Tuesday, April 3, 2012

കമ്പ്യൂട്ടര്‍ കണ്ട് നട്ടെല്ലു മറക്കരുത്‌

ആധുനിക ജീവിതത്തില്‍ കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ഒഴിവാക്കാനാവാത്ത സ്ഥാനമാണുള്ളത്. ഭൂരിഭാഗം ഓഫീസുകളും ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍ വല്‍കൃതമാണെന്നതിനു പുറമേ ധാരാളം വീടുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ചുവരുന്നുണ്ട്. പല സാങ്കേതിക വിദഗ്ധരും വീട്ടിലും ഓഫീസിലുമായി പത്തോ പന്ത്രണ്ടോ അതിലധികമോ മണിക്കൂറുകള്‍ കമ്പ്യൂട്ടറിനു മുമ്പില്‍ ചെലവഴിക്കുന്നു. ഇതിന്റെ ഫലമായി അവരില്‍ നല്ലൊരു ശതമാനം ആളുകളും സന്ധി വേദന, രക്തയോട്ടക്കുറവ്, കാഴ്ച തകരാറുകള്‍, ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ എന്നിവ ബാധിച്ചവരായി മാറാന്‍ ഇടയാകുന്നു. ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നവര്‍ ഉന്നയിക്കുന്ന ചില പ്രധാന പ്രശ്‌നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വിരലുകള്‍ക്ക് മരവിപ്പ്, കൈത്തണ്ടയില്‍ പിടുത്തവും വേദനയും, വിരല്‍ മടക്കുകളിലും കൈത്തണ്ടയുടെ മടക്കിലും കഴപ്പ്, കഴുത്തിനു പിന്നിലും മുതുകിലും കൂടുതലായി കാണപ്പെടുന്ന പുറംവേദന, കണ്ണിനു വേദനയും കണ്ണു ചുരുങ്ങലും, തല വേദനയും തല കറക്കവും, ചുമലിലും കൈക്കുമുണ്ടാകുന്ന വേദന, രക്തയോട്ടവും ശരീര ചലനങ്ങളും കുറയുന്നതു മൂലം അരക്കെട്ടിനും സന്ധികള്‍ക്കുമുണ്ടാവുന്ന വേദന, മസ്സിലുകള്‍ ദൃഢമാവുകയും കോച്ചി വലിക്കുകയും ചെയ്യുക, കൈകാല്‍ തരിപ്പും വേദനയും.
ഈപ്രശ്‌നങ്ങളില്‍ ഭൂരിഭാഗത്തിനും ഏതാണ്ടൊരേ കാരണങ്ങളാണുള്ളത്. ചലനങ്ങളധികമില്ലാതെ ഒരേ രീതിയില്‍ മണിക്കൂറുകളോളം ഇരിക്കുന്നതിനാല്‍ രക്തയോട്ടം കുറയുന്നു. ഇതുമൂലം മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും വേണ്ട ഓക്‌സിജനും മറ്റു പോഷകങ്ങളും വേണ്ട വിധത്തിലെത്തുന്നില്ല. ഈ ഭാഗങ്ങളില്‍ കൊഴുപ്പും ശരീരത്തിനാവശ്യമില്ലാത്ത വസ്തുക്കളും അടിഞ്ഞു കൂടി കാലക്രമത്തില്‍ അവ ഞരമ്പുകളേയും മസിലുകളേയും ബാധിക്കുന്ന വിധത്തിലാവുന്നു. കഴുത്തിലും പുറത്തുമുള്ള മസിലുകളുടെ വലിച്ചില്‍ പേശികളുടെ വീക്കത്തിനും മസിലുകളിലെ ചലന ഞരമ്പുകളുടെ നാശത്തിനും വഴിവെയ്ക്കുന്നു. ഒരേ രീതിയില്‍ ചലനങ്ങളില്ലാതുള്ള ഇരിപ്പ് ജോയിന്റുകളുടെ ദൃഢതയ്ക്കും അതു വഴി വ്വേദനയ്ക്കും കാരണമാകുന്നു. തുടര്‍ച്ചയായി കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത് വിരലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും തരിപ്പ് പടരുകയും ചെയ്യുന്നു.
തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നിലുള്ള ഇരിപ്പും ശരീര ക്രമീകരണത്തിലുള്ള അപാകതയും നട്ടെല്ലിനെ ദോഷകരമായി ബാധിക്കുന്നു. കാലക്രമേണ ഇത് സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് പോലെയുള്ള സ്‌പൈനല്‍ തകരാറുകള്‍ക്കും ഒപ്പം ഡിസ്‌കുകളും നട്ടെല്ലും തമ്മിലുള്ള അനാരോഗ്യകരമായ സമ്പര്‍ക്കം മൂലം കഠിനമായ മുതുകു വേദനയ്ക്കും ഇടയാക്കുന്നു. നട്ടെല്ലിനിടയിലായിപ്പോകുന്ന ഞരമ്പുകളില്‍ വേദന അനുഭവപ്പെടുന്നു. ന്യൂറാള്‍ജിയ എന്നറിയപ്പെടുന്ന ഈസ്ഥിതി വിശേഷമാണ് ചുമലുകളില്‍ നിന്നും കഴുത്തില്‍ നിന്നും ആരംഭിച്ച് കൈയിലേക്കും കൈത്തണ്ടയിലേക്കും വിരലുകളിലേക്കുമെല്ലാം വ്യാപിക്കുന്ന വേദനയുടെ കാരണം.
മറ്റൊരു പ്രധാന പ്രശ്‌നം കണ്ണുകള്‍ക്കും ചെവികള്‍ക്കുമുണ്ടാവുന്ന തകരാറുകളാണ്. തുടര്‍ച്ചയായി കമ്പ്യൂട്ടറിലേക്കു കണ്ണും നട്ടിരിക്കുന്നത് മോണിറ്ററില്‍ നിന്നുള്ള റേഡിയേഷന്‍ കണ്ണില്‍ പതിക്കാനും തന്മൂലം കണ്ണുകളില്‍ കഠിനമായ വേദന അനുഭവപ്പെടാനും ഇടയാക്കുന്നു. കണ്ണു ചുരുങ്ങല്‍, കാഴ്ചത്തകരാറുകള്‍, കണ്‍പോളകളിലെ ചൊറിച്ചിലും തരിപ്പും എന്നിവയാണ് പില്‍ക്കാലത്ത് ഇതുമൂലം അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍.
ഇയര്‍ ഫോണിന്റെയും മൊബൈല്‍ ഫോണിന്റെയും തുടര്‍ച്ചയായ ഉപയോഗം കേള്‍വി സംബന്ധമായ തകരാറുകള്‍ക്കും സന്തുലനമില്ലായ്ക്കും വഴി തെളിക്കും. ചെവിയ്ക്കു വേദന, തലകറക്കം, തലവേദന, മന്ദത എന്നിവ അനുഭവപ്പെടുന്നവര്‍ സൂക്ഷിക്കുക.

