുഹൃത്തുക്കളോട് ആരുമായും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാം. പലപ്പോഴും പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇത്തരം ഒരു തുറന്നു പറച്ചില്‍ ഉപകരിക്കും.
സംഗീതം സാന്ത്വനമാണ്. ഇഷ്ടപ്പെട്ട ഗസല്‍, സംഗീതക്കച്ചേരി, ഉപകരണസംഗീതം- ഇതെല്ലാം കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് പലപ്പോഴും സമയം കിട്ടിയിരുന്നില്ല. എങ്കില്‍, ഇപ്പോഴത് കേള്‍ക്കാം.
നിങ്ങളുടെ മനസ്സിനും ശരീരത്തിനും വേണ്ടത് സംഗീതമാണ്. വീട്ടുജോലിയെടുക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം സംഗീതം ആസ്വദിക്കാം.
ചിരി, തീര്‍ച്ചയായും മികച്ച ഔഷധമാണ്. കഴിഞ്ഞ തവണ നിങ്ങള്‍ സ്വയം മറന്ന് ചിരിച്ചത് എന്നാണെന്ന് ഓര്‍ക്കുന്നുവോ? അത് ഓര്‍ക്കുന്നില്ലെങ്കില്‍ അഥവാ അത് വര്‍ഷങ്ങള്‍ക്കുമുമ്പ് ആണെങ്കില്‍ ജീവിതത്തിന് ഇപ്പോള്‍ നര്‍മ്മം അത്യാവശ്യമാണ്. നമ്മള്‍ക്ക് പറ്റിയ അമളികള്‍, അല്ലെങ്കില്‍ നമ്മള്‍ ആസ്വദിച്ച മറ്റുള്ളവര്‍ക്കു പറ്റിയ അമളികള്‍ ഓര്‍ത്തുനോക്കൂ, നന്നായൊന്ന് ചിരിക്കാന്‍ അതുപോരേ? പിരിമുറുക്കം തുടങ്ങുമ്പോള്‍ ഇങ്ങിനെ എന്തെങ്കിലും ഓര്‍ക്കുക. ഉള്ളുതുറന്ന് നന്നായൊന്ന് ചിരിച്ചാല്‍ ഏത് പിരിമുറുക്കവും പമ്പകടക്കും.
സമീകൃതാഹാരം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പോഷകങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണരീതി ഏറെ പ്രയോജനം ചെയ്യും. ശരീരവും മനസ്സും തമ്മില്‍ നല്ല പൊരുത്തത്തിലാണ്. മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ഇഴചേര്‍ന്ന് കിടക്കുന്നുവെന്ന് ഓര്‍ക്കുക. നല്ല ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്നത് മനസ്സിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും.
വ്യായാമം വളരെ നല്ലതാണ്. ആദ്യമൊക്കെ ചെയ്യാന്‍ വൈമുഖ്യം തോന്നിയേക്കാം. പക്ഷേ, പതിവാക്കിക്കഴിഞ്ഞാല്‍ അതിന്റെ പ്രയോജനം ശരിക്കും ബോധ്യപ്പെടും. പുതിയ ഊര്‍ജ്ജം അനുഭവപ്പെടും, ഉള്ളില്‍ വൈകാരികമായ സ്വാസ്ഥ്യം ഉണ്ടാകുന്നതായി മനസ്സിലാകും.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. അലസന്റെ മനസ്സ് വന്യമാകും. ചെയ്യാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതേക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കാം. അത് ആസ്വദിച്ച് ചെയ്യാം. എന്തെങ്കിലും വിനോദങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ അതിലേര്‍പ്പെടാന്‍ സമയം കണ്ടെത്തണം. പൂന്തോട്ടം ശ്രദ്ധിക്കുക, സ്റ്റാമ്പ്-നാണയം എന്നിവ ശേഖരിക്കുക, നായയേയോ പൂച്ചയേയോ വളര്‍ത്തുക അല്ലെങ്കില്‍ കുഞ്ഞുങ്ങളോടൊപ്പം കളിക്കുക. പിരിമുറുക്കം ലഘൂകരിക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങളുണ്ട്. അതിന് സമയം കണ്ടെത്തണമെന്നേ ഉള്ളൂ.
എന്റേതുമാത്രമായ സമയം- അത് എല്ലാ പ്രായക്കാര്‍ക്കും അഥവാ ഏതു പ്രായക്കാര്‍ക്കും ആവശ്യമാണ്. അവനവനെക്കുറിച്ച് ഓര്‍ക്കാന്‍, സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍- അതിനും അല്പം സമയം കണ്ടെത്തണം. ജോലിയോന്നും ചെയ്യാതെ, കുടുംബപ്രശ്‌നങ്ങളൊന്നും ഓര്‍ക്കാതെ, അലട്ടാതെ ഏതാനും നിമിഷങ്ങള്‍. നമ്മള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഈ സമയം വിനിയോഗിക്കാം. ധ്യാനം, യോഗ എന്നിവ ചെയ്യാം. പ്രാര്‍ത്ഥിക്കാം, സ്‌ത്രോത്രങ്ങള്‍ ചൊല്ലാം. ആത്മമിത്രത്തിനോട് സംസാരിക്കാം. കത്തുകള്‍ എഴുതാം, ഇ മെയില്‍ എസ്എംഎസ് സന്ദേശങ്ങള്‍ കൈമാറാം. പഴയ ആല്‍ബങ്ങള്‍ നോക്കി ഇരിക്കാം.
സ്വന്തം സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. എല്ലാവരുടെയും ജീവിതം നമ്മുടേതുപോലെ ആകണമെന്നില്ല. എല്ലാവരോടും സഹാനുഭൂതി കാണിക്കുക. നിങ്ങള്‍ കാണുന്ന ഓരോരുത്തരും ജീവിതത്തില്‍ കഠിനമായ പോരാട്ടങ്ങള്‍ക്ക് വിധേയരാകുന്നവരാണ് എന്നതാണ് സത്യം.
സ്വന്തം ജീവിതത്തെ സത്യസന്ധമായി വിശകലനം ചെയ്യുക. നിങ്ങള്‍ക്കുണ്ടായതിനേക്കാള്‍ മോശമായ അനുഭവമുണ്ടായ എത്രയോ പേര്‍ നമ്മള്‍ക്കൊപ്പമുണ്ട്. മരുഭൂമികളിലൂടെ മാത്രം യാത്രചെയ്യുന്നവരുണ്ട്, ഒരിക്കലും മരുപ്പച്ച കാണാത്തവര്‍, ഇരുണ്ട ഗുഹയ്ക്കുള്ളിലൂടെ നടന്ന് പ്രകാശമുള്ള മറുവശത്ത് ഒരിക്കലും എത്താത്തവര്‍. കഠിനാധ്വാനം കൊണ്ട് പിരിമുറുക്കം കൂടുന്നുണ്ടാകും, അത് കാര്യമാക്കണ്ട. കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സമയം ചെലവഴിച്ച് ആഹ്ലാദിക്കുക. സ്‌നേഹം എന്തെന്നറിയാതെ, ഒരു തരി സ്‌നേഹം പോലും കിട്ടാതെ എത്രയോപേര്‍ ഇവിടെ ജീവിക്കുന്നു എന്നും ഓര്‍ക്കുക.
നമ്മളെ നമ്മളാക്കിയ ദൈവത്തിനെ സദാ നന്ദിപൂര്‍വ്വം ഓര്‍ക്കുക. പ്രസാദാത്മകത ഒരിക്കലും കൈവെടിയരുത്.

No comments:

Post a Comment