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വ്യക്തികളിലുളവാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതായാണു കണ്ടുവരുന്നത്. മാനസിക പിരിമുറുക്കം, ഡിപ്രഷന്‍ തുടങ്ങിയ മനശാസ്ത്ര പരമായ രോഗങ്ങള്‍ക്കും ലൈംഗിക വൈകൃതങ്ങള്‍, നിയമ വിരുദ്ധമായ വഴികളിലൂടെയുള്ള സഞ്ചാരം തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും ഇവ വഴി വെയ്ക്കുന്നുണ്ട്.
കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിലുള്ള പിരിമുറുക്കത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ പരിഹാരമാകും. ഉയരം ക്രമീകരിക്കാവുന്നതും ശരീരത്തിന്റെ പുറംഭാഗം ശരിയായി താങ്ങുന്നതുമായ റിവോള്‍വിംഗ് ചെയറുകളാണ് കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍ ഉത്തമം.. ചുമലുകളും അരക്കെട്ടുമെല്ലാം കൃത്യമായ പൊസിഷനില്‍ ഉറപ്പിച്ചു വേണം ജോലി ചെയ്യാന്‍.
കഴുത്തു വേദനയും കണ്ണുകളുടെ സ്‌ട്രെയിനും ഒഴിവാക്കത്തക്ക വിധം വേണം കമ്പ്യൂട്ടര്‍ സ്‌ക്രീനും കീ ബോര്‍ഡും ക്രമീകരിക്കാന്‍. തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ റേഡിയേഷന്‍ പരമാവധി ഒഴിവാക്കാനായി മോണിറ്റര്‍ കണ്ണില്‍ നിന്നു കൈപ്പാടകലെ വെയ്ക്കുക. മൗസ് ഉപയോഗിക്കുമ്പോള്‍ കൈത്തണ്ട മാത്രം ചലിപ്പിക്കാതെ കൈ പൂര്‍ണമായും ചലിപ്പിക്കുക.
7 മണിക്കൂര്‍ ടൈപ്പ് ചെയ്യുന്ന ഒരാള്‍ അതിനിടയില്‍ 50000നും 2 ലക്ഷത്തിനുമിടയില്‍ തവണകള്‍ കീയില്‍ വിരലമര്‍ത്തുന്നു എന്നാണു കണക്ക്. അതുകൊണ്ട് കഴിയുന്നത്ര മൃദുവായി ടൈപ്പ് ചെയ്യുന്നത് വിരലുകളുടെ ആരോഗ്യത്തിനുത്തമമാണ്. ഇടയ്ക്കിടെ വിശ്രമിക്കാന്‍ ഒട്ടും മടിക്കരുത്. ഈ സമയം കണ്ണുകള്‍ക്കും ഇടവേള നല്‍കാനായി കണ്ണുകള്‍ അടച്ച് മൃദുവായി ശ്വാസോച്ഛ്വാസം ചെയ്യുക. ശരീരം ചലിപ്പിക്കുന്നത് രക്തയോട്ടത്തെ സഹായിക്കും. തല ഇരുവശത്തേക്കും ചലിപ്പിക്കുന്നത് കഴുത്ത് വേദനയും പുറംവേദനയുമകറ്റാന്‍ സഹായകമാവും. നട്ടെല്ലിനുണ്ടാകാന്‍ സാധ്യതയുള്ള കുഴപ്പങ്ങള്‍ പരിഹരിക്കാനായി കുനിയുകയും നിവരുകയും ചെയ്യുന്ന വ്യായാമം ശീലിക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലവും ആവശ്യത്തിനുള്ള ജലപാനവും ജോലിയുടെ കാഠിന്യം കൊണ്ടുള്ള ക്ഷീണമകറ്റാന്‍ സഹായകമാവും. 

No comments:

Post a Comment